ആത്മാവു പ്രപഞ്ചം മുഴുവന്‍ വ്യാപിച്ചു് അന്തര്യാമിയായി വര്‍ത്തിക്കുന്നുവെന്നു നാം മനസ്സിലാക്കി. അപ്പോള്‍ അതു (അവന്‍) പ്രപഞ്ചത്തോളമുണ് ടല്ലോ. പ്രപഞ്ചം ഇനിയും വികസിച്ചാല്‍ അവിടെ യും ആത്മാവു വ്യാപിച്ചുനില്‍ക്കും. അതായതു ആത്മാവിനു് ഒരു പരിധിയില്ല; അതു് അനന്തമാണു്. എന്നാല്‍, ഒരു അണുവിന്‍റെ പോലും അന്തര്യാമിയായതിനാല്‍ അതു് എത്രയും സൂക്ഷ്മമാണുതാനും. അതുകൊണ്ടാണു് ആത്മാവു് അണുവിനെക്കാള്‍ അണുവാണെന്നും മഹത്തിനെക്കാള്‍ മഹത്താണെന്നും ഉപനിഷത്തുകള്‍ പ്രഖ്യാപിക്കുന്നതു് (ഛന്ദോഗ്യം 3.4.13, കഠം 2.20,മുണ്ഡകം 3.1.7, ശ്വേതാശ്വതരം 3.9, 3.20) . ഇതുമാത്രമല്ല, ഈ പ്രപഞ്ചം മുഴുവന്‍ അന്തഃശക്തിയായി നിറഞ്ഞുനില്‍ക്കുന്നതിനാല്‍ ആത്മാവു് അവിച്ഛിന്നനാണെന്നു പറയപ്പെടുന്നു. ആത്മാവു സര്‍വ്വവ്യാപിയും അവ്രണനുമാണെന്നു് ഈശവും (8) അച്ഛേദ്യനും അദാഹ്യനും, അക്ലേദ്യനും അശോഷ്യനുമാണെന്നു ഗീതയും (2.24) പഠിപ്പിക്കുന്നു.
എല്ലായിടത്തും അവിച്ഛിന്നമായി വ്യാപിച്ചുനില്‍ക്കുന്നതിനാല്‍ ആത്മാവിനു പ്രത്യേകിച്ചൊരു രൂപമുണ്ടാകാന്‍ തരമില്ല. എന്നാല്‍ എല്ലാ രൂപങ്ങളും ആത്മാവില്‍ നിന്നുണ്ടായതാണുതാനും. ആത്മാവു നാമങ്ങളും രൂപങ്ങളുമായാണു സ്വയം പ്രകടിതമായതെന്നു നാം മനസ്സിലാക്കിയതാണല്ലോ(ബൃഹദാരണ് യക൦ 1.4.7). സ്വന്തമായി ഒരു രൂപമില്ലാത്തതിനാല്‍ ആത്മാവിനെ അരൂപി എന്നു വിളിക്കുന്നു (കഠം 3.15). എല്ലാ ശരീരങ്ങളിലു൦ വസ്തുക്കളിലും അന്തര്യാമിയായി വര്‍ത്തിക്കുന്നതുകൊണ്ടു് ആത്മാവിനു സ്വന്തമായി ഒരു ശരീരമുണ്ടെന്നു പറയുകവയ്യ. ആത്മാവിനു ശരീരമില്ലെന്നു കഠവും (2.22) ഈശവും (8) പ്രഖ്യാപിക്കുന്നു. സര്‍വ്വശരീരങ്ങളെയും വസ്തുക്കളെയും വഹിക്കുന്നതിനാൽ (ഗീത 9.5) ഈ പ്രപഞ്ചംതന്നെ ആത്മാവിന്‍റെ ശരീരമായും അതിലെ വസ്തുക്കളെയു൦ ശരീരങ്ങളെയുമെല്ലാം അതിന്‍റെ അവയവങ്ങളായും കണക്കാക്കുന്നുവെന്നേയുള്ളൂ(ശ് വേതാശ്വതരം 4.10).
ആത്മശക്തിയായ സത് എങ്ങനെയാണു പ്രപഞ്ചവസ്തുക്കളില്‍ തന്‍റെ പ്രഭാവം പ്രകടമാക്കിയിരിക്കുന്നതു്? നി ലനില്പ്പിന്റെ ശക്തിയാണല്ലോ സത്; അതിനാല്‍, നിലനില്ക്കാനു ള്ള അദമ്യചോദനയായാണു അതു പ്രപഞ്ചത്തില്‍ പ്രകടിതമായിട്ടുള്ളതു്.
1.8 ചിത്
സ്വന്തമായി ശരീരമില്ലാത്തതുകൊണ്ടും എല്ലാ ശരീരങ്ങളിലും വസ്തുക്കളിലും അന്തര്യാമിയായി വര്‍ത്തിക്കുന്നതുകൊണ്ടും ആത്മാവിനെ കാണാന്‍ കഴിയില്ല; ജ്ഞാനേന്ദ്രിയങ്ങള്‍ ക്കൊന്നും അതു ഗോചരമല്ലതന്നെ. ഒരു കത്തി അതിന്‍റെ ഉറയില്‍ എങ്ങനെ പൂര്‍ണ്ണമായും ആഴ്ന്നിരിക്കുന്നുവോ അപ്രകാരം വിശ്വംഭരനായ ആത്മാവു് അതിന്‍റെ ഉറയായ വിശ്വത്തില്‍ പൂര്‍ണ്ണമായും അമര്‍ന്നിരിക്കുന്നു, അതിനാല്‍ അതിനെ ആര്‍ക്കും കാണാന്‍ കഴിയുന്നില്ല എന്നു ബൃഹദാരണ്യക൦ (1.4.7). ആത്മാവു് ഇന്ദ്രിയങ്ങള്‍ക്കു ഗോചരമല്ലെന്നു ബൃഹദാരണ്യകവും (3.7.23, 3.8.11) കഠവും (6.9)ഈശവും (4) മുണ്ഡകവും (3.1.8) ഒരുപോലെ പ്രഖ്യാപിക്കുന്നു.
ജ്ഞാനേന്ദ്രിയങ്ങള്‍ കൊണ്ടു് ആത്മാവിനെ അറിയുന്നില്ലെങ്കിലും അവയാല്‍ ജീവികള്‍ പരസ്പരവും തങ്ങളെത്തന്നെയും അറിയുന്നുണ്ടെന്നതു സുവിദിതമാണല്ലോ. ഇങ്ങനെ അറിയാനുള്ള കെല്‍പ്പു് അവര്‍ക്കു നല്‍കുന്ന ശക്തിവിശേഷം ഏതാണു്? അതു ബോധം (Consciousness) അല്ലാതെ മറ്റൊന്നുമല്ല. അറിവു നേടുന്നതിനും, അതു നിലനിര്‍ത്തുന്നതിനും പ്രയോഗിക്കുന്നതിനും ജീവികളെ പ്രാപ്തരാക്കുന്ന ശക്തിയാണു ബോധം. എല്ലാ ശക്തികളുടെയും എന്നതു പോലെ ബോധത്തിന്‍റെയും ഉറവിടം ആത്മാവാകുന്നു. ബോധം എന്നതു ഒരു ശക്തി മാത്രമാണു്. അതു് വസ്തുക്കളെ ആസ്പദമാക്കി മാത്രം വ്യവഹരിക്കപ്പടുന്ന ഒന്നല്ല. വസ്തുക്കളെക്കുറിച്ചുള്ള ബോധത്തെ നാം അറിവെന്നാണു പറയുക. അതായതു ബോധത്തിന്‍റെ പ്രകടിതഭാവമാണു് അറിവു്. അതിനാല്‍, വസ്തുരഹിതമായ ആത്മാവില്‍ ഏതെങ്കിലും വസ്തുക്കളെപ്പറ്റിയുള്ള ബോധമല്ല, വസ്തുനിരപേക്ഷമായ ശുദ്ധബോധമാണു് അടങ്ങിയിരിക്കുന്നതെന്നു തെളിയുന്നു. ഇതു 'ചിത്' എന്നാണു് ആത്മീയ ചിന്തയില്‍ അറിയപ്പെടുന്നതു്. ആത്മാവു ‘സത്’ ആണെന്നു നാം നേരത്തേ കണ്ടുകഴിഞ്ഞു. അതു ‘സത്’ മാത്രമല്ല ‘ചിത്’കൂടി യാണെന്നു നാം ഇപ്പോള്‍ മനസ്സിലാക്കുന്നു. സര്‍വ്വഭൂതാന്തരാത്മാവും സര്‍വ്വവ്യാപിയുമായ ദേവന്‍ കേവലനും നിര്‍ഗ്ഗുണനുമായ ബോധസ്വരൂപന്‍ (ചേതസ്സ്) മാത്രമാണെന്നു ശ്വേതാശ്വതരം (6.11). അതുപോലെ, അദ്വൈതവും പ്രപഞ്ചാതീതവുമായ ബോധസാരമാണു് ആത്മാവെന്നു മാണ്ഡൂക്യവും പ്രഖ്യാപിക്കുന്നു (7). ആത്മപ്രകാശനത്തിനുള്ള ചോദനയായി ചിത് പ്രപഞ്ചവസ്തുക്കളില്‍ പ്രവര്‍ത്തിക്കുന്നു. അറിയാനും അറിയിക്കാനുമുള്ള അഭിവാഞ്ച ഇതുകൊണ്ടാണു ജീവികളില്‍ കാണപ്പെടുന്നതു്. ആത്മതേജസ്സാണു ചിത്.
നിലനില്‍പ്പു്, ആത്മപ്രകാശനം എന്നിവയോടൊപ്പം ജീവികളെ ഭരിക്കുന്ന മറ്റൊന്നുകൂടിയുണ്ടു്;അതു സുഖതൃഷ്ണയാകുന്നു. സുഖം, കൂടുതല്‍ സുഖം, എന്നെന്നും സുഖം - ഇതാണല്ലോ എല്ലാവരും നിരന്തരം ആഗ്രഹിച്ചുകൊണ്ടിരിക്കുന്നതു്? ഓരോരുത്തരും ഓരോരോ സമയത്തു് ഓരോരോ കാര്യങ്ങളില്‍ സുഖ൦ തേടുന്നു. ഒരാള്‍ക്കു സുഖം നല്‍കുന്ന കാര്യം മറ്റൊരാള്‍ക്കു് അതു നല്‍കണമെന്നില്ല. ഒരേ വ്യക്തിക്കു തന്നെ ഇന്നു സുഖം നല്‍കുന്ന കാര്യം നാളെയും സുഖം നല്‍കണമെന്നുമില്ല. സുഖം ബാഹ്യവസ്തുക്കളിലല്ല അധിഷ്ഠിതമായിരിക്കുന്നതെന്നു് ഇതില്‍നിന്നു വ്യക്തം. ഓരോന്നിലും നാം സുഖം കണ്ടെത്തുകയാണു ചെയ്യുന്നതു്. അതിന്‍റെ ഉറവിടം വസ്തുക്കളല്ലെങ്കില്‍ നാം തന്നെയാവാനേ തരമുള്ളൂ. വസ്തുഭേദത്തിനതീതമായ ഒരു സുഖം എല്ലാവരിലും അടങ്ങിയിട്ടുണ്ടെന്നു സാരം. ഓരോരോ സന്ദര്‍ഭങ്ങളില്‍ ഓരോരോ വസ്തുവുമായി ബന്ധപ്പെടുത്തി നാം അതിനെ അനുഭവിക്കുന്നു എന്നേയുള്ളൂ. വസ്തുഭേദത്തിനതീതമായി എല്ലാവരിലും സ്ഥിതിചെയ്യുന്ന ഈ സുഖത്തെ ഹിന്ദു ആത്മീയശാസ്ത്രം 'ആനന്ദം' എന്നു വിളിക്കുന്നു. ചിത്പ്രഭാവത്താല്‍ ഇതു പ്രകാശിതമാവുന്നു. ചിത് അഥവാ ബോധം ജഡവസ്തുക്കളില്‍ പ്രകാശിതമല്ലാത്തതുകൊണ്ടു് ആനന്ദവും അവയില്‍ അപ്രകാരം തന്നെ. വൈദ്യുതി ബള്‍ബിനെ പ്രകാശിപ്പിക്കുമെങ്കിലും ബള്‍ബിലെ ഫിലമെന്‍റ് കേടാവുകയോ അല്ലെങ്കില്‍ ഫിലമെന്‍റിനുപകരം കനമുള്ള ഇരുമ്പുകമ്പിയാവുകയോ ചെയ്താല്‍ പ്രകാശം ലഭിക്കുകയില്ലല്ലോ; അതുപോലെയാണു ജഡവസ്തുക്കളില്‍ ചിത്തും ആനന്ദവും പ്രകാശിക്കാത്തതു്.
മറ്റു് എല്ലാറ്റിന്‍റെയും എന്നപോലെ ഈ ആനന്ദത്തിന്‍റെയും ഉത്ഭവസ്ഥാനം ആത്മാവുതന്നെ. അങ്ങനെ സത്, ചിത് എന്നിവയോടൊപ്പം ആനന്ദവും ആത്മസ്വരൂപത്തിന്‍റെ ഭാഗമാകുന്നു. ആത്മസ്വരൂപ൦ സത്-ചിത്-ആനന്ദം അഥവാ ‘സച്ചിദാനന്ദ൦’ ആകുന്നു. ആത്മാവിനെ ആനന്ദ൦ (ശിവം) ആയിട്ടാണു മാണ്ഡൂക്യോപനിഷത് (7 & 12) കാണുന്നതു്. പരമമായ സുഖത്തിന്‍റെ (സുഖസ്യൈകാന്തികസ്യ) ഇരിപ്പിടമാണു് ആത്മാവെന്നു ഗീതയും (14.27) പ്രഖ്യാപിക്കുന്നു.
ഉപനിഷത്തും ഗീതയും പറയുന്ന ആ പരമമായ സുഖത്തിന്‍റെ പ്രതിഫലനമാണു നാം ബാഹ്യവസ്തുക്കളിലൂടെ ഇന്ദ്രിയങ്ങളുടെയും മനസ്സിന്‍റെയും സഹായത്തോടെ ഓരോരോ സുഖമായി അനുഭവിക്കുന്നതു്. ഉള്ളില്‍ വിലസുന്ന ആ പരമസുഖത്തെ ഈ ഉപാധികളൊന്നുമില്ലാതെ അനുഭവിക്കാമെന്നു വന്നാലോ? അങ്ങനെ അനുഭവി ക്കാമെന്നാണു് ഋഷിമാര്‍ പറയുന്നതു്. അതിനു ദേഹബോധം വിടണം. എങ്ങനെയാണു ദേഹബോധം വിടുക?