Saturday, October 17, 2020

ശങ്കര വൈഭവം- 55 നിഷേധം, അന്വേഷണം, താദാത്മ്യം ഇങ്ങനെ മൂന്ന് പടിയായിട്ടാണ് സത്യാന്വേഷണം. എന്തെന്നാൽ താനല്ലാത്തതിനെ താനെന്ന് കരുതിയിരിക്കുന്നു അത് നിഷേധം. പിന്നെ താൻ യഥാർത്ഥത്തിൽ ആരാണെന്ന് അന്വേഷണം. പിന്നെ തൻ്റെ യഥാർത്ഥ സ്വരൂപത്തിൽ താദാത്മ്യം. തത്രാത്മ ബുദ്ധി ദ്രഡീകരണം എന്നാണ് ആചാര്യ സ്വാമികളുടെ വാക്ക്. എല്ലാത്തിനും സാക്ഷിയായിട്ടുള്ള വസ്തുവിൽ ആത്മബുദ്ധി ദ്രഡീകരണം. ഇതാണ് ആത്മവിദ്യാ വിചാരണം എന്ന് പറയുന്നത്. ഈ ഒരു വിദ്യ അപാരമായ കാരുണ്യം കൊണ്ട് ഉപനിഷത്ത് തന്നിരിക്കുന്ന, വേദ മാതാവ് തന്നിരിക്കുന്ന ഈ അറിവിനെ ആ വേദങ്ങൾക്കൊക്കെ ഈശ്വരൻ തന്നെ പല രൂപത്തിലും സത്ഗുരുവിൻ്റെ രൂപത്തിലും പല ആചാര്യൻമാരുടെ രൂപത്തിലും നമുക്ക് ഈ വിദ്യയെ പ്രകാശിപ്പിച്ച് തരുന്നു. ഈ ലോകത്ത് ഒരുപാട് ഗുരുക്കൻമാരുണ്ട് എന്നാൽ സത്ഗുരു വളരെ വിരളം. ഒരു ഗുരുവിൻ്റെ ലക്ഷണം എന്തെന്നാൽ ശിഷ്യവിത്. ശിഷ്യന് എത്ര കണ്ട് പക്വതയുണ്ട് അറിവുണ്ട് എന്ന് അറിയുന്ന ആളായിരിക്കണം. ഉപദേശിച്ചാൽ ശിഷ്യന് ഗ്രഹിക്കാനുള്ള കഴിവുണ്ടോ എന്ന് അറിയുന്ന ആളായിരിക്കണം. അത് മനസ്സിലാക്കിയാൽ പിന്നെയോ താപത്രയ ഉന്മൂലനം. ശാരീരികമായും, മാനസികമായും, ലൗകികമായും ഒക്കെയുള്ള താപത്തെ മാറ്റുന്നവനായിരിക്കണം ഗുരു. ശിഷ്യൻ്റെ സംസാരിക ദുഃഖമാകുന്ന താപത്തെ ഉന്മൂലനം ചെയ്യുന്ന ആളായിരിക്കണം. ശിഷ്യ താപഹാരി ആയിരിക്കണം. ഇനി ഇതല്ല ലക്ഷണമെങ്കിൽ ആ ഗുരുവിന് ഒരു ലക്ഷണമേ ഉണ്ടാകു ശിഷ്യ വിത്താപഹാരി😄. വിത്തം എന്നാൽ പണം. അതായത് കീശയുടെ കനം നോക്കിയേ ഉപദേശിക്കു എന്നർത്ഥം. ശങ്കരൻ അങ്ങനെ അല്ലാത്തത് കൊണ്ടാണ് ശിഷ്യ താപഹാരിയായ ശങ്കരനെ വന്ദിക്കുന്നത്. Nochurji 🙏🙏

No comments: