Friday, February 24, 2023

സൂര്യദേവനെയും വായുഭഗവാനെയും വീട്ടിൽ കയറിയിറങ്ങാൻ സ്വാതന്ത്ര്യം കൊടുത്താൽ ആ ഗൃഹത്തിലെ വാസ്തുദോഷമെല്ലാം പരിഹരിക്കപ്പെടും. പിന്നെ കാണുന്ന ദോഷമെല്ലാം കാലം മാറുന്നതിനനുസരിച്ച് അവരവരുടെ പ്രാരബ്ധവിഷയമായി വന്നു പോകുന്ന കാര്യങ്ങളാണ്. ശരീരത്തിൽ പ്രാണനും അഗ്നിയും ജലവും എപ്രകാരം പ്രധാനമാണോ അതുപോലെതന്നെ നാം വസിക്കുന്ന വീട്ടിലും ഇവ മൂന്നും ശുദ്ധമായിരിക്കേണ്ടതുണ്ട്. കിഴക്കു നിന്നും പടിഞ്ഞാറു നിന്നും രാവിലെയും വൈകിട്ടുമായി സൂര്യൻ നമ്മുടെ വീട്ടിനുള്ളിലേയ്ക്ക് കടന്നു വരണം. ഉത്തരായന കാലത്തിൽ വടക്കുകിഴക്കേ കോണിൽ നിന്ന് സൂര്യൻ പ്രവേശിച്ച് തെക്കുപടിഞ്ഞാറേ മുറിയിലൂടെ കടന്നു പോകണം. അതുപോലെതന്നെ വായുവും. വീടിൻറെ എല്ലാ വശങ്ങളിൽ നിന്നും അകത്തു കയറി മറുഭാഗത്തേയ്ക്ക് സ്വതന്ത്രമായി സഞ്ചരിക്കണം. വാതിലും ജനലും വയ്ക്കുമ്പോൾ ചുവരിൻറെ മധ്യഭാഗം എന്ന നിലയിലുള്ള സൗന്ദര്യം നോക്കേണ്ടതില്ല. നേർക്കുനേർ വാതിലും ജനലും വരുന്ന രീതിയിൽ ക്രമീകരിക്കുമ്പോൾ ചിലപ്പോൾ ജനൽ മുറിയുടെ ഒരു വശത്തായിപ്പോകുമായിരിക്കാം. സാരമില്ല. ശുദ്ധവായു കിട്ടുമല്ലോ? സന്ധ്യ കഴിഞ്ഞാൽ നിലവിളക്ക് കത്തിച്ച് അഗ്നിയായ് സൂര്യൻറെ സാന്നിദ്ധ്യം കാണണം. ആ ആത്മപ്രകാശം ദൃശ്യമായും അദൃശ്യമായും പ്രകാശിക്കുന്നു. എന്തെന്നാൽ അതാണ് അഗ്നിയെയും സൂര്യനെയും പോലും കാണിച്ചു തരുന്ന പ്രകാശം. ഉറങ്ങുമ്പോഴും ഉള്ളിലെ അഗ്നിയെ ഉപാസിച്ചുകൊണ്ടാണ് കണ്ണുകൾ അടയ്ക്കേണ്ടത്. ഈശ്വരപ്രകാശത്തെ ആരാധിക്കുന്നുവെങ്കിൽ വീട്ടിൽ ഒരു പൂജാമുറി വേണ്ടതാണ്. അധികം ദൂരത്തല്ലാതെ നമുക്ക് ഒരു തീർത്ഥസ്ഥാനം വേണമല്ലോ? അതാണ് പൂജാമുറി. അവിടെ അന്യചിന്തകൾക്ക് പ്രവേശനമില്ല. ഗുരുക്കന്മാരെ പോലെയാകണം ആ മുറിയുടെ പ്രഭാവം. ഗുരുക്കന്മാരുടെ അടുത്തു ചെന്നാൽ ആത്മപ്രകാശത്തെ കുറിച്ചല്ലാതെ മറ്റൊന്നിനെ കുറിച്ചും സംസാരിക്കാറില്ല. അതുകൊണ്ടാണ് ഗുരുവും ശിഷ്യനും ഇടയിൽ വിവാദങ്ങളും കലഹങ്ങളും ഉടലെടുക്കാത്തത്. എന്നും രാവിലെയും വൈകിട്ടും പൂജാമുറിയിൽ നിലവിളക്കു വച്ച് പ്രാർത്ഥിക്കുന്ന ശീലം കുട്ടികൾക്ക് ഉണ്ടാകണം. നാം അവരോടൊപ്പം അതു ചെയ്യണം. നമ്മൾ എന്താണെന്നതല്ല കുട്ടികൾ എന്താണ് എന്നതാകണം നമ്മുടെ ആചാരാനുഷ്ഠാനങ്ങളുടെ ധർമ്മത്തിന് അടിസ്ഥാനം. നമുക്ക് എന്ത് വേണം വേണ്ട എന്നത് ഉള്ളിലിരിക്കട്ടെ. കുട്ടികൾക്ക് എന്തു വേണം എന്നത് രക്ഷിതാക്കളായ ഗുരുജനങ്ങളാണ് ചെയ്തു കാണിച്ചുകൊടുക്കേണ്ടത്. സ്വധർമ്മം ബോധപൂർവ്വം അനുഷ്ഠിക്കേണ്ടതുണ്ട്. വീടിനുള്ളിലും നമ്മുടെ ശരീരത്തിനുള്ളിലും പുറം ലോകത്തിലും ഒരുപോലെ വ്യാപിച്ചു നിൽക്കുന്ന ഒരു ചരടുണ്ട്. മാലയിൽ നൂലെന്ന പോലെ ഈ ലോകത്തിലെങ്ങും ഒരു പോലെ വ്യാപിച്ചു നിൽക്കുന്ന സൂത്രാത്മാവാണ് പ്രാണൻ. കമ്പികൊണ്ട് വൈദ്യുതി എങ്ങും ബന്ധപ്പെടുന്നതുപോലെ പ്രാണശക്തിയിലൂടെ എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ സൂര്യനെയും അഗ്നിയെയും ആരാധിക്കുന്നതു പോലെ പ്രധാനമാണ് പ്രാണനെ ഉപാസിക്കുന്നതും. പ്രാർത്ഥിക്കാൻ ഇരിക്കുമ്പോൾ ആദ്യം ഉള്ളിലെ പ്രണൻറെ ഗതിയെ ഒന്നു ശ്രദ്ധിക്കണം. മനസ്സ് അന്നേ ദിവസത്തെ ഓർമ്മകൾ കൊണ്ട് രാഗദ്വേഷങ്ങളുടെ ബാധകളാൽ ഇളകിക്കൊണ്ടിരിക്കുകയാകും. ശരീരത്തിലെ നാഡീഞരമ്പുകളും അതിനനുസരിച്ച് ചൂടുപിടിച്ച് വലിഞ്ഞു മുറുകി ഇരിക്കുന്നുണ്ടാകും. അങ്ങനെ മനസ്സും ശരീരവും അസ്വസ്ഥമായിരിക്കും. ഏകാഗ്രത കിട്ടില്ല. അതിനാൽ ഒന്നു തണുത്തവെള്ളത്തിൽ കുളിച്ച് ശരീരത്തെ തണുപ്പിക്കണം. അതുകഴിഞ്ഞ് വന്നിരുന്ന് പ്രാണനെ ശ്രദ്ധിക്കണം. ഉപാസനാമൂർത്തിയിൽ സ്വന്തം മനസ്സിനെ ഉറപ്പിക്കുമ്പോൾ തന്നെ പ്രാണൻ അടങ്ങിക്കൊള്ളും. എന്നാലും ശ്വാസഗതിയെ കുറച്ചുനേരം ശ്രദ്ധിച്ചിരിക്കുന്നതുകൊണ്ട് സ്വന്തം ശരീരത്തിൻറെ അവസ്ഥ മനസ്സിലാക്കാൻ സാധിക്കും. അനാവശ്യചിന്തകളുടെ ഭാരം സ്വയം ഒഴിഞ്ഞു പോകുകയും അങ്ങനെ ശരീരവും മനസ്സും ഭാരമില്ലാത്തതായി അനുഭവപ്പെടുന്നതും കാണാൻ കഴിയും. നമ്മുടെ ശരീരത്തിനൊരു വാസ്തു കണക്കുണ്ട്. നാം വസിക്കുന്ന വീടിനും ഒരു വാസ്തു കണക്കുണ്ട്. വീട് സ്ഥിതി ചെയ്യുന്ന ഭൂമിക്കും ഭൂമി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ആകാശത്തിനും വാസ്തു കണക്കുണ്ട്. എല്ലാം നമ്മെ ബാധിക്കുന്നു. എല്ലായിടത്തും പൊതുവായി കാണുന്നതും എല്ലാത്തിനെയും കൂട്ടിയിണക്കുന്നതും പ്രാണശക്തിയാണെന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാ ചലനവും പ്രാണൻറെ അധീനതയിലാണ് സംഭവിക്കുന്നത്. നമ്മുടെ ചിന്ത പ്രാണൻറെ സ്പന്ദനമാണ്. നമ്മുടെ സങ്കല്പവും ചിന്തയും എത്രദൂരം വ്യാപിക്കുന്നു എന്നതും പ്രാണൻറെ സ്പന്ദനമാണ്. എന്നാൽ പ്രാണൻ എവിടെ സ്ഥിതി ചെയ്യുന്നു എന്നത് ആത്മപ്രകാശത്തിലേയ്ക്കുള്ള അന്വേഷണമാണ്. ഈ ലോകത്തെ കടന്ന് ഈ മനസ്സിനെയും ഈ ബുദ്ധിയെയും ഈ ചിന്തകളെയും എല്ലാത്തിനെയും ചലിപ്പിക്കുന്ന പ്രാണനെയും കടന്ന് പോകണം. ചലനമായി കാണുന്നതൊന്നുമല്ല സത്യം. ചലിപ്പിക്കുന്ന പ്രാണനുമല്ല പരമമായ സത്യം. എന്നാൽ പ്രാണനിലൂടെയാണ് എല്ലാം ചലിച്ചുകൊണ്ടിരിക്കുന്നത് എന്നതിനാൽ ഈശ്വരോപാസന ചെയ്യുന്നവർ പ്രാണനെയും പ്രാണനിൽ ഇളകുന്ന അഗ്നിയെയും അഗ്നിയിൽ സ്ഥിതി ചെയ്യുന്ന ജലത്തെയും ജലത്തിൽ സ്ഥിതി ചെയ്യുന്ന ഭൂമിയെയും ആരാധിക്കുന്നു. ഈ പ്രാണൻ ആകാശത്തിൽ അവ്യക്തമായിരിക്കുന്നു. ഈ പ്രാണശക്തിയെ ആരും കണ്ടിട്ടില്ല. കാണുകയുമില്ല. എന്നാൽ നമ്മുടെ ഉള്ളിലും പുറത്തുമായി ഈ കാണുന്ന ചലനമെല്ലാം പ്രാണശക്തിയുടെ സാന്നിദ്ധ്യമാണ് അറിയിക്കുന്നത്. ഈ ശരീരത്തിൽ ജീവൻ നിലനിൽക്കുന്നത് പ്രാണശക്തികൊണ്ടാണ്. നാം കഴിക്കുന്ന ആഹാരം ദഹിക്കുന്നതും നാം കഴിക്കുന്ന മരുന്നിൻറെ വീര്യം ഫലിക്കുന്നതും നാം ജപിക്കുന്ന മന്ത്രം സിദ്ധിയെ തരുന്നതും നാം പറയുന്ന വാക്കുകളിൽ നാദമായി സ്പന്ദിക്കുന്നതും എല്ലാം പ്രാണൻറെ ശക്തിയാണ്. എപ്പോഴാണോ പ്രാണന് ബലം കുറയുന്നത് അപ്പോൾ നാം കഴിക്കുന്ന ആഹാരവും നാം കഴിക്കുന്ന മരുന്നും നാം ഉച്ചരിക്കുന്ന വാക്കും അശക്തമായിത്തീരുന്നതു കാണാം. മരണം എന്നത് ഈ സ്ഥൂല ശരീരത്തിൻറെ നാശം മാത്രമാണ്. അതൊരിക്കലും പ്രാണനിൽ സ്ഥിതി ചെയ്യുന്ന സൂക്ഷ്മ ശരീരത്തിൻറെ നാശം ആകുന്നില്ല. മരണസമയത്തു മറ്റെല്ലാ അവയവങ്ങളും ചലനരഹിതമാണെന്നാലും ആകാശതത്ത്വമായി ഇരിക്കുന്ന ശ്രവണേന്ദ്രിയം വഴി മറ്റുള്ളവർ പറയുന്നത് ശ്രവിക്കാൻ കഴിയും. അതുകൊണ്ട് മരണം മുന്നിൽ കണ്ട് നാവനങ്ങാതെ കിടക്കുന്ന ആളുടെ അടുത്തിരുന്ന് നല്ല കാര്യങ്ങളാണ് പറയേണ്ടത്. ഞാനും വന്നേ എന്ന് അറിയിക്കുകയല്ല വേണ്ടത്. തത്ത്വപ്രധാനമായ പുരാണകഥാഭാഗങ്ങൾ വായിക്കുകയോ ഇഷ്ടമന്ത്രം ജപിച്ചുകൊടുക്കുകയോ വേണം. ഇതെല്ലാം സനാതനമായ ആത്മാവിനെ അടിസ്ഥാനമാക്കി ക്രമീകരിച്ചിരിക്കുന്ന ജീവിതാനുഷ്ഠാനങ്ങളാണ്. ശരീരം നശിച്ചാലും നശിക്കാത്തതായി ഒന്നുണ്ട് എന്ന അറിവിനെ ആശ്രയിച്ചാണ് ജനനം മുതൽ മരണം വരെയുള്ള എല്ലാ ജീവിതസംസ്കാരത്തെയും ക്രമപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടാണ് അത്തരം ജീവിതക്രമത്തെ സനാതനധർമ്മം എന്നു പറയുന്നത്. ലക്ഷ്യം ശരീരസുഖമല്ല. ആത്മസ്വരൂപം ആകുന്ന ജ്ഞാനമാണ് ഈ ധർമ്മത്തിൻറെ ലക്ഷ്യം. സനാതനമാണ് ആത്മാവ്. ശരീരത്തിന് നാശമുണ്ടുതാനും. ജനിക്കുകയും മരിക്കുകയും ചെയ്യുന്നത് ആത്മാവല്ല, ജീവബോധമാണ്. പ്രാണൻ ജീവബോധത്തെ സൃഷ്ടിക്കുകയും ഇളക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ പ്രാണൻ ആത്മാവിനെ ഇളക്കുന്നില്ല. എന്നും രാവിലെ സൂര്യന് അഭിമുഖമായി നിന്ന് സൂര്യനെ ആത്മപ്രകാശമായി കണ്ട് തൊഴുത് ഗായത്രിമന്ത്രം പറഞ്ഞ് ഉപാസിക്കണം. ചൈതന്യവത്തായ മറ്റേതു വിഗ്രഹമുണ്ട് നമുക്ക് ഇത്രയും പ്രത്യക്ഷമായി? രാത്രിയിൽ കാണുന്ന ചന്ദ്രനിലാകട്ടെ നാം പകൽ കണ്ട സൂര്യനെ കാണണം. അപ്പോൾ മനസ്സും ശരീരവും ജഡമാണെന്നും അതിനെ പ്രകാശിപ്പിക്കുന്നത് ആത്മാവാണെന്നും ഉള്ള പരമതത്ത്വം യോജിപ്പിക്കാൻ സാധിക്കും. അങ്ങനെ സൂര്യൻ ആത്മതത്ത്വത്തിനും ചന്ദ്രൻ മനസ്സിനും ഭൂമി ശരീരത്തിനും പ്രതീകങ്ങളായി ഉപാസിക്കപ്പെടും. മൂന്നു ലോകത്തിനും ഒരു പോലെ പ്രകാശം തരുന്ന ആത്മചൈതന്യത്തെ എപ്പോഴും സ്മരിക്കേണ്ടതുണ്ട്. സന്ധ്യയ്ക്ക് നിലവിളക്ക് വച്ച് സ്മരിക്കേണ്ടതുണ്ട്. ഉള്ളിൽ ഒരു മന്ത്രമായി സ്മരിക്കേണ്ടതുണ്ട്. അപ്പോൾ ജഡവിഷയങ്ങളിൽ ചൈതന്യവത്തായി എന്തുണ്ടോ അതിനെ സ്നേഹിക്കുന്ന അവസ്ഥ വന്നു ചേരും. ആ അവസ്ഥയിൽ ഉപാസനായോഗ്യമല്ലാത്തതായി യാതൊന്നുംതന്നെ ഇല്ലെന്നു കാണും. 'ഛാന്ദോഗ്യോപനിഷത്ത്' ഉപാസനയെ കുറിച്ച് പറയുന്നുണ്ട്. ശരീരം ഇപ്പോഴെ ജഡമാണ്. അതിനെ ഉപാസിക്കുന്നതിൻറെ ഫലമായി ഉണ്ടാകുന്ന സ്നേഹബന്ധങ്ങൾ അതിൻറെ നാശത്തിൽ കലഹിക്കുകയോ ദുഃഖിക്കുകയോ ചെയ്യുന്നു. ആത്മാവ് ജഡമല്ല എന്നതിനാൽ അതിനെ ഉപാസിക്കുന്നതിൻറെ ഫലമായി ഉണ്ടാകുന്ന ഭക്തിക്കോ ജ്ഞാനത്തിനോ മുറിവുണ്ടാകുന്നില്ല. എപ്പോഴും ആത്മവിഷയത്തെ ഉപാസിക്കുക. ശരീരസംബന്ധിയായ ജഡവിഷയങ്ങളാണ് അന്യമായവ. അങ്ങനെയുള്ള അന്യവിഷയങ്ങളുടെ വിവാദങ്ങളിൽ പെടാതെ സാധകൻ ആത്മവിചാരത്തിൽ ശ്രദ്ധയുള്ളവനായിരിക്കണം. ഈ ലോകം മുഴുവൻ നമുക്ക് ഗുരുരൂപത്തിൽ തത്ത്വത്തെ ഉപദേശിച്ചുകൊണ്ടിരിക്കുകയാണ്. ശ്രദ്ധയുണ്ടായാൽ മതി. ആത്മാവിൽ ശ്രദ്ധയുണ്ടാകണം. മറ്റെങ്ങുമല്ല. അപ്പോൾ സൂര്യനും ചന്ദ്രനും ഭൂമിയും ആകാശവും പ്രാണനും അചലവും തീർത്ഥവും ഉമയും മഹേശ്വരനും ഹരിയും ഓംകാരവും എല്ലാം ഗുരുമൂർത്തികളായി പ്രത്യക്ഷപ്പെടും. "ഓം ഭൂർ ഭുവഃ സ്വഃ തത് സവിതുർ വരേണ്യം ഭർഗോ ദേവസ്യ ധീമഹി ധിയോ യോ നഃ പ്രചോദയാത്." ഓം

No comments: