Saturday, September 24, 2022

 മുഹൂർത്തങ്ങളിൽ അഭിജിത് .


പ്രത്യേകം കർമ്മങ്ങൾ അനുഷ്ഠിക്കുവാൻ പ്രത്യേകം സമയം നിർദ്ദേശിച്ചതിനെ നാം മുഹൂർത്തം എന്ന് വിളിക്കുന്നു. മുഹൂർത്തങ്ങൾ  മുഹൂർത്ത പദവീകാരൻ പ്രത്യേകം തരംതിരിച്ച് പ്രതിപാദിച്ചിട്ടുണ്ട്. അതായത് ഷോഡശ സംസ്കാരാദി മുഹൂർത്തങ്ങൾ, ഗൃഹാരംഭ - ഗൃഹപ്രവേശനാദി മുഹൂർത്തങ്ങൾ കൃഷി ഔഷധസേവ ഇവയ്ക്കുള്ള മുഹൂർത്തങ്ങൾ .....


 എന്നാൽ ഇതിലൊക്കെ സൂചിപ്പിച്ച ശുഭ കാലം പഞ്ചാംഗം നോക്കിയാൽ  വളരെ അല്പമായിരിക്കും. ഉദാഹരണത്തിന് വിവാഹ മുഹൂർത്തം തന്നെ.ഇഷ്ടാ കൃഷ്ണാഷ്ടമീ.... എന്നു തുടങ്ങുന്ന ശ്ലോകത്തിൽ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കാൻ പറഞ്ഞിട്ടുണ്ട്. ഇതെല്ലാം കണക്കാക്കിയാൽ ഒരു വർഷം  അഞ്ചോ പത്തൊ മുഹൂർത്തങ്ങൾ മാത്രമേ ലഭിക്കുകയുള്ളൂ.


അപ്പോൾ നമ്മൾ  നല്ല സമയം നോക്കി തിരഞ്ഞെടുക്കുന്നു. ഇതിനായി നാം തിരഞ്ഞെടുക്കുന്ന പ്രധാനകാലം ഇപ്പോൾ അഭിജിത്ത് മുഹൂർത്ത കാലമാണ്.


എന്താണ് അഭിജിത്ത് മുഹൂർത്ത കാലം എന്ന് പരിശോധിക്കാം.

 60 നാഴിക ദൈർഘ്യമുള്ള ഒരു ദിവസം 30 മുഹൂർത്തങ്ങൾ നിത്യേന ഉദിക്കുന്നു . പകൽ 15 ഉം രാത്രി 15 ഉം.


അപ്പോൾ ഒരു മുഹൂർത്തത്തിന്റെ ദൈർഘ്യം രണ്ടു നാഴിക അതായത് 48 മിനുട്ട് . "മുഹൂർത്തോനാഡികാദ്വയമിത്യമര: "


 ദിനരാത്രങ്ങളുടെ ഏറ്റക്കുറച്ചിലിന് അനുസരിച്ച് മുഹൂർത്ത കാലത്തിനും ഏറ്റക്കുറച്ചിൽ വന്നുചേരും.


15 പകൽ മുഹൂർത്തങ്ങൾ :-


 ആർദ്രോരഗ മിത്രമഘാ വസുജല വിശ്വാഭിജിദ്വിരിഞ്ചേന്ദ്രാ : ഐന്ദ്രാഗ്‌നി മൂലവരുണാര്യമ ഭഗതാര ദിവാ മുഹൂർത്താസ്യു :

( പ്രശ്ന കൗതുകം 1/11)


1.ആർദ്ര = തിരുവാതിര

 2.ഉരഗ = ആയില്യം

 3.മിത്ര = അനിഴം.

4.മഘാ = മകം

 5.വസു = അവിട്ടം

 6.ജലം = പൂരാടം

 7.വിശ്വ =ഉത്രാടം

 8.അഭിജിത്ത് =അഭിജിത്ത്

 9.വിരിഞ്ച : = രോഹിണി

 10.ഇന്ദ്രൻ = തൃക്കേട്ടക

11.ഐന്ദ്രാഗ്നി =വിശാഖം

 12.മൂലം =മൂലം 

13.വരുണൻ =ചതയം 

14.യമ: =ഭരണി

15.ഭഗൻ = ഉത്രം.


രാത്രി 15 മുഹൂർത്തങ്ങൾ :-


 ക്രമശോ നിശാ മുഹൂർത്താ

 രുദ്രോ ഭദ്രാദയോഷ്ടതാരാശ്ച അദിതി ഗുരു വിഷ്ണുഹസ്ത - ബ്രഹ്മസമീരാ ശ്ച കീർത്തിതാ മുനിഭി:


1.രുദ്ര: =തിരുവാതിര 

2.ഭദ്രാ = പൂരുട്ടാതി

3. ഉത്രട്ടാതി 

4.രേവതി

5. അശ്വതി

6. ഭരണി 

7.കാർത്തിക

8. രോഹിണി

9. മകീര്യം

10. അദിതി = പുണർതം

11. ഗുരു = പൂയ്യം

 12. വിഷ്ണു = തിരുവോണം

13. ഹസ്ത = അത്തം

14. ബ്രഹ്മ =രോഹിണി

 15.സമീര : =ചോതി.


പകൽ മുഹൂർത്തങ്ങളിൽ എട്ടാമത്തെ മുഹൂർത്തമായ അഭിജിത്ത് മുഹൂർത്ത കാലമാണ് നാം ഇന്ന് ശുഭമുഹൂർത്തമായി കണക്കാക്കി വരുന്നത് .പൊതുവേ മുഹൂർത്തങ്ങളിൽ അന്നഭ നക്ഷത്രങ്ങളുടെ പേരിലുള്ളവ ശുഭവും മറ്റുള്ളവ അശുഭവുമാണ്.


 അതായത് പകൽ മുഹൂർത്തങ്ങളിൽ അനിഴം, അവിട്ടം, ഉത്രാടം, അഭിജിത്ത് ,രോഹിണി, ചതയം, ഉത്രം ഇങ്ങനെ ഏഴ് മുഹൂർത്തങ്ങൾ ശുഭവും ശേഷം എട്ട് മുഹൂർത്തങ്ങൾ അശുഭവും ആകുന്നു.


 എന്നാൽ ഇതിൽ 14 നാഴികക്ക് ശേഷം വരുന്നഎട്ടാമത്തെ മുഹൂർത്തമായ അഭിജിത്തിന് പ്രത്യേകം ശുഭത്വം കൊടുക്കുന്നു. ( പകൽ 30 നാഴിക ഉള്ള ദിവസം )


ശബ്ദ കൽപ്പദ്രുമത്തിൽ ഇപ്രകാരം പറയുന്നു.

അഭി ജി ക്വിപ് .

ദിവസസ്യാഷ്ടമ മുഹൂർത്തം .

നല്ലകാലം എന്നർത്ഥം.


അപരാഹ്നെ തു സംപ്രാപ്തെ അഭിജിത് രോഹിനോദയെ

യദത്ര ദീയതെ ജന്തോര്‍

 തദക്ഷയമുദാഹൃതം . (മത്സ്യപുരാണം )


തത്തു താരകാത്രയാത്മക ശൃംഗാടകാകൃതി.


ഉത്രാടത്തിന്റെ നാലാം പാദവും (15 നാഴിക ) തിരുവോണത്തിന്റെ ആദ്യ നാല് നാഴികയും ആകെ 19 നാഴികാകാലം അഭിജിത് .


അഭിജിത് നക്ഷത്രത്തിൽ ജനിച്ചാൽ ഫലം ഇപ്രകാരം സൂചിപ്പിക്കുന്നു.


അതി സുലളിതകാന്തി

സമ്മത:സജ്ജനാനാം

നനു ഭവതി വിനീത ശ്ചാരുകീർത്തി സുവേഷ :

ദ്വിജവര സുര ഭക്‌തോ വ്യക്തവാങ്ങ് മാനവ :

സ്യാദഭിജിതി യദി സൂതിർ ഭൂപതി സ്വസ്വവംശെ. (കോഷ്ഠീ പ്രദീപ:)


 അഭിജിത്ത് മുഹൂർത്തത്തിന്റെ പ്രഭാവം കൊണ്ട് ഈ സമയം ശുഭകർമ്മങ്ങൾക്ക് ഏറ്റവും വിശേഷമാണെന്ന് പറയുന്നു.


അഭിജിത്  നാമ മധ്യാഹ്നോ മുഹൂർത്തോ വൈഷ്ണവ : സ്മൃത : ചക്രമാദായ ഭഗവാൻ വിഷ്ണുർ ദോഷാൻവ്യപോഹതി .


അഭിജിത് മുഹൂർത്തയോഗെ 

ഗതവതി മദ്ധ്യം ദിനാധിപതൗ 

ചക്രേണ ചക്രപാണി :

സമസ്ത ദോഷാൻ  നിഷൂദയതി .


വിഷ്ടി വ്യതീപാത മുഖാശ്ച ദോഷാ :

 സർവ്വേ ഗ്രഹോത്പാതസമുദ്ഭവാശ്ച

മദ്ധ്യം ദിനം യാതി സഹസ്ര രശ്മൗ നശ്യന്തിദോഷാസ്ത്വഭിജിത്പ്രഭാവാത് .


പൈശാചീ പശ്ചിമാ സന്ധ്യാ പ്രാതസന്ധ്യാ രൗദ്രികോച്യതെ

രാക്ഷസീ ചാർദ്ധ രാത്രി : സ്യാദ് 

ബ്രാഹ്‌മീ മദ്ധ്യാഹ്‌നമുച്യതെ.


ഈ പ്രമാണങ്ങളിൽ നിന്നൊക്കെ അഭിജിത് മുഹൂർത്തം വളരെ ശുഭം നൽകുന്നു എന്ന് മനസ്സിലാക്കാം.


എന്നാൽ ഈ മധ്യാഹ്ന സമയം മധ്യാഹ്ന സന്ധ്യ എന്ന ദോഷമുള്ളതാണ്  എന്ന് നിത്യ ദോഷപ്രകരണത്തിൽ പരാമർശിച്ചിട്ടുണ്ട്. "സായാഹ്ന സന്ധ്യാദയ " എന്ന് .


മധ്യാഹ്ന സന്ധ്യാകാലം 10 വിനാഴിക ഒഴിവാക്കണം (4 മിനുട്ട്).

മുഹൂർത്ത രത്നം ആചാര സംഗ്രഹം മുതലായവയിൽ മധ്യാഹ്നകാലം വർജിക്കാനാണ് പറഞ്ഞിരിക്കുന്നത്.


മധ്യാഹ്നേ ചാർദ്ധരാത്രേ ച സന്ധ്യയോരുഭയോരപി

ന കുര്യാദ് ശുഭ കർമാണി

 സിദ്ധിം നാപ്‌നോതി വൈ തത: എന്നും


ലാടവൈധൃത  സൂര്യേന്ദു ഗ്രഹസന്ധ്യാ ചതുഷ്ടയം വർജ്യം. (മുഹൂർത്ത രത്നം )


സന്ധ്യാ ചതുഷ്ടയം ഭൂകമ്പം മേഘസ്യ ഗർജ്ജനം വർജ്ജയേത്. (ആചാര സംഗ്രഹം)


മധ്യാഹ്‌നെ ചാർദ്ധരാത്രേ ച

വർജ്യാ ദശ വിനാഡികാ :


ഈ പ്രമാണപ്രകാരം ആദ്യം സൂചിപ്പിച്ച 14 നാഴികയ്ക്ക് ശേഷം 16 നാഴിക വരെ ഉള്ള അഭിജിത് മുഹൂർത്തത്തിന്റെ  14 നാഴിക 55 വിനാഴിക വരെയും പിന്നീട് 15 നാഴിക 5 വിനാഴികക്കു ശേഷം 16 നാഴിക വരെയും അഭിജിത്ത് മുഹൂർത്ത കാലം എന്ന് കണക്കാക്കണം.


പ്രത്യേകം ശ്രദ്ധിക്കേണ്ടത് അഭിജിത്ത് പോലുള്ള മുഹൂർത്തം ആപൽ ഘട്ടത്തിൽ മാത്രമാണ് സ്വീകരിക്കേണ്ടത് .

അതുപോലെ കാലഹോര ഗോധൂളി  എന്നിവയും മറ്റും ആപൽ ഘട്ടങ്ങളിൽ സ്വീകരിച്ചുവരുന്നു.


 മറ്റ് ഘട്ടങ്ങളിൽ സാമാന്യേന പഞ്ചാംഗ ശുദ്ധി , ലഗ്ന ശുദ്ധി,മാസാദി കാല ശുദ്ധി ,കർത്തൃ ദോഷം എന്നിവ യഥോചിതം കണക്കാക്കിയും വേണം മുഹൂർത്തം തിരഞ്ഞെടുക്കാൻ .


ഡോ. എം പി . ഗിരീഷ് നമ്പ്യാർ

No comments: