BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Tuesday, January 23, 2024
സിദ്ധപരമ്പര
============
സിദ്ധികൾ കൃത്യമായി പറഞ്ഞാൽ ധാരണകളാണ്. ചിന്തകൾക്ക് മേൽ പ്രവർത്തിയുടെ ആധിപത്യം രൂഢമൂലമാകുന്ന സന്ദർഭത്തിൽ പരിപൂർണമായും അവ ധാരണയായി പരിവർത്തിക്കപ്പെടുന്നു. ധ്യാനമെന്ന പ്രവർത്തിയിലൂടെ ചിന്തകളെ ക്രമമായി അടുക്കിവെച്ച ശേഷം അവയിൽ ഓരോന്നായി സ്വന്തം സ്വത്വം കേന്ദ്രീകരിച്ചാൽ കൈവരുന്നവയാണ് സിദ്ധികൾ. അവയെ പ്രവർത്തനക്ഷമമാക്കാൻ പിന്നെയും കടമ്പകളേറെ കടക്കേണ്ടിയിരിക്കുന്നു.
സിദ്ധികൾ എട്ടു വിധമാണ്.
അണിമ – ശരീരം വളരെ ചെറുതാക്കാനുള്ള കഴിവ്.
മഹിമ – ശരീരം ഭീമാകാരം ആക്കാനുള്ള കഴിവ്.
ഗരിമ – ശരീരം ഭാരമേറിയതാക്കാനുള്ള കഴിവ്
ലഘിമ – ശരീരഭാരം ഇല്ലാതാക്കാനുള്ള കഴിവ്
പ്രാപ്തി – എന്തും സൃഷ്ടിക്കാനുള്ള കഴിവ്.
പ്രകമ്യ – എന്തും ഏതും പ്രാപ്തമാക്കാനുള്ള കഴിവ്.
ഇഷിത്വ- സൃഷ്ടികൾക്ക് മേൽ സർവാധിപത്യം നേടാനുള്ള കഴിവ്.
വസിത്വ – പഞ്ചഭൂതങ്ങളാൽ നിർമ്മിതമായ എന്തിനെയും നിയന്ത്രിക്കാനുള്ള കഴിവ്.
ഈ എട്ടു സിദ്ധികളും നേടിയവരെയാണ് യഥാർത്ഥത്തിൽ സിദ്ധന്മാർ എന്ന് അഭിസംബോധന ചെയ്യുന്നത്.
ഇന്ന് ദ്രാവിഡനാടിന്റെ അഭിമാനമായി നിലനിൽക്കുന്ന സിദ്ധവൈദ്യം ഇവരുടെ സംഭാവനയാണ്.പണ്ടുപണ്ട് സാക്ഷാൽ പരമശിവൻ പത്നിയായ പാർവതി ദേവിക്ക് ഉപദേശിച്ചു കൊടുത്തതാണ് സിദ്ധചികിത്സാ രീതി.ദേവി പാർവതിയിൽ നിന്നും ആ വിദ്യ ഗ്രഹിച്ച സുബ്രഹ്മണ്യൻ അവയെല്ലാം തന്റെ പ്രിയ ഭക്തനായ അഗസ്ത്യ മഹർഷിക്ക് ഉപദേശിച്ചുകൊടുത്തു.അഗസ്ത്യ മഹർഷിയിൽ നിന്നും മറ്റു പതിനേഴു സിദ്ധന്മാർക്കും ആ ചികിത്സാവിധികൾ ലഭിച്ചു.
മഹാഭാരതത്തെ അനുഗ്രഹിച്ചുകൊണ്ട് പിറന്നു വീണ ആ പതിനെട്ട് സിദ്ധർ ഇവരൊക്കെയാണ്.
നന്ദിദേവർ
അഗസ്ത്യർ
തിരുമൂലർ
ഭോഗർ(ഭോഗനാഥർ)
മച്ചമുനി (മത്സ്യേന്ദ്ര നാഥ്)
കൊങ്കണവർ
ഗോരഖ്നാഥ് (കോരക്കർ)
കരുവൂരാർ
സട്ടൈ മുനി
സുന്ദരനന്ദർ
രാംദേവ്
കുദംബായ്
ഇടയ്ക്കാട്
കമലമുനി
വാല്മീകി
പതഞ്ജലി
ധന്വന്തരി
പാമ്പാട്ടി
“പാർത്തീടവേ നന്ദീശർ മൂലത്തീശർ
പൺപാന അഗസ്തീശർ ചട്ടനാതർ
പാർത്തീടവേ പതഞ്ചലിയും ഊനർ കണ്ണർ
കോരക്കർ കമലമുനി ചണ്ഡികേശ്വർ
ഓർത്തീടവേ ഇടൈകാദർ ചിപായ സിദ്ധർ
കൊങ്കണവർ തന്തൈ ഭോഗനാഥർ
കാത്തീടവേ മച്ചമുനി പുണ്ണാക്കീശർ
കാലംഗി സുന്ദരരും കാപ്പുതാനേ “
തമിഴ് നാടിന്റെ അഭിമാനമായ പതിനെട്ട് സിദ്ധന്മാർ ആരൊക്കെയാണെന്ന് ഇന്ന് ഭിന്നാഭിപ്രായങ്ങളാണ് പ്രചരിക്കുന്നത്.
ആൽക്കെമി എന്ന് ആധുനികശാസ്ത്രം പേരിട്ടു വിളിക്കുന്ന രസവാദശാസ്ത്രത്തിന്റെ സർവ്വ പ്രായോഗിക സാദ്ധ്യതകളും കല്പ, രസായന, പുനരുജ്ജീവന ചികിത്സകളിൽ കൂട്ടിയിണക്കാൻ തക്ക വൈദഗ്ദ്ധ്യമാർജ്ജിച്ചിരുന്ന ആ മഹാസിദ്ധന്മാർ നിരവധി യുഗങ്ങളും നൂറ്റാണ്ടുകളും ജീവിച്ചിരുന്നതിനാൽ, ഗുരുക്കന്മാരും ശിഷ്യന്മാരും അനുയായികളും അനേകം തലമുറകൾക്ക് മുമ്പുള്ള പൂർവികരും പിൻഗാമികളുമെല്ലാം സമകാലീനരായിരുന്നു! ഇങ്ങനെ ദീർഘകാലം ജീവിച്ചിരുന്നതിനാൽ, ഒരു പുരുഷായുസിന്റെ മാനദണ്ഡത്തിൽ വ്യക്തികളുടെ കാലഘട്ടമളക്കുന്ന ആധുനിക ചരിത്രകാരന്മാർക്ക് ഇവരെ പലപ്പോഴും വേർതിരിച്ചറിയാൻ സാധിക്കാറില്ല.
എല്ലാറ്റിനും പുറമേ, ഇപ്പറഞ്ഞ സിദ്ധന്മാർ പതിനെട്ട് പേരെ കൂടാതെ പുറമേ, സത്യനാഥർ, സതോഗനാഥർ, ആദിനാഥർ, വെഗുളി നാഥർ, അനാതിനാഥർ, മാതംഗനാഥർ, മചേന്ദ്ര നാഥർ, കലേന്ദ്രനാഥർ, കോരക്കനാഥർ എന്നീ നവനാഥ സിദ്ധന്മാരെക്കുറിച്ചും നവ കോടി സിദ്ധന്മാരെക്കുറിച്ചുമുള്ള പരാമർശങ്ങളും സിദ്ധവൈദ്യ ഗ്രന്ഥങ്ങളിലുണ്ട്.
യഥാർത്ഥത്തിൽ കാലദേശഗണനകൾക്ക് വശഗതമല്ല സിദ്ധരുടെ ജീവിതഗാഥകൾ.
പുണ്യപാപങ്ങളായ കർമ്മഫലങ്ങളെ ഭസ്മീകരിച്ചുകൊണ്ട് പരിണാമത്തിന്റെ പരമപദം പ്രാപിച്ചവരായിരുന്നു ഈ പതിനെട്ട് സിദ്ധന്മാരും.പ്രണവ് ശരീരം എന്നറിയപ്പെടുന്ന ഇവരുടെ ശരീരങ്ങൾക്ക് നിഴൽ ഉണ്ടാവില്ലായിരുന്നു. ദേഹവും ദേഹിയും സാഹചര്യങ്ങൾക്കനുസരിച്ച് മാറാനുള്ള കഴിവുള്ളവരായിരുന്നു ഇവർ. സാങ്കേതികവിദ്യയുടെ സഹായത്തോടെ ത്രിമാനങ്ങൾ അനുഭവിക്കാൻ ഇന്നത്തെ കാലത്ത് സാധിക്കുമ്പോൾ, പതിനെട്ട് മാനങ്ങളിൽ വർത്തിക്കാനും കണക്കുകൂട്ടാനും കഴിവുള്ളവരായിരുന്നു ഈ മഹായോഗികൾ..
ജലസിദ്ധി, വായു തുടങ്ങിയ സാധാരണ മനുഷ്യർക്ക് അപ്രാപ്യമായ ഒട്ടനവധി കഴിവുകളും സാധന മൂലം ഇക്കൂട്ടർ നേടിയിരുന്നു. സമയ, കാല,ദേശ,ഋതു ഭേദമന്യേ വർത്തിക്കാൻ കഴിവുണ്ടായിരുന്ന ഈ മഹാ സിദ്ധർ ആത്മീയതയുടെ വ്യത്യസ്ത തലങ്ങളിലേക്കുള്ള വളർച്ച, മോക്ഷ പ്രാപ്തിക്കുള്ള വഴിയായല്ല, മറിച്ച് അറിവ് നേടാനുള്ള ഒരു മാർഗ്ഗമായാണ് കണ്ടത്. വേദങ്ങളോടും ഉപനിഷത്തുക്കളോടും മറ്റും ആദിശങ്കരനുണ്ടായ അടങ്ങാത്ത തൃഷ്ണ ശാസ്ത്രത്തോടുണ്ടായിരുന്നെങ്കിൽ, അദ്ദേഹം പത്തൊമ്പതാമത്തെ സിദ്ധനായിത്തീർന്നേനെ എന്നാണ് എന്റെ അഭിപ്രായം.പതിനെട്ട് സിദ്ധൻമാരെ കുറിച്ച് എനിക്കറിയാവുന്നത് ഞാൻ ഇവിടെ വിവരിക്കാം.
നന്ദിദേവൻ
പതിനെട്ട് സിദ്ധൻമാരിൽ ഏറ്റവും പ്രധാനി.! പതഞ്ജലി, ധന്വന്തരി എന്നിവരടക്കം പല സിദ്ധന്മാരുടെയും ഗുരു നന്ദി ദേവനായിരുന്നു.പരമശിവന്റെ വാഹനമായ നന്ദികേശനും ഇദ്ദേഹം തന്നെയാണ്. മഹാതപസ്വിയായ സനകാദികളുടെ ഗുരുവായിരുന്നു നന്ദിദേവൻ. പരമശിവനിൽ നിന്നും ആഗമ താന്ത്രിക ജ്ഞാനം കരസ്ഥമാക്കിയ നന്ദി അദ്ദേഹത്തിന്റെ ഗണനാഥന്മാരിൽ പ്രമുഖനാണ്. ഇന്നത്തെ തമിഴ്നാട് മുതൽ ലേഖകൻ പോയിട്ടുള്ള ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രമായ തുംഗനാഥിൽ പോലും നന്ദിദേവൻ തന്റെ സാന്നിധ്യം വിളിച്ചറിയിക്കുന്നു.
തിരുമൂലർ
തെന്മധുരയിൽ (South Madura) ജീവിച്ചിരുന്ന തിരുമൂലർ, സിദ്ധ പ്രധാനികളിൽ ഒരാളായിരുന്നു. കൈലാസവാസനായ ആദിയോഗിയിൽ നിന്നും നേരിട്ട് ദീക്ഷ ലഭിച്ച തിരുമൂലർ “ആത്മീയതയുടെ രാജകുമാരൻ” എന്നറിയപ്പെടുന്നു. കൈലാസത്തിലെ പരിശീലനത്തിനു ശേഷം തന്റെ സമകാലീനനായ അഗസ്ത്യമഹർഷിയെ കാണാൻ അദ്ദേഹം തമിഴ്നാട്ടിലെത്തി. മാർഗമധ്യേ, കാവേരി തീരത്തിന് സമീപമെത്തിയപ്പോൾ, അദ്ദേഹം
മൂലൻ എന്ന് പേരുള്ള യുവാവായൊരു ആട്ടിടയൻ മരിച്ചുകിടക്കുന്നത് കണ്ടു.
തങ്ങളുടെ ഇടയൻ ചലനമറ്റ് കിടക്കുന്നത് കണ്ട് ഉറക്കെ കരയുന്ന ആടുകളെ സമാധാനിപ്പിക്കാൻ വേണ്ടി ദയ തോന്നിയ തിരുമൂലർ പരകായപ്രവേശസിദ്ധി വഴി മൂലന്റെ ശരീരത്തിൽ പ്രവേശിച്ചു.സന്തുഷ്ടരായ ആടുകൾ ഇടയനോടൊപ്പം യാത്ര തുടങ്ങി. മാർഗമധ്യേ “ഇനിയീ ശരീരത്തിൽ തന്നെ ഈ നാട്ടിൽ ജീവിക്കുക”എന്ന അശരീരി കേട്ട സിദ്ധർ ശേഷിച്ച കാലം ദ്രാവിഡ നാടിന് ജ്ഞാനമേകി ആ നാട്ടിൽ തന്നെ കാലം കഴിച്ചു കൂട്ടാൻ തീരുമാനിച്ചു.ക്രമേണ മൂലനെന്ന ആട്ടിടയൻ തിരുമൂലർ എന്നറിയപ്പെട്ടു. സിദ്ധവൈദ്യത്തിലെ പ്രഥമ ഗ്രന്ഥമെന്നറിയപ്പെടുന്ന ‘തിരുമന്തിരം’ തിരുമൂലർ എഴുതിയതാണ്. താന്ത്രിക യോഗയുടെ ബൈബിൾ എന്നാണ് ആധുനിക ചരിത്രകാരന്മാർ തിരുമന്തിരം എന്ന ഗ്രന്ഥത്തെ വാഴ്ത്തുന്നത്.
ധന്വന്തരി
ഭഗവാൻ മഹാവിഷ്ണുവിന്റെ അവതാരമായി കണക്കാക്കപ്പെടുന്ന ധന്വന്തരി പതിനെട്ടു സിദ്ധന്മാരിൽ ഒരാളാണ്.ധന്വന്തരിക്ക് ആയുർവേദത്തിന്റെ സൃഷ്ടിയിൽ വളരെ വലിയ പങ്കുണ്ട്. ഒരുപാട് ഭാഷകളിൽ അവഗാഹമുണ്ടായിരുന്ന ധന്വന്തരി പാഷാണ വിദ്യയിൽ മിടുക്കനായിരുന്നു.വൈദ്യശാസ്ത്രത്തിൽ അത്ഭുതകരമായ കഴിവുണ്ടായിരുന്ന അദ്ദേഹം അമൂല്യമായ പല കൂട്ടുകളും നിർമ്മിച്ചിരുന്നു. പ്ലാസ്റ്റിക് സർജറി കണ്ടുപിടിച്ച, ശസ്ത്രക്രിയയുടെ തന്നെ പിതാവായി അറിയപ്പെടുന്ന സാക്ഷാൽ സുശ്രുതൻ ഇദ്ദേഹത്തിന്റെ ശിഷ്യനായിരുന്നുവെന്നു പറയുമ്പോൾ, നിങ്ങളോർക്കണം ധന്വന്തരിയെന്ന ജ്ഞാനസാഗരത്തിന്റെ ആഴം..!
സുശ്രുതൻ പിൽക്കാലത്ത് രചിച്ച സുശ്രുതസംഹിതയെന്ന മഹാഗ്രന്ഥം ആയുർവേദത്തിന്റെ തന്നെ മൂലക്കല്ലാണ്. വൈതരണൻ,ഔരഭൻ, പുഷ്കലാവതൻ എന്നിവരും ധന്വന്തരിയുടെ ശിഷ്യന്മാരായിരുന്നു.
ഇടയ്ക്കാട്ട് സിദ്ധർ
പശുപാലകരായ ഇടയ ഗോത്രത്തിലായിരുന്നു ഇടയ്ക്കാട്ട് സിദ്ധർ ജനിച്ചത്.യുവാവായപ്പോൾ, തന്റെ കന്നുകാലികളുടെ തീറ്റയ്ക്കായി അവയുടെ കൂടെ ദിനവും ഒരു മലയിലേക്ക് പോകുമായിരുന്നു അദ്ദേഹം.അവയെ മേയാൻ വിട്ട ശേഷം, സ്വസ്ഥമായി മൂപ്പർ നീണ്ടു നിവർന്നു കിടക്കുമായിരുന്നു. കിടക്കുമെങ്കിലും ഒരിക്കലുമവൻ സ്വയം ഉറങ്ങാൻ അനുവദിച്ചിരുന്നില്ല. ഉറക്കത്തിൽ ആണ്ടു പോകുമെന്ന് തോന്നുന്ന നിമിഷം, അവൻ ബോധാവസ്ഥയിലേക്ക് തിരിച്ചു വരുമായിരുന്നു.നിരന്തര പരിശ്രമം കൊണ്ട് ബോധത്തിനും അബോധത്തിനും ഇടയിലുള്ള ആ അവസ്ഥയിൽ വർത്തിക്കാൻ ആ ഇടയൻ ശീലിച്ചു. അങ്ങനെയൊരു ദിവസം, ഒരാളവനെ സമീപിച്ച് കുറച്ചു പാൽ ആവശ്യപ്പെട്ടു.തെല്ലിട പോലും ശങ്കിക്കാതെ ഇടയൻ ആഗതന് അപ്രകാരം പാല് നൽകി.പാൽ വാങ്ങി, അതിൽ എന്തോ ചേർത്ത ശേഷം, അയാൾ അത് കുടിയ്ക്കാൻ ആവശ്യപ്പെട്ടു.വന്നയാളെ പിണക്കേണ്ട എന്ന് കരുതി മറു ചോദ്യം ഒന്നും ഉന്നയിക്കാതെ ആട്ടിടയൻ അത് കുടിക്കുകയും ചെയ്തു.
ആ നിമിഷം ഇടയനിൽ പരിവർത്തനമുണ്ടായി…
യാഥർത്ഥത്തിൽ, വന്നയാൾ ദ്രാവിഡസിദ്ധ പരമ്പരയിലെ പുകൾപെറ്റ സിദ്ധനായ ഭോഗർ ആയിരുന്നു.സ്വയമറിയാതെ ഇടയൻ ചെയ്തിരുന്ന ശിവയോഗ സാധനയുടെ തരംഗങ്ങൾ ആകാശമാർഗ്ഗേ ചരിക്കുകയായിരുന്ന സിദ്ധഭോഗർക്ക് അനുഭവപ്പെട്ട കാരണമായിരുന്നു അദ്ദേഹം അതിന്റെ ഉറവിടമന്വേഷിച്ച് ഇറങ്ങിയത്.
സിദ്ധഭോഗരാൽ ആത്മജ്ഞാനമുണർത്തപ്പെട്ട ആട്ടിടയൻ പിൽക്കാലത്ത് ഇടയ്ക്കാട്ട് സിദ്ധരെന്നറിയപ്പെട്ടു.ഭോഗരെ ഗുരുവായി സ്വീകരിച്ച ഇടയ്ക്കാട്ട് സിദ്ധർ അദ്ദേഹത്തിന്റെ ആജ്ഞാനുസരണം തിരുവണ്ണാമലൈ ലക്ഷ്യമാക്കി തപം ചെയ്യാൻ പുറപ്പെട്ടു. കരുവൂരാർ ശിഷ്യരും ഇദ്ദേഹത്തെ ശിഷ്യനായി സ്വീകരിച്ചിരുന്നു. അഴുകണ്ണിസിദ്ധർ ,കുടംബായ്സിദ്ധർ, കടുവേലി സിദ്ധർ എന്നിവരായിരുന്നു ഇടയ്ക്കാട്ട് സിദ്ധരുടെ പ്രധാന ശിഷ്യർ.
ജ്യോതിഷ ശാസ്ത്രത്തിന്റെ അങ്ങേയറ്റം കണ്ടയാളായിരുന്നു ഇടയ്ക്കാട്ട് സിദ്ധർ. നവഗ്രഹങ്ങളുടെ സഞ്ചാരഗതി മനസ്സിലാക്കിക്കൊണ്ട് രാജ്യത്ത് ഉണ്ടാവാൻ പോകുന്നൊരു ഭക്ഷ്യക്ഷാമം വർഷങ്ങൾക്കു മുന്നേ പ്രവചിച്ചിരുന്നു അദ്ദേഹം.സിദ്ധരുടെ അസാമാന്യമായ കഴിവിൽ വിശ്വാസമുണ്ടായിരുന്ന രാജാവും ജനങ്ങളും വരാനിരിക്കുന്ന കൊടും ക്ഷാമം മുൻകൂട്ടിക്കണ്ട് പ്രവർത്തിച്ചു.
പാണ്ടികശാലകളിലും,ഗൃഹങ്ങളിലും മുക്കിലും മൂലയിലുമെല്ലാം അവർ ധാന്യങ്ങൾ സംഭരിച്ചു.വീട്ടിൽ, ഒരു തുണ്ട് മണ്ണ് ബാക്കിയില്ലാതെ അവർ പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്തു. താമസംവിനാ,സിദ്ധരുടെ പ്രവചനം സത്യമായി ഭവിച്ചു….!!
അന്നേവരെ ദ്രാവിഡനാട് കണ്ടതിൽ ഏറ്റവും വലിയ ഭക്ഷ്യക്ഷാമമായിരുന്നു മഹാമാരി പോലെ വന്നണഞ്ഞത്.ഒരു രാജ്യം മുഴുവൻ ഇല്ലാതാക്കാൻ തക്ക പ്രഹരശേഷിയുണ്ടായിരുന്നിട്ടും, എല്ലാ രീതിയിലുമതിനെ നേരിടാൻ രാജ്യം സജ്ജമായിരുന്നതിനാൽ, ഒരൊറ്റയാളും, ഒരു നേരം പോലും ആഹാരമില്ലാതെ വലഞ്ഞില്ല. ഉണക്കിയ പഴങ്ങളും മാംസങ്ങളും ജലവും അടക്കം കൃത്യമായ കരുതലുണ്ടായിരുന്നതിനാൽ ഒരാൾക്ക് പോലും ജീവഹാനി സംഭവിച്ചുമില്ല. തങ്ങളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് മഹാക്ഷാമത്തെ അതിജീവിച്ച ജനതയെ കണ്ട് അത്ഭുതപരതന്ത്രരായ ദേവന്മാർ അതിന്റെ കാരണമന്വേഷിച്ചു ഭൂമിയിലേക്ക് വന്നു. ദേവന്മാരെ ഉപചാരപൂർവ്വം സൽക്കരിച്ച സിദ്ധർ അവർക്ക് കുടിക്കാൻ ആട്ടിൻപാൽ നൽകി. പാലിലുണ്ടായിരുന്ന മൂലികകളുടെ പ്രഭാവം നിമിത്തം ക്ഷണനേരം കൊണ്ട് ദേവന്മാരെല്ലാവരും മൂർച്ഛിച്ചു വീണു.
കാത്തിരുന്ന അവസരം വന്നു ചേർന്നുവെന്ന് മനസ്സിലായ സിദ്ധർ ദോഷഗ്രഹങ്ങളുടെ ദൃഷ്ടിയിൽ നിന്നും സംരക്ഷിച്ചുകൊണ്ട് നവഗ്രഹങ്ങളെ ശുഭസ്ഥാനത്ത് നിർത്തി. അല്പനേരം കഴിഞ്ഞപ്പോൾ, മയക്കം വിട്ടുണർന്ന ദേവകൾക്ക് കാര്യം മനസ്സിലായി. തങ്ങൾ നിസ്സാരനെന്നു കരുതിയ ഈ മഹാ സിദ്ധൻ ഗഗനചരങ്ങളെ പോലും നിയന്ത്രിക്കാൻ കഴിവുള്ളവനാണെന്ന് കണ്ട ദേവന്മാർ, സിദ്ധരെ അനുഗ്രഹിച്ചശേഷം സന്തുഷ്ടരായി മടങ്ങി.
അഗസ്ത്യർ
രാമായണത്തിലും മഹാഭാരതത്തിലും നാല് വേദങ്ങളിലും പരാമർശിക്കപ്പെടുന്ന, സിദ്ധരിൽ പ്രധാനിയാണ് അഗസ്ത്യർ.ഗോദാവരിയുടെ തീരപ്രദേശങ്ങളിൽ എവിടെയോ ആണ് അഗസ്ത്യർ പത്നിയായ ലോപമുദ്രയോടൊപ്പം വസിച്ചിരുന്നത്. രാമായണത്തിൽ, രാവണനെ വധിക്കാൻ വേണ്ടി ബ്രഹ്മാസ്ത്രത്തെ ആവാഹിച്ചു വരുത്തുന്ന ആദിത്യഹൃദയമന്ത്രം ഭഗവാൻ ശ്രീരാമന് ഉപദേശിച്ചു കൊടുക്കുന്നത് അഗസ്ത്യമഹർഷിയാണ്. മർമ്മ സംഹിത അടക്കം ഒട്ടനവധി മഹാ ഗ്രന്ഥങ്ങൾ രചിച്ച അഗസ്ത്യമുനി, ഭാരതത്തിന് പ്രദാനം ചെയ്ത സുന്ദരിയാണ് തമിഴ് ഭാഷയെന്ന് ശ്രീവില്ലിപുത്തൂരനെന്ന കവിപാടുന്നു. വരാഹപുരാണം പശുപാലോപാഖ്യാനത്തിലെ അഗസ്ത്യഗീത, പഞ്ചരാത്രത്തിലുള്ള അഗസ്ത്യഗീത, സ്കന്ദപുരാണത്തിലെ അഗസ്ത്യസംഹിത, ശിവസംഹിത, ഭാസ്കരസംഹിതയിലെ ദ്വൈതനിര്‍ണ്ണയതന്ത്രം എന്നിവ അഗസ്ത്യന്റെ രചനയായി കണക്കാക്കപ്പെടുന്നുവെന്നു പുരാണിക് എന്‍സൈക്ലോപീഡിയയില്‍ പറഞ്ഞിരിക്കുന്നു.തമിഴ്നാട് മുതൽ അങ്ങ് ഇന്തോനേഷ്യ വരെ അഗസ്ത്യമഹർഷിക്ക് ക്ഷേത്രങ്ങളുണ്ട്.
കൊങ്കണവർ
പഴയ കൊങ്കനാട്ടിൽ ( ഇന്നത്തെ കോയമ്പത്തൂർ) ജനിച്ച കൊങ്കണവർ മഹാസിദ്ധയോഗിയായ ഭോഗരുടെ ശിഷ്യനായിരുന്നു. അഗസ്ത്യമഹർഷിയിൽ നിന്നും ദീക്ഷ സ്വീകരിച്ച കൊങ്കണവർ എണ്ണൂറ് വർഷവും 16 ദിവസവും ജീവിച്ചുവെന്ന് കരുതപ്പെടുന്നു.
മച്ചമുനി(മത്സ്യേന്ദ്രനാഥ്):
വംഗ ദേശത്തിലോ(ബംഗാൾ) കാമരൂപത്തിലോ (ആസാം) ജനിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന മച്ചമുനിയാണ് ഹഠയോഗശാസ്ത്രം ലോകത്തിന് പരിചയപ്പെടുത്തിയത്. പരമശിവനിൽ നിന്നും നേരിട്ട് അഭ്യസിച്ച് നാഥ് സന്യാസി സമ്പ്രദായം സ്ഥാപിച്ചതും മത്സ്യേന്ദ്രനാഥ് സിദ്ധർ തന്നെയാണ്. ഉത്തർപ്രദേശ് മുഖ്യമന്ത്രിയായ ശ്രീ യോഗി ആദിത്യനാഥ് അടക്കം പല പ്രമുഖരും ഈ സമ്പ്രദായം പിന്തുടരുന്നു. ഭാരതത്തിലും നേപ്പാളിലുമുള്ള ഹിന്ദുക്കളും ബുദ്ധസന്യാസിമാരും മത്സ്യേന്ദ്രനാഥിനെ അവലോകിതേശ്വര ബോധിസത്വന്റെ അവതാരമായി കണക്കാക്കുന്നു. പ്രാചീനകാലത്ത് നേപാളം എന്നറിയപ്പെട്ടിരുന്ന നേപ്പാളിന്റെ കുലദേവതയാണ് മത്സ്യേന്ദ്രനാഥ്. താന്ത്രിക, ഹഠയോഗകളെ അടിസ്ഥാനമാക്കി ഇദ്ദേഹം പത്തോളം ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്.
ഗോരഖ്നാഥ് (കോരക്കർ സിദ്ധർ) ഗോരഖ്നാഥ് സിദ്ധർ മത്സ്യേന്ദ്രനാഥിന്റെ പ്രമുഖ ശിഷ്യനായിരുന്നു. പഞ്ചാബ് പെഷവാർ പ്രദേശത്തെവിടെയോ ആയിരുന്നു ഇദ്ദേഹം വസിച്ചിരുന്നത്.#നാഥ് സന്യാസി സമ്പ്രദായം ലോകത്തിന് പരിചയപ്പെടുത്തി കൊടുക്കുന്നതും, പ്രചരിപ്പിക്കുന്നതും ഇദ്ദേഹമാണ്.കബീർ, ഗുരുനാനാക്ക് തുടങ്ങിയ പ്രമുഖർ ഇദ്ദേഹത്തിന്റെ ഉഗ്രമായ ജനസ്വാധീനത്തെയും പിൻഗാമികളെയും കുറിച്ച് എഴുതിയിട്ടുണ്ട്.ഏകാത്മ, അദ്വൈത വാദങ്ങളെയും സിദ്ധാന്തങ്ങളെയും കൊണ്ട് മനുഷ്യകുലത്തിന് യാതൊരുപകാരവും ഇല്ലെന്ന് മനസ്സിലാക്കിയ ഗോരഖ്നാഥ് സിദ്ധർ അവയെ പുച്ഛത്തോടെ തള്ളിക്കളഞ്ഞു.പതിനെട്ടു സിദ്ധന്മാരിൽ ഇദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങൾ വളരെ പരിമിതമാണ്.വൈദ്യം, യോഗം എന്നിവയിൽ ഇദ്ദേഹം അനവധി ഗ്രന്ഥങ്ങളെഴുതിയിട്ടുണ്ട്.
കോരക്കർ എന്നുമറിയപ്പെട്ട ഇദ്ദേഹമാണ് ആയുർവേദ മൂലികകളിൽ കഞ്ചാവിന്റെ ശക്തമായ സമ്മോഹന ശക്തിയെക്കുറിച്ചു തിരിച്ചറിഞ്ഞത്.ലഹരി പദാർത്ഥമെന്നതിലുപരി കഞ്ചാവിന്റെ ആയുർവേദ മൂല്യം കണ്ടെത്തിയത് കോരക്കർസിദ്ധരാണ്.
അതുകൊണ്ട് തന്നെ കഞ്ചാവ്
“കോരക്കർ മൂലി” എന്നാണ് സിദ്ധവൈദ്യത്തിൽ അറിയപ്പെടുന്ന
ത്സട്ടൈമുനി(ചട്ടൈമുനി)
സിദ്ധഭോഗരുടെ ശിഷ്യനായിരുന്നു സട്ടൈമുനി. സ്ഥിരമായി ഒരു കമ്പിളി ധരിക്കുന്ന കാരണമായിരുന്നു അദ്ദേഹം സട്ടൈമുനി എന്നറിയപ്പെട്ടിരുന്നത്. പരമശിവനാൽ സമ്മാനിക്കപ്പെട്ട ഈ കമ്പിളിപ്പുതപ്പ് ധരിക്കുന്നത് മൂലം അദ്ദേഹത്തിന് ” കൈലാസകമ്പിളി സട്ടൈമുനി” എന്നൊരു പേരുകൂടിയുണ്ട്. കൊങ്കണരുടെ സമകാലീനനായിരുന്ന സട്ടൈമുനി, മറ്റു പതിനേഴു സിദ്ധന്മാരെ അപേക്ഷിച്ച്, താൻ നേടിയ ജ്ഞാനവും അറിവുമെല്ലാം മറ്റുള്ളവർക്ക് ഉപകരിക്കണമെന്ന സിദ്ധാന്തക്കാരനായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം സിദ്ധ രഹസ്യങ്ങളിൽ പലതും തുറന്നെഴുതിയിട്ടുണ്ട്.
ഈ സ്വഭാവം നിമിത്തം മറ്റു പല സിദ്ധൻ മാർക്കും ഇദ്ദേഹത്തോട് ചെറിയൊരു നീരസമുണ്ടായിരുന്നു താനും. സട്ടൈമുനി രസശാസ്ത്രവുമായി ബന്ധപ്പെട്ട അനേകം ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്.
അവയിൽ ദീക്ഷവിധി, കർപ്പവിധി എന്നീ ഗ്രന്ഥങ്ങൾ ഇന്നുവരെ ഭാരതത്തിൽ എഴുതപ്പെട്ടതിൽ ഏറ്റവും നിഗൂഢമായ ഗ്രന്ഥങ്ങളായികണക്കാക്കപ്പെടുന്നു.
അതീവരഹസ്യവും ഗോപ്യവുമായിരുന്ന ഈ ഗ്രന്ഥങ്ങളുടെ വിനാശകാരിയായ ഉള്ളടക്കങ്ങൾ സാധാരണക്കാരനായ മനുഷ്യന്റെ കൈകളിലെത്തിയാൽ സർവ്വ നാശം സംഭവിക്കുമെന്ന് മുൻകൂട്ടി കണ്ട തിരുമൂലർസിദ്ധർ ഈ രണ്ടു ഗ്രന്ഥങ്ങളും നശിപ്പിച്ചു കളഞ്ഞു. ചട്ടി മണിയുടെ ശിഷ്യന്മാരായിരുന്നു പാമ്പാട്ടി സിദ്ധരും
സിദ്ധ സുന്ദരാനന്ദരും.
സുന്ദരാനന്ദർ
മധുരയിൽ വസിച്ചിരുന്ന സുന്ദരാനന്ദർ ഒരു ശിവഭക്തനായിരുന്നു. അഗസ്ത്യമുനി സമ്മാനിച്ച ഒരു ശിവലിംഗത്തെ അദ്ദേഹം എന്നും ആരാധിക്കുമായിരുന്നു. അങ്ങനെയിരിക്കെ ഒരിക്കൽ, അവിചാരിതമായ കണ്ടുമുട്ടിയ ഒരു ബ്രാഹ്മണൻ സുന്ദരാനന്ദരോട് ഒരു സംശയം ചോദിച്ചു..
“എന്താണ് ഈ ശിവലിംഗത്തെ ആരാധിക്കുന്നത്? എത്രതരം ഉണ്ട് ശിവലിംഗങ്ങൾ..? “
സുന്ദരാനന്ദർ മറുപടിയായി ഇങ്ങനെ പറഞ്ഞു..
” ഇതിന്റെ ഗുരുനാഥൻ എനിക്കു സമ്മാനിച്ചതാണ്.രണ്ടു തരം ശിവലിംഗങ്ങൾ ഉണ്ട്.പരാർത്ഥ ലിംഗങ്ങൾ, ഇഷ്ട ലിംഗങ്ങൾ. ഇഷ്ടലിംഗങ്ങൾ ഒരാളുടെ വ്യക്തിപരമായ ആരാധനയ്ക്കും ഉപയോഗത്തിനുമെടുക്കുന്നതാണ്. പരാർത്ഥ ലിംഗങ്ങൾ വീണ്ടും അഞ്ചായി വിഭജിക്കപ്പെട്ടിരിക്കുന്നു. മനുഷ്യനിർമ്മിതമായ മനുഷ്യലിംഗം, ഋഷിമാരാൽ നിർമ്മിക്കപ്പെട്ട ആർഷലിംഗം, ദേവന്മാരാൽ നിർമ്മിക്കപ്പെട്ട ദൈവികലിംഗം, ശിവഭൂതഗണങ്ങളാൽ നിർമ്മിക്കപ്പെട്ട ഗണലിംഗം, സ്വയം പ്രത്യക്ഷമാകുന്ന സ്വയംഭൂലിംഗം…!”
സംശയനിവൃത്തി വന്നതോടെ ബ്രാഹ്മണൻ സന്തോഷത്തോടെ യാത്രയായി.തിരിച്ച് പൂജാ മുറിയിൽ എത്തിയ സുന്ദരാനന്ദർ അത്ഭുതസ്തബ്ധനായി നിന്നുപോയി. താനെന്നും ആരാധിക്കുന്ന ശിവലിംഗത്തിന് തൊട്ടടുത്തായി വലിയൊരു ശിവലിംഗം സ്വയംഭൂ ആയിരിക്കുന്നു.ആ ബ്രാഹ്മണൻ സാക്ഷാൽ #പരമശിവനല്ലാതെ മറ്റാരുമായിരുന്നില്ലത്രേ.മധുര ജില്ലയിലെ ചതുരഗിരി (ചതുർവേദഗിരി) മലനിരകളിലെ തപസി പാറയിലാണ് സുന്ദരനന്ദർ ഗുരുവായ സട്ടൈമുനിയൊത്തു താമസിച്ചിരുന്നത്. ലോഹങ്ങളും ധാതുക്കളും മരുന്നുകളും ചേർത്തുണ്ടാക്കുന്ന ചൂർണം ഉണ്ടാക്കുന്ന വിദ്യയിൽ സമർത്ഥനായിരുന്നു.പതഞ്ജലി : ഐതിഹ്യമനുസരിച്ച് സപ്തർഷികളിൽ ഒരാളായ അത്രി മഹർഷിക്ക് അനസൂയ ദേവിയിൽ ഉണ്ടായ പുത്രനായിരുന്നു പതഞ്ജലി സിദ്ധർ. യോഗയുടെ പിതാവായി ഭാരതീയർ കണക്കാക്കുന്ന, ഇപ്പോളും ലോകം മുഴുവൻ പിന്തുടരുന്ന യോഗയുടെ ഉപജ്ഞാതാവായ പതഞ്ജലിസിദ്ധരെക്കുറിച്ചുള്ള പരാമർശങ്ങൾ പുരാണങ്ങളിലും അപൂർവം ചില തമിഴ് ഗ്രന്ഥങ്ങളിലും മാത്രമേയുള്ളൂ. ഉത്തർപ്രദേശിലെ അയോധ്യയ്ക്ക് സമീപം ഗൊണാർദേ (ആധുനിക ഗോണ്ട) എന്ന സ്ഥലത്ത് ജീവിച്ചിരുന്ന പതഞ്ജലി മഹർഷിയാണ് സംസ്കൃത വ്യാകരണത്തിന്റെ ഉപജ്ഞാതാവ്.ആദിശേഷന്റെ അവതാരമായി കണക്കാക്കുന്ന പതഞ്ജലിമഹർഷി ഒരിക്കൽ, തിരുമൂലർ, വ്യാഘ്രപാദർ എന്നിവരോടൊപ്പം ചിദംബരത്തിൽ വെച്ച് പരമശിവന്റെ താണ്ഡവം നേരിട്ട് ദർശിച്ചതായി തിരുമന്തിരമെന്ന പ്രസിദ്ധ ഗ്രന്ഥത്തിൽ തിരുമൂലർ എഴുതിയിട്ടുണ്ട്. ശ്രീശങ്കരാചാര്യരുടെ ഗുരുവായിരുന്ന ശ്രീ ഗൗഡപാദർ പതഞ്ജലിയുടെ ശിഷ്യനായിരുന്നു.
