Thursday, October 29, 2020

ജാനശ്രുതി ************ ദ്വാരപാലകന്‍ പുറപ്പെട്ടു. പലരും പറഞ്ഞുകേട്ട്‌ അവന്‍ ഒരു കുഗ്രാമത്തിലെത്തി. അവിടെ കുതിരകളോ തേരാളിയോ ഇല്ലാതെ വഴിവക്കില്‍ ഉപേക്ഷിക്കപ്പെട്ട ഒരു പഴയ ശകടം കണ്ടു. ആ ശകടത്തിന്റെ കീഴില്‍ മുഷിഞ്ഞവേഷം ധരിച്ച്‌ ഒരാള്‍ കുത്തിയിരിക്കുന്നതു കണ്ടു. ശരീരത്തില്‍ വല്ലാതെ അഴുക്കു പുരണ്ട അയാള്‍ ശരീരം ശഭതിയായി ചൊറിയുന്നുണ്ടായിരുന്നു. ദ്വാരപാലകന്‍ സംശയത്തോടെ അയാളുടെ അടുത്തുചെന്നിട്ട്‌ വിളിച്ചു ചോദിച്ചു: “ഭഗവന്‍, അങ്ങുതന്നെയാണോ വണ്ടിക്കാരനായ രൈക്വന്‍? ചോദ്യം കേട്ട്‌ അയാള്‍ അലക്ഷ്യമായി ദ്വാരപാലകനെ നോക്കി. എന്നിട്ട എന്തുവേണമെന്ന്‌ കണ്ണുകൊണ്ട്‌ ആംഗ്യഭാഷയില്‍ ചോദിച്ചു: “ഞാന്‍ ജാനശ്രുതി രാജാവിന്റെ ദ്വാരപാലകനാണ്‌. നീ വണ്ടിക്കാരനായ രൈക്വനെങ്കില്‍ പുറത്തേയ്ക്കു വരിക.” ദ്വാരപാലകന്‍ കല്‍പിച്ചു. ആ കല്പന കേട്ടിട്ടും വണ്ടിയ്ക്കടിയില്‍ ചടഞ്ഞു കൂടിയിരിക്കുന്ന മനുഷ്യനില്‍ വലിയ ഭാവവ്യത്യാസമൊന്നും പ്രകടമായില്ല. അപ്പോള്‍ അതുവഴിവന്ന ചിലരോടായി അന്വേഷിച്ചിട്ട്‌ അത്‌ വണ്ടിക്കാരനായ രൈക്വനാണെന്ന്‌ ദ്വാരപാലകന്‍ തിരിച്ചറിഞ്ഞു. അപ്പോള്‍ തന്നെ അയാള്‍ മടങ്ങിപ്പോയി. രൈക്വനെ കണ്ടുപിടിച്ച വിവരം വേഗം രാജാവിനെ അറിയിച്ചു. രൈക്വനെ നേരില്‍ ചെന്നു കാണുവാന് ‍തന്നെ ജാനശ്രുതി നിശ്ചയിച്ചു. ദ്വാരപാലകനില്‍ നിന്ന്‌ മനസ്സിലാക്കിയ രൈക്വന്റെ ഭൌതിക അവസ്ഥയില്‍നിന്ന്‌ അയാളെ രക്ഷിക്കണമെന്ന്‌ രാജാവിനു തോന്നി. അറുന്നൂറ്‌ നല്ലയിനം പശുക്കള്‍, കഴുത്തിലണിയാന്‍ ഒരു മാല, പെണ്‍കോവര്‍കഴുതകള്‍ വലിക്കുന്ന മനോഹരവും ചിത്രപ്പണികള്‍ നിറഞ്ഞതുമായ ഒരു രഥം എന്നിവയോടുകൂടി രാജാവ്‌ രൈക്വന്റെ അടുത്തേയ്ക്ക്‌ പുറപ്പെട്ടു. രൈക്വനെ നേരില്‍കണ്ട്‌ ആദ്യം വിസ്മയത്തിന്റേയും അമ്പരപ്പിന്റേയും പരകോടിയിലെത്തി. വണ്ടിക്കീഴില്‍ ഒതുങ്ങിയിരിക്കുന്ന ഈ ദരിദ്രന്‍ ഒരു മഹാത്മാവും ജ്ഞാനിയും സിദ്ധനുമാണെന്ന്‌ ആരും വിചാരിക്കുകയില്ല. പക്ഷേ യഥാര്‍ത്ഥത്തില്‍ ഇദ്ദേഹത്തിന്റെ നില എത്രയധികം ഉന്നതമാണ്‌. അറിവില്‍, രാജാവായ താന്‍ ഈ സാധുമനുഷ്യനു മുമ്പില്‍ സമനല്ലെന്ന്‌ ഹംസങ്ങള്‍ പറഞ്ഞത്‌ രാജാവ്‌ വീണ്ടും സ്മരിച്ചു. ആ സ്മരണയില്‍ അദ്ദേഹം രൈക്വനെ നമസ്ക്കരിച്ചു. “അല്ലയോ രൈക്വാ, ഈ അറുന്നൂറു പശുക്കളും, ഈ കണ്ഠഹാരവും ഈ രഥവും ഞാന്‍ അങ്ങയ്ക്കുവേണ്ടി കൊണ്ടുവന്നിരിക്കുകയാണ്‌. ദയവായി ഇതെല്ലാം അങ്ങ്‌ സ്വീകരിച്ച്‌ സ്വന്തമാക്കിയാലും. മഹാജ്ഞാനിയും സിദ്ധനുമായ അങ്ങയെ രാജാവായ ജാനരശുതി പൌത്രായണന്‍‍ ഗുരുവായിവരിക്കുന്നു. അങ്ങ്‌ ഉപാസിക്കുന്ന ദേവതയെപ്പറ്റി എനിക്ക്‌ ഉപദേശം നല്‍കി അനുഗ്രഹിച്ചാലും!” ജാനശ്രുതിയുടെ അഭൃര്‍ത്ഥന കേട്ട്‌ രൈക്വന്‌ ‍ ദേഷ്യം വന്നു. അവന്‍ വണ്ടിക്കടിയില്‍ നിന്ന്‌ പുറത്തേയ്ക്കിറങ്ങി വന്നു. അലസമായിചിതറിക്കിടക്കുന്ന നീളമേറിയ ജടമുടിയും താടിമീശയും ശക്തിയില്‍ ഇളക്കിയിട്ട രാജാവിനെ ചുവന്ന കണ്ണുകളോടെ നോക്കി. “എടോ ശൂദ്രാ !” രാജാവിന്റെ മുഖത്തു തറപ്പിച്ചു നോക്കിക്കൊണ്ട്‌ രൈക്വന്‍ അലറി. രാജാവും പരിവാരങ്ങളും ഞെട്ടിവിറച്ച്‌ പിന്നോട്ട്‌ ഒരു ചുവട്‌ മാറിനിന്നു. “നിന്റെ ഈ പശുക്കളും ഹാരവും ഈ രഥവും എനിയ്ക്ക്‌ ആവശ്യമില്ല. ഇതെല്ലാം കൊണ്ടുപോകു! എല്ലാം നിന്റേതായിത്തന്നെ ഇരിക്കട്ടെ.” രാജാവ്‌ എന്തെങ്കിലും പറയുന്നതിനുമുമ്പ്‌ രൈക്വന്‍ വണ്ടിയുടെ കീഴിലേയ്ക്ക്‌ തിരികെക്കയറി. കീറിയ ഒരു വസ്ത്രമെടുത്ത്‌ പുതച്ചു കിടന്നു. മറ്റു ഗത്യന്തരമില്ലാതെ രാജാവ്‌ കൊട്ടാരത്തിലേയ്ക്ക്‌ മടങ്ങിപ്പോയി. നിരാശയാലും അപമാനത്താലും അദ്ദേഹത്തിന്‌ ഉറങ്ങാന്‍ കഴിഞ്ഞില്ല. ആഹാരവും ഉപേക്ഷിച്ചു, രാജ്ഞിയും രാജകുമാരിയുമൊക്കെ ചുറ്റും വന്നു നിന്ന്‌ ആശ്വസിപ്പിച്ചു. താന്‍ എത്രയോ നിസ്സാരനാണെന്ന്‌ രാജാവ്‌ വിചാരിച്ച്‌ വിഷമിച്ചു. തന്റെ പാരിതോഷികം രൈക്വന് തൃപ്തിതകരമായില്ലെന്ന്‌ ജാനശ്രുതിയ്ക്കു തോന്നി. പിറ്റേ ദിവസം രാവിലെതന്നെ അദ്ദേഹം ആയിരംപശുക്കള്‍, ഒരു മാല, പെണ്‍കോവര്‍കഴുതകളെപൂട്ടിയ രഥം എന്നിവയ്ക്കു പുറമേ തന്റെ പുത്രിയായ രാജകുമാരിയേയും കൂട്ടിക്കൊണ്ട്‌ രൈക്വന്റെ അടുക്കല്‍ ചെന്നു. രൈക്വന്‍ ശകടത്തിന്റെ പുറത്തിരുന്ന്‌ ഇളവെയില്‍ കായുകയായിരുന്നു. ജാനശ്രുതി ഭവ്യതയോടെ രൈക്വനെ സമീപിച്ചു. “അല്ലയോ രൈക്വാ, ആയിരംപശുക്കളും ഒരു മാലയും, ഈ രഥവും ഞാന്‍ നിനക്കുവേണ്ടി കൊണ്ടുവന്നിരിക്കുന്നു. മാത്രവുമല്ല ഇതാ എന്റെ ഏകപുത്രിയായ രാജകുമാരിയെക്കൂടി കൊണ്ടുവന്നിരിക്കുന്നു. ഇവളെ ഭാര്യയായി അങ്ങു സ്വീകരിച്ചാലും. അതിനും പുറമേ അങ്ങ്‌ ഇരിക്കുന്ന ഈ ഗ്രാമവും അങ്ങേയ്ക്കു തന്നിരിക്കുന്നു. ഇതെല്ലാം സ്വീകരിച്ചു കൊണ്ട്‌ അല്ലയോ സ്വാമിന്‍ എന്നെ ശിഷ്യനായി കരുതിയാലും. അങ്ങ്‌ ഉപാസിക്കുന്നത്‌ ഏതൊരു ദേവതയെ ആണെന്ന്‌ എനിക്ക്‌ ഉപദേശിച്ചു തന്നാലും.” ഇതുകേട്ട്‌ രൈക്വന്‍ എഴുന്നേറ്റ്‌ ജാനശ്രുതിയുടെ അരികില്‍ വന്നു. പശുക്കള്‍, മാല, രഥം, രാജകുമാരി എന്നിവകളെ ചുറ്റിനടന്നു കണ്ടു. ബുദ്ധിമതിയും കന്യകയുമായ രാജകുമാരിയെക്കണ്ടിട്ട് രൈക്വന്‍ കുറെനേരം അവളെ നോക്കിനിന്നു. വിദ്യാദാനത്തിന്‌ ഇവള്‍ ഉത്തമയെന്ന്‌ രൈക്വന്‍ മനസ്സിലാക്കി. ഇവളെ ഇപ്പോള്‍ സ്വീകരിക്കുകയാണെങ്കില്‍ അറിവ്‌ പകര്‍ന്നു നല്‍കി വളര്‍ത്തുവാനാകും. രൈക്വന്‍ സംതൃപ്തിയായി. അവന്‍ രാജാവിനെ അരികിലേയ്ക്കു വിളിച്ചു. “ഹേ ശൂദ്ര, നീ പശുക്കളെയുംമറ്റും കൊണ്ടുവന്നത്‌ ഉത്തമം ആയി.നല്ലത്‌. ഞാന്‍ എല്ലാത്തിനേയുംസ്വീകരിക്കുന്നു. ഈകന്യക വിദ്യാദാനത്തിന്‌ ഉത്തമയാണ്‌. ഇവള്‍ നിമിത്തം നീ എന്നെ സംസാരിക്കാന്‍ പ്രേരിപ്പിക്കുന്നു. എന്തുമാകട്ടെ, നിന്നെ ഞാന്‍ ശിഷ്യനായി സ്വീകരിച്ചിരിക്കുന്നു. ശുഭമുഹൂര്‍ത്തത്തില്‍ ഉപദേശം നല്‍കുന്നതാണ്‌.” ' രാജാവ്‌ സന്തുഷ്ടനായി. രൈക്വന്‍ വസിച്ചിരുന്ന ഗ്രാമം അദ്ദേഹം രൈക്വനു സ്വന്തമായി നല്‍കി. ആ ഗ്രാമത്തില്‍ വസിച്ചിരുന്ന മറ്റുള്ളവരെ അവിടെനിന്ന്‌ മാറ്റിപ്പാര്‍പ്പിച്ചു. നല്ല വീഥികള്‍, പുന്തോട്ടങ്ങള്‍, കൃഷിസ്ഥലങ്ങള്‍, മാളികകള്‍, കുളങ്ങള്‍ എന്നിവ നിര്‍മ്മിച്ച്‌ ആ ഗ്രാമത്തെ മനോഹരമാക്കി. രാജകന്യകയെ ആ ഗ്രാമത്തില്‍ പാര്‍പ്പിച്ചു അവള്‍ക്കു വേണ്ട എല്ലാ സൌകര്യങ്ങളും ഭൃത്യന്മാരേയും നല്‍കി. ആ ഗ്രാമം “രൈക്വപര്‍ണ്ണം" എന്ന പേരില്‍ പ്രശസ്തമായിത്തീര്‍ന്നു. രൈക്വന്‍ യഥേഷ്ടം തപസ്സ്‌ അനുഷ്ഠിക്കുന്നതിനും വിദ്യാദാനം നിര്‍വ്വഹിക്കുന്നതിനുമുള്ള പ്രത്യേക സാകര്യങ്ങളും ഏര്‍പ്പെടുത്തി. “മഹാവൃഷ”' ദേശത്തില്‍ ഉള്‍പ്പെട്ട മറ്റൊരു ഗ്രാമത്തെയും രൈക്വനു നല്‍കി. രാജ്യഭരണം താല്ക്കാലികമായി മറ്റുള്ളവരെ ഏല്‍പിച്ചിട്ട് രാജാവും രൈക്വനോടൊപ്പം താമസിച്ചു. തികച്ചും ലളിതമായ രീതിയിലും ശിഷ്യഭാവത്തിലും ജാനശ്രുതി കഴിഞ്ഞുകൂടി. ഉപദേശത്തിന്‌ കാലമായെന്ന്‌ തോന്നിയപ്പോള്‍ രൈക്വന്‍ ശാന്തഭാവത്തില്‍ ജാനശ്രുതിയെ അരികില്‍ വിളിച്ചു. പുണ്യാത്മാവേ, അന്നദാനം ചെയ്യുന്നവനെന്ന അഭിമാനവും രാജാവെന്ന അഹന്തയും താങ്കള്‍ക്ക്‌ ഇപ്പോഴില്ല. രജസ്തമോ ഗുണങ്ങള്‍ കെട്ടടങ്ങിയ നിങ്ങള്‍ സംവര്‍ഗ്ഗവിദ്യയ്ക്ക്‌ അധികാരിയായിരിക്കുന്നു. നിങ്ങള്‍ക്കിപ്പോള്‍ ഒന്നിലും ദുഃഖം കാണുന്നില്ല. അതിനാല്‍ ശൂദ്രത്വവുമില്ല. എന്റെ ഉപാസന ഞാന്‍ നിങ്ങള്‍ക്ക്‌ ഉപദേശിച്ചു തരാം. സമിത്പാണിയായി വന്നിരുന്നാലും.” ശുഭദിനത്തില്‍. ശുഭ്രവസ്ത്രധാരിയും സമിത്പാണിയുമായി ജാനശ്രുതി രൈക്വനെ സമീപിച്ചു. നമസ്ക്കരിച്ചിട്ട്‌ അടുത്തിരുന്നു. രൈക്വന്‍ ശാസ്ത്രവിധിപ്രകാരം ആത്മോപദേശം കൊടുത്തു. “സംവര്‍ഗ്ഗ വിദ്യയെന്നാല്‍ എല്ലാത്തിനേയും ഗ്രഹിക്കുന്ന വിദ്യയെന്നാണ്‌ അര്‍ത്ഥം. എല്ലാത്തിനേയും ഗ്രഹിക്കുന്നത്‌ ആത്മാവാണ്‌. ഇതിന്‌ ദേവന്മാരുടെ കുട്ടത്തില്‍ വായുവിന്റെ സ്ഥാനവും ഇന്ദ്രിയങ്ങളില്‍ പ്രാണന്റെ സ്ഥാനവുമാണ്‌. അധിദൈവത ദര്‍ശനത്തില്‍ വായുവാണ്‌ സംവര്‍ഗ്ഗം. എല്ലാത്തിനേയും ഗ്രഹിക്കുവാനുള്ള ശേഷി വായുവിനാണ്‌ ഉള്ളത്‌. വായു വീശുമ്പോള്‍ അഗ്നി ആളിക്കത്തുന്നത്‌ കണ്ടിട്ടില്ലേ? തീ അണയുമ്പോള്‍ അത്‌ വായുവില്‍ തന്നെ ലയിക്കുന്നു. സൂര്യന്‍ അസ്തമിക്കുമ്പോള്‍ അത്‌ വായുവില്‍ തന്നെ ലയിക്കുന്നു. ച്രന്ദ്രന്‍ അസ്തമിക്കുമ്പോള്‍ അതും വായുവില്‍ ലയിക്കും. വെള്ളം വറ്റുമ്പോള്‍ അതും വായുവില്‍ ചേരുന്നു. ഇത്‌ വായുവിന്റെ പ്രത്യേകതയാണ്‌. ഇനി ആത്മാവിനെ സംബന്ധിക്കുന്ന സംവര്‍ഗത്തെപ്പറ്റി പറയാം. ഇവിടെ പ്രാണനാണ്‌ എല്ലാത്തിനേയുംഗ്രഹിക്കുന്നത്‌. പുരുഷന്‍ ഉറങ്ങുമ്പോള്‍ അവന്റെ ഇന്ദ്രിയങ്ങള്‍ എവിടെ പോകുന്നു? വാഗാദി ഇന്ന്രിയങ്ങളെല്ലാം പ്രാണനെയാണ്‌ പ്രാപിക്കുന്നത്‌. എല്ലാം പ്രാണനെ ആശ്രയിച്ച്‌ നിലക്കുന്നു. കണ്ണും കാതുംമനസ്സും എല്ലാം പ്രാണനെപ്രാപിക്കുന്നു. പ്രാണനാണ്‌ എല്ലാത്തിനേയും ഗ്രഹിക്കുന്നത്‌. വായുവും പ്രാണനും സംവര്‍ഗ്ഗവിദ്യതന്നെ. ഒന്ന്‌ സ്ഥൂലത്തിലും മറ്റേത്‌ സൂക്ഷ്മത്തിലുമാണ്‌. ഈ പ്രാണനെയാണ്‌ ഉപാസിക്കേണ്ടത്‌.” പ്രാണനെ ഉപാസിക്കുന്നത്‌ എങ്ങനെയെന്ന്‌ രൈക്വന്‍, ജാനശ്രുതിയ്ക്ക്‌ ഉപദേശിച്ചുകൊടുത്തു. അതനുസരിച്ച്‌ മുഖ്യപ്രാണനായ ആത്മാവിനെ ജാനശ്രുതി ഉപാസന ചെയ്തു. തത്ഫലമായി അദ്ദേഹത്തില്‍ ആനന്ദാനുഭൂതികളുണ്ടായി. ക്രമേണ ബ്രഹ്മവിദ്യാതല്‍പരനായി സാധനകളനുഷ്ഠിച്ചു. കാലാന്തരത്തില്‍ ജാനശ്രുതിയ്ക്ക്‌ സിദ്ധിജ്ഞാനാദികള്‍ കൈവന്നു. നിത്യമായ ആനന്ദത്തെ അനുഭവിക്കുന്നവനും കീര്‍ത്തിമാനും തേജസ്വിയുമായിത്തീര്‍ന്നു. ഓം തത്‌ സത്‌ അവലംബം - ഛാന്ദോഗ്യോപനിഷത്ത്

No comments: