BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Friday, December 25, 2020
അവിശ്വസനീയമായ യാഥാർഥ്യം.
2016 ഏപ്രിൽ 24 ന്
ഡെഹ്റാഡൂൺ മാരത്തോണിൽ അവസാന നിമിഷം, അപ്രതീക്ഷിതമായി ഒരാൾ പങ്കെടുത്തു. അദ്ദേഹം അവിടെ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ വന്നതായിരുന്നു. അവിടെ ഒരു മാരത്തോൺ നടക്കാൻ പോകുന്നു എന്നറിഞ്ഞപ്പോൾ അദ്ദേഹത്തിന് ആസക്തിയായി. എന്നാൽ അദ്ദേഹത്തിന് ഓടാനുള്ള യാതൊരു തെയ്യാറെടുപ്പും ഉണ്ടായിരുന്നില്ല, ഷൂസ് പോലും.
എന്നാലും വേണ്ടെന്നു വെക്കാൻ അദ്ദേഹം തെയ്യാർ അല്ലായിരുന്നു. അവിടത്തെ പാറ പോലെ ഉറച്ച മണ്ണിൽ, ചെങ്കുത്താ യ പാതകളിൽ അദ്ദേഹം 5 കിലോമീറ്റർ നഗ്നപാദനായി ഓടി, 31 മിനിറ്റിൽ. നിശ്ചയ ദാർഢ്യത്തിന്റെ ഉദാത്തമായ ഒരു ഉദാഹരണം. അദ്ദേഹത്തിന്റെ പ്രായം കേട്ടാൽ ഞെട്ടാൻ തെയ്യാറായിക്കോളു. 118 വയസ്സ്. അവിടെ ഞാൻ 21 കിലോമീറ്റർ ഓട്ടത്തിൽ പങ്കെടുത്തിരുന്നു.
1897 ഒക്ടോബർ 6ന് ഉത്തർ പ്രദേശിലെ ഹസ്തിനപ്പൂർ എന്ന സ്ഥലത്ത് ജനിച്ച അദ്ദേഹം, രാജ്യത്ത് ഉടനീളം നിരവധി
മാരത്തോണുകളിൽ പങ്കെടുത്തിട്ടുണ്ട്. വാസ്തവം പറഞ്ഞാൽ ഇതേ വരെ എത്ര മാരത്തോണിൽ പങ്കെടുത്തു എന്ന് അദ്ദേഹത്തിന് പോലും അറിയില്ല. ഇവർക്കൊക്കെ മറ്റു കളിക്കാരെ പോലെ റെക്കോർഡ് സൂക്ഷിക്കുവാൻ വേറെ ആൾക്കാർ ഒന്നുമില്ല.
മാരത്തോൺ കൂടാതെ ഹൃസ്വ ദൂര ഓട്ടങ്ങൾ ആയ 100,200,400,800 മീറ്റർ ഓട്ട മത്സരങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. 2014 ഫെബ്രുവരിയിൽ കോയമ്പത്തൂരിൽ നടന്ന മുതിർന്ന പൗരന്മാരുടെ കായിക മേളയിൽ 200 മീറ്റർ 46.74 സെക്കൻഡിൽ ഓടി റെക്കോർഡ് സൃഷ്ടിച്ചു. 2014 സെപ്റ്റംബറിൽ ജപ്പാനിൽ വെച്ചു നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. 100 വയസ് കഴിഞ്ഞ എല്ലാവരും ഒരു വിഭാഗത്തിലാണ്. അതിനു മുൻപ് ഓരോ 5 വയസ്സിനും പ്രത്യേക വിഭാഗമാണ്, 65-70, 90-95 എന്ന പോലെ.
2013 ഡിസംബറിൽ അദ്ദേഹം കൊച്ചി അന്താരാഷ്ട്ര മാരത്തോണിൽ 21 കിലോമീറ്റർ ഓട്ടത്തിൽ പങ്കെടുത്തിരുന്നു.
ഓട്ടത്തിന് ശേഷം മൈതാനത്തിൽ നടക്കുന്ന അദ്ദേഹത്തെ കുറിച്ച് ഹിന്ദു പത്രത്തിന്റെ ലേഖകൻ എഴുതി "ഇദ്ദേഹത്തെ കണ്ടാൽ ഇപ്പോൾ ഇവിടെ കാറിൽ വന്ന് ഇറങ്ങിയതാണെന്നു തോന്നും"
21 കിലോമീറ്റർ ഓട്ടത്തിൽ അദ്ദേഹത്തിന്റെ സമയം 2.28 മണിക്കൂറാണ്.
ആറടി ഉയരമുള്ള,
അരോഗദൃഢഗാത്രനായ ധരംപാൽ, ചിട്ടയായ ദിനചര്യ അനുഷ്ഠിക്കുകയാണെങ്കിൽ എങ്ങനെ ആരോഗ്യത്തോടെ ജീവിക്കാം എന്നതിന് ഒരു മകുടോദാഹരണമാണ്. പുകവലിയോ, മദ്യപാനമോ ഇല്ലാത്ത അദ്ദേഹം
സസ്യാഹാരിയാണ്.
അര നൂറ്റാണ്ടു മുൻപ് അദ്ദേഹം നെയ്യ് ഉപേക്ഷിച്ചു. ദിവസവും 4 മണിക്ക് എഴുന്നേൽക്കുന്ന അദ്ദേഹം, കാലത്ത് 4 കിലോമീറ്റർ ഓടും. നിരവധി ഔഷധ സസ്യങ്ങൾ ഉപയോഗിച്ച് (തുളസിയും, വേപ്പിലയും സഹിതം, കറിവേപ്പില അല്ല) അദ്ദേഹം സ്വയം ഉണ്ടാക്കുന്ന ചമ്മന്തി, ഭക്ഷണത്തിലെ ഒരു അവിഭാജ്യ ഘടകമാണ്.
മീററ്റ് അടുത്തുള്ള ഗുദ എന്ന ഗ്രാമത്തിൽ ഭാര്യയോടൊപ്പം താമസിക്കുന്ന അദ്ദേഹം, ഒരു ചെറിയ കർഷകനാണ്. കാർഷിക വൃത്തിയിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനമാണ് അദ്ദേഹത്തിന്റെ ജീവിതമാർഗം. രാജ്യത്തിനു അകത്തും പുറത്തും നിരവധി മാരത്തോണുകളിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് താല്പര്യം ഉണ്ടെങ്കിലും, സാമ്പത്തിക സ്ഥിതി അതിനു അനുവദിക്കുന്നില്ല.
അദ്ദേഹത്തിന്റെ പകുതി പ്രായം ഉള്ളവർ പോലും കടന്നു ചെല്ലാൻ മടിക്കുന്ന മേഖലയിൽ,
വെന്നിക്കൊടി പറത്തിയ പാവപ്പെട്ട, ഈ ഗ്രാമീണ കായിക താരത്തെ സഹായിക്കാൻ ആരും മുന്നോട്ട് വന്നില്ല. കോടികൾ സാമ്പാദിക്കുന്ന കായിക താരങ്ങളെ Sponsor ചെയ്യാൻ വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും യാതൊരു ക്ഷാമവും ഇല്ലാത്ത നാടാണ് ഇതെന്ന് ഓർക്കണം.
മാരത്തോണിന് ശേഷം ഞാൻ അദ്ദേഹത്തോട് സംസാരിച്ചു. ഔപചാരിക വിദ്യാഭ്യാസം ലഭിക്കാത്ത ശുദ്ധനായ, നിഷ്കളങ്കനായ, വിനീതനായ ഒരു ഗ്രാമീണനാണ് അദ്ദേഹം. ഡൽഹിയിൽ എത്തിയ ശേഷം ഞാൻ വീണ്ടും പലപ്പോഴും ഫോണിൽ സംസാരിച്ചു. അപരിചിതൻ ആയ ഒരാൾ ഫോൺ വിളിച്ച് അദ്ദേഹത്തിന്റെ സുഖവിവരങ്ങൾ അന്വേഷിക്കുന്നു എന്ന കാര്യം അദ്ദേഹത്തെ ഹർഷപുളകിതനാക്കി.
ഡൽഹിയിൽ വരുമ്പോൾ എനിക്ക് ഒരു Miss call, തരണം എന്ന് ഞാൻ അഭ്യർത്ഥിച്ചു, അദ്ദേഹത്തിന്റെ പൈസ ചിലവാക്കേണ്ട എന്ന് കരുതി. എന്റെ താമസ സ്ഥലത്തേക്ക്ചി ക്ഷണിക്കുകയും, കേരളീയ വിഭവങ്ങളോട് കൂടിയുള്ള ഒരു ഭക്ഷണവും ഞാൻ വാഗ്ദാനം ചെയ്തിരുന്നു.
ചില നല്ല മനുഷ്യർ അദ്ദേഹത്തിന്റെ ഫോൺ Recharge ചെയ്തു കൊടുക്കാറുണ്ടെന്നും, കൊച്ചിയിൽ വെച്ച് ഒരു അപരിചിതൻ അദ്ദേഹത്തിന് 500 രൂപ കൊടുത്തെന്നും നന്ദിയോടെയും, ആവേശത്തോടു കൂടിയും അദ്ദേഹം സ്മരിച്ചു.
കന്യാകുമാരി മുതൽ കശ്മീർ വരെ 100 ദിവസം കൊണ്ട് നടക്കാൻ അദ്ദേഹത്തിന് ലക്ഷ്യം ഉണ്ടായിരുന്നു. ഇത്രയും കഴിവും, നിശ്ചയദാർഢ്യവും ഉള്ള ഒരു വ്യക്തിയെ കുറിച്ച് പുറം ലോകത്തിന് മാത്രമല്ല, കായിക ലോകത്തിനു തന്നെ പരിമിതമായ അറിവേ ഉണ്ടായിരുന്നുള്ളു. സഹസികമായ ഈ യാത്രയിൽ എത്ര പേർ പങ്ക് ചേരും എന്ന കാര്യം ഒരു ചോദ്യചിഹ്നം ആയിരുന്നു.
എന്റെ മുഖപുസ്തകത്തിലെ Open Page ഇൽ 2016 ഏപ്രിലിൽ ഞാൻ ഇദ്ദേഹത്തെ കുറിച്ച് ഇംഗ്ലീഷിൽ എഴുതിയ ലേഖനം അദ്ദേഹത്തിന്റെ ഖ്യാതി പരത്തുന്നതിൽ സഹായിച്ചു. അദ്ദേഹത്തെ കുറിച്ച് പുറം ലോകത്തെ അറിയിക്കുന്നതിൽ ഒരു എളിയ പങ്ക് വഹിച്ച എനിക്കു ലഭിച്ച ചരിതാർഥ്യർത്തിനും, ആത്മസംതൃപ്തിക്കും അളവില്ലായിരുന്നു.
എനിക്ക് മുഖപുസ്തകത്തിൽ 90 കഴിഞ്ഞ ഒരേ ഒരു സുഹൃത്തേ ഉണ്ടായിരുന്നുള്ളു, മഹാകവി അക്കിത്തം. ധരംപാൽജിയുടെ അത്ഭുതകരമായ, അവിശ്വസനീയമായ കഥ കേട്ടിട്ട് എല്ലാവർക്കും ചുരുങ്ങിയത് 20-30 വയസ്സ് കുറഞ്ഞത് പോലെ തോന്നുന്നുണ്ടാവും. അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ 60 ഉം 70 ഉം 80 ഉം കഴിഞ്ഞ എല്ലാ കുട്ടികളും ചിട്ടയായ ദിനചര്യയും, വ്യായാമവും പരിശീലിച്ചാൽ ആരോഗ്യത്തോടെ ഇനിയും അനവധി കാലം ജീവിക്കാം.
ധരംപാൽജിക്ക് ശതകോടി പ്രണാമം. അദ്ദേഹത്തിന്റെ അത്യപൂർവമായ നേട്ടങ്ങൾ നിരവധി തലമുറകൾക്ക് പ്രചോദനം ആവട്ടെ, അവരെ പ്രകമ്പനം കൊള്ളിക്കട്ടെ!!!
അസാധാരണമായ കഴിവുകൾ ഉള്ള, വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച, പ്രതിഭാശാലികൾ ആയ,
ആരുമാരും അറിയപ്പെടാത്ത അപൂർവം വ്യക്തികളെങ്കിലും രാജ്യത്തിന്റെ വിവിധ കോണുകളിൽ കണ്ടേക്കാം. അവരെയൊക്കെ കണ്ടു പിടിച്ചു പരിപോഷിപ്പിക്കാനും, ആദരിക്കാനും നമ്മുടെ ജനസേവകർക്കും, മാധ്യമ വീരന്മാർക്കും സമയമോ, സൗകര്യമോ ഇല്ല.
Subscribe to:
Post Comments (Atom)
No comments:
Post a Comment