Thursday, December 21, 2023

*മൂല്യ ഭദ്രമായ കുടുംബ ബന്ധം* *_13_* മാനവരാശിയുടെ സങ്കടങ്ങളും ഭയങ്ങളും ഒക്കെ അതിക്രമിക്കാനുള്ള ഉപായമന്വേഷിച്ചവരാണ് ഉപനിഷദ്ദൃഷിമാർ. അവരുടെ തപഃ സാഫല്യവും പ്രസാദവുമാണ് ഉപനിഷത്തുകൾ. ഉപനിഷദാദേശങ്ങൾ അഥവാ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന വ്യക്തികൾ വിശ്വമാനവികതയുടെ വീക്ഷണത്തിലേക്ക് വികസിക്കുന്നു. അവിടെ സംസാര സങ്കടങ്ങളും ഭയങ്ങളും അകലും. അവരുടെ ജീവിതം വിശ്വ പ്രേമത്തിൻ്റെ നിരവധി ആവിഷ്ക്കാരങ്ങൾ കൊണ്ട് സമ്പന്നമാവും. മൂല്യത്തിൻ്റെ മൂല്യത്തെ മനസ്സിലാക്കുകയെന്നത് മൂല്യ വിചിന്തന പ്രക്രിയയിൽ വളരെ പ്രധാനപ്പെട്ട ഒരു വസ്തുതയാണ്. Value of the value എന്ന നിരീക്ഷണം സമാരാധ്യനായ ദയാനന്ദ സരസ്വതി സ്വാമിജിയിൽ നിന്നും ഗ്രഹിച്ചതാണ്. ചിന്മയ മിഷൻ എന്ന പ്രസ്ഥാനത്തിലും തുടർന്ന് സ്വതന്ത്രമായി സ്ഥാപിച്ച പ്രസ്ഥാനത്തിലുമായി അനവധി ആചാര്യന്മാരെ പ്രചാരണ വൃത്തിക്ക് യോഗ്യരാക്കിയ ഗുരുവര്യനെന്ന് സംപൂജ്യ ദയാനന്ദ സരസ്വതി സ്വാമിജിയെ പരിചയപ്പെടുത്തട്ടെ. ഭാരതത്തിൽ ഋഷികേശിലും കോയമ്പത്തൂരിലും (ആനക്കട്ടി) മുഖ്യ ആശ്രമവും സ്ഥാപനങ്ങളുമുണ്ട്. സമാധി പദം പൂകിയ പൂജനീയ ദായനന്ദസരസ്വതി സ്വാമികൾ ഹൈന്ദവ സമാജത്തിൻ്റെ ഉത്ക്കർഷത്തിനു നൽകിയ സംഭാവനകൾ അത്യുജ്ജലമാണ്. പൂജനീയ ദയാനനന്ദ സ്വാമിജിയുടെ ഒരു ഗംഭീര പ്രയോഗമാണ് 'a value is a value for me when I see the value of the value is valueable for me ' (മൂല്യത്തിൻ്റെ മൂല്യം മൂല്യവത്താവുമ്പോഴാണ് ഒരു മൂല്യത്തിന് മൂല്യം കൈവരുന്നത് ) മൂല്യങ്ങളേതുമാവട്ടെ, ആ മൂല്യത്തിൻ്റെ മൂല്യം മൂല്യവത്തായി ബോധ്യപ്പെടേണ്ടതുണ്ട്. പൊതുവായി എല്ലാ സനാതന മൂല്യങ്ങളുടേയും മൂല്യം നിർഭയതയും നിത്യാനന്ദ ശാന്തിയുമാണെന്ന് വിശകലനം ചെയ്താലറിയാം. ഓരോ മൂല്യത്തേയും വിശേഷമായ വിശകലനത്തിനും വിധേയമാക്കാവുന്നതാണ്. ഉദാഹരണത്തിന് സത്യം പറയണം എന്ന മൂല്യത്തിൻ്റെ സവിശേഷ മൂല്യമെന്ത് എന്നന്വേഷിക്കാം. എന്തു പ്രയോജനം ലക്ഷ്യമാക്കി നുണ പറഞ്ഞാലും മുഖ്യമായ രണ്ടു ദോഷം ഉണ്ടാവുന്നു. നുണ പറഞ്ഞ് നേടിയെടുക്കുന്നത് ശാശ്വതമാവില്ല, ലഭിക്കുന്ന സൗഖ്യം ക്ഷണികമായിരിക്കും. നുണ പറഞ്ഞു പോയാൽ അന്തഃസംഘർഷം (inner conflict) അനിവാര്യമാവുന്നു. നുണ പറയുന്ന ഒരാളുടെ വിശ്വാസ്യത( credibility) നഷ്ടപ്പെടുന്നു എന്നു തുടങ്ങി അനവധി അവാന്തര ദോഷങ്ങളും കണ്ടെത്താൻ സാധിക്കും. സത്യസന്ധതയെ ജീവിത മൂല്യമായി സ്വീകരിച്ചവർക്ക് ഉളളിൽ സ്വാസ്ഥ്യവും സന്തോഷവും നില നിർത്താൻ കഴിയും. അന്തഃശാന്തിയും സൗഖ്യവും ആത്മജ്ഞാനപ്രാപ്തിക്ക് സഹായകമാവുന്നു. (തുടരാം ....) പ്രേമാദരവോടെ സ്വാമി അദ്ധ്യാത്മാനന്ദ 22nd Dec 23 വെള്ളിയാഴ്ചക്കുറിപ്പുകൾ പങ്കുവെക്കുന്ന Link:- https://chat.whatsapp.com/DGGJB27Gq2sDbS97I01IJD ( താത്പര്യമുള്ളവർക്ക് Share ചെയ്തോളൂ)

No comments: