Monday, February 22, 2021

എല്ലാം നഷ്ടപ്പെട്ടശേഷം വിഷമിച്ചിട്ടു കാര്യമില്ല; വൈകുംമുന്‍പേ അറിയണം By: ഋഷിരാജ് സിങ് ഐ.പി.എസ്. ഋഷിരാജ് സിങ് ഐ.പി.എസ്. കേരളത്തിലെ സീനിയർ ഓഫീസർമാർ സ്കൂളുകളിലും കോളേജുകളിലും വാർഷികം, മികച്ച വിജയം നേടിയ കുട്ടികൾക്കുള്ള അനുമോദനം, പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം എന്നിവയ്ക്കും മറ്റും പോകാറുണ്ട്. പക്ഷേ, ഞാൻ പ്രധാനമായും സ്കൂളുകളിലും കോളേജുകളിലും പോകുന്നത് കുട്ടികളുമായി സംസാരിക്കാൻവേണ്ടിയാണ്. ഞാൻ ട്രാൻസ്പോർട്ട് കമ്മീഷണറായി ജോലി നോക്കുമ്പോൾ ഇന്ത്യയിലും കേരളത്തിലും എന്തുകൊണ്ടാണ് റോഡപകടങ്ങൾ കൂടുന്നത് എന്ന കാര്യം കുട്ടികളെ ബോധവത്കരിക്കാനായി ഇരുനൂറോളം സ്കൂളുകൾ സന്ദർശിക്കുകയുണ്ടായി. ഇതിനെക്കാൾ കൂടുതൽ സ്കൂൾ, കോളേജുകളിൽ പോകാൻ സാഹചര്യം കിട്ടിയത് എക്സൈസ് കമ്മീഷണറായി ജോലി നോക്കുമ്പോഴാണ്. ഏകദേശം അറുനൂറോളം സ്കൂൾ, കോളേജുകളിൽ സന്ദർശനം നടത്തുകയും ലഹരിയുടെ ഉപയോഗത്തെക്കുറിച്ച് കുട്ടികളിൽ ബോധവത്കരണം നടത്തുകയും ചെയ്തു. സ്കൂളുകളും കോളേജുകളും സന്ദർശിക്കുമ്പോൾ കുട്ടികളുമായി ആശയവിനിമയം നടത്താൻ ഞാൻ ശ്രമിക്കാറുണ്ട്. കുട്ടികൾക്ക് ചോദ്യങ്ങൾ ചോദിക്കാൻ അവസരം നല്കാറുണ്ട്. ഇതിൽനിന്നും എനിക്ക് ആശ്ചര്യപ്പെടുത്തുന്ന ഒരുപാടു വിവരങ്ങൾ ലഭിക്കുകയുണ്ടായി. കുട്ടികളെ ഭയപ്പെടുത്തുന്ന കാര്യങ്ങൾ, മറ്റു കുട്ടികളെ തോല്പിച്ച് മുന്നിൽ വരാൻ ടീച്ചർ അല്ലെങ്കിൽ മാതാപിതാക്കൾ പറഞ്ഞ കാര്യങ്ങൾ, കുട്ടികളുടെ ചിന്തകളും മാനസികപിരിമുറുക്കമുണ്ടാക്കുന്ന കാര്യങ്ങളും, വീട്ടിൽ സ്വസ്ഥതയില്ലാത്ത അന്തരീക്ഷം, ആരുമായും ഒരു ബന്ധവുമില്ലാതെ ഒറ്റപ്പെട്ട അവസ്ഥ- ഇതിൽനിന്നെല്ലാം രക്ഷപ്പെടാൻവേണ്ടി മൊബൈൽ ഫോണിന്റെ അമിത ഉപയോഗത്തിലും ലഹരിവസ്തുക്കളുടെ ഉപയോഗത്തിലും ചെന്നെത്തുന്നു. കഴിഞ്ഞ അഞ്ചു വർഷക്കാലമായി കുട്ടികളുമായി ബന്ധപ്പെട്ടു ഞാൻ മനസ്സിലാക്കിയ കാര്യങ്ങൾ മറ്റുള്ളവരെ അറിയിക്കാൻ ഒരു പുസ്തകമെഴുതാൻ തീരുമാനിച്ചു. കുട്ടികളുടെ സ്വഭാവവും പെരുമാറ്റവും ശരിയായ രീതിയിൽ നിർണയിക്കുന്നതിൽ രക്ഷിതാക്കളുടെ പങ്ക് വളരെ വലുതാണ്. കുടുംബാന്തരീക്ഷം ആരോഗ്യകരമാക്കുക എന്നതാണ് ഏറ്റവും പ്രധാനം. സമ്മർദങ്ങളില്ലാതെ കുട്ടികൾക്ക് പഠിക്കാനും അവരുടെ ബാല്യകൗമാരങ്ങൾ ആസ്വദിക്കാനും കഴിയണം. അതിനൊന്നും സാധിക്കാതെവരുമ്പോഴാണ് ലഹരിയുടെ പ്രലോഭനങ്ങളിൽ കുട്ടികൾ പെട്ടുപോകുന്നത്. പുസ്തകം വാങ്ങാം എല്ലാം നഷ്ടപ്പെട്ടശേഷം വിഷമിച്ചിട്ടു കാര്യമില്ല. വൈകുംമുൻപേ ചെയ്യേണ്ടതായ കാര്യങ്ങളുണ്ട്. അധ്യാപകരും കുട്ടികളും, പ്രത്യേകിച്ച് രക്ഷിതാക്കളും ജാഗ്രതയോടെ ചെയ്യേണ്ടതായ കാര്യങ്ങളെക്കുറിച്ചുള്ള സൂചനകളാണ് ഈ പുസ്തകത്തിൽ. എന്റെ ബാല്യകൗമാരങ്ങളെ ഇന്നത്തെ കുട്ടികളുടെതുമായി താരതമ്യം ചെയ്യുമ്പോൾ എനിക്ക് അനുഭവപ്പെടുന്ന കാര്യങ്ങൾ- അതെല്ലാം ഞാൻ നിങ്ങളുമായി പങ്കുവെക്കുകയാണ്. വളരെ ഗൗരവത്തോടെ ഇക്കാര്യങ്ങൾ നിങ്ങൾ നോക്കിക്കാണുമെന്ന വിശ്വാസത്തോടെ. ഋഷിരാജ് സിങ് ഐ.പി.എസ്. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച വൈകും മുൻപേ എന്ന പുസ്തകത്തിന് എഴുതിയ ആമുഖം പുസ്തകം ഓൺലൈനിൽ വാങ്ങാം Content Highlights: Rishiraj Singh IPS New Malayalam book Mathrubhumi Books Tags : Rishiraj Singh IPS Comment On This Article ! Get daily updates from Mathrubhumi.com 

No comments: