ശ്രവണം, മനനം, നിദിദ്ധ്യാസം ഇങ്ങനെ മൂന്നു പടികളാണ് ജ്ഞാനാനുഭൂതിക്കുള്ള അഭ്യാസങ്ങളായി വേദം വധിച്ചിരിക്കുന്നത്. ഇതില്‍ ശ്രവണമാണ് ഒന്നാമത്തേത് അനുഭവരസികനായ ആത്മാവു സത്യമായ ആത്മസ്വരൂപത്തെ തന്റെ അനുഭൂതിക്കനുരൂപമായി പാഞ്ഞുല്‍ബോധിപ്പിച്ചു തരുന്നതു തന്നെ ശ്രവണം. ഒരിക്കല്‍ കേട്ടാല്‍ പോരാ; ബോദ്ധ്യം വന്നു തത്ത്വത്തില്‍ ഉറപ്പുവരുത്തുന്നതു വരെ വീണ്ടും വീണ്ടും ശ്രവിക്കുകയും ശ്രവിപ്പിക്കുകയും വേണം. അങ്ങനെ പരമാര്‍ത്ഥമായ ഒരു വേദാന്താശ്രവണം അധികാരിയായ ശിഷ്യനു മഹാത്മാവായ ആചാര്യനില്‍നിന്നു ലഭിക്കുന്നു എന്നിരിക്കട്ടെ; അതൊരിക്കലും വിഫലമാവുന്നില്ല. പക്ഷേ അങ്ങനെ സംഭവിക്കുന്നതു വളരെ ചുരുക്കമാണെന്നുമാത്രം. ഒന്നാമത് ഈ പ്രപഞ്ചധര്‍മ്മത്തെ സര്‍വ്വഥാ ഉപേക്ഷിച്ചുകൊണ്ടുള്ള മുമുക്ഷുതന്നെ എത്രയോ ദുര്‍ല്ലഭമാണ്. അതിനാല്‍ ശ്രവണം തന്നെ വളരെ ദുര്‍ഭലമാണ്. ഇനി ഏതെങ്കിലും ചില രൂപത്തില്‍ ശ്രവണം നടന്നാലും വര്‍ദ്ധിച്ച സംസാരതൃഷ്ണയില്‍ ശ്രുതമായ ജ്ഞാനം മുങ്ങിപ്പോവുകയും ചെയ്യും. നേരാം വണ്ണം ശ്രവണം ചെയ്യിച്ചുതരുന്ന മഹാത്മാക്കളും ദുര്‍ല്ലഭം. ഉള്ളവര്‍ തന്നെ ജനമദ്ധ്യത്തില്‍ നിന്നൊഴിഞ്ഞുമാറി വല്ല വിജനപ്രദേശങ്ങളിലും അറിയപ്പെടാതെ കഴിഞ്ഞു കൂടുന്നുണ്ടായിരിക്കും. അങ്ങനെയുള്ളവരെ കണ്ടുകിട്ടുന്നതുതന്നെ വളരെ ചുരുക്കം. ഇങ്ങനെയുള്ള തടസ്സങ്ങളെല്ലാം നീങ്ങി ഒരാള്‍ക്കു പരമാര്‍ത്ഥമായ ഒരു വേദാന്തശ്രവണം ഉണ്ടായിയെന്നിരിക്കട്ടെ; എന്നാല്‍ തീര്‍ച്ചയായും അതു സഫലമാണ്.
Read more: http://vetakorumakan