Saturday, March 25, 2017

ചാതുര്‍വര്‍ണ്ണ്യം
    വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ടതും അതുകൊണ്ടുതന്നെ വ്യാപകമായി എതിര്‍ക്കപ്പെടുന്നതുമായ ഒരു ഹിന്ദു ആത്മീയശാസ്ത്രാശയമാണു ചാതുര്‍വര്‍ണ്ണ്യം. ഇതു് എല്ലാവരും നിര്‍ബ്ബന്ധമായും പാലിച്ചുപോരേണ്ട ഗണത്തില്‍പ്പെട്ട ഒരാചാരമോ അനുശാസനമോ അല്ല;ഹിന്ദുക്കള്‍ക്കു മാത്രം ബാധകമായ ഒരു തത്ത്വവുമല്ല. ഇതൊരു നിരീക്ഷണം മാത്രമാണു്. ലോകത്തില്‍ നാലു തരം മനുഷ്യരുണ്ടെന്നതാണു് ഈ നിരീക്ഷണം. ചിലര്‍ ജ്ഞാനവിജ്ഞാനങ്ങളില്‍ മുഴുകുന്നവരും പൊതുവേ ക്ഷമാശീലരും സമാധാനപ്രിയരും ആയിരിക്കും. അവര്‍ ശാസ്ത്രസാങ്കേതികകാര്യങ്ങള്‍ അഭ്യസിക്കുന്നവരും അതില്‍ പ്രാവീണ്യം നേടുന്നവരും തത്ത്വചിന്തകന്മാരുമൊക്കെയായി മാറും. അവരുടെ വാക്കുകളിലും പ്രവൃത്തികളിലുമേറിയാണു സമൂഹം മുന്നോട്ടു ഗമിക്കുന്നതു്. അതുകൊണ്ടു്സമൂഹത്തെ ഒരു മനുഷ്യശരീരമായി സങ്കല്‍പ്പിക്കുകയാണെങ്കില്‍, അവരെ അതിന്‍റെ മുഖമായി കണക്കാക്കുന്നു. (സംസ്കൃതത്തില്‍ മുഖം എന്നതിനു വായ് എന്നും ശിരസ്സ് എന്നുമൊക്കെ അര്‍ത്ഥം.അവരെയാണു ബ്രാഹ്മണര്‍ എന്ന വര്‍ണ്ണമായി ഗണിച്ചുപോരുന്നതു്. ശൗര്യവും ധൈര്യവും തന്‍റേടവുമൊക്കെയുള്ളവരും സേവനം ചെയ്യുന്നതില്‍ തത്പരരും ഭരണസമര്‍ത്ഥരുമായ രണ്ടാമത്തെ കൂട്ടരെ ക്ഷത്രിയര്‍ എന്ന വര്‍ണ്ണമായി കണക്കാക്കുന്നു. ജനങ്ങളുടെ സം‍രക്ഷകരും യുദ്ധത്തില്‍ പിന്‍തിരിഞ്ഞോടാത്തവരുമായ അവര്‍ സമൂഹത്തിന്‍റെ ബാഹുക്കളത്രേ. ബാഹുക്കള്‍ എന്നതിന്‍റെ അര്‍ത്ഥം കൈകള്‍; എന്നാല്‍ കൈകള്‍ ഉള്‍പ്പെടുന്ന വക്ഷസ്സുകൂടി ബാഹുക്കള്‍ എന്നതുകൊണ്ടു ഗ്രഹിക്കേണ്ടതാണു്. മൂന്നാമത്തെ വിഭാഗം കൃഷിയി ലും മൃഗസം‍രക്ഷണത്തിലും വ്യാപാരവ്യവസായാദികളിലും താത്പ ര്യമുള്ളവരാണു്. വര്‍ണ്ണങ്ങളില്‍ അവര്‍ വൈശ്യര്‍ എന്നറിയപ്പെ ടുന്നു. വൈശ്യര്‍ സമൂഹത്തിന്‍റെ ഊരുക്കളാകുന്നു. ഊരുവിനു തുട എന്നാണര്‍ത്ഥം. എന്നാല്‍ വക്ഷസ്സിനു താഴെ പാദം വരെയുള്ള ഭാഗത്തെ മുഴുവന്‍ ഈ വാക്കുകൊണ്ടു മനസ്സിലാക്കേണ്ടതാകുന്നു. അവസാനത്തെ കൂട്ടരാണു ശൂദ്രര്‍. അവര്‍ മറ്റുള്ള മൂന്നു വര്‍ണ്ണങ്ങളെയും അവരവരുടെ പ്രവൃത്തികളില്‍ സഹായിക്കുന്നവരാണു്. ഇവര്‍ സമൂഹത്തിന്‍റെ പാദങ്ങളായി കണക്കാക്കപ്പെടുന്നു. പാദങ്ങളുപയോഗപ്പെടുത്തി സമൂഹശരീരം മുന്നോട്ടു ഗമിക്കുന്നു.
ഇപ്രകാരം സമൂഹശരീരത്തെ നാലു ഭാഗങ്ങളായി വിഭജിച്ചു് ഓരോന്നിനെയും ഓരോ വര്‍ണ്ണം കൊണ്ടു പ്രതിനിധാനം ചെയ്യുന്ന രീതിയാണു ചാതുര്‍വര്‍ണ്ണ്യസങ്കല്‍പ്പം. മനുഷ്യജീവിതം അഭംഗുരം മുന്നോട്ടുകൊണ്ടുപോകുന്നതിനു് ഈ നാലു വര്‍ണ്ണങ്ങളും കൂടിയേ തീരൂ എന്നതു വ്യക്തമാണല്ലോ. ഇവരിലാരെയും മോശക്കാരായി തള്ളിക്കളയാന്‍ സാധ്യമല്ല. എന്നാല്‍, ആരുടെ വാക്കുകളും കര്‍മ്മങ്ങളുമാണോ സമൂഹത്തെ മുന്നോട്ടുനയിക്കുന്നതിലും ഉന്നമിപ്പിക്കുന്നതിലും നിര്‍ണ്ണായകപങ്കു വഹിക്കുന്നതു്, ആ ബ്രാഹ്മണര്‍ക്കു്, എല്ലാ സമൂഹങ്ങളും എല്ലാ കാലത്തും ഉയര്‍ന്ന പരിഗണന നല്‍കിപ്പോന്നിട്ടുണ്ടു്. ശാസ്ത്രജ്ഞന്മാര്‍ക്കും സാഹിത്യകാരന്മാര്‍ക്കും തത്ത്വചിന്തകര്‍ക്കും ആത്മീയനേതാക്കള്‍ക്കുമൊക്കെ ഏതു സമൂഹമാണു പ്രത്യേക പരിഗണനയും ആദരവും നല്‍കാതിരുന്നിട്ടുള്ളതു്! അവരൊക്കെയാണു ബ്രാഹ്മണര്‍. ജാതിയും മതവും ദേശവുമൊന്നും ഇക്കാര്യത്തില്‍ പ്രസക്തമല്ലഅവരുടെ കര്‍മ്മങ്ങളും ആ കര്‍മ്മങ്ങളിലേക്കു് അവരെ നയിക്കുന്ന നൈസര്‍ഗ്ഗിക വാസനകളുമാണു ബ്രാഹ്മണര്‍ എന്ന പരിഗണനയ്ക്കു് അവരെ അര്‍ഹരാക്കുന്നതു്. ഏതെങ്കിലും ജാതിയില്‍പ്പെട്ടവരെല്ലാം ബ്രാഹ്മണരാണെന്നു നിഷ്ക്കര്‍ഷിക്കുന്ന യാതൊരു പ്രമാണങ്ങളുമില്ല. മനുസ്മൃതിയില്‍പ്പോലും അങ്ങനൊരു അവകാശവാദമില്ല. അതിനാല്‍ ജാതിയുടെ പേരില്‍ പൂണൂലിട്ടു ബ്രാഹ്മണനായി നടക്കുന്നതു കള്ളത്തരമാണു്. യഥാര്‍ത്ഥ ബ്രാഹ്മണര്‍ക്കു സമൂഹം നല്‍കിപ്പോരുന്ന ആദരവും പരിഗണനയും ഈ കള്ളത്തരത്തിലൂടെ കവര്‍ന്നെടുക്കുന്നതു് അത്യന്തം ഗര്‍ഹണീയമായ നീചപ്രവൃത്തിയാകുന്നു. സമൂഹത്തിലെ ഉച്ചനീചത്വങ്ങളുടെ പേരില്‍ ചാതുര്‍വര്‍ണ്ണ്യത്തെ എതിര്‍ക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടതു് ഈ കള്ളത്തരത്തെയും അതുപയോഗിച്ചു നടത്തുന്ന നീചപ്രവൃത്തിയെയുമാണു്. ചാതുര്‍വര്‍ണ്ണ്യം രണ്ടും രണ്ടും ചേര്‍ന്നാല്‍ നാലു് എന്നു പറയുന്നതുപോലുള്ള സാര്‍വ്വജനീന സത്യമാണു്ആ 'രണ്ടു' 'നമ്മളാണെന്ന അവകാശവാദമാണു് അസത്യമായിട്ടുള്ളതു്. അസത്യത്തെയാണു നാ൦ എതിര്‍ക്കേണ്ടതു്. ഈ അസത്യം പൊളിയുമ്പോള്‍ ഏതു ജാതിയിലും നാലു വര്‍ണ്ണ ങ്ങളുമുണ്ടാകാം എന്ന സത്യാവസ്ഥയില്‍ നാമെത്തും. അതാണു ഹിന്ദു ആത്മീയശാസ്ത്രം അനുശാസിക്കുന്നതും.
ഭാരതത്തില്‍ ജാതിയുടെ പേരിലുള്ള എല്ലാ ഉച്ചനീചത്വങ്ങളുടെയും അടിസ്ഥാനകാരണം ജാതിയുടെ അടിസ്ഥാനത്തില്‍ വര്‍ണ്ണ നിശ്ചയം നടത്തുന്ന ശാസ്ത്രവിരുദ്ധമായ സമ്പ്രദായമാണു്. പുരാണേതിഹാസങ്ങളിലെ കഥകളെ ശാസ്ത്രവിധിയെന്നു തെറ്റിദ്ധരിച്ചു പിന്‍തുടര്‍ന്നുവന്നതിലൂടെയാണു് ഇങ്ങനൊരു സമ്പ്രദായം ഉരുത്തിരിഞ്ഞുവന്നതു്. ഒരു കുടുംബത്തില്‍ത്തന്നെ നാലുവര്‍ണ്ണങ്ങളിലും പെട്ടവര്‍ ഉണ്ടാകാമെന്നുവരുമ്പോള്‍ ജാതീയമായ ഉച്ചനീചത്വങ്ങള്‍ അവസാനിക്കും.
മറ്റൊരു അശാസ്ത്രീയ സങ്കല്‍പ്പമാണു് 'അവര്‍ണ്ണന്‍' എന്നതു്. നാലു വര്‍ണ്ണങ്ങളേ ശാസ്ത്രപ്രകാരം നിലവിലുള്ളു; അതു മനുഷ്യകുലത്തിനു മുഴുവന്‍ ബാധകമാണുതാനും. ഏതെങ്കിലും പ്രത്യേക മതത്തിനോ ദേശത്തിനോ വേണ്ടി മാത്രം ഉണ്ടാക്കപ്പെട്ടിട്ടുള്ളതുമല്ല അതു്. അഞ്ചാമതൊരു വര്‍ണ്ണമോ വര്‍ണ്ണബാഹ്യരായ മനുഷ്യരോ ഉണ്ടെന്നു പ്രചരിപ്പിക്കുന്നതു ശാസ്ത്ര വിരുദ്ധമാണു്. വാസ്തവത്തില്‍,അവര്‍ണ്ണന്‍ എന്നതു വര്‍ണ്ണാതീതനെ സൂചിപ്പിക്കുന്ന പദമാണു്. ഗുണാതീതനായ ബ്രഹ്മജ്ഞാനിയാണു് അവര്‍ണ്ണന്‍. ഭൂതങ്ങളുടെ ഉത്പത്തി അഗോത്രവും അവര്‍ണ്ണവുമായ ബ്രഹ്മത്തില്‍നിന്നാണെന്നു മുണ്ഡകോപനിഷത് (1.1.6).
ആത്മാവിന്‍റെ മായാശക്തിയാണു പ്രകൃതിയെന്നും അതിനെ ഉപയോഗിച്ചാണു് ആത്മാവു ഭൂതങ്ങളായി സ്വയം പ്രകടിപ്പിച്ചിരിക്കുന്നതെന്നും നാം മനസ്സിലാക്കിയിട്ടുള്ളതാണു്. പ്രകൃതിയുടെ ഉള്ളടക്കം സത്ത്വംരജസ്സ്തമസ്സ് എന്നീ മൂന്നു 'ഗുണ'ങ്ങളത്രേ. ഈ മൂന്നു ഗുണങ്ങളും പ്രകൃതിയില്‍ സമമായി അടങ്ങിയിരിക്കുന്നു. ഇവയുടെ അനുപാതത്തില്‍ ഇളക്കം വരുത്തിയാണു് ആത്മശക്തി ഭൂതസൃഷ്ടി നടത്തുന്നതു്. ആത്മാവു ഗുണങ്ങളെ പ്രകാശിപ്പിക്കുന്നു എന്നതിലാണു് ആത്മാവും പ്രകൃതിയും തമ്മിലുള്ള സംബന്ധം നിലകൊള്ളുന്നതു്. അതുകൊണ്ടു ദേഹിയെ ദേഹവുമായി ബന്ധിക്കുന്നതു ഗുണങ്ങളാണെന്നു പറയപ്പെടുന്നു (ഗീത 14.5). മൂന്നു ഗുണങ്ങളും എല്ലാവരിലുമുണ്ടു്;അനുപാതത്തിലേ വ്യത്യാസമുള്ളു. ഒരു വ്യക്തിയിലെ ത്രിഗുണാനുപാതം ജീവിതാവസാനം വരെ മാറ്റമില്ലാതെ തുടരുന്നു. ത്രിഗുണങ്ങളിലുള്ള അനുപാതവ്യത്യാസമാണു് വ്യക്തികള്‍ തമ്മിലുള്ള ഉള്ളടക്കവ്യത്യാസത്തിന്‍റെ അടിസ്ഥാനം.
ത്രിഗുണങ്ങളില്‍ സത്ത്വഗുണം ജ്ഞാനത്തോടും സുഖത്തോടുമുള്ള ആഭിമുഖ്യത്തിനു കാരണമാകുന്നുകര്‍മ്മത്തില്‍ സംഗമുണ്ടാക്കുന്നതാണു രജോഗുണംതമോഗുണമാകട്ടെഉപേക്ഷയും മടിയും കര്‍മ്മവിമുഖതയും ഉണ്ടാക്കുന്നു. സത്ത്വം പ്രസാദവും സൗഖ്യവു൦ രജസ്സ് തൃഷ്ണയും രാഗവും തമസ്സ് അജ്ഞാനവും മോഹവും ഉണ്ടാക്കുന്നു. മൂന്നു ഗുണങ്ങളും എല്ലാവരിലുമുണ്ടു് എന്നതിനാല്‍ അവയുടെ ഉത്പ്പന്നങ്ങളും ഓരോരുത്തരിലും ഉണ്ടാകും. എന്നാല്‍ ഗുണങ്ങളുടെ അനുപാതത്തിലെ വ്യത്യാസമനുസരിച്ചു് ഉത്പ്പന്നങ്ങളിലും വ്യത്യാസം വരും. സത്ത്വഗുണം ഏറിയിരിക്കുന്നവനില്‍ ജ്ഞാനസമ്പാദനത്തിനുള്ള അഭിവാഞ്ഛ ഏറിയിരിക്കും. മാത്രമല്ലഅയാള്‍ നല്ല പ്രസാദവും സൗഖ്യവുമുള്ളവനായിരിക്കുകയും ചെയ്യും. അതിനര്‍ത്ഥം അയാളില്‍ രാഗവും തൃഷ്ണയും കര്‍മ്മാഭിമുഖ്യവും മോഹവും അജ്ഞാനവുമൊന്നും ഇല്ലെന്നല്ലഅവയെല്ലാം അയാളിലുമുണ്ടാകും. എന്നാല്‍ താരതമ്യേന  കുറവായിരിക്കും. രജസ്തമോഗുണങ്ങളുടെ അനുപാതത്തിനനുസരിച്ചാവും രാഗതൃഷ്ണാദികള്‍ അയാളില്‍ പ്രകടിതമാകുക. ഗുണജന്യമായ ഈ വാസനകളാണു മനുഷ്യരെ ഓരോരോ പ്രവൃത്തികളിലേക്കു് ഉദ്യുക്തരാക്കുന്നതു്. അതുകൊണ്ടു്, ഗുണങ്ങളാണു്അല്ലെങ്കില്‍ ഗുണങ്ങളുടെ ഉദ്ഭവസ്ഥാനമായ പ്രകൃതിയാണു്, കര്‍മ്മങ്ങള്‍ക്കു കാരണമെന്നു പറയപ്പെടുന്നു (ഗീത 3.2713.20, 13.29, 14.19). അപ്പോള്‍, ഗുണങ്ങളുടെ സ്വാധീനത്തില്‍നിന്നു വിമുക്തനാകുന്ന ഒരാള്‍ക്കു കര്‍മ്മങ്ങളൊന്നും ചെയ്യേണ്ടതില്ലെന്നുവരുന്നു. എന്നിരുന്നാലും ലോകത്തിന്‍റെ നിലനില്‍പ്പിനും ക്ഷേമത്തിനുമായി അവരും കര്‍മ്മം ചെയ്യുന്നു.
ഗുണങ്ങളുടെ സ്വാധീനത്തില്‍ ചെയ്യപ്പെടുന്ന കര്‍മ്മങ്ങളെ ഗുണകര്‍മ്മങ്ങള്‍ എന്നാണു വിളിക്കുന്നതു് (ഗീത 3.29). ഗുണ സ്വാധീനത്തിലല്ലാതെ ചെയ്യുന്ന കര്‍മ്മങ്ങള്‍ അറിയപ്പെടുന്നതു ഗുണാതീതകര്‍മ്മങ്ങള്‍ അല്ലെങ്കില്‍ വിഗുണകര്‍മ്മങ്ങള്‍ എന്നാണു്ഗുണസ്വാധീനത്തില്‍നിന്നുള്ള വിമുക്തിയാണു ഗുണാതീതത്വം (ഗീത 14.22 മുതല്‍ 14.25 വരെ). വിഗുണകര്‍മ്മങ്ങളാണു ശ്രേഷ്ഠ കര്‍മ്മങ്ങള്‍ (ഗീത 3.3518.47)കാരണംഗുണാതീതനായവന്‍ ഗുണജന്യമായ വാസനകളിലും അവയില്‍നിന്നുണ്ടാകുന്ന കാമ-ക്രോധസുഖ-ദുഃഖാദി ദ്വന്ദ്വങ്ങളിലും പെട്ടു പീഡിതനാകുന്നില്ല. എന്നാല്‍, ഇവയിലെല്ലാം പെട്ടു പീഡിതനാകാന്‍ ഗുണകര്‍മ്മങ്ങള്‍ കാരണമാകുന്നു. അതുകൊണ്ടു ഗുണകര്‍മ്മങ്ങള്‍ ഭയമുണ്ടാക്കുന്നവയാണു് (ഗീത 3.35). നിസ്ത്രൈഗുണ്യനാകാന്‍ അര്‍ജുനനെ ശ്രീകൃഷ്ണന്‍ ഉപദേശിക്കുന്നതു് ഇവിടെ സ്മരിക്കാം (ഗീത 2.25).
ഒരാളിന്‍റെ സ്വത്വത്തിലേക്കുള്ള ഏറ്റവും നേരായ വഴി അയാളുടെ കര്‍മ്മമാണു്. എന്നാല്‍,സ്വത്വവൈജാത്യത്തിന്‍റെ അടിസ്ഥാനം പ്രകൃതിജന്യമായ ഗുണങ്ങള്‍ ഏതനുപാതത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു എന്നതാണു്. ഗുണങ്ങളുടെ സ്വാധീനത്തില്‍ ചെയ്യുന്ന കര്‍മ്മങ്ങളാണല്ലോ ഗുണകര്‍മ്മങ്ങള്‍? അപ്പോള്‍, ഗുണ കര്‍മ്മങ്ങളാണു് ഒരാളിന്‍റെ സ്വത്വനിര്‍ണ്ണയത്തിനു സഹായകമാകുന്നതെന്നു വ്യക്തം. ഇതാണു ഗുണകര്‍മ്മങ്ങളെ അടിസ്ഥാനമാക്കിയാണു വര്‍ണ്ണവിഭജനം നടത്തിയിട്ടുള്ളതെന്നു ഗീത പറയുന്നതിന്‍റെ അടിസ്ഥാനം (4.13). ഓരോ വര്‍ണ്ണത്തിനും സ്വാഭാവികമായ ഗുണകര്‍മ്മങ്ങള്‍ ഏവയെന്നു ഗീത 18.4218.4318.44 എന്നീ ശ്ലോകങ്ങളില്‍ വിവരിച്ചിട്ടുണ്ടു്. അവയാണു് ഈ ശീര്‍ഷകത്തിന്‍റെ പ്രാരംഭത്തില്‍ കൊടുത്തിട്ടുള്ളതു്.
ഗുണാതീതരായവര്‍ സ്വാഭാവികമായും വര്‍ണ്ണവിഭജനത്തിനും അതീതരായിത്തീരുന്നു. അവരില്‍ വൈജാത്യങ്ങളില്ലഗുണപ്രഭാവമാണല്ലോ വൈജാത്യത്തിനു കാരണം. ഗുണാതീതരെല്ലാം ഒരേ തരക്കാരാകുന്നു. ഇത്തരക്കാര്‍ വളരെ വളരെ അപൂര്‍വ്വം തന്നെ. മഹാസന്ന്യാസിമാര്‍, മുനിമാര്‍,ഷിമാര്‍ എന്നിവരൊക്കെ വര്‍ണ്ണാതീതരാണെന്നു കണക്കാക്കപ്പെടുന്നു. കാരണംബ്രഹ്മജ്ഞാനി കളായ അവര്‍ ബ്രഹ്മം തന്നെയാകുന്നു (കഠം 4.15മുണ്ഡകം 3.2.9ഗീത 18.55)ഏതു വര്‍ണ്ണത്തില്‍പ്പെട്ടവനും ഗുണാതീതനും വര്‍ണ്ണാതീതനും തുടര്‍ന്നു ബ്രഹ്മജ്ഞാനിയുമാകാമെന്നാണു ഗീത പറയുന്നതു്; സ്വകര്‍മ്മങ്ങള്‍കൊണ്ടു് ആത്മാവിനെ അര്‍ച്ചിച്ചാല്‍ മതി (18.45, 18.46). സ്വകര്‍മ്മങ്ങളെല്ലാം ലോകക്ഷേമത്തിനായി ചെയ്യണമെന്നര്‍ത്ഥം. ഈ ആശയമാണു കര്‍മ്മബന്ധനങ്ങളില്‍നിന്നുള്ള മോചനത്തിനായി ഗീതയിലുടനീളം ആവര്‍ത്തിച്ചാവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുള്ളതു്.
ചാതുര്‍വര്‍ണ്ണ്യത്തെപ്പറ്റിയുള്ള വികലധാരണകള്‍ക്കൊപ്പം പ്രചരിപ്പിച്ചുവരുന്നതും വളരെയേറെ ദുര്‍വ്യാഖ്യാനങ്ങള്‍ക്കിരയായതുമായ ഒരു ശ്ലോകം ഗീതയിലുണ്ടു്. അതിതാണു്:
ശ്രേയാന്‍ സ്വധര്‍മ്മോ വിഗുണഃ പരധര്‍മ്മാത് സ്വനുഷ്ഠിതാത് |
സ്വധര്‍മ്മേ നിധനം ശ്രേയഃ പരധര്‍മ്മോ ഭയാവഹഃ || 3.35 ||
ഇതുതന്നെ 18.47-ല്‍ ആവര്‍ത്തിക്കുന്നുമുണ്ടു്. “നല്ലവണ്ണം അനുഷ്ഠിക്കപ്പെട്ട പരധര്‍മ്മത്തെക്കാള്‍ വിഗുണമായ സ്വധര്‍മ്മമാണു ശ്രേഷ്ഠമായിട്ടുള്ളതു്. സ്വധര്‍മ്മം ചെയ്യുമ്പോള്‍ മരണം സംഭവിച്ചാല്‍ അതു ശ്രേയസ്കരമാകുന്നുപരധര്‍മ്മം ഭയമുണ്ടാക്കുന്നു - ഇതാണു ഈ ശ്ലോകത്തിന്‍റെ ലഘുവായ അര്‍ത്ഥം. ഇവിടെ വ്യാഖ്യാതാക്കള്‍ ചെയ്യുന്ന ഒരു പാതകമുണ്ടു്വിഗുണം എന്നതിനു യാതൊരു'ഗുണവുമില്ലാത്തഒന്നിനും കൊള്ളാത്തഎന്ന അര്‍ത്ഥം നല്‍കും. ഇതിനുപുറമേ, സ്വധര്‍മ്മം എന്നുവച്ചാല്‍ തനിക്കു പരമ്പരാഗതമായി വിഹിതമായ ധര്‍മ്മമാണെന്നും അപ്രകാരം മറ്റുള്ളവര്‍ക്കുള്ള ധര്‍മ്മമാണു പരധര്‍മ്മമെന്നും വ്യാഖ്യാനിക്കും. വിഹിതമെന്നാല്‍ ഓരോ വര്‍ണ്ണത്തിനും ശാസ്ത്രപ്രകാരം വിധിച്ചിട്ടുള്ളതു് എന്നും അര്‍ത്ഥം പറയും. ഇതോടെ ശ്ലോകാര്‍ത്ഥം തലകീഴായി മറിയും. വ്യാഖ്യാതാക്കള്‍ പറയുന്നതുപോലെ ഓരോ വര്‍ണ്ണത്തിനും പ്രത്യേകധര്‍മ്മങ്ങള്‍ വിധിക്കുകയല്ല, നേരേ മറിച്ചു്, പ്രകൃത്യാ താത്പര്യമുള്ളസ്വമനസ്സാല്‍ ഏര്‍പ്പെടുന്ന,കര്‍മ്മങ്ങളില്‍നിന്നു വര്‍ണ്ണനിശ്ചയം നടത്തുകയാണു ശാസ്ത്രം ചെയ്യുന്നതു്. ആരുടെയെങ്കിലും ധര്‍മ്മം മോശമാണെന്നോ മറ്റുള്ളവരുടെ ധര്‍മ്മം മേന്മയുള്ളതാണെന്നോ ശാസ്ത്രം പറയുന്നില്ല. ഏതു കര്‍മ്മമായാലും അതു ലോകക്ഷേമത്തെ ഉദ്ദേശിച്ചു ചെയ്യണമെന്നാണു നിഷ്കര്‍ഷ. പ്രകൃത്യാ ഒരാള്‍ക്കു കിട്ടിയിരിക്കുന്ന കഴിവുകള്‍ക്കനുസരിച്ചുള്ള പ്രവൃത്തിയാണു് അയാള്‍ ചെയ്യേണ്ടതു്. അതാണു് അയാളുടെ ധര്‍മ്മം. അതു വിഗുണമായാല്‍, അതായതു ഗുണസ്വാധീനത്തിനതീതമായാല്‍,ശ്രേഷ്ഠമായിത്തീരുംമറ്റുള്ള ധര്‍മ്മങ്ങള്‍ അതായതു പരധര്‍മ്മങ്ങള്‍, ഗുണസ്വാധീനത്തി നധീനമായതിനാല്‍ എത്ര ഭംഗിയായി അതു ചെയ്താലും രാഗദ്വേഷാദിദ്വന്ദ്വങ്ങള്‍ക്കു കാരണമാകുമെന്നതിനാല്‍ ഭയാവഹം തന്നെ - ഇതാണു ശ്ലോകത്തിന്‍റെ യഥാര്‍ത്ഥ താത്പര്യം. വര്‍ണ്ണം പരമ്പരാഗതമാണെന്ന ശാസ്ത്രവിരുദ്ധ നിലപാടില്‍നിന്നാണു ദുര്‍വ്യാഖ്യാനങ്ങള്‍ ഉണ്ടാകുന്നതു്.
10. മോക്ഷം
    മോക്ഷം എന്നാല്‍ മോചനം. എന്തില്‍നിന്നുള്ള മോചനംസംസാരദുഃഖങ്ങളില്‍നിന്നുള്ള മോചനം അഥവാപുനര്‍ജന്മത്തില്‍നിന്നുള്ള മോചനം. ജന്മമെന്തു്പുനര്‍ജന്മമെന്തു് എന്നൊക്കെ നാം കണ്ടുകഴിഞ്ഞു. മോക്ഷം എന്നതു ശരീരനാശത്തിനുശേഷം കിട്ടുന്ന ഒരനുഗ്രഹമല്ലെന്നു് അതില്‍നിന്നു വ്യക്തമാകുന്നതാണു്. ശരീരത്തോടുകൂടി ഇരിക്കുമ്പോള്‍ത്തന്നെ നാം നേടേണ്ട ഒരു സിദ്ധിയാണതു്. കാമങ്ങള്‍ക്കു് അടിപ്പെടുന്നതാണു മരണം. നാനാത്വം മാത്രം കാണുന്നവന്‍ മൃത്യുവില്‍നിന്നു മൃത്യുവിലേക്കു പോകുന്നുവെന്നു കഠവും (4.10, 4.11) ബൃഹദാരണ്യകവും (4.4.19) പറയുന്നു. നാനാത്വദര്‍ശനത്തിന്‍റെ ഫലമാണു കാമം. അതിനാല്‍, മോക്ഷം എന്നതു നാനാത്വത്തെ വിട്ടു് ഏകത്വത്തെ സാക്ഷാത്ക്കരിക്കലാണു്. അപ്പോള്‍ മൃത്യു അയാളെ സ്പര്‍ശിക്കുന്നില്ലഅയാള്‍ അമരനായിത്തീരുന്നു (കഠം 5.12; ശ്വേതാശ്വതരം 6.12).
വേദാന്തശാസ്ത്രത്തില്‍, അതായതു് ഉപനിഷദ്ദര്‍ശനങ്ങളിലും ഭഗവദ്ഗീതയിലും,സര്‍വ്വസാധാരണമായി ഉപയോഗിച്ചുവരുന്ന ചില അടിസ്ഥാനസംജ്ഞകളുടെ അര്‍ത്ഥവിചാരമാണു നാമിതുവരെ നടത്തിയതു്. ഉപനിഷത്-ഗീതാതത്ത്വങ്ങളുടെ യഥാര്‍ത്ഥ സന്ദേശം ഗ്രഹിക്കുവാന്‍ ഈ അര്‍ത്ഥജ്ഞാനം സഹായകമാകുമെന്നു പ്രതീക്ഷിക്കുന്നു.
source from net