Friday, December 22, 2023

*ശ്രീമദ് ഭാഗവതം* _എന്തുകൊണ്ട് ശ്രീമദ്‌_ _ഭാഗവതത്തിന് മറ്റു 17_ _പുരാണങ്ങളെക്കാള്‍_ പ്രാധാന്യം നല്‍കി വരുന്നു? ഈ ചോദ്യം പലരില്‍ നിന്നുമായി ഉയര്‍ന്നു കേള്‍ക്കുന്നു….. അതിനായി പരിമിതമായ അറിവില്‍ നിന്നുകൊണ്ട് രണ്ട് വാക്ക്. ഭാഗവതം രചിച്ചിരിക്കുന്നത് വേദങ്ങളിലെ “*ജഞാനകാണ്ഡം*” എന്ന പ്രസിദ്ധമായ പത്ത് ഉപനിഷത്തുകളില്‍ നിന്നത്രേ. അതിനാൽ ശ്രീമദ്‌ ഭാഗവതം തന്നെ പുരാണങ്ങളില്‍ അത്യുത്തമമെന്ന് ആചാര്യന്മാരില്‍ നിന്ന് കേട്ടറിവ്. “ഇദം ഭാഗവതം നാമ പുരാണം ബ്രഹ്മസമ്മിതം ഭക്തി ജ്ഞാന വിരാഗാണാം സ്ഥാപനായ പ്രകാശിതം “ *ഭാഗവതം എന്ന ഈ പുരാണം നാലു വേദങ്ങളോട് സദൃശമാണ്*. ശ്രീമദ് ഭാഗവതത്തെ വിശേഷിപ്പിക്കേണ്ടത് “*ശുകശാസ്ത്ര കഥോജ്ജ്വലം*” എന്നാണത്രേ…. എന്താ ഈ ശുകശാസ്ത്രകഥോജ്ജ്വലം? നിക്ക് വിവരിക്കാന്‍ നിശ്ചയല്ല്യ–അതോണ്ട് കൊച്ചുണ്ണി നമ്പൂരിയുടെ വാക്കുകള്‍ കടമെടുക്കട്ടെ…. ശ്രീശുക മഹർഷിയാൽ അരുളിയ ഭഗവത്കഥകള്‍ ശാസ്ത്ര നിരൂപണമാണ്–ജ്ഞാനത്തിന്ടെയും യജ്ഞത്തിൻറയും ഒരു നിരൂപണമാണ്. (*വേദാന്ത വിചാരവും യജ്ഞമാണ് പക്ഷെ അതിന്നും മുകളിൽ ആണ് ഭാഗവതം*.) അതിനാൽ “ശുകശാസ്ത്രകഥോജ്ജ്വലം”. ഭാഗവത കഥ പറയുന്ന സ്ഥലത്ത് ഭക്തിയും, ജ്ഞാനവും, വൈരാഗ്യവും വരും ; എന്ന് മാത്രമല്ല വാര്‍ദ്ധക്യം ബാധിച്ച അവർക്ക് പഴയ ഊർജ്ജസ്വലത കൈവരുകയും ചെയ്യുമെന്നാണ്… *ശ്രീമദ് ഭാഗവത ശ്രവണം തന്നെ ഉത്തമമാണ്*. “യത് ഫലം നാസ്തി തപസാ, ന യോഗേന സമാധിനാ അനായാസേന തത് സർവ്വം, സപ്താഹശ്രവണേ ലഭേത്“ ( ഇന്ന് നമുക്ക് തപസ്/ യോഗം/ സമാധി എന്നിവ ചെയ്ത് ഫലം നേടാൻ വളരെ ബുദ്ധിമുട്ടല്ലേ… ആ വക ബുദ്ധിമുട്ടുകളെല്ലാം അനായാസമായി മാറ്റിത്തരും ഭാഗവത സപ്താഹശ്രവണത്താൽ…. അതിനാല്‍ നമ്മള്‍ തിരക്ക് പിടിച്ച ജീവിതത്തിനിടയിലും ഒരു ഏഴുദിവസം മാറ്റി വയ്ക്കാന്‍ ശ്രമിക്കണം .ഇങ്ങനെ ഈ വിശിഷ്ട ഗ്രന്ഥത്തെ പൂർണ്ണമായി ശ്രവിക്കുന്നത് മറ്റെന്തിനെക്കാളും ഉൽകൃഷ്ടമാണ്) *ആചാര്യന്മാർ ഏഴു ദിവസത്തെ സപ്താഹം വളരെ വിശേഷം എന്ന് വിധിച്ചിരിക്കുന്നു ഏത് ഗൃഹത്തിൽ ഭാഗവതം നിത്യവും വായിക്കുന്നുവോ അവിടെ എല്ലാ മാഹാത്മ്യവും താനെ വന്ന് ചേരും. യാതൊരു സംശയവും വേണ്ട*. ശ്രീമദ്‌ ഭാഗവത സപ്താഹശ്രവണം എല്ലാ ഉയർച്ചകൾക്കും, ദോഷ നിവാരണത്തിന്നും ഉത്തമമെന്നു ആചാര്യമതം. ഒന്ന്കൂടി പറയട്ടെ…. *ശ്രീകൃഷ്ണ ഭഗവാൻ ഭൂലോകം വിട്ട് സ്വധാമത്തിലേക്ക് പോയപ്പോള്‍ ഭഗവാന്റെ സർവ്വ തേജസ്സിനെയും ശ്രീമദ് ഭാഗവതത്തിൽ ലയിപ്പിച്ചതായി ഈ മഹത് ഗ്രന്ഥത്തില്‍ പറയുന്നു*…. “ശ്രീമദ്‌ ഭാഗവതാഖ്യോഽയം പ്രത്യക്ഷ: കൃഷ്ണ ഏവ ഹി” എന്നാണല്ലോ… മാത്രമോ? *ഈ ഭാഗവതമഹാസമുദ്രം ശ്രീകൃഷ്ണ ഭഗവാനാൽ നിറഞ്ഞ് നിൽക്കുന്നു*. *ആ ഭാഗവതത്തെ ആർക്കും ആശ്രയിക്കാം. ആശ്രയിക്കുന്നവര്‍ക്ക് സംസാര ദുഃഖത്തില്‍നിന്ന് മുക്തി ലഭിക്കും.സംശയം വേണ്ട*. നമ്മള്‍ ശ്രീമദ്‌ഭാഗവതത്തിനു മറ്റു പുരാണങ്ങളെക്കാള്‍ പ്രാധാന്യം എന്തുകൊണ്ടെന്ന് പറഞ്ഞു തുടങ്ങിയല്ലോ….. *കേവലം വാക്കുകള്‍ കൊണ്ട് അത് വര്‍ണ്ണിക്കാന്‍ പറ്റുമോ*? നിശ്ചയമില്ല്യ…. അനന്തനെപ്പോലെ ആയിരം നാവോറ്റെ വേണ്ടിവരും.എന്നാലും നമ്മുടെ പരിമിതികളില്‍ നിന്ന് നമുക്കൊന്ന് ശ്രമിക്കാമല്ലോ എന്ന് വച്ച് തുടരുന്നു…. *പതിനേഴു പുരാണങ്ങള്‍ എഴുതിയിട്ടും തൃപ്തി വരാതിരുന്ന വ്യാസ മഹര്‍ഷി പതിനെട്ടാമതായി ശ്രീമദ്‌ഭാഗവതം എഴുതിയപ്പോളാണ് തൃപ്തനായത് എന്നാണ്*. ഭഗവാന്റെ കഥയാണ് ഭാഗവതം. അപ്പോള്‍ സ്വാഭാവികമായി ചോദിക്കാവുന്ന ഒരു ചോദ്യം“*ആരാണ് ഈ ഭഗവാന്‍*” എന്നാണ്… ഭഗം എന്നാല്‍ ഗുണം.ഗുണങ്ങള്‍ ആറെണ്ണമത്രേ… *ഐശ്വര്യം,വീര്യം,യശസ്സ്, ശ്രീ,ജ്ഞാനം & വിജ്ഞാനം* എന്നിവയാണ് അവ. *ഇങ്ങനെയുള്ള ഷഡ് ഗുണങ്ങള്‍ക്കുമാധാരമായ ഭാഗവാന്ടെ കഥകള്‍ ഉള്‍ക്കൊള്ളുന്ന ഉത്തമ ഗ്രന്ഥമാണ് ശ്രീമദ്‌ മഹാഭാഗവതം* ”ശ്രീമദ് ഭാഗവതം പുരാണമമലം യത് വൈഷ്ണവാഖ്യം പ്രിയം യസ്മിന്‍ പാരമഹംസ്യമേകമമലം ജ്ഞാനം പരം ഗീയതെ തത്ര ജ്ഞാനവിരാഗ ഭക്തി സഹിതം നൈഷ്കര്‍മ്യമാവിഷ്കൃതം തത് ശൃണ്വന്‍ വിപഠന്‍ വിചാരണപരോ ഭക്ത്യാ വിമുച്യേന്നര: ….. “ *പുരാ ഭവം പുരാണം* –അതായത് പണ്ടേ ഉള്ളത് എന്നര്‍ത്ഥം.അപ്പോള്‍ ചരിത്രപരമായ ഒരു അസ്ഥിത്വം ഉണ്ട് എന്ന് വരുന്നു. വേദങ്ങളിലെയും,ധര്‍മ്മ ശാസ്ത്രങ്ങളിലെയും തത്വങ്ങളെ സാധാരണ ജനങ്ങള്‍ക്കുകൂടി ഗ്രഹിക്കാന്‍ പാകത്തിനാണ് ഇതിഹാസ പുരാണങ്ങള്‍ രചിക്കപ്പെട്ടത്‌. പുരാണം ച പഞ്ചമോ വേദമുച്യതേ . പുരാണങ്ങളെ അഞ്ചാം വേദം എന്ന് ഛാന്ദോഗ്യോപനിഷത്തിൽ പറയുന്നു . ഭാഗവതം ദശ ലക്ഷണത്തോട് കൂടിയതാണ് “അത്ര സര്‍ഗ്ഗോ വിസര്‍ഗ്ഗശ്ച സ്ഥാനം പോഷണമൂതയ: മന്വന്തരേശാനുകഥാ നിരോധോ മുക്തിരാശ്രയ:” എന്ന് ദ്വിതീയ സ്കന്ധത്തിലെ ദശമോധ്യായത്തിലെ തുടക്കത്തില്‍ തന്നെ പറഞ്ഞിരിക്കുന്നു. സര്‍ഗ്ഗം,വിസര്‍ഗ്ഗം,സ്ഥാനം,പോഷണം,ഊതികള്‍,മന്വന്തരം,ഈ ശാനുകഥ ,നിരോധം,മുക്തി,ആശ്രയം എന്നിവയാണ് പത്ത് ലക്ഷണങ്ങള്‍. നിത്യവും ഭഗവദ് കഥകൾ കേൾക്കാൻ തുടങ്ങിയാൽ ഹൃദയത്തിലെയും, മനസ്സിലെയും പാപ വാസനകളുടെ ഉത്ഭവം കുറയാൻ തുടങ്ങും. *ശ്രീമദ്‌ ഭാഗവതം നിത്യ പാരായണം ചെയ്യുന്നത് തന്നെയാണ് അത്യുത്തമം*. അതിന് സാധിക്കാഞ്ഞാല്‍ ഭാഗവത സംഗ്രഹം (*ദ്വാദശ സ്കന്ധത്തിലെ പന്ത്രണ്ടാം അധ്യായം* )*തത്തുല്യ ഫലം തരുമെന്ന് വിശ്വാസം*. “നിഗമകല്പതരോര്‍ഗളിതം ഫലം ശുകമുഖാദമൃതദ്രവസംയുതം പിഭത ഭാഗവതം രസമാലയം മുഹുരഹോ രസികാ ഭുവി ഭാവുകാ:” അല്ലയോ സജ്ജനങ്ങളെ…. ശ്രീശുക മുഖത്തിൽ നിന്ന് ഒഴുകിയ ഈ ശ്രിമദ് മഹാഭാഗവതത്തെ, വേദമാകുന്ന കല്പ്പവൃക്ഷത്തിന്റെ പക്വ ഫലമായ ഭാഗവതം എന്ന നാമധേയവുമുളള ഈ മഹദ്ഗ്രന്ഥത്തെ മതിവരുവോളം പാനം ചെയ്യുവിൻ…. *അത് വായിക്കാനും അറിയാനും ശ്രമിക്കണമെന്ന ഒരു അഭ്യര്‍ത്ഥനയോടെ വാക്കുകള്‍ കണ്ണന്റെ തൃപ്പാദത്തില്‍ സമര്‍പ്പിക്കട്ടെ*…. സര്‍വം ശ്രീകൃഷ്ണാര്‍പ്പണമസ്തു.

No comments: