Wednesday, February 22, 2023

ഭക്തിയും ജ്ഞാനവും ജീവിതാനുഭവങ്ങളും സമന്വയിക്കുമ്പോൾ അത് ഭാഗവതതീർത്ഥമായി. ഭക്തിയും ജ്ഞാനവും രണ്ടാണോ? അല്ല ഒന്നാണ്. ഭക്തിയിൽ നിന്നേ ജ്ഞാനമുണ്ടാകൂ. ജ്ഞാനത്തിൽ നിന്നേ ഭക്തിയുണ്ടാകൂ. ഇവ പരസ്പരപൂരകമാണ്. പുണ്യതീർത്ഥങ്ങളിലോ തപോബലമുള്ള മഹാക്ഷേത്രങ്ങളിലോ പോകുമ്പോൾ നമുക്ക് ശാന്തിയും ആനന്ദവും അനുഭവപ്പെടുന്നു. ശാന്തിയില്ലാതെ പോയി ശാന്തി കണ്ടെത്തുമ്പോൾ ആ സ്ഥലത്തോട് അയാൾക്ക് ഭക്തി ജനിക്കും. ശാന്തിയില്ലാത്ത അവസ്ഥയിൽ ഗുരുമുഖത്തു നിന്ന് കേട്ട ധർമ്മോപദേശം കൊണ്ടോ തത്ത്വോപദേശം കൊണ്ടോ ശാന്തി സിദ്ധിക്കുമ്പോൾ ആ അറിവിനെ ശ്രദ്ധയോടെ ഭക്തിയോടെ നിരന്തരം വിചാരം ചെയ്യും. ഭക്തൻ മനസ്സിനെ ഈശ്വരന് സമർപ്പിക്കുമ്പോൾ ജ്ഞാനി മനസ്സിനെ ജഡവിഷയമായി കാണുന്നു. മനസ്സിലാണല്ലോ പ്രശ്നങ്ങൾ? മനസ്സല്ല ഞാൻ എന്നറിയുന്ന ജ്ഞാനിയും മനസ്സാകുന്ന മലർ കൊയ്ത് മഹേശന് അർപ്പിച്ച ഭക്തനും ദുഃഖപരിഹാരത്തിനായി മറ്റൊരു വേലയും ചെയ്യേണ്ടി വരുന്നില്ല. മനസ്സിളകുമ്പോൾ മനോവിചാരം അല്ലാതെ ആത്മവിചാരമോ ഈശ്വരവിചാരമോ സാധിക്കില്ല. ഭക്തികൊണ്ടാകട്ടെ തത്ത്വവിചാരം കൊണ്ടാകട്ടെ തീർത്ഥാടനം കൊണ്ടാകട്ടെ മനസ്സ് അന്യവിഷയങ്ങളുടെ ബാധയിൽ നിന്നു വിട്ടു പോരുമ്പോഴാണ് ആത്മാവിൽ ശ്രദ്ധയുള്ളതാകുന്നതും ശാന്തി അനുഭവപ്പെടുന്നതും. തീർത്ഥയാത്രകൊണ്ട് ശാന്തി നേടിയ ആൾ വീട്ടിൽ കൊണ്ടു വരുന്ന പ്രസാദം കൈകളിൽ അല്ല അന്തരംഗത്തിലാണ് കാണപ്പെടുന്നത്. അമ്പലത്തിൽ നിന്നു മടങ്ങിയെത്തുന്ന ഭക്തരുടെ മുഖത്തും വാക്കുകളിലും പ്രവൃത്തികളിലും പ്രസാദം കാണപ്പെടുന്നു. എന്നാൽ ഏതെങ്കിലും ശത്രുവിനെ സംഹരിക്കുന്ന കാര്യമാണ് പ്രാർത്ഥിച്ചിട്ടു വന്നതെങ്കിൽ ഈ പ്രസാദം ഉണ്ടാകുകയില്ല. നമ്മുടെ ഉള്ളിലെ രാഗവും ദ്വേഷവും ഈശ്വരപ്രസാദത്തെ വഴിതിരിച്ചുവിടുന്നു. ഈശ്വരസ്ഥാനം എന്നത് രാഗദ്വേഷങ്ങളിൽ നിന്ന് നമ്മുടെ മനസ്സിനെ അന്തരാത്മാവിലേയ്ക്ക് വഴിതിരിച്ചു വിടുന്ന ധർമ്മസ്ഥാനമാണല്ലോ? തത്ത്വവിചാരം ചെയ്യുന്നവരും അതാണല്ലോ ചെയ്യുന്നത്. ഒരാൾ ഭക്തിയിലൂടെ അകത്തേയ്ക്കു പോകുന്നു. മറ്റൊരാൾ തത്ത്വവിചാരത്തിലൂടെയും. യാത്ര ചെയ്യുമ്പോൾ വഴിയിൽ എവിടെയെല്ലാം ആരാധനാലയങ്ങൾ കാണുന്നുവോ അപ്പോഴൊക്കെ മനസ്സ് അന്യവിഷയങ്ങളുടെ രാഗദ്വേഷങ്ങൾ വിട്ട് വീണ്ടും ഈശ്വരസ്മരണയോടെ അന്തരാത്മാവിലേയ്ക്ക് പോകുന്നു. കണ്ണുകൾ അഞ്ചും അപ്പോൾ അല്പനേരത്തേയ്ക്ക് ഉള്ളടങ്ങുന്നുണ്ടാകും. മദ്യപാനിക്ക് മദ്യശാലകൾ കാണുമ്പോൾ മനസ്സ് അങ്ങോട്ടു പോകും. ധനത്തിൽ അത്യാർത്തി ഉള്ളയാൾക്ക് അത്തരം സാഹചര്യങ്ങൾ കാണുമ്പോൾ മനസ്സ് അങ്ങോട്ടു പോകും. ശത്രുവായി കാണുന്നയാളെ കാണുമ്പോൾ വിദ്വേഷം ഉണർന്ന് മനസ്സ് അങ്ങോട്ടു പോകും. മിത്രമായി കാണുന്ന ആളെ കാണുമ്പോൾ മനസ്സ് രാഗത്തോടെ അങ്ങോട്ടു പോകും. ഇങ്ങനെ സ്ഥിരതയില്ലാതെ ഓടിക്കൊണ്ടിരിക്കുന്ന മാനസികലോകമാണ് ജീവിതം. ഉള്ളിലുള്ള ആഗ്രഹങ്ങൾക്കും സംസ്കാരത്തിനും അനുസരിച്ചാണ് പുറത്തു കാണുന്ന വിഷയങ്ങളോട് വിക്ഷേപം ഉണ്ടാകുന്നത്. ഇങ്ങനെ അശാന്തിയോടെ നാം തീർത്ഥാടനം ചെയ്യുന്നു. ശാന്തി കിട്ടിക്കഴിഞ്ഞാലോ? ശാന്തിയോടെ തീർത്ഥാടനം ചെയ്യാൻ സാധിക്കും. ശാന്തിയില്ലാതെ വരുമ്പോഴാണ് ശാന്തി തേടി നാം മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നത്. പലതിനും വേണ്ടി. ഉദാഹരണത്തിന് നമ്മൾ ചെയ്ത തെറ്റിനെ മറച്ചു പിടിച്ചാലേ നമുക്ക് ശാന്തി കിട്ടു എന്നു വന്നാൽ നാം നിരപരാധിയെ അപരാധി ആക്കും. ചെയ്ത കാപട്യം ഉള്ളിൽ അലട്ടുമ്പോൾ വീണ്ടും അശാന്തി തന്നെയാണ് ഫലം. നഷ്ടപ്പെട്ടതെല്ലാം തീരിച്ചു പിടിച്ചു കഴിഞ്ഞിട്ടും പാണ്ഡവർക്ക് ശാന്തി ലഭിക്കുന്നില്ല. എന്തെന്നാൽ യുദ്ധത്തിൽ നഷ്ടപ്പെട്ട കാര്യങ്ങളുടെ പേരിൽ ദുഃഖം ജനിച്ചു. കുടുംബത്തിൽ നിന്നോ ലോകത്തിൽ നിന്നോ സമ്പത്തിൽ നിന്നോ ബന്ധങ്ങളിൽ നിന്നോ പ്രശസ്തിയിൽ നിന്നോ ശാന്തി കണ്ടെത്താം എന്നു കരുതിയാൽ നമുക്ക് പരപീഡ ചെയ്യേണ്ടതായി വരും. അതായത് ശാന്തി ഇല്ലാതെ ജീവിക്കുന്നു എന്നർത്ഥം. ശാന്തി തേടി ജീവിക്കുന്നതും ശാന്തിയോടെ ജീവിക്കുന്നതും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുമ്പോഴാണ് നമ്മുടെ കുടുംബജീവിതത്തിൻറെ ശരിയായ അർത്ഥം ധർമ്മത്തിൻറെ തലത്തിൽ മനസ്സിലാകുന്നത്. കുടുംബമോ ലോകമോ നമുക്കു വേണ്ടിയുള്ളതാണെന്നു വരുമ്പോൾ അത് അശാന്തിയോടെ ജീവിക്കുന്നതിൻറെ ലക്ഷണമാണ്. കുടുംബത്തിലും ലോകത്തിലും ശാന്തിയോടെ ജീവിക്കാം എന്നുവരുമ്പോൾ ജീവിതംതന്നെ തീർത്ഥയാത്രയായിക്കൊള്ളും. വാല്മീകി രാമായണം, മഹാഭാരതം, ഭാഗവതം എന്നിവ ശ്രദ്ധയോടെ വായിച്ചാൽ അതൊരു മഹാതീർത്ഥാടനത്തിൻറെ ഫലം ചെയ്യും. ശരീരം കൊണ്ട് എവിടെയൊക്കെ പോയാലും മനസ്സ് എന്തു ചെയ്യുന്നു എന്നതിലാണല്ലോ ശാന്തിയും അശാന്തിയും? എന്നും അല്പനേരം ശരീരം ഒരിടത്ത് ഇരിക്കട്ടെ. മനസ്സും ബുദ്ധിയും ഇതിഹാസങ്ങളിലൂടെയും ഭാഗവതത്തിലൂടെയും കടന്നു പോകട്ടെ. ശാന്തി തേടി നടക്കുന്നത് അവസാനിക്കട്ടെ. ശാന്തിടെ കുടംബജീവിതം നയിക്കാനുള്ള ഭക്തിയും ജ്ഞാനവും സിദ്ധിക്കട്ടെ. ശരീരം എവിടെ ആയാലും മനസ്സിൽ ഉമയോ മഹേശ്വരനോ നിരന്തരം ഉണ്ടെന്നാകിൽ അവർ എപ്പോഴും കൈലാസതീർത്ഥത്തിലായിരിക്കുന്നു. അവർ സ്വയം തീർത്ഥസ്ഥാനമായിത്തീരുന്നു. കുടുംബത്തിൽ നിന്ന് ഇങ്ങോട്ട് എന്തു കിട്ടുന്നു എന്നത് പരാതി ആയിരിക്കാം. കുടുംബത്തിന് അങ്ങോട്ട് എന്ത് കൊടുക്കാനുണ്ട് എന്നതാണ് ശാന്തിമാർഗ്ഗം ജീവിക്കുന്ന ഗൃഹസ്ഥരുടെ ധർമ്മവിചാരം. കിട്ടേണ്ടത് ഈ ലോകത്തിൽ നിന്നു കിട്ടില്ല. അത് ആത്മവിചാരം കൊണ്ടോ ഭക്തികൊണ്ടോ പലരും നേടിയിട്ടുണ്ട്. ഈശ്വരനോട് മറ്റൊന്നും ചോദിക്കാനില്ലെന്ന് ആരാണോ അറിയുന്നത് അവർക്ക് ഈശ്വരവിചാരം കൊണ്ട് ഈശ്വരപ്രസാദം സിദ്ധിച്ചിരിക്കുന്നു. ഇതാണ് ഭാഗവതം നമുക്ക് നൽകുന്ന ധർമ്മോപദേശം! ലോകസാഹിത്യം മുഴുവൻ വായിച്ചാലും നമുക്ക് ശാന്തിമാർഗ്ഗം കണ്ടെത്താൻ കഴിഞ്ഞെന്നു വരില്ല. എന്നാൽ ശ്രദ്ധയോടെ ഭക്തിയോടെ മഹാഭാരതവും ഭാഗവതവും വായിച്ചു കഴിഞ്ഞാൽ ശാന്തി ഉള്ളിൽ പ്രസാദിക്കും. എത്ര ക്ഷേത്രങ്ങളിൽ ഇത്തരം ഗ്രന്ഥങ്ങൾ ഉണ്ടെന്ന് അറിയില്ല. എത്ര വീട്ടിൽ ഇത്തരം ഗ്രന്ഥങ്ങൾ ഉണ്ടെന്ന് അറിയില്ല. നമ്മുടെ ദീപവും ഭസ്മവും കുങ്കുമവുമെല്ലാം ഭക്തിയോടെ ജ്ഞാനദേവതയെ ഉപാസിക്കാൻ വേണ്ടിയുള്ളതാണ്. ഭക്തിയില്ലാത്ത ജ്ഞാനവും ജ്ഞാനമില്ലാത്ത ഭക്തിയും ആണ് അശാന്തിയുടെ കാരണം എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. ഭക്തനും ജ്ഞാനിയും ഒരുപോലെ വിചാരം ചെയ്യുന്ന ഗ്രന്ഥമാണ് ഭാഗവതം. മറ്റൊരു പുരാണവും വായിക്കാൻ സാധിച്ചില്ലെങ്കിലും ഭാഗവതം വായിക്കാതെ ശരീരം വിടരുതല്ലോ? കടപ്പാട്

No comments: