Sunday, September 25, 2022

 _*ക്ഷേത്രചൈതന്യം നശിക്കതിരിക്കൻ അനുഷ്ഠികെണ്ട കർമ്മങ്ങൾ*_



*ക്ഷേത്ര ചൈതന്യ വർധനയ്ക്ക് തന്ത്രസമുച്ചയത്തിൽ പറയുന്ന അഞ്ചു പ്രധാന കാര്യങ്ങളിൽ പരമ പ്രധാനമായിട്ടുള്ളതിൽ ആചാര്യന്റെ (തന്ത്രിയുടെയും മേൽശാന്തിയുടെയും) തപശ്ശക്തി കഴിഞ്ഞാൽ രണ്ടാമത്തേതായി പറയുന്നത് വേദോപാസനയാണ്. നിയമം, ഉത്സവം, അന്നദാനം എന്നിവയാണ് മറ്റു മൂന്നുകാര്യങ്ങൾ. ഇവയാണ് ക്ഷേത്രപുരോഗതിക്ക് കാരണമായിട്ടുള്ളത്. ഈ അഞ്ചുകാര്യങ്ങളും വളരെ ഭംഗിയായി നടക്കുന്നതിനാലാണ് ഗുരുവായൂരും ശബരിമലയിലും ക്ഷേത്രങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകുന്നത്.*


*ഋഗ്വേദം, യജുർവേദം, സാമവേദം എന്നീ മൂന്നുവേദങ്ങൾകൊണ്ട് മുറജപം, മുറഹോമം, മുറ അഭിഷേകം, വേദപുഷ്പാജ്ഞലി, വാരമിരിക്കൽ മുതലായ വേദോപാസനകൾകൊണ്ട് ദേവപ്രീതിയും ക്ഷേത്രത്തിന് ഐശ്വര്യവും തദ്വാര ഭക്തജനങ്ങൾക്ക് ശാന്തിയും സമാധാനവും ഐശ്വര്യവും ഉണ്ടാകും. അതുപോലെ തന്നെയാണ് യാഗം ചെയ്ത് യാഗാഗ്നി കെടാതെ സൂക്ഷിക്കുന്ന കർമ്മികൾക്കുള്ള വെച്ചു നമസ്‌കാരവും, അതുപോലെ തന്നെ ക്ഷേത്രചൈതന്യ വർധനവിന് അത്യാവശ്യമായിട്ടുള്ളതാണ് ഭക്തജനങ്ങളുടെ പ്രാർത്ഥനയും.*


*വേദസംഹിതമുഴുവൻ ഒരു മുറ ദേവസാന്നിദ്ധ്യത്തിൽ ജപിച്ച് ആ നെയ്യ് നിവേദ്യത്തിൽ ഉപസ്ഥരിച്ച ദേവന് നിവേദ്യവും നടത്തുന്നതാണ് മുറജപം. വേദം സംഹിത, പദം, ക്രമം എന്നതുകളിൽ ക്രമ പാഠമായി വേദത്തിലെ പത്തുഋക്ക് മുഖമണ്ഡപത്തിൽ ഇരുന്ന് ഉറക്കെ സ്വരിച്ചുച്ചൊല്ലി ദേവനെ കേൾപ്പിക്കുന്നതാണ് വാരമിരിക്കൽ.*


*പണ്ട് അമ്പലപ്പുഴ രാജാവ് അമ്പലപ്പുഴ ക്ഷേത്രത്തിലും അമ്പലപ്പുഴ രാജ്യം തിരുവിതാംകൂറിലായ ശേഷം മുറജപം ശുചീന്ദ്രത്തും തുടർന്ന് മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലം മുതൽ ആറാറുകൊല്ലം കൂടുമ്പോൾ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലും നടത്തിയിരുന്ന മുറജപം പ്രസിദ്ധമായിരുന്നുവല്ലൊ. മുറഹോമമാണ് പരമപ്രധാനമായ വേദോപാസന. ഒരു ആചാര്യൻ ഹോമാചാരത്തിൽ അനുജപക്കാരൻ തുടർന്നിരുന്നു വേദം ജപിക്കുകയും ഹോമക്കാരൻ ഋഷിച്ഛന്ദോദേവതകൾ സഹിതം ചൊല്ലി ഋചം പ്രതി (ഓരോഋക്കം) ഹോമിക്കുകയും (ഉദ്ദേശത്യാഗസഹിതം) ഒരാൾ പിഴയ്ക്കാതെ ശ്രദ്ധിക്കുകയും ചെയ്യുന്നതാണ് മുറഹോമം. ഗുരുവായൂരിലെ മമ്മിയൂർ ക്ഷേത്രത്തിൽ എല്ലാക്കൊല്ലവും മുറഹോമം നടത്തി തുടങ്ങിയതുമുതൽ ക്ഷേത്രത്തിന്റെ ഐശ്വര്യം വർധിച്ചിട്ടുണ്ട്.*


*പണ്ട്-ചോറ്റാനിക്കര ക്ഷേത്രത്തിൽ ഗ്രാമക്കാർ ധനു ഒന്ന് മുതൽ ഈശ്വരസേവ ആയി മുറജപവും ഭഗവതിസേവയും നടത്തിയിരുന്നു. സ്ഥാനമൊഴിഞ്ഞ കൊച്ചി രാജാവിന്റെ കാലത്ത് ചോറ്റാനിക്കര ക്ഷേത്രം സർക്കാർ ഏറ്റെടുത്തതുമുതലാണ് ഇതെല്ലാം ഇല്ലാതായത്.*


*അതിനുശേഷം ക്ഷേത്രത്തിനുണ്ടായ മാന്ദ്യം ചെമ്മങ്ങാട് നരസിംഹൻ ഭട്ടത്തിരിപ്പാട് ആയിരം മുറ പുഷ്പാഞ്ജലിയും ആയിരം മുറ അഭിഷേകവും നടത്തിയ ശേഷമാണ് ഇന്ന് കാണുന്ന അഭിവൃദ്ധിയും ഐശ്വര്യവും ചോറ്റാനിക്കര ക്ഷേത്രത്തിന് ഉണ്ടായത് എന്ന് എല്ലാവർക്കും അറിവുള്ളതാണല്ലോ.  ക്ഷേത്രചൈതന്യം നിലനിർത്താനും അഭിവൃദ്ധിപ്പെടാനും വേദോപാസന പരമപ്രധാനമാണ്.*


*ഭക്തജന സംഘങ്ങളാൽ ഭരിക്കപ്പെടുന്ന മിക്ക ക്ഷേത്രങ്ങളിൽ നിന്നും ചൈതന്യ സംവർദ്ധകങ്ങളായ ആചാരങ്ങൾ പിൻവാങ്ങിക്കൊണ്ടിരിക്കുന്നതായി കാണുന്നു.*

*ക്ഷേത്രാചാരങ്ങളെ പറ്റിയും ക്ഷേത്രകലകളെപ്പറ്റിയും ഒരു വിവരവുമില്ലാത്ത പ്രമാണിമാർ ക്ഷേത്രഭരണ കമ്മറ്റിയിലും ഉത്സവകമ്മറ്റികളിലും കയറിക്കൂടി ഉത്സവാഘോഷങ്ങൾ മോടിപിടിപ്പിക്കാൻ ലക്ഷക്കണക്കിന് രൂപ ചെലവാക്കി കലാപരിപാടികൾ സംഘടിപ്പിക്കുമ്പോൾ ക്ഷേത്രാചാരങ്ങളും ക്ഷേത്രകലകളും മനഃപൂർവം തിരസ്‌കരിക്കപ്പെടുന്നു. ഉത്സവബലി, ബ്രഹ്മകലശം, മുറജപംപോലുള്ള താന്ത്രിക ക്രിയകൾ അന്യമായി കൊണ്ടിരിക്കുന്നതുകൊണ്ട് ക്ഷേത്രചൈതന്യം അനുദിനം നശിക്കുകയും തദ്വാരാ ജനക്ഷേമവും ലോകനന്മയും ലക്ഷ്യമാക്കുന്ന ക്ഷേത്രസങ്കൽപ്പം തന്നെ കീഴ്‌മേൽ മറിയുകയും ചെയ്തുകൊണ്ടിരിക്കുന്നു. ആചാരത്തിൽ അപചയം സംഭവിച്ചാൽ കലഹവും ആയുർനാശം പോലും സംഭവിക്കുമെന്നതറിയാതെയാണ് അബദ്ധ ജഡിലമായി മഹാഭൂരിപക്ഷവും മതാചാരങ്ങൾ അനുഷ്ഠിക്കുന്നത്.*


*പണ്ടുള്ള ഊരായ്മക്കാരും ക്ഷേത്രഭാരവാഹികളും അറിഞ്ഞോ അറിയാതെയോ ദേവസ്വത്തിന്റെ ഒരു പൈസപോലും അപഹരിച്ചാൽ അടുത്ത മൂന്നു തലമുറയ്‌ക്കെങ്കിലും ദുരിതമാണ് എന്ന് വിശ്വസിച്ചിരുന്നവരാണ്. അങ്ങനെ അപഹരിക്കുന്നവരുടെ അടുത്ത തലമുറകൾ ആ ദുരിതം അനുഭവിക്കുന്ന നിരവധി ഉദാഹരണങ്ങൾ ഉണ്ട്. പക്ഷേ ആരും മുൻഗാമികളുടെ കർമ്മദോഷംകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്ന് അറിയുന്നില്ലെന്നു മാത്രം.*🙏

No comments: