Tuesday, March 01, 2022

 🪔🛕 *ദക്ഷിണാമൂർത്തി* ( *ശിവൻ* )🛕🪔


പരമശിവന്റെ ഒരു മൂർത്തിഭേദമാണ്  ദക്ഷിണാമൂത്തി ശിവൻ. പേരാലിന്റെ ചുവട്ടിൽ തെക്കോട്ടുതിരിഞ്ഞ് ചിന്മുദ്രാങ്കിതനായിരിക്കുന്ന ദക്ഷിണാമൂർത്തിയുടെ സമീപം തത്ത്വജിജ്ഞാസുക്കളായ മുനിമാർ ഇരിക്കുന്നു. ദക്ഷിണാമൂർത്തിയുടെ ചിന്മുദ്ര മഹർഷിമാരുടെ എല്ലാ സംശയങ്ങളും ഇല്ലാതാക്കുന്നതിനു സമർഥമാണത്രെ.


ദക്ഷിണൻ എന്ന പദത്തിന് അനുകൂലൻ എന്നർഥമുണ്ട്. അനുകൂലഭാവത്തിൽ അനുഗ്രഹതത്പര ഭാവത്തിൽ സ്ഥിതിചെയ്യുന്നവൻ എന്ന് ദക്ഷിണാമൂർത്തി എന്ന പദത്തിന് അർഥം കല്പിക്കാം. സതീവിയോഗംമൂലം തപസ്സനുഷ്ഠിച്ച പരമശിവന്റെ മൂർത്തിഭേദമാണ് ദക്ഷിണാമൂർത്തി എന്നാണ് പറയപ്പെടുന്നത്. വേദാന്തതത്ത്വംമുനിമാർക്ക് ഉപദേശിക്കുന്നതിന് ഈ സന്ദർഭം പ്രയോജനപ്രദമായി. ഏതു സംശയവുമായി എത്തുന്ന മുനിമാർക്കും ദക്ഷിണാമൂർത്തിയുടെ സാമീപ്യത്താൽത്തന്നെ സംശയനിവാരണമുണ്ടാകുന്നു. ഗുരുവിന്റെ മൌനം വ്യാഖ്യാനമായിത്തീരുന്നതായി ശിഷ്യർക്കനുഭവപ്പെടുന്നു. പരമശിവനെ ഗുരു ആയി സ്വീകരിക്കുന്ന മൂർത്തിഭേദമാണിത്. മൗനരൂപമായ വ്യാഖ്യാനത്താൽ ശിഷ്യർ സംശയനിവൃത്തിനേടി നിർമലചിത്തരായിത്തീരുന്നു.ഗുരോസ്തുമൌനം വ്യാഖ്യാനം, ശിഷ്യാസ്തു ഛിന്നസംശയാഃ എന്ന വാക്യം ഈ ഭാവത്തെ വിശദമാക്കുന്നു.


ബ്രഹ്മജ്ഞാനം സൂചിപ്പിക്കുന്ന  ഹസ്തമുദ്രയാണ്ദക്ഷിണാമൂർത്തിയുടെ ചിന്മുദ്ര. ജപമാല കയ്യിലുണ്ട്. ജ്ഞാനദേവനായി ആരാധിക്കുന്ന സുബ്രഹ്മണ്യദേവനും ദേവിയുടെ ജ്ഞാനമൂർത്തിഭേദങ്ങളായ ശാരദ, ത്രിപുരസുന്ദരി എന്നിവരും ജ്ഞാനമുദ്രയും ജപമാലയും ധരിക്കുന്നതായി പറയപ്പെടുന്നു. മഹേശൻ, മഹായോഗി, പശുപതി തുടങ്ങിയ ശിവതത്ത്വഭേദങ്ങളും ദക്ഷിണാമൂർത്തിഭേദത്തിനു സമാനമായ തത്ത്വം ഉൾക്കൊള്ളുന്നു. ദക്ഷിണാമൂർത്തിതന്നെ വ്യാഖ്യാനം, ജ്ഞാനം, യോഗം, വീണാധരം എന്ന് നാല് രീതികളിലുണ്ട്. ഈ മൂർത്തിഭേദങ്ങൾക്ക് അതിനനുസരിച്ച് ധ്യാനവും ധ്യാനത്തിനനുസരിച്ച് വിഗ്രഹവും വ്യത്യസ്തമായിരിക്കും.


ശിവക്ഷേത്രങ്ങളിൽ ചിലത് ദക്ഷിണാമൂർത്തി ക്ഷേത്രമാണ്. ഉദാഹരണമായി, ചൊവ്വരശിവക്ഷേത്രത്തിലെ മൂർത്തി ദക്ഷിണാമൂർത്തിയാണെന്നു പ്രസിദ്ധിയുണ്ട്. വേദാന്ത സദസ്സിലും വിദ്യാരംഭ സന്ദർഭത്തിലും ദക്ഷിണാമൂർത്തിയെ സ്മരിക്കുന്ന പതിവുണ്ട്. ദക്ഷിണാമൂർത്ത്യുപനിഷത്ത്, ദക്ഷിണാമൂർത്തിസ്തവം തുടങ്ങിയ അനേകം കൃതികളിൽ ദക്ഷിണാമൂർത്തിയുടെ വർണന കാണാം. ദക്ഷിണാമൂർത്തിയെ പ്രകീർത്തിക്കുന്ന അനേകം സ്തോത്രകാവ്യങ്ങളുണ്ട്. ശ്രീശങ്കരാചാര്യരുടെ ദക്ഷിണാമൂർത്തിസ്തവമാണ് ഇവയിൽ പ്രമുഖം.


ശിവതത്ത്വത്തെപ്പറ്റി ജിജ്ഞാസുക്കളായ മുനിമാർക്ക് മാർക്കണ്ഡേയമുനി ഉപദേശിക്കുന്നതാണ് ദക്ഷിണാമൂർത്ത്യുപനിഷത്ത്. യാതൊന്നുകൊണ്ടാണോ ദക്ഷിണാമുഖൻ എന്നു പേരുള്ള ശിവൻ ദൃഷ്ടിഗോചരനായി ഭവിക്കുന്നത് അതാണ് പരമരഹസ്യമായ ശിവതത്ത്വജ്ഞാനം എന്ന മുഖവുരയോടെയാണ് മാർക്കണ്ഡേയമുനിയുടെ ഉപദേശം. ദക്ഷിണാമൂർത്തിയെ ധ്യാനിക്കുന്നതിനു ചൊല്ലേണ്ട അനേകം മന്ത്രങ്ങളും അവയുടെ ഋഷി, ഛന്ദസ്സ്, ദേവത എന്നിവയും ഓരോ മന്ത്രത്തോടൊപ്പം ചൊല്ലേണ്ട ധ്യാനവും ഈ ഉപനിഷത്തിൽ വർണിക്കുന്നുണ്ട്. ധ്യാനങ്ങളിൽ ദക്ഷിണാമൂർത്തിയുടെ സ്വരൂപവർണനയാണ് പ്രധാനം. ഉദാഹരണമായി, 'വിഷ്ണു ഋഷിഃ, അനുഷ്ടുപ് ഛന്ദഃ, ദക്ഷിണാമുഖോ ദേവതാ എന്ന അനുസ്മരണത്തോടെ ചൊല്ലുന്ന മന്ത്രമാണ് 

''ഓം നമോ ഭഗവതേതുഭ്യം വടമൂലവാസിനേ പ്രജ്ഞാമേധാദി സിദ്ധിദായിനേ, മായിനേനമഃ വാഗീശായ മഹാജ്ഞാനസ്വാഹാ'' എന്നത്. 


ഈ മന്ത്രത്തോടൊപ്പം ചൊല്ലുന്നതും ദക്ഷിണാമൂർത്തിയുടെ സ്വരൂപവർണനയുള്ളതുമായ ധ്യാനമിതാണ്:


''മുദ്രാ പുസ്തക വഹ്നി നാഗ വിലസദ് ബാഹും പ്രസന്നാനനം

മുക്താഹാരവിഭൂഷണം ശശികലാഭാസ്വത്കിരീടോജ്ജ്വലം

അജ്ഞാനാപഹമാദിമാദിമഗിരാമർഥം ഭവാനീപതിം

ന്യഗ്രോധാന്തനിവാസിനം പരഗുരും ധ്യായാമ്യഭീഷ്ടാപ്തയേ.''


(അഭയമുദ്ര, ജ്ഞാനമുദ്ര, പുസ്തകം, അഗ്നി, സർപ്പങ്ങൾ എന്നിവയാൽ ശോഭിക്കുന്ന കൈകളോടുകൂടിയവനും പ്രസന്നവദനനും മുത്തുമാല അണിഞ്ഞവനും ചന്ദ്രക്കലയാൽ ശോഭിക്കുന്ന ഉജ്ജ്വലമായ കിരീടത്തോടുകൂടിയവനും അജ്ഞാന നാശകനും ആദിപുരുഷനും ഓംകാരപ്പൊരുളും പാർവതീപതിയും വടവൃക്ഷച്ചുവട്ടിൽ സ്ഥിതിചെയ്യുന്നവനും എല്ലാവർക്കും ഗുരുവുമായ ദേവനെ അഭീഷ്ടസിദ്ധിക്കായി ഞാൻ ധ്യാനിക്കുന്നു.)


മറ്റു ധ്യാനങ്ങളിൽ വർണിച്ചിരിക്കുന്ന സ്വരൂപവിശേഷമനുസരിച്ച് സഫ്ടികംപോലെയും വെള്ളിപോലെയും ധവള വർണത്തോടുകൂടിയവനും മുക്കണ്ണനും പരശു, മാൻ എന്നിവ കൈകളിലുള്ളവനും ഒരു കൈ ജംഘയിൽ സ്പർശിച്ചിട്ടുള്ളവനും കൈയിൽ വീണയും പുസ്തകവും ധരിച്ചിരിക്കുന്നവനും വ്യാഘ്രചർമം ധരിച്ചിരിക്കുന്നവനും വ്യാഖ്യാപീഠത്തിലിരിക്കുന്നവനും ഒരു കൈയിൽ അഭയദാനമുദ്രയോടുകൂടിയവനുമാണ് ദക്ഷിണാമൂർത്തി. രഥാക്രാന്ത വിഭാഗത്തിൽപ്പെടുന്ന 64 തന്ത്രങ്ങളിലൊന്ന് ദക്ഷിണാമൂർത്തിതന്ത്രമാണ്.


ശ്രീ ശങ്കരാചാര്യർ ശാർദ്ദൂലവിക്രീഡിതംഎന്ന വൃത്തത്തിൽ രചിച്ച സംസ്കൃതസ്തോത്രമാണ്‌ ദക്ഷിണാമൂർത്തി സ്തോത്രം. യുവഭാവത്തിൽ തെക്കോട്ടു നോക്കി ഇരിക്കുന്ന ശിവരൂപമാണ്‌  ദക്ഷിണാമൂർത്തി. ഇതിന്റെ ധ്യാനശ്ളോകത്തിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു.


“ചിത്രം വടതരോർമൂലേ വൃദ്ധാ ശിഷ്യാ: ഗുരുർ യുവാ ഗുരോസ്തു മൌനം വ്യാഖ്യാനം ശിഷ്യാസ്തു ഛിന്ന സംശയാ:”


എല്ലാ അറിവും നേടിയിട്ടും തങ്ങളുടെ അറിവു പരിപൂർണ്ണമായില്ല എന്ന സന്താപത്തിലിരിക്കുന്ന 'വൃദ്ധരായ' ഋഷിമാർക്കു മുന്നിൽ 'യുവഭാവത്തിൽ'ശിവൻ അവതരിച്ച്‌ പേരാൽവൃക്ഷത്തിനു ചുവട്ടിലിരുന്ന്‌ മൌനത്തിലൂടെ ശിഷ്യരുടെ സംശയങ്ങൾ ദുരീകരിച്ചുകൊടുത്തു. ഈ യുവഗുരുവിനെ സ്തുതിച്ചുകൊണ്ട്‌ എഴുതിയതാണ്‌ ദക്ഷിണാമൂർത്തി സ്തോത്രം. പത്തു ശ്ളോകങ്ങളാണ്‌ ഇതിലുള്ളത്.🙏

No comments: