Friday, December 12, 2025

കഠോപനിഷത്ത്‌ ഒരു പ്രമുഖ ഉപനിഷത്ത്‌. അഥര്‍വവേദീയമെന്ന്‌ ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. വല്ലികളായി വിഭജിച്ചിരിക്കുന്നതുകൊണ്ടും "സഹനാവവതു' എന്നു ശാന്തിപാഠം ഉള്ളതുകൊണ്ടും ഇത്‌ കൃഷ്‌ണയജുര്‍വേദീയമായ ഒരു ഉപനിഷത്താണെന്നും പണ്ഡിതാഭിപ്രായമുണ്ട്‌. സാമാന്യം ദീര്‍ഘമായ ഈ ഉപനിഷത്തിനു മൂന്നു ഖണ്ഡങ്ങള്‍ വീതമുള്ള രണ്ടധ്യായങ്ങളുണ്ട്‌. യജ്ഞഫലം ലഭിക്കണമെന്ന അഭിവാഞ്‌ഛയോടെ നചികേതസ്സിന്റെ അച്ഛനായ ഉദ്ദാലകന്‍ വിശ്വജിത്ത്‌ എന്ന മഹത്തായ യാഗം നടത്തി. അതില്‍ അദ്ദേഹം തന്റെ സര്‍വസ്വവും ബ്രാഹ്മണര്‍ക്കു ദാനം ചെയ്‌തു. ദക്ഷിണ നല്‌കുവാനായി കൊണ്ടുവന്ന പശുക്കളെ കണ്ടപ്പോള്‍ പുത്രനായ നചികേതസ്സ്‌ ചിന്താക്രാന്തനായി. ജരാജീര്‍ണങ്ങളായ പശുക്കളെ ദാനം ചെയ്യുന്നതുകൊണ്ട്‌ ദാതാവിന്‌ നരകമാണല്ലോ ലഭിക്കുന്നത്‌ എന്ന്‌ അവന്‍ ചിന്തിച്ചു. സ്വപിതാവിനോട്‌, തന്നെ ആര്‍ക്കാണു നല്‌കുന്നത്‌ എന്ന്‌ അവന്‍ ചോദിച്ചു. പിതാവ്‌ മറുപടി പറയാത്തതിനാല്‍ രണ്ടാമതും മൂന്നാമതും നചികേതസ്സ്‌ അതേ ചോദ്യം ആവര്‍ത്തിച്ചു. "നിന്നെ ഞാന്‍ മൃത്യുവിനാണ്‌ കൊടുക്കുവാന്‍ പോകുന്നത്‌' എന്നു കോപത്തോടെ ഉദ്ദാലകന്‍ മറുപടി പറഞ്ഞു. ഒരിക്കലും അധമമായി പെരുമാറിയിട്ടില്ലാത്ത തന്നെ മൃത്യുവിനു നല്‌കുന്നതിലുള്ള അസാംഗത്യത്തെക്കുറിച്ചു ചിന്തിച്ച നചികേതസ്സ്‌ യമരാജന്റെ സമീപത്തുപോകാന്‍ തന്നെ ചിന്തിച്ചുറച്ചു. വിളംബംവിനാ ആ ബാലന്‍ യമപുരിയിലെത്തിച്ചേര്‍ന്നു. അപ്പോള്‍ യമന്‍ സ്വഭവനത്തിലില്ലായിരുന്നു. അദ്ദേഹം മടങ്ങിയെത്തിയപ്പോള്‍ സാക്ഷാല്‍ അഗ്‌നി തന്നെ തേജോരൂപനായ ബ്രാഹ്മണാതിഥിയുടെ രൂപത്തില്‍ എത്തിയിരിക്കുകയാണെന്നു പത്‌നി അറിയിച്ചു. യമരാജന്‍ അര്‍ഘ്യപാദ്യങ്ങളുമായി നചികേതസ്സിന്റെ സമീപമെത്തി. ക്ഷുധാര്‍ത്തനായി തന്റെ ഗൃഹത്തില്‍ മൂന്നുനാള്‍ വസിച്ചതിനുപകരം മൂന്നു വരങ്ങള്‍ ചോദിച്ചുകൊള്ളുവാന്‍ അദ്ദേഹം നചികേതസ്സിനോടു പറഞ്ഞു. "പിതാവ്‌ തന്നോടു ശാന്തഌം സന്തുഷ്ടഌം തന്നെക്കുറിച്ചു ദുഃഖമില്ലാത്തവഌം ആയിത്തീരണമെന്നും യമലോകത്തുനിന്നു തിരിച്ചുപോയാല്‍ തന്നോടു സ്‌നേഹമസൃണമായി പെരുമാറണമെന്നുമായിരുന്നു നചികേതസ്സ്‌ ചോദിച്ച ഒന്നാമത്തെ വരം. ശ്രദ്ധാലുവും ജിജ്ഞാസുവുമായ തനിക്കു സ്വര്‍ഗവാസികള്‍ അമൃതത്വം അനുഭവിക്കുന്നത്‌ എങ്ങനെയെന്ന്‌ പറഞ്ഞുതരണമെന്നായിരുന്നു രണ്ടാമത്തെ വരം. ഇതുകേട്ട യമധര്‍മരാജാവ്‌ നചികേതസ്സിന്‌ അഗ്‌നിവിദ്യ ഉപദേശിച്ചുകൊടുത്തു. നചികേതസ്സ്‌ അത്‌ ഹൃദിസ്ഥമാക്കി. "മരണാനന്തരം ആത്മാവുണ്ടോ? അതോ ഇല്ലയോ? അതിനെ സംബന്ധിച്ചു ഭിന്നാഭിപ്രായമാണുള്ളത്‌. ആകയാല്‍ ഇക്കാര്യം തനിക്കു മനസ്സിലാകത്തക്കവണ്ണം പറഞ്ഞുതരണം' എന്നതായിരുന്നു മൂന്നാമത്തെ ആവശ്യം. ദേവന്മാര്‍ക്കുപോലും സംശയമുള്ള ഈ വിഷയം അതിസൂക്ഷ്‌മമാകയാല്‍ മറ്റൊരു വരം ചോദിച്ചുകൊള്ളുവാന്‍ യമന്‍ അഭ്യര്‍ഥിച്ചുവെങ്കിലും നചികേതസ്സ്‌ അതിന്‌ വഴിപ്പെട്ടില്ല. ഗത്യന്തരമില്ലാതെ യമധര്‍മന്‍ നചികേതസ്സിനു ബ്രഹ്മവിദ്യ ഉപദേശിച്ചുകൊടുത്തു. "ഓം' എന്നത്‌ പരമപദത്തിന്റെ ഏകാക്ഷരമാണ്‌. അതുതന്നെയാണ്‌ അക്ഷരബ്രഹ്മം; പരബ്രഹ്മം. ഈ അക്ഷരബ്രഹ്മത്തെ സാക്ഷാത്‌കരിച്ചതിനുശേഷം എന്തുതന്നെ ആഗ്രഹിച്ചാലും അതു ലഭ്യമാകുന്നു. ആത്മാവ്‌ ജനിക്കുന്നില്ല; മരിക്കുന്നുമില്ല. അത്‌ നിത്യമാണ്‌. അത്‌ ആരും സൃഷ്ടിച്ചതല്ല. ജന്മരഹിതവും നിത്യവും ശാശ്വതവും സനാതനവുമാണ്‌. ശരീരം നശിച്ചാലും ആത്മാവിനു നാശമില്ല എന്നിങ്ങനെ യമന്‍ ഉപദേശിച്ചു. ആത്മസ്വരൂപം, ആത്മപ്രാപ്‌തിക്കുള്ള മാര്‍ഗം, ബ്രഹ്മജ്ഞാനഫലം എന്നിവയാണ്‌ കഠോപനിഷത്തിലെ മുഖ്യപ്രതിപാദ്യം എന്ന്‌ ഇതില്‍ നിന്ന്‌ മനസ്സിലാക്കാം. ശ്രയസ്സെന്നും പ്രയസ്സെന്നും രണ്ടു ലക്ഷ്യങ്ങളാണ്‌ ജീവിതത്തിനുള്ളത്‌. ശ്രയസ്സ്‌ എന്ന പ്രഥമലക്ഷ്യം മനുഷ്യനെ ശാശ്വതസുഖത്തിലേക്ക്‌ നയിക്കുന്നു. പ്രയസ്സെന്ന ദ്വിതീയലക്ഷ്യം അവനെ ഭൗതികസുഖത്തിലേക്ക്‌ ആനയിക്കുന്നു. ഭൗതികലോകമല്ലാതെമറ്റൊന്നുമില്ലെന്നു വിശ്വസിക്കുന്നവര്‍ ജനിമൃതിചക്രത്തിന്റെ ഭ്രമണത്തില്‍പ്പെട്ടുഴലുന്നു. പരമസത്യത്തെ അറിയുന്നവര്‍ വികാരങ്ങള്‍ക്ക്‌ അതീതരാണ്‌. ആത്മതത്ത്വത്തെ അറിയാന്‍ "ഓം'കാരത്തെ മനനം ചെയ്യണം. ആത്മാവിന്റേതിനു സമാനമായ പ്രകാശം പരത്തുവാന്‍ സൂര്യനോ, ചന്ദ്രനോ, നക്ഷത്രങ്ങള്‍ക്കോ, അഗ്‌നിക്കോ കഴിയുന്നില്ല. അവയ്‌ക്കെല്ലാം പ്രകാശം ലഭിക്കുന്നതു സ്വയം പ്രകാശസ്വരൂപനായ ആത്മാവില്‍ നിന്നാണ്‌. കഠത്തിലെ ചില മന്ത്രങ്ങള്‍ അതേപടിയും ചിലപ്പോള്‍ ഈഷദ്‌ഭേദത്തോടുകൂടിയും ശ്വേതാശ്വേതരത്തിലും മുണ്ഡകത്തിലും ആവര്‍ത്തിച്ചു പറഞ്ഞു കാണുന്നു. "നായമാത്മാ പ്രവചനേന ലഭ്യോ ന മേധയാ ന ബഹുനാ ശ്രുതേന യമേവൈഷ വൃണുതേ തേന ലഭ്യ സ്‌തസ്യൈഷ ആത്മാ വിവൃണുതേ തഌം സ്വാം. (കഠം II-. 23; മുണ്ഡകം II. 3) അണോരണീയാന്‍ മഹതോ മഹീയാന്‍ ആത്മാസ്യ ജന്തോര്‍ന്നിഹിതോഗുഹായാം തമക്രതുഃ പശ്യതി വീതശോകോ ധാതുഃപ്രസാദാന്‌മഹിമാനമാത്‌മനഃ (കഠം II. 20) അണോരണീയാന്‍ മഹതോ മഹീയാന്‍ നാത്‌മാ ഗുഹായാം നിഹിതോസ്യ ജന്തോഃ തമക്രതുഃ പശ്യതി വീതശോകോ ധാതുഃ പ്രസാദാന്മഹിമാനമീശം.' (ശ്വേത III. 20) സര്‍വോപനിഷത്‌സാരസര്‍വസ്വമായ ഭഗവദ്‌ഗീതയില്‍ കഠോപനിഷത്തിലെ ചില മന്ത്രങ്ങള്‍ ഈഷദ്‌ഭേദത്തോടെ സ്വീകരിച്ചിരിക്കുന്നു. "ന ജായതേ മ്രിയതേ വാ വിപശ്ചി ന്നായം കുതശ്ചിന്ന ബഭൂവ കശ്ചിത്‌ അജോ നിത്യഃ ശാശ്വതോയം പുരാണോ ന ഹന്യതേ ഹന്യമാനേ ശരീരേ.' (കഠം II. 18) "ഹന്താ ചേന്‌മന്യതേ ഹന്തും ഹതശ്ചേന്‌മന്യതേ ഹതം ഉഭൗ തൗ ന വിജാനീതോ നായം ഹന്തി ന ഹന്യതേ.' (കഠം II. 19) ഈ മന്ത്രങ്ങളെ ഗീതയിലെ താഴെ പറയുന്ന ശ്ലോകങ്ങളുമായി തട്ടിച്ചുനോക്കിയാല്‍ ഈ ആശയം സ്‌പഷ്‌ടമാകും. "ന ജായതേ മ്രിയതേ വാ കദാചി ന്നായം ഭൂത്വാ ഭവിതാ വാ ന ഭൂയഃ അജോ നിത്യഃ ശാശ്വതോയം പുരാണോ ന ഹന്യതേ ഹന്യമാനേ ശരീരേ'. (ഗീത II. 20) "യ ഏനം വേത്തി ഹന്താരം യശ്ചൈനം മന്യതേ ഹതം ഉഭൗ തൗ ന വിജാനീതോ നായം ഹന്തി ന ഹന്യതേ.' (ഗീത II. 19) ഉപനിഷത്തുകളില്‍ ഏറ്റവും കൂടുതല്‍ വ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടുള്ളതും കഠത്തിനാണ്‌. കാഠകോപനിഷത്തെന്നും ഇതിനു സംജ്ഞയുള്ളതായിക്കാണുന്നു.

No comments: