Wednesday, March 09, 2016

കാണുന്നവനായ ‘ഞാന്‍’ ആര് ?

ചോ: സാക്ഷാല്‍ക്കാരത്തിന്റെ സ്വഭാവമെന്താണ്‌?
ഉ: 1. ആദിയന്തങ്ങളറ്റ സനാതനത്വത്തിന്റെ സ്ഥിതി.
2. എങ്ങും എവിടെയും നിറഞ്ഞിരിക്കുന്നത്‌.
3. എല്ലാ നാമരൂപങ്ങള്‍ക്കും മാറ്റത്തിനും ജഡങ്ങള്‍ക്കും ജീവന്മാര്‍ക്കും ആധാരമായിട്ടുള്ളത്‌.
സര്‍വ്വസാക്ഷിയായ സത്യം ഒന്നേയുള്ളൂ. അത്‌ കാണുന്നവന്‍, കാഴ്ച, കാണപ്പെട്ട വസ്തു എന്നു (ത്രിപുടി) മൂന്നായി പിരിഞ്ഞുനില്‍ക്കാതെ ഏകമായിരിക്കും. ത്രിപുടി, ദേശകാലാവസ്ഥകളെ അവലംബിച്ചുള്ളതാണ്‌. സത്യം അവയ്ക്കാധാരവും അതീതവുമായിരിക്കുന്നു. ഈ സത്യത്തിന്മേല്‍ കാനല്‍ജലം പോലെ തോന്നപ്പെടുന്നതാണ്‌ ത്രിപുടി.
ചോ: കാണുന്നവനായ ഞാനും മായയാണെങ്കില്‍ അതിനെയും താണ്ടിനിന്ന്‌ മായയെക്കണുന്നതാര്‌?
ഉ: ഞാന്‍ തന്നെ എന്നതില്‍ ഞാന്‍ എന്ന ആരോപത്തെ മാറ്റിയിട്ട് ‘തന്നെ’ എന്നത്‌ ഞാന്‍ ആയി നില്‍ക്കുന്നു. അതാണ്‌ സാക്ഷാല്‍ക്കാരത്തിന്റെ വിരോധാഭാസം. എന്നാല്‍ സാക്ഷാല്‍ക്കരിച്ച വ്യക്തിക്ക്‌ ഇതില്‍ പുതുമയൊന്നും തോന്നുകയില്ല. ശരി, ഭക്തിയെപ്പറ്റി നോക്കാം, എന്നെ ഈശ്വരനോട്‌ ചേര്‍ത്തുകൊള്ളാന്‍ ഞാന്‍ ഈശ്വരനോട്‌ പ്രാര്‍ത്ഥിക്കുന്നു. നാം നമ്മെത്തന്നെ ഈശ്വരനര്‍പ്പിക്കുന്നു. എന്തു സംഭവിക്കുന്നു? ഞാനെന്ന അഹംകാരന്‍ ഈശ്വര തത്വത്തില്‍ ഒടുങ്ങിപ്പോകുന്നു. അതാണു പരാഭക്തി എന്ന ഉത്തമഭക്തി. ഇതിനെ പ്രഭക്തിയെന്നോ വൈരാഗ്യശിഖരമെന്നോ പറയാം. അതല്ലാതെ എന്റേതുകളെയും ‘ഞാന്‍ ‘ എന്നതുകളെയും ഒന്നിച്ചര്‍പ്പിക്കുന്നതിനെ സര്‍വ്വത്യാഗമെന്നു പറയും. ‘ഞാന്‍‍ ‘ ഉള്ളതുകൊണ്ടല്ലേ ‘എന്റേതു‌’കള്‍ ഉണ്ടായത്. ഈ സര്‍വ്വത്യാഗത്തില്‍ അഹന്ത സമൂലം ഒഴിയും. വെള്ളത്തില്‍ മുങ്ങിപ്പോയ ഒരുവന്‍ ജലത്തിനു മുകളില്‍ വരാന്‍ എത്രമാത്രം വെമ്പല്‍ കൊള്ളുമോ അത്രത്തോളം വെമ്പലോടുകൂടിയുള്ള തീവ്രവൈരാഗ്യം ഉണ്ടാകണം.
ചോ: സര്‍വ്വത്യാഗത്തിനാവശ്യമായ സിദ്ധി ഗുരുവരുളുകൊണ്ടോ ഇഷ്ടദേവതയുടെ അനുഗ്രഹം മൂലമോ സിദ്ധിക്കുകയില്ലേ?
ഉ: ഇഷ്ടദേവതയും ഗുരുവും സഹായികളാണ്‌. എന്നാല്‍ തന്റെ ആഗ്രഹവും പ്രയത്നവും കൂടിയുണ്ടെങ്കിലേ ഫലപ്രദമായിത്തീരുകയുള്ളൂ. സൂര്യന്‍ എതിരേ നിന്നാലും കാണാന്‍ നാം നോക്കിയാലല്ലേ പറ്റൂ. നിന്റെ സ്വരൂപത്തെ നീ തന്നെയല്ലോ കാണണം? സഹായം വലുതായിട്ടൊന്നും ആവശ്യമില്ല.
ചോ: എന്റെ സങ്കല്‍പങ്ങള്‍ക്കും ഈശ്വരനിയതിക്കും തമ്മിലുള്ള താരതമ്യമെന്ത്‌? ജീവന്റെ സ്വന്തം സ്വാതന്ത്ര്യത്തിനും ഈശ്വരന്റെ ശക്തിക്കും വ്യത്യാസമില്ലേ? കിഞ്ചിജ്ഞത്വത്തിനും സര്‍വ്വജ്ഞത്വത്തിനും വ്യത്യാസമില്ലേ? പ്രകൃതിനിയമത്തിനും ഈശ്വര നിയമത്തിനും സാമ്യമുണ്ടോ?
ഉ: ഉണ്ട്‌. അഹന്തയുടെ അളവിനൊപ്പിച്ച വീക്ഷണത്തിനും വൈഭവത്തിനും തക്കവണ്ണമുള്ള അനുഭവത്തെ തന്നിഷ്ടമെന്നു പറയുന്നു. ഭൂതകാലസംഭവങ്ങളെ കുറിക്കുമ്പോള്‍ അതിനെ വിധി അല്ലെങ്കില്‍ നിയതി എന്നുപറയുന്നു. അതിനാല്‍ നിയതിക്കും തന്നിഷ്ടത്തിനും തമ്മില്‍ ബന്ധമുണ്ട്‌. തന്നിഷ്ടത്തിലും ഈശ്വരന്റെ സര്‍വ്വജ്ഞത്വവും വല്ലഭത്വവും പ്രവര്‍ത്തിക്കുന്നുണ്ടെന്നു മനസ്സിലാക്കാം. തനിക്കു തോന്നുന്നതിനെ സ്പര്‍ശിച്ചേ ജീവന്‍ സങ്കല്‍പിക്കേണ്ടതായും വരുന്നുള്ളൂ. പ്രകൃതിനിയമങ്ങളെല്ലാം ഈശ്വരേച്ഛയുടെ പ്രതിഫലനങ്ങളാണ്‌. അവ പ്രാവര്‍ത്തികമായിത്തീരുന്നുമുണ്ട്‌.
ചോ: ഭൗതികഗവേഷണങ്ങള്‍ മനഃശാസ്ത്രം, ശരീരശാസ്ത്രം, വേദാന്തങ്ങള്‍ തുടങ്ങിയവ യോഗസമാധിക്കും പരതത്ത്വസാക്ഷാല്‍ക്കാരത്തിനും സഹായകരമാണോ?
ഉ: മിക്കവാറും അവ സഹായകരമല്ല. യോഗത്തെപ്പറ്റി ചില കാര്യങ്ങള്‍ ഗ്രന്ഥങ്ങളില്‍നിന്നും മനസ്സിലാക്കാം. പക്ഷെ മനസ്സിലാക്കിയവയെ അനുഭവത്തില്‍ കൊണ്ടുവരുന്നതാണ്‌ മുഖ്യം. അതിനു അനുഭവിച്ചവരുടെ ജീവിതോപാധികരണങ്ങളും വാസവും ഗുരൂപദേശങ്ങളും പ്രയോജനപ്പെടും. എന്നാലും സ്വന്തം അനുഭവം വേറെയാണ്‌. അതിനു അഭ്യാസബലവും സദ്‌ഗുരുകാരുണ്യവും അത്യന്താപേക്ഷിതമാണ്‌. ഗ്രന്ഥജ്ഞാനത്താല്‍ വലിയ നന്മയൊന്നുമുണ്ടാകാനിടയില്ല. ഇതറിഞ്ഞാല്‍ അഹന്തയെയും അതു വഹിച്ചുകൊണ്ടിരിക്കുന്ന ജ്ഞാനച്ചുമടിനെയും താഴെ ഇറക്കിവയ്ക്കാന്‍ ശ്രമിക്കും. അഹന്തയെ ഒഴിച്ചുമാറ്റേണ്ടതാണു വളരെ പ്രധാനം.
ചോ: ജാഗ്രത്തിനും സ്വപ്നത്തിനും തമ്മിലുള്ള ഭേദമെന്താണ്‌?
ഉ: സ്വപ്നത്തില്‍ മനസ്സ്‌ പ്രത്യേകം പ്രത്യേകം ദേഹങ്ങളെ സങ്കല്‍പിച്ചു കൊള്ളുന്നു. അവയ്ക്കുണ്ടാകുന്ന വിഷയാനുഭവങ്ങള്‍ നമ്മെ ബാധിക്കുന്നു.
സാക്ഷാല്‍ശാന്തി ആത്മാവിന്റേതാണ്
ചോ: സുഖത്തിന്റെ സ്വരൂപമെന്താണ്‌? അത്‌ ജന്മസ്വത്താണോ, അല്ല വിഷയസ്വത്താണോ, അഥവാ വിഷയാദികളുടെ ചേര്‍ച്ചമൂലം ഉണ്ടാകുന്നതാണോ? നമ്മില്‍ അത്‌ സ്വയമേ ഉണ്ടാകുന്നില്ല. എപ്പോള്‍ ഉണ്ടാകും?
ഉ: നാം ഇഷ്ടപ്പെട്ടതുകളെ കാണുമ്പോഴോ അവയെ ഓര്‍മ്മിക്കുമ്പോഴോ അനിഷ്ടങ്ങളെ വിട്ടൊഴിയുമ്പോഴോ അക്കാര്യം ഓര്‍മ്മിക്കുമ്പോഴോ സന്തോഷം തോന്നാറുണ്ട്‌. അവയൊന്നും സുഖമല്ല, സന്തോഷം മാത്രം.
എന്നാല്‍ സുഖം, നിത്യവും അഖണ്ഡവുമായതാണ്‌ നമുക്കാവശ്യം. അതിന്റെ ഇരിപ്പിടം വിഷയാദികളല്ല. പരമാത്മാവാണ്‌. അത്‌ സുഖദുഃഖസമ്മിശ്രമല്ലാത്ത പരമശാന്തിയാണ്‌.
ചോ: നമ്മുടെ യഥാര്‍ത്ഥ സ്വരൂപം സുഖമാണെന്നു പറയുന്നതെങ്ങനെ?
ഉ: സാക്ഷാല്‍സുഖം ബ്രഹ്മമാണ്‌. സാക്ഷാല്‍ശാന്തി ആത്മാവിന്റേതാണ്‌. നാം ആത്മാവാണെന്നുണരുമ്പോള്‍ ആത്മാവിന്റെ സ്വരൂപ സുഖം നമ്മുടേതുമാകുന്നു. ഭക്തിയുടെയും ജ്ഞാനത്തിന്റെയും അന്തിമവും ഇതുതന്നെ.
ആത്മാവിനുവേണ്ടി ഈശ്വരനെ പ്രാര്‍ത്ഥിക്കുന്നു. കാരുണ്യത്താല്‍ അതു ലഭിക്കുന്നു. ആനന്ദത്തെ തരുന്നതും (അഖണ്ഡ) ആനന്ദം തന്നെയാണ്‌. സര്‍വ്വശക്തനായ ഈ അഖണ്ഡാനന്ദബ്രഹ്മത്തിന്റെ സഗുണഭാവമാണ്‌ ഈശ്വരന്‍. നിര്‍ഗ്ഗുണബ്രഹ്മം കേവലാനന്ദമയനാണ്‌. ബ്രഹ്മത്തില്‍ നിന്നും മൂര്‍ത്തീകരിച്ചു നില്‍ക്കുന്ന ഈശ്വരന്റെ ശക്തിയില്‍നിന്നും സംജാതമാകുന്ന ജീവാത്മാക്കള്‍ക്കും നിലനില്‍പ്പിനാധാരം ആനന്ദം തന്നെ. ശുദ്ധ ചൈതന്യസ്വരൂപം ഈശ്വരപ്രകൃതിയോടുകൂടി സംബന്ധപ്പെട്ടിട്ടാണ്‌ പ്രപഞ്ചദര്‍ശനം ഉണ്ടാകുന്നത്‌. ഇതില്‍ ചൈതന്യാംശമായ ശുദ്ധചൈതന്യവസ്തു (ബ്രഹ്മം) ഈശ്വരനെന്നും മായയെന്നും രണ്ടായി പിരിഞ്ഞു നില്‍ക്കുന്നു. ആതില്‍ മായ (പ്രകൃതി) രണ്ടുവിധം. സര്‍വ്വത്തിനും ജീവനായി എല്ലാത്തിനെയും വഹിച്ചു നില്‍ക്കുന്നത്‌ പരാപ്രകൃതി. മനസ്സ്‌, ബുദ്ധി അഹങ്കാരം, പഞ്ചഭൂതങ്ങള്‍ തുടങ്ങിയവ അപരാപ്രകൃതികളാണ്‌.
ജീവന്‍, താന്‍ ശുദ്ധചൈതന്യമാണെന്നറിയാതെ ദേഹാദിസംസാരകാര്യങ്ങളില്‍ ഭ്രമിച്ചുപോകുന്നു. അവ തനിക്കു സത്യങ്ങളായി പരിണമിക്കുന്നു. ഈ ഭ്രമം മൂലം ജീവന്‍ സാക്ഷാലുള്ള സുഖത്തില്‍ നിന്നും വിട്ടുപോകുന്നതിനാല്‍ കിട്ടുന്ന സുഖത്തില്‍ രമിച്ചു തൃപ്തിയടയുന്നു. ആത്മ(സുഖ)സ്വരൂപം വീണ്ടുകിട്ടുമ്പോള്‍ പ്രാപഞ്ചിക സുഖങ്ങളും പ്രപഞ്ചം തന്നെയും ഒഴിഞ്ഞുമാറും. മനസ്സിന്റെ സുഖത്തില്‍ ദുഃഖം ഉള്‍ക്കൊണ്ടിരിക്കുന്നു.


Read more: http://vetakorumakan.webnode.com/blog/