Friday, April 15, 2022

 മനസ്സിന്റെ നിഗൂഢതയെ ഭേദിക്കുവാൻ , അഥവാ സത്യലോകത്തെ അറിയുവാൻ നാം ഇന്ദ്രിയങ്ങളിലേക്ക് വരികയാണ് വേണ്ടത്.മനസ്സിൽ നാം കാണുന്ന ഏതുരൂപങ്ങളും സത്യമല്ല.അവയുമായി ഊർജം ചേരുമ്പോഴാണ് അവക്ക് ജീവൻ വയ്ക്കുന്നത്.മനസ്സ് നാം ജീവിക്കുന്ന ഇന്ദ്രിയങ്ങളിലൂടെ അറിഞ്ഞുകൊണ്ടിരിക്കുന്ന ഈ ലോകവുമായുള്ള ബന്ധം വിച്ഛേദിക്കുന്നു.മനസ്സ് യാഥാർഥത്തിലെന്താണൊ ഉള്ളത് അതിനെ മറച്ചുകളയും .കാരണം അത് ഇപ്പോൾ അയഥാർത്ഥമായ ഭൂതകാലത്തിന്റെ സൃഷ്ടിയാണ്.നാം ഒരു പുതിയ റോഡിലൂടെ യാത്രചെയ്യുമ്പോൾ നമുക്ക് ഒരിക്കലും മുന്നിലുള്ള വഴികൾ മനസ്സിലൂടെ സങ്കൽപ്പിക്കുവാൻ  സാധിക്കില്ല.മനസ്സ്  ഭൂതകാലത്തിന്റെ ആശയങ്ങളുടെ തടവറയിൽ നമ്മെ ചങ്ങലക്കിടുന്നു.അതുകൊണ്ടാണ്  മനസ്സിന് നമ്മുടെ ഭാവിയെ ശോഭനമാക്കുവാൻ കഴിവില്ലാത്തത്.അതിനു വേണ്ടത് ഇന്ദ്രിയങ്ങളാണ് .അവക്കാണ്  ആത്മബോധവുമായി നേരിട്ട് ബന്ധം .എല്ലാ വിദ്യകളും മനസ്സിനെ നിയന്ത്രിക്കുവാൻ ആകണം .അല്ലാത്തവയെല്ലാം സങ്കൽപ്പങ്ങളെ ഉത്തേജിപ്പിക്കുന്നവയും, ഭൗതികതൃഷ്ണയുടെയും ആണ് .അതിനെ നാം തന്ത്രമെന്നോ ,ആധാര ചക്രങ്ങളുടെ  ഹീലിംഗെന്നോ മെഡിറ്റേഷൻ എന്നൊക്കെ വിശേഷിപ്പിച്ചാലും അവയെല്ലാം ആത്മാവിൽനിന്നും  പുറത്തേക്കുള്ള വാതായനങ്ങളാണ്.അവയെല്ലാം എത്രകണ്ട് "മനസ്സിൽ "ആക്കുന്നോ  അത്രകണ്ട് നാം സത്യത്തിൽനിന്നും അകന്നു പോകുന്നു.പലരുടെയും അവകാശവാദം പലതാണ്.എല്ലാവരും താൻ പഠിച്ചുവന്ന വഴിമാത്രം ശരിയെന്നു വാദിക്കും.ജ്യോതിഷം പഠിച്ച ശേഷം   ആത്മീയ ഗ്രന്ഥങ്ങൾ കാണാതെ കാണാതെ പഠിച്ചവർ   പറയും തികച്ചും ബാഹ്യമായ വൈശ്വാനര പ്രപഞ്ചത്തിലെ കോടാനുകോടി  കാതങ്ങൾക്കപ്പുറമുള്ള സൂര്യ ചന്ദ്രന്മാരെ കുറിച്ച് ,അവയുടെ ചലനങ്ങളെക്കുറിച്ച് അറിഞ്ഞെങ്കിലെ ആത്മസാക്ഷാത്കാരം ലഭിക്കു എന്ന് .അപ്പോൾ ഇവരെ ആശ്രയിച്ചേ പറ്റൂ  എന്ന അവസ്ഥ സൃഷ്ടിക്കാനാണ് ഈ ബാഹ്യലോക പ്രകീർത്തനം .എന്നാൽ പുരുഷസൂക്തം പറയുന്നത് 'തൃപാദസ്യാമൃതം ദിവി ".എന്നാണ് .മൂന്നുപാദങ്ങളും ഉള്ളിലെന്നാണ്.അതായത് ശ്രുതിസ്മ്രിതികളെല്ലാം,ഋഷിമാരെല്ലാം,ബുദ്ധനും മഹാവീരനും ബോധിധർമ്മനും എല്ലാം ആണയിട്ടു പറയുന്നു.ഉള്ളിലേക്ക് നോക്കൂ എന്ന് .അപ്പോൾ ചിലരുടെ വാചകങ്ങൾ "പുറത്തേക്ക്,അകലെ നക്ഷത്രങ്ങളെ നോക്കൂ" എന്ന് .ഇനി മറ്റുചിലരാകട്ടെ അവർ പഠിച്ച തന്ത്രഗ്രന്ഥങ്ങളോ വേദാന്ത ഗ്രന്ഥങ്ങളോ,അന്യഭാഷാ ഗ്രന്ഥങ്ങളോ ആണ് ചൂണ്ടയാക്കുക.മറ്റുചിലർ സംസ്കൃതവും സയൻസും യുക്തിവാദവും ചൂണ്ടയാക്കുന്നു.വേറെ ചിലർ പേരെടുത്ത തങ്ങളുടെ ഗുരുക്കന്മാരെയാണ് ചൂണ്ടയാക്കുക.ചൂണ്ടയാക്കുന്നതു അല്ലെങ്കിൽ അതിൽ കൊത്തുന്നത് വളരെ നല്ലകാര്യമാണ്.വേണ്ടതുപോലെയുള്ള പരസ്യങ്ങൾ ഇല്ലാതെ ഒന്നും ആളുകൾ അറിയാറില്ലല്ലോ.എന്നാൽ അത് അന്വേഷകനെ അവന്റെ തന്നെ  ആന്തരികലോകങ്ങളിലേക്കു ഇറക്കിവിടാൻ വേണ്ടിയല്ലെങ്കിൽ ആണ് ക്രൂരതയാകുന്നത്.സാധകനെ  പുറംലോകത്തെ ഗുരുവിലോ  പുറംലോകത്തിന്റെ തന്നെ സൃഷ്ടിയായ മനസ്സിൽ സ്വന്തം ഈഗോ സൃഷ്ടിക്കുന്ന ഈശ്വരരൂപത്തിലോ കുരുക്കിയിടുന്നവർ തടവറയൊരുക്കുന്ന ചൂഷകർതന്നെയാണ്.എന്നാൽ ഇതേ പുരാതനബിംബങ്ങളായ  ജ്യോതിഷത്തിന്റേയോ തന്ത്രത്തിന്റെയോ സയന്സിന്റെയോ ഒക്കെ  ബിംബങ്ങളെയും ഭാഷയെയും എല്ലാംതന്നെ ഒരുവന്റെ മോചനത്തിനായും ഉപയോഗിക്കാവുന്നതാണ് .അതിനായിട്ടാണ് അവകൾ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് .ഇവയിലെല്ലാം ഉള്ള സ്വാതന്ത്ര്യത്തിന്റെ രഹസ്യങ്ങൾ സ്വയം അന്വേഷിക്കുന്നവർ സ്വാഭാവികമായി അതുനേടുകതന്നെ ചെയ്യും.ഇന്നല്ലെങ്കിൽ നാളെ.അല്ലെങ്കിൽ ഈ അന്വേഷണാത്മകത, മനുഷ്യനായിപിറന്ന എല്ലാവരുടെയും ആത്മാവിനുള്ളിൽ സൃഷ്ടാവ് നൽകില്ലായിരുന്നു.അതിനു താൻ അറിഞ്ഞേടത്തുനിന്നുതന്നെ "സദ്‌സംഗത്തിലൂടെ" ആനന്ദാതിരേകത്തോടെ വിടർന്നുവികസിച്ചു പന്തലിക്കാൻ വേണ്ടിയാണ് ഈ പ്രപഞ്ചംതന്നെ സൃഷ്ടിച്ചിട്ടുള്ളത്.ഈശ്വരൻ ഒരു പക്ഷിയെപോലെയോ വൃക്ഷത്തെപ്പോലെയോ ലളിതവും ആണ് .അതിന്റെ സങ്കീര്ണതമാത്രം വരച്ചുകാട്ടുന്നവർ പറയുന്നതൊക്കെയും അർത്ഥസത്യമായി അവശേഷിക്കും.ഇവയുടെ സമ്മേളനത്തിലാണ് പൂർണ്ണ നിശബ്ദതയും ദൈവിക ഊർജവിസ്ഫോടനവും ഒരുവനിൽ സംഭവിക്കുന്നത്.....

.SREE ..Pls share for others.

www.thapovanmeditation.com.

thapovanmeditation@gmail.com.  

www.sreedharannamboothiri.com.,

© Thapovan Spiritual Research & Meditation center

(തപോവൻ ആത്മീയ ഗവേഷണ ധ്യാന കേന്ദ്രം )

Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/

1 comment:

Anonymous said...

വളരെ നല്ല പോസ്റ്റ്