രാമദേവ സിദ്ധർ : ആധുനിക മതാത്മകതയ്ക്ക് ചിന്തിക്കാൻ പോലും സാധിക്കാത്ത വണ്ണം ഒരേ സമയം മതാത്മകനും മതേതരനും ആയിരുന്നു രാംദേവ് സിദ്ധർ.ചിന്തകളാലും ബൗദ്ധികതകളാലും 500 വർഷം മുന്നിൽ ജീവിച്ചിരുന്ന ഇദ്ദേഹം പുലസ്ത്യ ഋഷിയുടെ വംശജനായിരുന്നു. അഗസ്ത്യരുടെ ശിഷ്യനായിരുന്ന രാമദേവ സിദ്ധർ നാഗപടം സ്വദേശിയായിരുന്നുവെന്ന് കരുതപ്പെടുന്നു. ഇന്ന് ഭൂമിക്ക് യാതൊരു ഉപകാരവുമില്ലാത്ത പിള്ളേർക്ക് കഞ്ചാവ് നോക്കുമ്പോൾ തോന്നുന്ന വിഭ്രമം ആയ ആസ്ട്രൽ പ്രൊജക്ഷൻ യഥാർത്ഥത്തിൽ ആദ്യമായി പ്രയോഗിച്ചത് രാമദേവ സിദ്ധരാണ്. യാത്രയ്ക്കിടയിൽ പുണ്യനഗരമായ മക്കയിൽ എത്തിച്ചേരുകയും മുഹമ്മദ് നബിയെ നേരിട്ട് കാണുകയും ഉണ്ടായ രാമദേവ സിദ്ധർ കുറച്ചുകാലം ഇസ്ലാം മതവിശ്വാസപ്രകാരം ജീവിച്ചു.അതിനാൽ ഇദ്ദേഹം യാക്കോബ് സിദ്ധരെന്നും അറിയപ്പെടുന്നു. 40 വർഷത്തെ മക്കയിലെ വാസത്തിനു ശേഷം ഗുരുനാഥൻ വിളിക്കുന്നുവെന്ന് ഉൾവിളി മൂലം തിരിച്ചുവന്ന അദ്ദേഹം അഗസ്ത്യമഹർഷിയുടെ നിർദ്ദേശപ്രകാരം സിദ്ധവൈദ്യം സാധാരണക്കാർക്ക് പ്രാപ്യമാകുന്ന വിധം പ്രചരിപ്പിക്കാൻ ശിഷ്ടജീവിതം മാറ്റിവെച്ചു.
കരുവൂരാർ സിദ്ധർ : ചോള രാജ്യത്തെ കരുവൂരാർ (ആധുനിക കരൂർ) പ്രദേശത്ത് ജീവിച്ചിരുന്ന കരുവൂരാർ സിദ്ധർ ശില്പികളുടെ കുടുംബത്തിലാണ് ജനിച്ചത്.അഷ്ടസിദ്ധികൾ കരഗതമാക്കാൻ ഉള്ള വഴികൾ പ്രതിപാദിക്കുന്ന കരുവൂരാർ വാദ്യ കാവ്യം എന്ന ഗ്രന്ഥം ഇദ്ദേഹം രചിച്ചതാണ്. സിദ്ധ ഭോഗരുടെ ശിഷ്യരായിരുന്ന കരുവൂരാർ ഒരിക്കൽ, തഞ്ചാവൂർ ക്ഷേത്ര സ്ഥാപന വേളയിൽ അവിടം സന്ദർശിക്കുകയുണ്ടായി. അതേ സമയം അവിടെ ഒരു പ്രശ്നം നടക്കുകയായിരുന്നു. മുഹൂർത്തം കഴിയുന്നതിനു മുൻപ് എത്ര ശ്രമിച്ചിട്ടും ശിവലിംഗം പ്രതിഷ്ഠിക്കാൻ സാധിക്കുന്നില്ല. വിഗ്രഹം പീഠവുമായി ഉറപ്പിക്കുന്ന ബന്ധന കൂട്ട് ശരിയാവാത്തതായിരുന്നു കുഴപ്പം.സിദ്ധ ഭോഗരുടെ ഉപദേശപ്രകാരം കരുവൂരാർ സിദ്ധരെ ചെന്നു കണ്ട് സങ്കടമുണർത്തിച്ച ജനങ്ങളെ അദ്ദേഹം സഹായിക്കാമെന്നുറപ്പു നൽകി. ശേഷം സിദ്ധർ ഒരു പ്രത്യേക കൂട്ട് തയ്യാറാക്കുകയും ആ കൂട്ട് ഉപയോഗിച്ചപ്പോൾ വിഗ്രഹം യഥാവിധി പീഠത്തിലുറയ്ക്കുകയും ചെയ്തു.
തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്രത്തിന്റെ 225 അടിയുള്ള കൂറ്റൻ ഗോപുരത്തിൽ 80 ടൺ ഭാരം വരുന്ന മൂലക്കല്ല് ഉറപ്പിച്ചിരിക്കുന്നതും കരുവൂരാർസിദ്ധരാണ്.പണി കഴിഞ്ഞ ശേഷം ഗോപുരത്തിന്റെ നിഴൽ നിലത്തു പതിക്കാത്ത അത്ഭുത വിദ്യ കൂടി കണ്ടപ്പോഴാണ് മഹാരാജനായ രാജരാജചോളന് സിദ്ധരുടെ മാഹാത്മ്യം മനസിലായത്. കരുവൂരാർ
സിദ്ധരോടുള്ള ആദരപൂർവ്വം രാജാവ് ക്ഷേത്രത്തിനു സമീപം സിദ്ധരുടെ ഒരു പ്രതിഷ്ഠ കൂടി നിർമിച്ചു.
പാമ്പാട്ടി സിദ്ധർ: പൂർവ്വാശ്രമത്തിൽ പാണ്ഡ്യരാജ്യത്ത് നിത്യവൃത്തിക്കായി പാമ്പ് പിടിച്ചു ജീവിച്ചിരുന്ന ഒരു പാവം യുവാവായിരുന്നു പാമ്പാട്ടി സിദ്ധർ.ശേഷം കോയമ്പത്തൂരിനടുത്തുള്ള മരുതലയിൽ തപസ്സ് ചെയ്ത് ബോധോദയം പ്രാപിച്ച അദ്ദേഹം സട്ടൈമുനിയുടെ ശിഷ്യത്വം സ്വീകരിച്ചു കൊണ്ട് അവിടെത്തന്നെ വസിച്ചു പോന്നു. ഭാരതത്തിൽ കണ്ടുവരുന്ന സകല സർപ്പവിഷത്തിനും പ്രതിവിധിയറിയാമായിരുന്ന മഹാജ്ഞാനിയായിരുന്നു പാമ്പാട്ടിസിദ്ധർ. അദ്ദേഹം വിഷവൈദ്യത്തിൽ അനവധി ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ടെങ്കിലും നിർഭാഗ്യവശാൽ അവയിൽ ഒന്നുപോലും കണ്ടെടുക്കാൻ സാധിച്ചിട്ടില്ല. മറ്റുചില ഗ്രന്ഥങ്ങളെല്ലാം അദ്ദേഹം എഴുതിയിട്ടുണ്ട്. അവയിലെല്ലാം ഓരോ വരികളും അവസാനിക്കുന്നത് ആടുപാമ്പേ എന്നാണ്. വിഗ്രഹാരാധനയിലും ജാതിവ്യവസ്ഥയിലും
വിശ്വാസമില്ലാതിരുന്ന പാമ്പാട്ടി സിദ്ധർ അവയെ നിശിതമായി വിമർശിക്കുകയും ചെയ്തു വന്നു. മരുതമലയിൽ അദ്ദേഹം തപസ്സുചെയ്തിരുന്ന ഗുഹ ഇപ്പോഴുമുണ്ട്.
കുദംബായ് സിദ്ധർ : കുദംബായ് എന്നത് ആ കാലഘട്ടത്തിൽ സ്ത്രീകൾ ധരിച്ചിരുന്ന ആഭരണമായിരുന്നു.കുഞ്ഞുനാളിൽ കർണാഭരണം ധരിപ്പിച്ച് അമ്മ വാത്സല്യപൂർവ്വം വിളിച്ചിരുന്ന പേര് പതിനാറാം വയസ്സിൽ സിദ്ധ മാർഗത്തിൽ ആകൃഷ്ടനായ ശേഷവും അദ്ദേഹം തന്റെ പേരായിത്തന്നെ കൊണ്ടുനടന്നു.കുദംബായ് സിദ്ധർ പ്രധാനമായും തന്റെ കൃതികളിൽ പരാമർശിക്കുന്നത് ആത്മീയാനന്ദത്തെ കുറിച്ചും ജ്ഞാനയോഗത്തെക്കുറിച്ചും ആണ്. അദ്ദേഹത്തിന്റെ പ്രധാന കൃതി കുദംബായ് സിദ്ധർ പാടൽഗൾ എന്നറിയപ്പെടുന്നു.
കാലാംഗി നാഥർ : വാരണാസിയിൽ ജനിച്ചകാലാംഗി നാഥർ സിദ്ധഭോഗരുടെ ഗുരുവായിരുന്നു.ഗുരു-ശിഷ്യ ബന്ധത്തിനപ്പുറം പരസ്പരം ആത്മീയ പുരോഗതി കൈവരിക്കുന്ന കാര്യങ്ങളിൽ അവർ ബദ്ധശ്രദ്ധരായിരുന്നു.സ്വർണ്ണം ധാരാളമുണ്ടായിരുന്നഒരു മലയിൽ വസിച്ചിരുന്നതിനാൽ കാലാംഗി നാഥർ
കാഞ്ചമലൈ സിദ്ധർ എന്നറിയപ്പെട്ടിരുന്നു.പ്രസിദ്ധമായ ചിദംബരം ശിവക്ഷേത്രം നിർമിക്കാൻ വിശ്രുതനായ രാജാവ് പരാന്തക ചോളൻ സ്വർണ്ണമെടുത്തത് ഈ മലയിൽ നിന്നാണെന്ന് കരുതപ്പെടുന്നു.
ശ്രീ തിരുമൂലരാൽ നേരിട്ട് ദീക്ഷ നൽകപ്പെട്ട, ആത്മജ്ഞാനമുണർത്തപ്പെട്ട ഏഴ് ശിഷ്യൻമാരിൽ ഒരാളായിരുന്നു കാലാംഗി നാഥർ.രുദ്രർ, ഇന്ദ്രർ, സോമർ, ബ്രഹ്മർ, കണ്ഠർ, കാഞ്ചമലയർ എന്നിവരാണ് മറ്റുള്ള ആറു ശിഷ്യർ.
തിരുമൂലരുടെ പ്രഥമ ശിഷ്യനായിരുന്നു കാലാംഗി നാഥർ എന്നാണ് കരുതപ്പെടുന്നത്. കാലാംഗി നാഥർ സ്വന്തം ശരീരത്തെ ജ്യോതി വൃക്ഷമെന്നറിയപ്പെടുന്ന ഒരു പ്രത്യേക വൃക്ഷത്തിന്റെ ഇലകളും മറ്റും അടങ്ങിയ ഒരു പ്രത്യേക കൂട്ടുപയോഗിച്ച് പ്രാണൻ വേർപെടുത്തി കഴിഞ്ഞാലും അഴുകാത്ത ഒരു ശരീരമാക്കി മാറ്റിയിരുന്നു. വന്യമൃഗങ്ങളെയും പക്ഷികളെയും നിയന്ത്രിക്കാൻ കഴിവുണ്ടായിരുന്ന മഹാ സിദ്ധനായിരുന്നു കാലാംഗി നാഥർ. ഗുരുസ്ഥാനീയനാണെങ്കിലും സിദ്ധ ഭോഗർ ഇദ്ദേഹത്തെ പലപ്പോഴും പിതാവായാണ് കണക്കാക്കിയിരുന്നത്.
സിദ്ധ വാൻമീകർ
വാല്മീകി എന്ന് അറിയപ്പെടുന്ന മഹർഷി തന്നെയാണ് സിദ്ധ വാൻമീകർ എന്ന് 18 സിദ്ധരിൽ പ്രമുഖനായ ഭോഗർ തന്റെ ഭോഗർ -7000 എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. അദ്ദേഹത്തെക്കുറിച്ചുള്ള ഒട്ടുമിക്ക കാര്യങ്ങളും കഥകളിലൂടെ എല്ലാവർക്കും അറിവുള്ളതിനാൽ വിസ്തരഭയം നിമിത്തം ഞാൻ കൂടുതൽ ആഴത്തിലേയ്ക്ക് കടക്കുന്നില്ല. രാമായണം കൂടാതെ സൂത്ര ജ്ഞാനം എന്നൊരു ഗ്രന്ഥവും അദ്ദേഹം എഴുതിയിട്ടുണ്ട്.
ഭോഗർ
സിദ്ധവൈദ്യന്മാരിൽ അഗ്രഗണ്യൻ. കായകൽപ്പ ചികിത്സയുടെ ഉപജ്ഞാതാവ്..മഹേന്ദ്രജാലത്തിൽ പരമശിവന്റെ ശിഷ്യൻ.. ലക്ഷണമൊത്ത കൊമ്പന് നെറ്റിപ്പട്ടമെന്ന പോലെ, വിശേഷണങ്ങൾ അനവധിയുണ്ട് ഭോഗനാഥർ എന്ന സിദ്ധഭോഗർക്ക്.
ജ്ഞാന സാഗരം 557, സപ്തകാണ്ഡം
അഥവാ ഭോഗർ 7000 എന്നീ രണ്ട് ഗ്രന്ഥങ്ങളിലാണ് ഭോഗരെ കുറിച്ചുള്ള വിവരങ്ങൾ അധികവുമടങ്ങിയിട്ടുള്ളത്.
കാലാംഗി നാഥരുടെ ശിഷ്യനായിരുന്നു ഭോഗർ. അദ്ദേഹത്തിൽനിന്നും ദീക്ഷ ലഭിച്ച ശേഷം ബോധോദയം സിദ്ധിച്ച സിദ്ധഭോഗർ, സിദ്ധ അഗസ്ത്യരിൽ നിന്നും ബ്രഹ്മവിദ്യ കരസ്ഥമാക്കി. ഗുരുനാഥനായ തിരുമൂലരുടെ അന്ത്യാഭിലാഷ പ്രകാരം, ഭാരതത്തിലെ പ്രാഥമികമായ കർത്തവ്യങ്ങൾക്ക് ശേഷം ഭോഗർ താമ്രപർണ്യ സമുദ്ര മാർഗേ ( ഇന്നത്തെ ശ്രീലങ്ക വഴി) ചീനയിലേക്ക് പുറപ്പെട്ടു. നീരാവിയുടെ മന്ത്രശക്തിയാൽ പ്രവർത്തിക്കുന്ന ഒരു ജലയാനം ആയിരുന്നു യാത്രയ്ക്കുള്ള വാഹനം.സപ്തകാണ്ഡമെന്ന ഗ്രന്ഥത്തിൽ ഈ വാഹനത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു.( സിദ്ധഭോഗർ ആകാശ മാർഗേയാണ് പോയതെന്നും അഭിപ്രായങ്ങളുണ്ട്) ചൈനയിൽ ഭോഗർ ബോ യാങ് എന്നാണ് അറിയപ്പെട്ടത്.
(ദ്രവ്യത്തിന്റെ ദ്വിമാനങ്ങളെ കുറിച്ച് ആദ്യമായി പരാമർശിക്കുന്നത് ലാവോത്സുവാണ്. അദ്ദേഹം അതിനെ യിൻ എന്നും യാങ് എന്നും പേരിട്ടു വിളിച്ചു. പോസിറ്റീവ് നെഗറ്റീവ്,ഉഷ്ണം, ശീതളം, ശിവൻ ശക്തി, നന്മ തിന്മ എന്നിങ്ങനെ പലവിധത്തിൽ ഈ സങ്കല്പം ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പ് ഭാരതത്തിൽ അഗസ്ത്യ ഋഷി ആദ്യമേ കൊണ്ടു വന്നതാണ്. രസവാദവിദ്യ ചീനയിൽ അഭ്യസിച്ചു തുടങ്ങുന്നത് ഭോഗരുടെ വരവിനുശേഷമാണ്. ഈ വസ്തുതകളെല്ലാം കണക്കിലെടുത്ത്, അറേബ്യയിൽ രാമദേവ സിദ്ധർ ‘യാക്കോബ്’ എന്നറിയപ്പെട്ട പോലെ ഭോഗർ തന്നെയായിരുന്നു ഈ ലാവോത്സെ എന്നും ചരിത്രകാരന്മാർ വാദിക്കുന്നുണ്ട്.)
ബോ യാങ് എന്ന സിദ്ധഭോഗർക്ക് ചൈനയിൽ ഒരുപാട് ശിഷ്യന്മാർ ഉണ്ടായിരുന്നു. സദാസമയവും വിശ്വസ്തനായ ഒരു നായയും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. ഒരിക്കൽ തന്റെ ശാരീരികമായ പരിമിതികൾ മറികടക്കാൻ ശുദ്ധ ഭോഗർ കായകല്പ ഔഷധം തയ്യാറാക്കാൻ തീരുമാനിച്ചു.
{കായകർപ്പം/ കായകല്പം}
തനു പരിവർത്തനം, കല്ലിനെ പോലെ ദൃഢമായ എന്നൊക്കെ അർത്ഥം വരുന്ന കായകല്പ ചികിത്സാ വിധികൾക്ക് ആയിരക്കണക്കിന് വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. ശരീരത്തിലെ മൃതകോശങ്ങളെ പരിപൂർണ്ണമായി നീക്കുകയും ഓജസ് നഷ്ടപ്പെട്ട കോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും അതുവഴി ഒരു വ്യക്തിക്ക് നവ വീര്യം പ്രാപ്തമാക്കുകയും ചെയ്യുന്ന ഭാരതീയ ചികിത്സാ ശാസ്ത്രത്തിലെ മാണിക്യക്കല്ലാണ് കായകല്പം.
ഒരുപാട് കെട്ടുകഥകൾ കായകല്പ ചികിത്സ സംബന്ധിച്ച പ്രചാരത്തിലുണ്ട്. എങ്കിലും എന്റെ പഠനങ്ങളിൽ നിന്നും വായനാനുഭവങ്ങളിൽ നിന്നും എനിക്ക് വ്യക്തമായ രീതിയിൽ കായകൽപ്പ ചികിത്സയെക്കുറിച്ച് എഴുതാൻ ഞാൻ ശ്രമിക്കാം.
പണ്ട് കാലത്ത് ത്രിവർഗ കുടിയെന്ന് അറിയപ്പെട്ടിരുന്ന, കാറ്റും വെളിച്ചവും തട്ടാത്ത ഒരു അറയിലായിരിക്കും 280 ദിവസം നീണ്ടുനിൽക്കുന്ന ചികിത്സ. ഒരു തരത്തിൽ പറഞ്ഞാൽ, ഒരു ജനനത്തിനും ഒരു മരണത്തിനുമിടയിലുള്ള മറ്റൊരു ഗർഭാവസ്ഥ പുന:സൃഷ്ടിക്കപ്പെടുന്നു.
വൈദ്യനും വിധേയനും മാത്രമുള്ള അല്ലെങ്കിൽ ചില പ്രത്യേകതരം ഔഷധക്കൂട്ടുകൾ 24 മണിക്കൂറും പറഞ്ഞുകൊണ്ടിരിക്കും. ചികിത്സയ്ക്ക് വിധേയനാകുന്ന രോഗി ആദ്യം ശരീരത്തിലുള്ള വിഷങ്ങളെ മുഴുവൻ പുറം തള്ളേണ്ടതുണ്ട്. അതിനുവേണ്ടി ശരീരത്തിനെ പ്രാപ്തമാക്കാൻ നിശ്ചിത ദിനങ്ങൾ കൃത്യമായ അളവിൽ കൊടുക്കുന്ന ഒരു മരുന്നാണ് ഇതിന്റെ ആദ്യത്തെ പടി എന്ന് വിശ്വസിക്കപ്പെടുന്നു.ആ മരുന്നു കഴിച്ചു തുടങ്ങാൻ പോലും പഥ്യമുണ്ട്.എത്രയോ ദിവസങ്ങൾ പാല് കുടിക്കണം എന്നല്ല പാല് കുടിക്കാൻ പാടൂ.വിശന്നാലും ശരി, ദാഹിച്ചാലും ശരി, ജലത്തിനു പകരം പോലും പാൽ മാത്രമേ നൽകാൻ പാടുള്ളൂ.
വിധേയന്റെ ശരീരം പച്ചമരുന്നുകളിട്ട ജലത്തിന്റെ ആവി കൊള്ളിച്ചു വിയർപ്പിച്ചും, അട്ടയെ കൊണ്ട് കടിപ്പിച്ചു ശുദ്ധീകരിച്ചുമടക്കം ഓരോ അവയവവും ശുദ്ധീകരിക്കാൻ ഓരോ ചികിത്സാമുറകളാണ്.
അഭ്യംഗം,അപൂർവ്വ മൂലികകളാൽ തയ്യാറാക്കിയ ധാര, തുടങ്ങി ഒരു പുരുഷായുസ് കൊണ്ട് വിഷലിപ്തമായ ശരീരത്തിനെ വിഷമുക്തമാക്കിയതിന് ശേഷം കോശങ്ങളെ പുനരുജ്ജീവിപ്പിക്കാൻ ഉള്ള ചികിത്സയാരംഭിക്കുന്നു.
ഗർഭപാത്രത്തിൽ കുഞ്ഞ് കിടക്കുന്ന അത്രയും ദിവസം എന്നതാണ് 280 ദിവസം എന്ന കണക്കിനാധാരം.ഈ കാലഘട്ടമത്രയും ഗർഭസ്ഥ ശിശുവിനെ പോലെ രോഗിയെ പരിചരിക്കണം. വിധേയൻ ചികിത്സാ കാലയളവിൽ ഔഷധക്കൂട്ടുകളും പാലും കഴിച്ച് മൗനവ്രതത്തിൽ പ്രാർത്ഥനയുമായി കഴിയണമെന്ന് നിർബന്ധമാണ്.
ചികിത്സാവിധികൾ പൂർത്തിയാകുമ്പോൾ ശരീരത്തിൽ പുതിയ കറുത്ത രോമങ്ങൾ വളരുകയും മുടിയുടെ നര മാറി ഇടതൂർന്ന കറുത്ത മുടികൾ വളരുകയും ചെയ്യും പഴയ പല്ലുകൾ പോയി പുതിയ പല്ലുകൾ വരുകയും അയഞ്ഞ മസിലുകൾ ഉറയ്ക്കുകയും ചെയ്യും.
39 ദിവസം കഴിയുമ്പോൾ രോഗിയുടെ ചർമം പൊടിഞ്ഞില്ലാതാകുകയും പുതുചർമം വരുകയും ചെയ്യും. #കുടിപ്രവേശിക എന്നാണീ ചികിത്സയുടെ കാലഘട്ടം അറിയപ്പെടുന്നത്
(30 ദിവസങ്ങൾ കൂടുമ്പോൾ നമ്മുടെ ശരീരത്തിലെ ഓരോ കോശങ്ങൾ നശിക്കുകയും പുതിയ കോശങ്ങൾ വരുകയും ചെയ്യുമെന്ന് ആധുനിക ശാസ്ത്രം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്)
മലയാള സിനിമയിലെ ഒരു സൂപ്പർ താരം പാലക്കാട് ജില്ലയിലെ പ്രശസ്തമായ ഒരു വൈദ്യ കുടുംബത്തിന്റെ അമരക്കാരനോട് ( പ്രസിദ്ധ വ്യക്തി ജീവിച്ചിരിക്കുന്നവരിൽ കായകല്പം അറിയാവുന്ന ഒരാളാണെന്ന് വിശ്വസിക്കപ്പെട്ടിരുന്നു. വൈദ്യത്തിന്റെ മറ്റു മേഖലകളിലുള്ള അദ്ദേഹത്തിന്റെ കഴിവ് കണ്ടാൽ,ആ ഒരു നിഗമനം കള്ളമാണെങ്കിൽ തന്നെയും ഒരാൾക്കും സംശയം പോലും തോന്നില്ല.കാരണം, അദ്ദേഹം നാളതുവരെ കേട്ടിട്ടുണ്ടായിരുന്ന സകല ചികിത്സാ വിധികളിലും അഗ്രഗണ്യൻ തന്നെയായിരുന്നു)
കായകൽപ്പ വിധേയനാകാനുള്ള തന്റെ ഇംഗിതം അറിയിച്ചു.
ഒന്നും പറയാതെ വൈദ്യൻ കൊടുത്ത മറുപടി ഇങ്ങനെയായിരുന്നു.. “മരുന്ന് കഴിക്കാൻ പഥ്യം തുടങ്ങണം.അതിന് പാല് കുടിക്കണം.പാലേ കുടിക്കാവൂ..!!”
തീരുമാനിച്ചുറപ്പിച്ച താരം അത് സമ്മതിച്ചു. പക്ഷേ ദൗർഭാഗ്യവശാൽ അദ്ദേഹത്തിന് പ്രഥമഘട്ടം പോലും പൂർത്തിയാക്കാൻ സാധിച്ചില്ല. സൂപ്പർതാരത്തിന്റെ തന്നെ വാക്കുകൾ കടമെടുത്താൽ
“വിശന്നാലും പാല്, ദാഹിച്ചാലും പാല്.. വെള്ളം പോലും കുടിക്കാൻ പാടില്ല..!
എന്നിട്ടും സകലതും സഹിച്ച് ഒരാഴ്ച ഞാൻ പിടിച്ചു നിന്നു.പക്ഷേ പിന്നെ പിടിവിട്ടു പോയി.പശുവിനെ വളപ്പിന്റെ ഏതു മൂലയ്ക്ക് കണ്ടാലും കല്ലെടുത്തെറിയാൻ തോന്നുമായിരുന്നു!”
കായകല്പം അങ്ങനെ പണം കൊണ്ടോ പദവി കൊണ്ടോ എല്ലാവർക്കും പ്രാപ്തമാകുന്ന ഒന്നല്ല.മുൻപ് പിന്നിട്ട ജീവിതത്തിന്റെ മഹിമ മാത്രമാണ് അതിന്റെ അളവുകോൽ. വ്യക്തമായി പറഞ്ഞാൽ, ഇനിയൊരു യൗവനത്തിന് യോഗ്യമായ ജീവിതമായിരുന്നു നാളിതുവരെ അദ്ദേഹം ജീവിച്ചതെങ്കിൽ വ്യക്തമായും ആ ചികിത്സാവിധികൾ വിധേയനെ സ്വാഗതം ചെയ്യുമെന്നാണ് ആചാര്യഭാഷ്യം!.
വൈദ്യനോ വിധേയനോ മാത്ര പിഴച്ചു കഴിഞ്ഞാൽ മരണം നിശ്ചയമാണ് എന്നുള്ളതുകൊണ്ട് സിദ്ധ സമ്പ്രദായത്തിന്റെ അറ്റം കണ്ടവർ മാത്രമേ കായകല്പ ചികിത്സ ചെയ്യാറുള്ളൂ. അതും നാലോ അഞ്ചോ വൈദ്യർ ചേർന്ന് മാത്രം.കായകൽപ്പ ചികിത്സ തന്നെയാവണം അഞ്ഞൂറും അറുനൂറും വർഷം ഓരോരുത്തരും ജീവിക്കുന്നതിന് പിന്നിലുള്ള രഹസ്യം. സമീപകാലത്തെ യോഗികളിൽ മഹാവതാർ ബാബാജി മുതൽ ശിവപ്രഭാകര സിദ്ധയോഗികൾ വരെ ഈ ചികിത്സാവിധിയെ ആശ്രയിച്ചു കാണണം. }
കഥ തുടരുന്നു..
നീണ്ട ഒരു പ്രക്രിയയിലൂടെ മാത്രം ചെയ്യേണ്ട കായകല്പ ചികിത്സ, ഒരൊറ്റ മാത്ര കഴിക്കുന്ന ഒരു ഔഷധത്തിൽ ഒതുക്കുന്നതിന്റെ പരിമിതികൾ വളരെ വളരെ അപകടകരമായിരുന്നു..
ദീർഘനാളത്തെ പരിശ്രമത്തിനുശേഷം അവസാനം ഭോഗനാഥർ നാലു ഗുളികകൾ തയ്യാറാക്കി. ഘോരവനത്തിൽ ചുറ്റപ്പെട്ട ഒരു മലയുടെ നെറുകയിൽ അദ്ദേഹം തന്റെ ശിഷ്യന്മാരോടും നായയോടുമൊപ്പം എത്തിച്ചേർന്നു.
തന്റെ വിശ്വസ്തനായ നായയുടെ മേലെയായിരുന്നു ഭോഗർ തന്റെ ആദ്യത്തെ ഗുളിക പരീക്ഷിച്ചത്.
ഭോഗർ കൈവെള്ളയിൽ വച്ചു നീട്ടിയ ഗുളിക,
നായ ആർത്തിയുടെ നൊട്ടിനുണഞ്ഞ് കഴിച്ചു.നിമിഷങ്ങൾക്കുള്ളിൽ ആ സാധുമൃഗം പിടഞ്ഞുവീണു ചത്തു.
ഭോഗർ തന്റെ കൈയിൽ ശേഷിച്ച ഗുളികകൾ ശിഷ്യന്മാർക്ക് നേരെ വച്ചു നീട്ടി. അത് വാങ്ങിയെങ്കിലും അവർ മൂന്നു പേരും അത് കൗശലപൂർവ്വം കഴിക്കാതെ വലിച്ചെറിഞ്ഞു കളഞ്ഞു.ശിഷ്യന്മാരെയും നായയും സാക്ഷിനിർത്തി സിദ്ധ ബോഗർ ഗുളിക ചവച്ചിറക്കി.
മാത്രനേരം കൊണ്ട് മഹാസിദ്ധരായ ഭോഗർ ചലനമറ്റു നിലത്തുവീണു..!!
ദുഃഖിതരായ ശിഷ്യന്മാർ ഇരുവരും ഗുരുവിന്റെ മൃതശരീരം സംസ്കരിക്കാൻ ഉചിതമായ ഒരു ഇടംതേടി താഴേക്കു നടന്നു. യോഗ്യമായ ഒരു സ്ഥലം കണ്ടെത്തി കുഴികുഴിച്ച ശേഷം അവർ
ഗുരുവിന്റെ ശരീരം കിടന്നിടത്തെത്തി. പക്ഷേ, അവിടെ സിദ്ധഭോഗരുടെയോ നായയുടെയോ ശരീരം കാണാനുണ്ടായിരുന്നില്ല. അവരെ കാത്ത് പകരം അവിടെ ഒരു കുറിപ്പ് കിടന്നിരുന്നു.
” ഈ ലോകം നിലനിൽക്കുന്നത് ചില വിശ്വാസങ്ങളിലാണ്. അതിലൊന്നാണ് ശിഷ്യന് ഗുരുവിന്റെ മേൽ ഉണ്ടാവേണ്ട ചോദ്യം ചെയ്യാത്ത വിശ്വാസം. കായകല്പ ഗുളികകൾ പ്രവർത്തനക്ഷമമായിരുന്നു..! “
ചൈനയിൽ നിന്നും ഹിമാലയം വഴി മടക്കയാത്ര ആരംഭിച്ച സിദ്ധ ഭോഗർക്ക് നാഗരാജൻ എന്ന ഒരു ശിഷ്യനെ കൂടി ലഭിച്ചു.
ഭോഗനാഥരിൽ നിന്നും യോഗവിദ്യയുടെ പാഠങ്ങൾ കരസ്ഥമാക്കിയ, ക്രിയായോഗയുടെ പിതാവായ അദ്ദേഹം ഇന്നറിയപ്പെടുന്നത് #മഹാവതാർബാബാജി എന്നാണ്.
തിരിച്ചു ഭാരതത്തിലെത്തിയ സിദ്ധ ഭോഗർ,
തമിഴ്നാട്ടിൽ, തപസ്സിനു യോഗ്യമായ ഒരു ഒറ്റപ്പെട്ട മലയിൽ താമസമാരംഭിച്ചു. പക്ഷേ, ഭൂമിയുടെ ഏകാന്തതയ്ക്ക് ഭംഗം വരുത്തിക്കൊണ്ട് തേജസ്വിയായ ഒരു ബാലകന്റെ അദൃശ്യസാന്നിധ്യം ആ മലയിൽ ഭോഗർക്ക് തുടരെത്തുടരെ അനുഭവപ്പെട്ടു.
ഏതാണ്ട് ഇതേ സമയം തന്നെ അദ്ദേഹം കലിയുഗത്തിൽ ദക്ഷിണഭാരതത്തിലെ മനുഷ്യരെല്ലാവരും അനവധി രോഗങ്ങളും മഹാമാരികളും കൊണ്ട് അത്യന്തം ദുഃഖം അനുഭവിക്കുമെന്ന് മുൻകൂട്ടി തിരിച്ചറിഞ്ഞിരുന്നു. ഇതിനു പ്രതിവിധിയായി അദ്ദേഹം ഐവർ മലയിൽ വച്ച്, 4448 മൂലികകൾ ഒരു പ്രത്യേക അനുപാതത്തിൽ ചേർത്തു കൊണ്ട് കൊടും വിഷങ്ങളായ ഒൻപത് മിശ്രിതങ്ങൾ തയ്യാറാക്കി. കളിമണ്ണിൽ വച്ച് ചുട്ടെടുത്തും, പലയാവർത്തി കുറുക്കിയും മണ്ണിനടിയിൽ കുഴിച്ചിട്ടും, ജലത്തിനടിയിൽ നിക്ഷേപിച്ചു കൊണ്ടും ഒരു പ്രത്യേക അനുപാതത്തിൽ ആ വിഷങ്ങളെ അദ്ദേഹം കൂട്ടിച്ചേർത്തു. ഒരുമിച്ച് എടുത്താൽ മഹാവിഷവും, ഒരു പ്രത്യേക അനുപാതത്തിൽ ഒന്നിച്ചു ചേർത്താൽ മഹാ ഔഷധവുമായിരുന്നു ആ അപൂർവ്വ കൂട്ട്..!
കലിയുഗത്തിൽ ഭാരതത്തിലെ ഭക്തരായ ജനങ്ങൾക്ക് നേരിട്ടേക്കാവുന്ന ആരോഗ്യപരമായ കഷ്ടനഷ്ടങ്ങൾ കുറയ്ക്കുക എന്നതായിരുന്നു ആ മഹായോഗിയുടെ ഉദ്ദേശം. പലവിധത്തിൽ, ആ രാസകൂട്ടിനെ പരുവപ്പെടുത്തി എടുത്ത അദ്ദേഹം, അവസാനം അതിനെ ഉരുക്കി. അതുകൊണ്ട് അദ്ദേഹം മൂന്ന് വിഗ്രഹങ്ങൾ നിർമ്മിച്ചു. വിഗ്രഹത്തിലെ മുഖം മിനുക്കി കൊണ്ട് ഒരുപാട് സമയം ചിലവഴിച്ചതിനാൽ, വേഗം ബാക്കി ഭാഗങ്ങൾ തയ്യാറാക്കേണ്ടി വന്ന കാരണം, വിഗ്രഹത്തിന്റെ മുഖത്തെ അപേക്ഷിച്ച്, ഉടലിന്റെ അനുപാതത്തിന് വ്യത്യാസം വന്നു. അങ്ങനെ ആ മലയ്ക്കുമുകളിൽ, ആ ബാലകന്റെ വിഗ്രഹം അദ്ദേഹം പ്രതിഷ്ഠിച്ചു. സിദ്ധ ഭോഗർ പ്രതിഷ്ഠിച്ച ആ മഹാ ക്ഷേത്രം ഇന്ന് #പഴനി #ദണ്ഡായുധപാണി ക്ഷേത്രം എന്നറിയപ്പെടുന്നു.( അല്പം വർഗീയത കലർത്തുന്നതിൽ ക്ഷമിക്കുക, വർഷങ്ങൾക്കു മുമ്പ് പല ഗവൺമെന്റുകളുടെയും മേൽനോട്ടത്തിൽ, മൂന്നുവട്ടം പഴനിമലയിലെ വിഗ്രഹം മാറ്റാനും, പകരം പുതിയ വിഗ്രഹം സ്ഥാപിക്കാനും പണ്ട് ഉണ്ടായ ചില നിക്ഷിപ്ത താല്പര്യക്കാരുടെ ശ്രമത്തിന്റെ കാരണമിപ്പോൾ എല്ലാവർക്കും മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു)
ഏതു ലോഹത്തെയും സ്വർണമാക്കി മാറ്റാനുള്ള രസവാദവിദ്യയുടെ
തമ്പുരാനായ സിദ്ധ ഭോഗർ നാല്പത്തിരണ്ടോളം ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്..
നിഗൂഢമായ മന്ത്രങ്ങൾ അടങ്ങിയ ഒരുപാട് ഗ്രന്ഥങ്ങളും ഓലകളും പഴനിമലക്ക് സമീപം എവിടെയോ അദ്ദേഹം കുഴിച്ചിട്ടിട്ടുണ്ടെന്ന് എന്നും വിശ്വസിക്കുന്നു.(ബോഗൻ എന്ന സിനിമയിൽ അരവിന്ദ് സ്വാമിയ്ക്ക് കിട്ടുന്നത് അത്തരമൊരു താളിയോലയാണ്)
അവശേഷിക്കുന്ന രണ്ട് വിഗ്രഹങ്ങളുമായി പഴനിമല മുരുകൻ പ്രതിഷ്ഠയുടെ നേരെ താഴോട്ടു പോകുന്ന ഒരു രഹസ്യ തുരംഗത്തിലൂടെ മാത്രം ചെന്നെത്താവുന്ന, പഴനിമലയുടെ കൃത്യം ഒത്ത നടുക്കായി സ്ഥിതിചെയ്യുന്ന ഒരു രഹസ്യ ഗുഹയിൽ,
സ്തൂല പ്രപഞ്ച നിയമങ്ങളെ ഭേദിച്ചു കൊണ്ട് നവപാഷാണം കൊണ്ട് നിർമിച്ച ദേവസേനാധിപനായ ശ്രീമുരുകന്റെ കാവലിൽ സിദ്ധഭോഗർ ഇന്നും വാണരുളുന്നു.
പകർന്നു കിട്ടിയ അറിവുകൾ 🙏
Subscribe to:
Post Comments (Atom)
No comments:
Post a Comment