Sunday, December 07, 2025

അകവൂര്‍ ചാത്തന്‍ വരരുചി എന്ന ബ്രാഹ്മണന് ചണ്ഡാലിയില്‍ ജനിച്ച പന്ത്രണ്ടു സന്താനങ്ങളില്‍ ഒരാള്‍. 'മേഷ (ള) ത്തോളഗ്നിഹോത്രീരജകനുളിയനൂര്‍- ത്തച്ചനും പിന്നെ വള്ളോന്‍ വായില്ലാക്കുന്നിലപ്പന്‍ വടുതലമരുവും നായര്‍ കാരയ്ക്കല്‍ മാതാ ചെമ്മേ കേളുപ്പുകൂറ്റന്‍ പെരിയതിരുവര- ങ്കത്തെഴും പാണനാരും നേരേ നാരായണഭ്രാന്തനുമുടനകവൂര്‍- ചാത്തനും പാക്കനാരും' 'പറച്ചി(യി) പെറ്റ പന്തിരുകുല'ത്തെപ്പറ്റിയുള്ള ഐതിഹ്യപ്രകാരം ചാത്തന്‍ ചൊവ്വരയ്ക്കടുത്തുള്ള അകവൂര്‍ മനയ്ക്കലെ ഭൃത്യനായി കാലയാപനം ചെയ്തിരുന്നു. അന്നത്തെ അച്ഛന്‍ നമ്പൂതിരിപ്പാട്, അഗമ്യയായ ഒരു സ്ത്രീയെ പ്രാപിച്ചതിന്റെ പാപം പരിഹരിക്കാന്‍ തീര്‍ഥസ്നാനത്തിനു പുറപ്പെട്ടു. നമ്പൂതിരി ആടിയ തീര്‍ഥങ്ങളിലൊന്നിലും ചാത്തന്‍ കുളിക്കാന്‍ കൂട്ടാക്കാതെ താന്‍ കയ്യിലെടുത്തിരുന്ന ഒരു കയ്പന്‍ചുരയ്ക്ക വെള്ളത്തില്‍ മുക്കിയെടുക്കുകമാത്രം ചെയ്തു. പാപം പരിഹൃതമായെന്ന വിശ്വാസത്തോടെ മടങ്ങിയെത്തിയ നമ്പൂതിരി ഒരു ദിവസം ചാത്തന്റെ ചുരയ്ക്ക നുറുക്കിയിട്ടുണ്ടാക്കിയ കറി കൂട്ടിയിട്ട് കയ്ക്കുന്നെന്നു പരാതിപ്പെട്ടു. കറിക്കു ചേര്‍ത്തത് തീര്‍ഥങ്ങളില്‍ മുക്കിയെടുത്ത ചുരയ്ക്കയുടെ കഷണങ്ങളാണെന്നും അത് കയ്ക്കുന്നെങ്കില്‍ 'തിരുമനസ്സി'ലെ പാപങ്ങള്‍ തീര്‍ഥസ്നാനംകൊണ്ടു തീര്‍ന്നിട്ടില്ലെന്നും ചാത്തന്‍ സമാധാനം പറഞ്ഞു. നമ്പൂതിരിപ്പാട് ലജ്ജിതനായി. പാപമോചനത്തിന് പശ്ചാത്താപവും മനശ്ശുദ്ധിയുമാണ് വേണ്ടതെന്നും അവ കൂടാതെയുള്ള തീര്‍ഥസ്നാനാദികള്‍ കൊണ്ട് ഫലമില്ലെന്നും അദ്ദേഹം ചാത്തനില്‍നിന്നു പഠിച്ചു. ദിവസവും ഏഴരനാഴിക വെളുപ്പുള്ളപ്പോള്‍ എഴുന്നേറ്റു കുളിച്ച് ഉച്ചവരെ തേവാരം കഴിച്ച് പരബ്രഹ്മധ്യാനനിരതനായി വര്‍ത്തിച്ച നമ്പൂതിരിയോട് പരബ്രഹ്മം എങ്ങനെയിരിക്കുമെന്നു ചാത്തന്‍ ചോദിച്ചതിന് "നമ്മുടെ മാടന്‍പോത്തിനെപ്പോലിരിക്കും എന്നു നമ്പൂതിരി പരിഹാസമായി മറുപടി പറഞ്ഞുവെന്നും ചാത്തന്‍ അതുകേട്ട് 41 ദിവസം ധ്യാനിച്ചതിന്റെ ഫലമായി പരബ്രഹ്മം മാടന്‍പോത്തിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു എന്നും മറ്റൊരു കഥയുണ്ട്. അവസാനകാലത്ത് ചാത്തന്‍ ഓച്ചിറപ്പടനിലത്ത് പരബ്രഹ്മത്തെ ധ്യാനിച്ചുകൊണ്ട് ഭജനമിരിക്കയും അവിടെ ആണ്ടുതോറും നടന്നുവന്നിരുന്ന പടയിലൊന്നില്‍ ചേര്‍ന്നു മരിച്ചു സായുജ്യം പ്രാപിക്കയും ചെയ്തുവെന്നാണ് ഐതിഹ്യം

No comments: