Friday, December 12, 2025

ഈശ്വരന്‍ അമൂര്‍ത്ത പ്രപഞ്ചസത്യത്തിന്റെ മൂര്‍ത്തീകൃത സങ്കല്‌പം. ഈശന്‍, ഭഗവാന്‍ എന്നീ പേരുകളിലും വ്യവഹരിക്കപ്പെടുന്നു. പ്രകൃതിയുടെ വിവിധ ശക്തികളെ ദേവന്മാരായിക്കരുതി ആരാധിച്ചിരുന്ന പ്രാചീനാര്യസമ്പ്രദായത്തില്‍ നിന്നു പരിണമിച്ചാണ്‌ ഈശ്വരന്‍ എന്ന ഭാവന രൂപമെടുത്തിട്ടുള്ളത്‌. പ്രകൃതിയുടെ അദ്‌ഭുതവും അനവദ്യവുമായ സൗന്ദര്യത്തിന്റെയും സമൃദ്ധിയുടെയും മധ്യത്തില്‍ ജീവിച്ച പ്രാചീന ആര്യജനതയ്‌ക്ക്‌ ഭൗതികജീവിതത്തിലെ സംഘര്‍ഷം താരതമ്യേന ലഘുവായിരുന്നതിനാല്‍ തങ്ങളുടെ ചിന്താമണ്ഡലത്തെ അനവസാനമായി വിസ്‌തൃതമാക്കുവാന്‍ അവസരം ലഭിച്ചു. ചുറ്റുമുള്ള പ്രകൃതിയോട്‌ വൈകാരികവും ആധ്യാത്മികവുമായ ഒരു സമീപനശൈലി സ്വീകരിക്കുകയായിരുന്നു അതിന്റെ അനന്തരഫലം. ആ വഴിക്ക്‌ പ്രാഗ്‌വേദകാലത്തുതന്നെ പ്രകൃതിയിലുള്ള വസ്‌തുക്കളെ ഏതോ ഒരു അതിഭൗതികശക്തിയുടെ പ്രതീകങ്ങളായും വ്യഞ്‌ജകങ്ങളായും പരിഗണിക്കുവാനും അവര്‍ ശ്രമിച്ചു; എന്നു മാത്രമല്ല അവയ്‌ക്കു രൂപങ്ങളും ഭാവങ്ങളും കല്‌പിച്ചുകൊടുക്കുകയും ചെയ്‌തു. ഈ പ്രക്രിയയുടെ ഫലമായി പ്രാഗ്‌വേദകാലത്തുതന്നെ രൂപംകൊണ്ട ദേവതകളാണ്‌ മിത്രന്‍, വരുണന്‍, ദ്യോവ്‌, പൃഥിവി, അഗ്നി മുതലായവര്‍. ചിലപ്പോള്‍ സരളവും മറ്റു ചിലപ്പോള്‍ സങ്കീര്‍ണവുമായ കര്‍മാനുഷ്‌ഠാനങ്ങള്‍കൊണ്ട്‌ ആ ദേവതകളെ പ്രീണിപ്പിക്കുന്ന സമ്പ്രദായവും അവര്‍തന്നെ തുടങ്ങിവച്ചു. വേദകാലമായപ്പോള്‍ പ്രാഗ്‌വേദകാലദേവതകള്‍ക്കെല്ലാം അദ്‌ഭുതകരമായ ഒരു ഉന്നതസ്ഥിതി കൈവന്നു. ഈ ദേവന്മാരുടെ വൈഭവങ്ങള്‍, കൃത്യങ്ങള്‍, നിഗ്രഹാനുഗ്രഹശക്തികള്‍ എന്നിവയെക്കുറിച്ചു ജനങ്ങള്‍ക്കിടയിലുള്ള വിശ്വാസങ്ങള്‍ക്ക്‌ ദാര്‍ഢ്യം ലഭിച്ചു എന്നു സാരം. മാത്രമല്ല വൈദികകാലത്തെ ഋഷിപ്രതിമന്മാരായ ചിന്തകന്മാര്‍ക്ക്‌ ദ്യോവിന്റെയും പൃഥിവിയുടെയും ആന്തരാര്‍ഥത്തെക്കുറിച്ചു മനനം ചെയ്‌ത്‌ ഈ ദേവന്മാരെയെല്ലാം അതിശയിക്കുന്ന, കൂടുതല്‍ ഗഹനമായ ഒരു തത്ത്വത്തെക്കുറിച്ചുകൂടി സങ്കല്‌പിക്കാന്‍ സാധിച്ചു. അവര്‍ അതിനെ അദിതി എന്നും എല്ലാ ദേവന്മാരെയും അദിതിയുടെ മക്കളാണെന്ന വിവക്ഷയില്‍ ആദിത്യന്മാര്‍ എന്നും വ്യവഹരിക്കുവാന്‍ തുടങ്ങി. അഖണ്ഡം, അവ്യയം എന്നീ അര്‍ഥങ്ങളുള്ള അദിതിശബ്‌ദമുപയോഗിച്ച്‌ അങ്ങനെ ആര്യന്മാര്‍ അനാദിയും അനിര്‍വചനീയവും അനന്തവുമായ പ്രപഞ്ചതത്ത്വത്തിന്‌ ആദ്യമായി നാമകരണം ചെയ്‌തു. നിരുക്തകാരനായ യാസ്‌കന്‍ (ബി.സി. 300-200) അദിതിയെ ദേവമാതാവായി പ്രതിപാദിച്ചിട്ടുണ്ട്‌. വേദകാല-ഋഷിമാര്‍ക്ക്‌ വിവിധ ശക്തികളുടെ വിലാസരംഗമായ പ്രകൃതിയെ നിയന്ത്രിക്കുന്ന സര്‍വാതിശായിയായ ഒരു അഖണ്ഡ തത്ത്വത്തെക്കുറിച്ച്‌ സുനിശ്ചിതമായ ധാരണയുണ്ടായിരുന്നു എന്നാണ്‌ ഇതില്‍ നിന്നു തെളിയുന്നത്‌. ഈശ്വരന്‍ എന്ന സങ്കല്‌പത്തിന്റെ മുന്നോടിയായി ഇതിനെ കരുതാം. ഋഗ്വേദത്തില്‍ അദിതിദേവതയെപ്പറ്റി അത്രയധികം സൂക്തങ്ങളില്ലെങ്കിലും അദിതി, ആദിത്യന്‍ എന്നീ ശബ്‌ദപ്രയോഗങ്ങള്‍ക്കു പ്രാചുര്യമുണ്ട്‌. ""സ്വര്‍ഗം അദിതി. അന്തരീക്ഷം അദിതി. അമ്മ അദിതി. അച്ഛന്‍ അദിതി. മകന്‍ അദിതി. എല്ലാ ദേവകളും അദിതി. പഞ്ചജനങ്ങള്‍ അദിതി. ജനിച്ചതെല്ലാം അദിതി. ജനിക്കാന്‍ പോകുന്നതും അദിതി'' ഋഗ്വേദത്തില്‍ ഒന്നാം മണ്ഡലത്തിലെ 89-ാം സൂക്തത്തില്‍ 10-ാമത്തെ മന്ത്രമായ ഇതില്‍ നിന്ന്‌ അദിതിസങ്കല്‌പത്തിന്റെ വിവക്ഷിതവ്യാപ്‌തി അഭ്യൂഹിക്കാവുന്നതാണ്‌. ഈ ആശയത്തില്‍ നിന്ന്‌ ആവേശമുള്‍ക്കൊണ്ട്‌ പുരാണകര്‍ത്താക്കന്മാര്‍ ദേവന്മാരുടെ ഉദ്‌ഭവത്തെയും മറ്റും പറ്റി രസകരങ്ങളായ പല കഥകളും പില്‌ക്കാലത്തു കെട്ടിച്ചമച്ചിട്ടുണ്ട്‌. ഋഗ്വേദഋഷികള്‍ ക്രമേണ പ്രപഞ്ചത്തെ ദ്യുലോകം, ഭുവര്‍ലോകം (അന്തരീക്ഷം), ഭൂലോകം എന്നിങ്ങനെ മൂന്നു മണ്ഡലങ്ങളായി വിഭജിക്കുകയും സൂര്യന്‍, ഇന്ദ്രന്‍ (ചിലപ്പോള്‍ വായു), അഗ്നി എന്നിവരെ ക്രമത്തില്‍ ഇവയുടെ അധിദേവതകളായി വാഴ്‌ത്തുകയും ചെയ്‌തു. അങ്ങനെ പ്രധാനദേവതകള്‍ മൂന്നായി. വിവിധ പ്രകൃതിശക്തികളെ കണക്കിലെടുത്ത്‌ ഇവയുടെ എച്ചം പിന്നീട്‌ 33 ആയി. വസുക്കള്‍ 8, രുദ്രന്മാര്‍ 11, ആദിത്യന്മാര്‍ 12, ദ്യോവ്‌, പൃഥിവി എന്നിങ്ങനെ (ശതപഥ ബ്രാഹ്മണം IV-5.7.2). ഋഗ്വേദത്തില്‍ ഒരിടത്ത്‌ ഈ സംഖ്യ 3339 ആയിത്തീര്‍ന്നു. ""ആയിരം മൂന്നു, മൂന്നു നൂര്‍, മുപ്പത്തി- യൊമ്പതുമുമ്പര്‍ പൂജിച്ചിതഗ്നിയെ നെയ്യു തൂകിനാര്‍: ദര്‍ഭ തൂര്‍ത്തുവിരി ച്ചങ്ങിരുത്തിനാരീ, ഹോമകാരനെ'' ( III-9, 9) ഈ മൂവായിരത്തിലധികം ദേവന്മാരെക്കൊണ്ട്‌ മുപ്പത്തിമൂന്നു ദേവന്മാരുടെ പ്രഭാവത്തെയാണു പ്രകീര്‍ത്തിക്കുന്നത്‌ എന്ന്‌ സായണന്‍ തന്റെ വ്യാഖ്യാനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ഈ സംഖ്യയാണ്‌ പിന്നീടു വികസിച്ച്‌ മുപ്പത്തിമൂന്നുകോടിയായത്‌. പ്രകൃതിയുടെയും മനുഷ്യജീവിതത്തിന്റെയും പലതരത്തിലുള്ള വശങ്ങളെയും വെണ്ണേറെ കണക്കാക്കി വെണ്ണേറെ പേര്‍ കൊടുത്തു വ്യവഹരിക്കാന്‍ ഉദ്ദേശിച്ചതിന്റെ ഫലമായിട്ടാണ്‌ അവിശ്വസനീയമായ വിധം ദേവതാസംഖ്യ വര്‍ധിച്ചിട്ടുള്ളത്‌. എങ്കിലും ഒന്നു തന്നെയാണ്‌ മൂന്നായി, മുപ്പത്തിമൂന്നായി, മൂണ്ണായിരത്തിമുന്നൂറ്റിമുപ്പത്തൊമ്പതായി, മുപ്പത്തിമൂന്നുകോടിയായി പരിണമിച്ചിട്ടുള്ളത്‌ എന്ന ആന്തരതത്ത്വം വേദകാലഋഷികളും വേദവ്യാഖ്യാതാക്കളും ഒരിക്കലും വിസ്‌മരിച്ചിട്ടില്ല. എക്കാലത്തും മനുഷ്യസമുദായത്തിലെ അംഗങ്ങള്‍ ഒരേ ബൗദ്ധിക നിലവാരത്തില്‍പ്പെട്ടവരല്ല. ചിലര്‍ അതിബുദ്ധിമാന്മാരും അതിപ്രതിഭാശാലികളുമാണെങ്കില്‍ ഭൂരിപക്ഷം ജനങ്ങളും മന്ദപ്രജ്ഞന്മാരായിരിക്കും. ഈ ഭൂരിപക്ഷം ജനങ്ങള്‍ പ്രതിഭാസമ്പന്നമായ ന്യൂനപക്ഷത്തിന്റെ ആദര്‍ശങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കുമനുസരിച്ചു ജീവിതം നയിക്കുന്നവരാണ്‌. ""യദ്‌ യദാചരതി ശ്രഷ്‌ഠഃ തത്തദേവേതരേ ജനാഃ'' (ഭ.ഗീ. III-21) എന്ന പ്രമാണം എന്നും അര്‍ഥവത്താണ്‌. ഋഗ്വേദ സംഹിതകള്‍ പല കാലങ്ങളിലായി വളര്‍ന്നു രൂപം കൊണ്ടവയാകയാലും അവയിലെ സൂക്തങ്ങളുടെ കര്‍ത്താക്കന്മാര്‍ അനേകം ഋഷികളാകയാലും ഓരോ ഋഷിയും അവരവരുടെ രുചിഭേദമനുസരിച്ചുള്ള ദേവതകള്‍ക്കു പ്രാമുഖ്യവും പ്രാമാണ്യവും നല്‌കിയതിനാലും ഇഷ്‌ടദേവത എന്ന ഒരു ശൈലി ജനങ്ങള്‍ക്കിടയില്‍ പ്രചരിതമായി. ഋഗ്വേദദേവതകളില്‍ പലരും പലരുടെയും ഇഷ്‌ടദേവതക ളായും ആ ഇഷ്‌ടദേവതകള്‍ അതതു ജനങ്ങളുടെ ദൃഷ്‌ടിയില്‍ സര്‍വേശ്വരന്മാരായും പരിണമിച്ചു. ഇങ്ങനെയുണ്ടായ പല സര്‍വേശ്വരന്മാരുടെയും സങ്കല്‌പങ്ങളെ സമന്വയിപ്പിക്കുന്നതിനുള്ള പ്രക്രിയയും ഋഗ്വേദകാലത്തു നടന്നിട്ടുള്ളതായി താഴെപ്പറയുന്ന സൂക്തത്തില്‍ നിന്നു മനസ്സിലാക്കാം. ""ആദിത്യനെ ഇന്ദ്രനെന്നും മിത്രനെന്നും വരുണനെ ന്നും അഗ്നിയെന്നും പറയുന്നു. വാനത്തു വടിവില്‍ പറക്കുന്ന ഗരുഡനും അദ്ദേഹം തന്നെ.മേധാവികള്‍ ഒന്നിനെ പലതായിപ്പറകയാണ്‌. വൈദ്യുതാഗ്നി, യമന്‍, വായു എന്നിവരും അദ്ദേഹമത്ര'' (E. th. I-164, 46) ഈ മന്ത്രത്തില്‍ ആത്യന്തികമായ പ്രപഞ്ചതത്ത്വം ബ്രഹ്മതത്ത്വമായും (സത്തായും) പരമാത്മാവായും സമന്വയിക്കപ്പെട്ടിരുന്നു. മനുഷ്യാത്മാവിന്റെയും-ദേവന്മാരുടെയും പരമാത്മാവിന്റെയും ഏകത്വം ഇവിടെ സൂചിതമായിട്ടുണ്ടെന്ന്‌ സായണന്‍ അഭിപ്രായപ്പെടുന്നുണ്ട്‌. വൈദിക-ഋഷികള്‍ തങ്ങളുടെ അഭൗതിക പ്രപഞ്ചരഹസ്യാന്വേഷണത്തിനിടയില്‍ ഈ ദൃശ്യപ്രപഞ്ചത്തിന്റെ സ്രഷ്‌ടാവായി ഒരു ശക്തിയെ കണ്ടെത്തിയത്‌ മറ്റൊരു പ്രധാന സംഭവമാണ്‌. പ്രപഞ്ചസൃഷ്‌ടി എന്ന ആശയമുദിച്ചതോടുകൂടി സൃഷ്‌ടികര്‍ത്താവായി ഒരു പ്രപഞ്ച മനസ്‌തത്ത്വത്തെ (ഹിരണ്യ ഗര്‍ഭനെ, വിശ്വകര്‍മാവിനെ) അവര്‍ സങ്കല്‌പിച്ചു. അത്രയുമായപ്പോള്‍ പ്രപഞ്ചത്തിന്റെ നിമിത്തകാരണവും ഉപാദാനകാരണവും തമ്മില്‍ ഒരിടയ്‌ക്ക്‌ ആശയസംഘട്ടനമുണ്ടായതായി ഋഗ്വേദത്തില്‍ തെളിവുകളുണ്ട്‌. ഈ രണ്ടാശയങ്ങളും വിശദമാക്കുന്ന സൂക്തങ്ങള്‍ താഴെ കൊടുക്കുന്നു: "തന്തിരുവടി നമ്മുടെ അച്ഛനാണ്‌; രക്ഷിതാവാണ്‌. വിധാ താവായ തന്തിരുവടിക്കറിയാം തേജഃസ്ഥാനങ്ങളും സര്‍വഭുവനങ്ങളും. തന്തിരുവടി ഏകനായിത്തന്നെ ദേവന്മാര്‍ക്കു പേരിട്ടു. തന്തിരുവടിയെ മറ്റുഭൂതങ്ങള്‍ ചോദിക്കുന്നു. (X-83, 3). "വിശ്വദര്‍ശിയായ വിശ്വകര്‍മാവ്‌ മഹത്ത്വത്താല്‍ ഭൂമിയെ നിര്‍മിച്ചു; ദ്യോവിനെയും സൃഷ്‌ടിച്ചുവല്ലോ. അതിന്‌ എന്താണടിസ്ഥാനം ? എന്തൊരു വസ്‌തുകൊണ്ടുണ്ടാക്കി ? എങ്ങനെ ഉണ്ടായി ?' "എല്ലാടത്തും കച്ചും എല്ലാടത്തും മുഖവും എല്ലാടത്തുംകയ്യും എല്ലാടത്തും കാലുമുള്ള ഏകനായ ദേവന്‍ കൈകള്‍ കൊണ്ട്‌ (ദ്യോവിനെ) പരത്തി, കാലുകള്‍കൊണ്ട്‌ ഭൂവിനെ സൃഷ്‌ടിച്ചു'. "വാനൂഴികളെ യാതൊന്നില്‍നിന്നു പണിതുവോ ആ കാടേതായിരിക്കും ? ആ മരം എന്തായിരിക്കും ? ബുദ്ധിമാന്മാരേ, ഇതു മനസ്സുകൊണ്ടു ചോദിക്കുവിന്‍, ഭുവനങ്ങളെ താങ്ങിക്കൊണ്ട്‌ എവിടെ വാണരുളുന്നു എന്നും ?' (X-82, 2,3,4). ഇപ്രകാരം ഋഗ്വേദവും മറ്റു വേദങ്ങളും അവയുടെ വ്യാഖ്യാനങ്ങളായ ബ്രാഹ്മണങ്ങളും പരിശോധിച്ചാല്‍ വേദകാലചിന്തകന്മാര്‍ പ്രപഞ്ചരഹസ്യത്തെ മൂന്നു വിധത്തില്‍ ഉദ്‌ഘാടനം ചെയ്യുന്നതിനു പരിശ്രമിച്ചതായി തെളിയുന്നുണ്ട്‌-ദൈവശാസ്‌ത്രപരം, അധ്യാത്മപരം, മനശ്ശാസ്‌ത്രപരം എന്നിങ്ങനെ. ഗാഢമായ ഭക്തിയുടെയും സഹജാവബോധ(intuition)ത്തിന്റെയും ഫലമായി അവര്‍ക്ക്‌ സര്‍വാന്തര്യാമിയും സര്‍വശക്തനുമായ ഒരു പരമതത്ത്വത്തെ സര്‍വത്തിനും അധിഷ്‌ഠാനമായി സങ്കല്‌പിക്കുവാന്‍ സാധിച്ചു എന്നതാണ്‌ അതിപ്രധാനമായ സംഗതി. പ്രപഞ്ചം തന്നെ ആ ശക്തിയുടെ സ്വരൂപമെന്ന നിലയില്‍, അതിന്‌ പരമപുരുഷന്‍ എന്ന സംജ്ഞയും അവര്‍ നല്‌കിയിട്ടുണ്ട്‌. "ആയിരം തലയും ആയിരം കച്ചും ആയിരം കാലുമുള്ള ആ പുരുഷന്‍ ബ്രഹ്മാണ്ഡമാകെ ചൂഴ്‌ന്ന്‌ പത്തുവിരല്‍ കവിഞ്ഞു നില്‍ക്കുന്നു. ആ പുരുഷന്‍ തന്നെയാണ്‌ ഉള്ളതും ഉണ്ടാകാന്‍ പോകുന്നതുമായ ജഗത്തൊക്കെ. അമൃതത്വത്തിന്റെ ഉടയവനുമാകുന്നു. അന്നത്തിന്നായി വെളിപ്പെടുന്ന അദ്ദേഹം.' "അത്രയ്‌ക്കുണ്ട്‌ പുരുഷന്റെ മഹത്ത്വം. എന്നാല്‍ അതിലും മീതെയാണ്‌ അദ്ദേഹം. ഈ ഭുവനമെല്ലാം അദ്ദേഹത്തിന്റെ കാലംശം മാത്രമാണ്‌. അദ്ദേഹത്തിന്റെ മുക്കാലംശം ദ്യോവിങ്കലാകുന്നു' (X-90, 1,2,3). ഈ ഉദ്ധൃതഭാഗങ്ങളില്‍നിന്ന്‌ നാമരൂപാത്മകമായ ഈശ്വരാംശം പ്രപഞ്ചവും അഭൗതികമായ ഈശ്വരാംശം സര്‍വവ്യാപിയും സര്‍വാതിശായിയുമാണെന്ന്‌ അവര്‍ സിദ്ധാന്തിക്കുന്നതായി പരിഗണിക്കാം. വൈദികസാഹിത്യത്തിന്റെ അന്ത്യദശയിലെ കൃതികളായ ഉപനിഷത്തുക്കളില്‍ ക്രിയാകാണ്ഡാതീതമായ കാര്യങ്ങള്‍ക്കും ചിന്തകള്‍ക്കും പ്രാമുഖ്യം വന്നതോടുകൂടി ഈശ്വരസങ്കല്‌പത്തിന്‌ ദാര്‍ശനികമായ ഒരു പരിവേഷം വന്നുചേര്‍ന്നു. അമൂര്‍ത്തമായ പ്രപഞ്ചതത്ത്വം ബ്രഹ്മമെന്നും, സമൂര്‍ത്തമായത്‌ ഈശ്വരനാണെന്നും, ഈശ്വരന്റെ ക്രിയാശക്തി മായയെന്നും വ്യവഹരിക്കപ്പെടുവാന്‍ തുടങ്ങി. ഈ മായാസങ്കല്‌പത്തിനു പിന്നില്‍ ഭാരതത്തിലെ പ്രാഗ്‌-ആര്യ സംസ്‌കാരത്തിന്റെ സംഭാവനയുമുള്ളതായി വിചാരിക്കണം. എന്തുകൊണ്ടെന്നാല്‍ പ്രപഞ്ചത്തിന്റെ അധിദേവതയായി ഒരു ദേവിയെക്കുറിച്ച്‌-ശക്തിയെക്കുറിച്ചുള്ള ഭാവന ആര്യാഗമനത്തിനുമുമ്പുതന്നെ ഭാരതത്തില്‍ നിലവിലുണ്ടായിരുന്നു. ഈ ഭാവനയില്‍ കൗതുകാവിഷ്‌ടരായ വേദകാലഋഷികള്‍ അതിനെ സ്വാംശീകരിക്കാന്‍ മടിച്ചില്ല. അതിന്റെ ഫലമായി ഋഗ്വേദത്തില്‍ ദേവീസൂക്തം സ്ഥലം പിടിച്ചു: "ഞാന്‍ രുദ്രരായും വസുക്കളായും സഞ്ചരിക്കുന്നു. ഞാന്‍ ആദിത്യരായും വിശ്വദേവതകളായും സഞ്ചരിക്കുന്നു. മിത്രാവരുണരിരുവരെ ഞാന്‍ വഹിക്കുന്നു. ഞാന്‍ ഇന്ദ്രാഗ്നികളെയും ഞാന്‍ അശ്വിനികളിരുവരെയും വഹിക്കുന്നു...' "ഞാന്‍ രാജ്ഞിയാണ്‌. ധനം കിട്ടിക്കുന്നവളാണ്‌. അറിഞ്ഞവളാണ്‌. യജ്ഞാര്‍ഹരില്‍ മുഖ്യയുമാണ്‌. ബഹുരൂപവും സത്തുക്കളില്‍ ഉള്‍പ്പുക്കവളുമായ ആ എന്നെത്തന്നെയാണ്‌ ബഹുപ്രദേശങ്ങളില്‍ ദേവന്മാര്‍ അനുഷ്‌ഠിച്ചു പോരുന്നത്‌.' "ഭക്ഷിക്കുന്നതെന്നെക്കൊണ്ട്‌; കാണുന്നതെന്നെക്കൊണ്ട്‌. ശ്വസിക്കുന്നതെന്നെക്കൊണ്ട്‌; ശബ്‌ദം കേള്‍ക്കുന്നതെന്നെക്കൊണ്ട്‌. ആ എന്നെ അറിയാത്തവര്‍ നശിച്ചുപോകും...' "...ദേവകളാലും മനുഷ്യരാലും സേവിക്കപ്പെട്ട വസ്‌തുവായ ഞാന്‍ എനിക്ക്‌ ആരിലാരില്‍ ഇച്ഛതോന്നുന്നുവോ അവനെയവനെ ഉയര്‍ത്തും, അവനെ ബ്രഹ്മാവാക്കും, ഋഷിയാക്കും, സുപ്രജ്ഞനാക്കും.' "ഞാനാണ്‌ രുദ്രന്‌ ബ്രഹ്മദ്വേഷിയായ ഹിംസകനെ (ത്രിപുരാസുരനെ) കൊല്ലാന്‍ വില്ലു കുലച്ചത്‌. ഞാനാണ്‌ ആളുകള്‍ക്കു വേണ്ടി യുദ്ധം ചെയ്യുന്നത്‌. ഞാനാണ്‌ വാനൂഴികളുടെ ഉള്ളിലിരിക്കുന്നത്‌.' (X-125) പരമാത്മാവായ ഈശ്വരന്‌ ശക്തിസ്വരൂപിണിയായ ദേവിയുടെ സഹായം കൂടാതെ സൃഷ്‌ടിസ്ഥിതിസംഹാരങ്ങള്‍ സാധ്യമല്ല എന്ന ആശയം ഈ ദേവീസൂക്തത്തില്‍ പ്രസ്‌പഷ്‌ടമാണ്‌. സൃഷ്‌ടിക്കുമ്പോള്‍ ഈശ്വരനില്‍ വാഗ്‌ ശക്തിയും രക്ഷിക്കുമ്പോള്‍ ലക്ഷ്‌മിയും സംഹരിക്കുമ്പോള്‍ ദുര്‍ഗയും അധികാരം ചെലുത്തുന്നു. ശക്തി ഈശ്വരിയാണ്‌; എല്ലാ ജീവത്സത്തയുടെയും ഉത്‌പത്തിസ്ഥാനവും ആധാരവും അന്തിമമായ പ്രാപ്യസ്ഥാനവുമാണ്‌. ഈ ഐശ്വര്യശക്തിയാണ്‌ ഉപനിഷത്‌സാരഭൂതമായ ഭഗവദ്‌ഗീതയിലും അദ്വൈതദര്‍ശനത്തിലും മായ എന്ന പേരില്‍ പിന്നീടു വ്യവഹൃതമായത്‌. അങ്ങനെ ഈശ്വരന്‍ മായയോടു കൂടിയവനായി-മായിയായി. ""മായാം തു പ്രകൃതിം വിദ്യാത്‌ മായിനം തു മഹേശ്വരം.'' ഭഗവദ്‌ഗീതയില്‍ ഉപനിഷത്‌പ്രതിപാദിതമായ പ്രപഞ്ചതത്ത്വത്തെ പല വിധത്തിലും പ്രതിപാദിച്ചിട്ടുണ്ട്‌-ചിലപ്പോള്‍ നിര്‍ഗുണന്‍, നിരാകാരന്‍ എന്ന നിലയില്‍, മറ്റു ചിലപ്പോള്‍ സഗുണന്‍, നിരാകരന്‍ എന്ന നിലയില്‍, വേറെ ചിലപ്പോള്‍ സഗുണന്‍, സാകാരന്‍ എന്ന നിലയില്‍. ഈശ്വരന്‍ സഗുണനാണ്‌, നിര്‍ഗുണനാണ്‌, രണ്ടിലും കവിഞ്ഞ ഒരു അനിര്‍വചനീയ തത്ത്വമാണ്‌ എന്നുള്ള സങ്കല്‌പങ്ങളെല്ലാം ഗീതയില്‍ പലേടങ്ങളിലായി വര്‍ണിച്ചിരിക്കുന്നു. ഉപനിഷത്തുക്കളില്‍ ഘോഷിക്കപ്പെടുന്ന അനാദ്യന്തവും അവ്യവച്ഛേദ്യവും തന്മൂലം അനിര്‍വചനീയവുമായ നിര്‍ഗുണബ്രഹ്മം ഗീതയ്‌ക്കും തികച്ചും സമ്മതമാണെങ്കിലും ഈദൃശ പ്രതിപാദനത്തിന്‌ അതില്‍ പ്രമാണ്യമുണ്ടെങ്കിലും, ഭൂരിപക്ഷം ജനങ്ങള്‍ക്കും പ്രയോജനപ്രദമായ രീതിയില്‍ സഗുണബ്രഹ്മത്തെ അവതരിപ്പിക്കുവാനും പ്രചരിപ്പിക്കുവാനുമാണ്‌ അതു കൂടുതല്‍ പ്രയത്‌നിച്ചിട്ടുള്ളത്‌. സഗുണമെന്നതുകൊണ്ട്‌ കേവലം സാകാരമെന്നല്ല, നിരാകാരസഗുണമായ പ്രപഞ്ചസത്യത്തെയാണ്‌ വിവക്ഷിക്കുന്നത്‌. ഈ തത്ത്വത്തെ ഗീത ഈശ്വരശബ്‌ദം കൊണ്ടു വ്യവഹരിക്കുന്നു. അറിവ്‌, ഇച്ഛ, പ്രമം തുടങ്ങിയ എല്ലാ മനുഷ്യഗുണങ്ങളും ഈശ്വരനില്‍ ആരോപിക്കപ്പെടുന്നുണ്ട്‌. എങ്കിലും മനുഷ്യന്റെ പരിമിതികളൊന്നുമില്ലാത്ത ഒന്നാണ്‌ ഗീതയിലെ ഈശ്വരന്‍. ഉദാഹരണമായി മനുഷ്യന്‍ ജ്ഞാനമുള്ളവനാണ്‌; പക്ഷേ ഈശ്വരന്‍ സര്‍വജ്ഞനാണ്‌. നിര്‍ഗുണ നിരാകാരമായ പ്രപഞ്ചതത്ത്വം സാമാന്യമനുഷ്യന്റെ ഭാവനയ്‌ക്ക്‌ അതീതമാകയാല്‍ അത്‌ ഉള്‍ക്കൊള്ളുവാനോ, വ്യവച്ഛേദിച്ചു പറയുവാനോ ഭാവിക്കുമ്പോള്‍ അവന്റേതായ പരിമിതികള്‍ അതില്‍ ആരോപിക്കുക എന്നത്‌ സ്വാഭാവികം മാത്രമാണ്‌; അങ്ങനെ അത്‌ സഗുണമായ തത്ത്വമായി-ഈശ്വരനായി പ്രതിപാദിക്കപ്പെടുകയും ചെയ്യുന്നു. സച്ചിദാനന്ദസ്വരൂപനായ ഈശ്വരന്‍ എന്ന സങ്കല്‌പം ഇപ്രകാരം പരിണമിച്ചുണ്ടായതാണ്‌. മനുഷ്യനിലെ "അഹം' എന്ന ബോധം നിലനില്‌ക്കുന്നിടത്തോളം ആത്മാവ്‌, പ്രകൃതി, ഈശ്വരന്‍ എന്നീ മൂന്നു തത്ത്വങ്ങള്‍ വേറെ വേറെയായി ഉണ്ടായിരിക്കുമെങ്കിലും ഈ മൂന്നും നിര്‍ഗുണബ്രഹ്മത്തിന്റെ പ്രാതിഭാസികമായ മൂന്നു ഭാവങ്ങള്‍ മാത്രമാണ്‌. "അഹം' വിലയിക്കുന്നതോടുകൂടി ഈ മൂന്നും മാഞ്ഞുപോവുകയും ഒരേ ഒരു നിര്‍ഗുണതത്ത്വമായിത്തീരുകയും ചെയ്യുന്നു. ജ്ഞാനമാത്രാത്മകമായ ബ്രഹ്മതത്ത്വം അപ്പോള്‍ അനുഭൂതിവിഷയമാകുന്നതാണ്‌. ആകയാല്‍ നിര്‍ഗുണവും സഗുണവും, നിരാകാരവും സാകാരവും, നിരുപാധികവും സോപാധികവുമായ സങ്കല്‌പങ്ങള്‍ ഒരേ തത്ത്വത്തെക്കുറിച്ചുള്ള രണ്ടു സങ്കല്‌പങ്ങള്‍ മാത്രമാണെന്നു വന്നു ചേരുന്നു. തീയിനെയും അതിന്റെ ദാഹകശക്തിയെയും വേര്‍തിരിച്ചു കാണുവാനോ പറയുവാനോ ശക്യമല്ലാത്തതുപോലെ ബ്രഹ്മ-ഈശ്വരഭാവനകള്‍ പരസ്‌പരാഭിന്നങ്ങളാണ്‌. നിഷ്‌ക്രിയഭാവത്തിലുള്ള ബ്രഹ്മം സക്രിയഭാവത്തില്‍ പ്രപഞ്ചത്തിന്റെ സൃഷ്‌ടിസ്ഥിതിസംഹാരകാരകന്‍ ആയും, അച്ഛന്‍, അമ്മ, സഖാവ്‌, പ്രഭു, ആശ്രയം, നിലയം, രക്ഷാസങ്കേതം, ലക്ഷ്യം എന്നിങ്ങനെ എല്ലാമായും സങ്കല്‌പിക്കപ്പെട്ടിരിക്കുകയാണ്‌. ഈശ്വരന്‍ അവ്യക്തമൂര്‍ത്തിയായ ബ്രഹ്മമായി പ്രപഞ്ചം മുഴുവനും വ്യാപിച്ചിരിക്കുന്നു. ""മയാ തതമിദം സര്‍വം ജഗദവ്യക്തമൂര്‍ത്തിനാ മത്‌സ്ഥാനി സര്‍വഭൂതാനി നചാഹം തേഷ്വവസ്ഥിതഃ. ഈശ്വരഃസര്‍വഭൂതാനാം ഹൃദ്ദേശേളര്‍ജുന തിഷ്‌ഠതി ഭ്രാമയന്‍ സര്‍വഭൂതാനി യന്ത്രാരൂഢാനി മായയാ.'' ""മത്തഃ പരതരം നാന്യത്‌ കിഞ്ചിദസ്‌തി ധനഞ്‌ജയ! മയി സര്‍വമിദം പ്രാതം സൂത്ര മണിഗണാ ഇവ.'' (ഭഗവദ്‌ഗീത) സര്‍വാതിശായിയും സര്‍വന്തര്യാമിയുമായ ഈശ്വരന്‍ ജഗത്തിന്റെ നിമിത്തകാരണം മാത്രമല്ല ഉപാദാനകാരണവുമാണെന്നുള്ള ആശയത്തിന്‌ ഇപ്രകാരം ദൃഢത കൈവരികയും അതുവഴി ഓരോ പദാര്‍ഥവും അതിന്റെ സാരാംശവും ഈശ്വരനല്ലാതെ മറ്റൊന്നുമല്ലെന്നു പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്‌തു. എല്ലാ ഭൂതങ്ങളും ഈശ്വരനില്‍ സ്ഥിതി ചെയ്യുന്നു., എന്നാല്‍ ഈശ്വരന്‍ ഒന്നിലുമില്ല മുതലായ വാദമുഖങ്ങള്‍ക്കെല്ലാം ആധാരം ഈശ്വരനെക്കുറിച്ചുള്ള ഈ നവീന ഭാവനകളാണ്‌. സകലാശ്രയമായ ഈശ്വരനെ സര്‍വാത്മനാ ശരണീകരിക്കുന്നവന്‌ മായാകാര്യതിരോഹിതമായ ഈ ദിവ്യരഹസ്യം ഈശ്വരാനുഗ്രഹത്താല്‍ ഉദ്‌ഘാടിതമാവുകയും അനുഭവൈകവേദ്യമാവുകയും ചെയ്യുന്നു എന്നു ഭഗവദ്‌ഗീത സമര്‍ഥിക്കുന്നു. പ്രപഞ്ചം ഈശ്വരന്റെ തന്നെ ഒരു പ്രത്യക്ഷ രൂപമാകയാല്‍ അതിലെ വസ്‌തുക്കളെല്ലാം തത്‌പ്രതീകങ്ങളാണ്‌. ഏതിനെ വേണമെങ്കിലും ധ്യാനവിഷയമാക്കാം. എങ്കിലും ഐശ്വര്യമായ അംശത്തിന്‌ വസ്‌തുവിന്റെ നിലയനുസരിച്ച്‌ ഏറ്റക്കുറച്ചിലുണ്ടായിരിക്കും. ഓരോ മണല്‍ത്തരിയിലും തൃണാങ്കുരത്തിലും സമുന്നതവൃക്ഷത്തിലും പക്ഷിയിലും മറ്റു തിര്യക്കുകളിലും മനുഷ്യനിലും ഈശ്വരാംശമുണ്ടെങ്കിലും താരതമ്യേന അതു കൂടുതലായിട്ടുള്ളത്‌ മനുഷ്യനിലാണ്‌. ഈശ്വരന്റെ സൃഷ്‌ടിക്രമത്തിലാണ്‌ അതിനുള്ള കാരണം തേടേണ്ടത്‌. ""സൃഷ്‌ട്വാ പുരാ ഹി ഭഗവാനജയാത്മശക്ത്യാ വൃക്ഷാന്‍ സരിസൃപപശൂന്‍ ഖഗദംശമത്സ്യാന്‍ തൈസ്‌തൈരതുഷ്‌ടഹൃദയഃ പുരുഷം വിധായ ബ്രഹ്മാവലോകനിപുണം മുദമാപ ദേവഃ'' മത്സ്യവൃക്ഷപക്ഷിമൃഗാദികളെ സൃഷ്‌ടിച്ച്‌ അവയില്‍ തൃപ്‌തി തോന്നാത്ത ദേവന്‍ (ഈശ്വരന്റെ പര്യായം) ബ്രഹ്മവാലോകനിപുണനായ മനുഷ്യനെ ചമച്ച്‌ സന്തുഷ്‌ടനായി എന്നര്‍ഥം. ഭാഗവതത്തില്‍ പ്രസ്‌തുതാശയം ഇപ്രകാരം പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്‌. മനുഷ്യനില്‍ മൃഗാപേക്ഷയാ ഈശ്വരാംശം കൂടാമെങ്കില്‍ ഒരു ഉത്‌കൃഷ്‌ട മനുഷ്യനില്‍ അതിനു പിന്നെയും ആധിക്യമുണ്ടാകാന്‍ വഴിയുണ്ട്‌. അങ്ങനെയാണ്‌ അസാധാരണ വൈഭവശാലികളായ രാമ, കൃഷ്‌ണാദികളില്‍ അവതാരബുദ്ധിയുണ്ടാകുവാനും ഈശ്വരന്‍ മനുഷ്യസമൂഹത്തെ ഉദ്ധരിക്കുന്നതിന്‌ പലപ്പോഴും മനുഷ്യനായി അവതരിക്കുന്നു എന്ന ചിന്താഗതി ഉടലെടുക്കുവാനും ഇടയായത്‌. മത്സ്യം, കൂര്‍മം, വരാഹം, നരസിംഹം,വാമനന്‍, പരശുരാമന്‍, ബലരാമന്‍, കല്‌ക്കി എന്നിവര്‍ അംശാവതാരങ്ങളായും രാമ, കൃഷ്‌ണന്‍മാര്‍ പൂര്‍ണാവതാരങ്ങളായും വ്യാഖ്യാനിക്കപ്പെടുന്നത്‌ ഇവരുടെ ഭൂലോകജീവിതത്തെയും സിദ്ധിയെയും വൈഭവത്തെയും കര്‍മമഹിമയെയും നിര്‍ണയിച്ചുകൊണ്ടാണ്‌. രാമ, കൃഷ്‌ണാവതാരങ്ങളെ സംബന്ധിച്ചിടത്തോളം അവതാരവും അവതാരിയും തമ്മിലുള്ള ഭേദഭാവനയില്ല. അവരെ ഹിന്ദുമതവിശ്വാസികള്‍ സാക്ഷാത്‌ ഈശ്വരനായും പരബ്രഹ്മത്തിന്റെ- നിര്‍ഗുണബ്രഹ്മത്തിന്റെ-സഗുണരൂപമായും കാണുന്നുണ്ട്‌. കാര്യവിവേചനമില്ലാത്തവര്‍ അവതാരത്തെ അവമതിക്കുന്നു എന്ന്‌ ഗീതയില്‍ ഒരിടത്ത്‌ കൃഷ്‌ണന്‍ പറയുന്നു. ""അവജാനന്തി മാം മൂഢാഃ മാനുഷീം തനുമാശ്രിതം, പരം ഭാവമജാനന്തോ മമ ഭൂതമഹേശ്വരം.'' ഈശ്വരന്റെ വിഭൂതികളെപ്പറ്റിയും അവതാരങ്ങളെപ്പറ്റിയും അവതാരമാഹാത്മ്യത്തെപ്പറ്റിയും ഗീതയില്‍ പ്രത്യേകം വര്‍ണിച്ചിട്ടുണ്ട്‌. ഈ ചിന്താഗതി ഗീതയില്‍ നിന്നു ബഹുജനങ്ങളിലേക്കു സംക്രമിച്ചതു കൊണ്ടാണ്‌, വാല്‌മീകി പുരുഷോത്തമനായി മാത്രം അവതരിപ്പിച്ച രാമനെ മതവിശ്വാസികള്‍ ഈശ്വരനായി ആരാധിക്കുവാന്‍ തുടങ്ങിയത്‌. ഈ അവതാരഭാവം മനുഷ്യരാശിക്കിടയില്‍ ഉദയം ചെയ്‌തിട്ടുള്ള മറ്റു മഹാപുരുഷന്മാരിലും ആരോപിക്കുക എന്ന ഒരു സ്വഭാവം തന്നെ ഈ ഗീതാസിദ്ധാന്തം ഇവിടെ പ്രചരിച്ചതുകൊണ്ടാണ്‌. ഷഡ്‌ദര്‍ശനങ്ങളില്‍വച്ച്‌ പ്രഥമസ്ഥാനം നല്‌കപ്പെടാവുന്ന സാംഖ്യത്തില്‍ പ്രപഞ്ചം സത്വ രജസ്‌ തമോഗുണാത്മകമാണെന്നു വര്‍ണിക്കപ്പെട്ടിട്ടുണ്ട്‌. ഈ സിദ്ധാന്തത്തെ സ്വാംശീകരിച്ച്‌ പുരാണകര്‍ത്താക്കളും മറ്റും ഈശ്വരനിലും ത്രിഗുണാത്മകത്വം കാണുന്നതിനുള്ള കൗതുകം പ്രദര്‍ശിപ്പിച്ചിട്ടുള്ളതുമൂലം രജഃപ്രധാനനായ ബ്രഹ്മാവ്‌, സത്വപ്രധാനനായ വിഷ്‌ണു, തമഃപ്രധാനനായ രുദ്രന്‍ എന്നിങ്ങനെ ത്രിമൂര്‍ത്തിസങ്കല്‌പം പ്രചരിച്ചു. ഇപ്രകാരം പ്രാഗ്‌-ആര്യസംസ്‌കാരത്തിന്റെയും ആര്യസംസ്‌കാരത്തിന്റെയും ഭാഗങ്ങള്‍ ഉള്‍ക്കൊണ്ടു വളര്‍ന്ന ഉദാത്തമായ ഒരു സങ്കല്‌പമാണ്‌ ഈശ്വരന്‍. ഒന്നു മുതല്‍ മുപ്പത്തിമൂന്നുകോടി വരെയും മുപ്പത്തിമൂന്നുകോടി മുതല്‍ ഒന്നു വരെയും വൈദിക-പൗരാണിക സാഹിത്യങ്ങളില്‍ പരാമൃഷ്‌ടമായ പ്രപഞ്ചതത്ത്വം ഒന്നുതന്നെയായി സമന്വയിപ്പിക്കുന്നതിലും ഹിന്ദുമതാചാര്യന്മാര്‍ പരിശ്രമിക്കുകയും ഭിന്നരുചികളായ ജനങ്ങളെ പ്രീണിപ്പിക്കുന്നതിലും ഈശ്വരോപാസനോന്മുഖരാക്കുന്നതിലും വിജയിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഭഗവാന്‍ എന്ന പദം ഈശ്വരന്റെ പര്യായമായി ഉപയോഗിക്കുന്നു. ""ഐശ്വര്യസ്യ സമഗ്രസ്യ വീരസ്യ യശസഃ ശ്രിയഃ ജ്ഞാനവൈരാഗ്യയോശ്ചൈവ ഷച്ചാം ഭഗ ഇതീരണാ.'' "ഭഗഃ അസ്യാസ്‌തി ഇതി ഭഗവാന്‍.' ഭഗമുള്ളവന്‍ ഭഗവാന്‍ എന്നര്‍ഥം. ഈശ്വരനില്‍ ആരോപിക്കപ്പെട്ടിട്ടുള്ള സമഗ്ര ഗുണഗ്രാമവും ഇതില്‍ ഒതുങ്ങിയിട്ടുണ്ട്‌. ഈശന്‍ എന്നതിന്‌ ഈശ്വരന്‍ (നിയന്താവ്‌) എന്ന പദത്തിന്റെ അര്‍ഥം തന്നെയാണുള്ളത്‌ . പ്രപഞ്ചതത്ത്വത്തിനു നല്‌കിയിട്ടുള്ള ഈശ്വരശബ്‌ദം ശിവന്റെ പര്യായമായും പ്രയോഗിക്കപ്പെടുന്നു. പ്രാഗ്‌-ആര്യസംസ്‌കാരത്തിന്റെ സംഭാവനയായ ശിവ-ശക്തി സങ്കല്‌പത്തിന്റെ സ്വാധീനത ഇതില്‍ തെളിഞ്ഞുകാണുന്നു. ഭാരതത്തില്‍ത്തന്നെ താമസിച്ചിരുന്ന പ്രാഗ്‌-ആര്യവര്‍ഗത്തിന്റെ മാത്രമല്ല, ഇറാനിയന്‍ ജനതയുടെയും ബുദ്ധമതത്തിന്റെയും മറ്റും ആശയങ്ങളും ഈശ്വരതത്ത്വപരിണാമ നദീപ്രവാഹത്തില്‍ പോഷകനദികളായി കലര്‍ന്നിരിക്കുവാന്‍ സാധ്യതയുണ്ട്‌ എന്ന കാര്യവും നിഷേധിക്കത്തക്കതല്ല. പ്രാചീനതകൊണ്ടു പ്രഥമസ്ഥാനം കല്‌പിച്ചുകൊടുക്കാവുന്നതും ഷഡ്‌ദര്‍ശനങ്ങളിലൊന്നുമായ സാംഖ്യം നിരീശ്വരമെന്നും സേശ്വരമെന്നും രണ്ടായിട്ടുണ്ട്‌. പ്രകൃതി (അതതിലുള്ള സ്വാഭാവിക ശക്തി) ആണ്‌ സകലതും നടത്തുന്നതെന്നും പുരുഷന്‍ സാക്ഷി മാത്രമായി പ്രകൃതിയില്‍ ലയിച്ചു നില്‌ക്കുന്നതേയുള്ളു എന്നുമുള്ള തത്ത്വത്തെ കാണിച്ച്‌ പ്രകൃതി-പുരുഷവിവേകത്തെ ജ്ഞാനസാധകമായി ഉപദേശിക്കുന്ന നിരീശ്വരസാംഖ്യത്തില്‍ ജ്ഞാനസ്വരൂപനും പ്രമാതാവുമായ പുരുഷനാണ്‌ പരമമായ തത്ത്വം. ഈ പുരുഷന്‍ അവര്‍ക്കു പ്രതിശരീരഭിന്നനുമാണ്‌. എന്നാല്‍ സേശ്വരസാംഖ്യക്കാര്‍ ഈ പുരുഷനെക്കാള്‍ പരനായ ഒരു ഈശ്വരനെ സങ്കല്‌പിക്കുന്നുണ്ട്‌. ക്ലേശ-കര്‍മവിപാക-ആശയങ്ങള്‍ ഇല്ലാത്ത പരമപുരുഷനായിട്ടാണ്‌ അവര്‍ അതിനെ പ്രകീര്‍ത്തിച്ചിട്ടുള്ളത്‌. സേശ്വരസാംഖ്യം ഷഡ്‌ദര്‍ശനങ്ങളില്‍ മറ്റൊന്നായ യോഗം ആണ്‌. ഇച്ഛാജ്ഞാനക്രിയാ ശക്തികളോടുകൂടിയ ചേതനന്‍ (പ്രപഞ്ച ചാലകന്‍) ആണ്‌ വൈശേഷികദര്‍ശനത്തില്‍ പ്രതിപാദിതനായ, സര്‍വജ്ഞാദി ഗുണപൂര്‍ണനായ ഈശ്വരന്‍. കര്‍മകാണ്ഡമായ പൂര്‍വമീമാംസയില്‍ കര്‍മത്തിനു സര്‍വപ്രാധാന്യം നല്‌കുന്നതിനായി ഒരുതരം നിരീശ്വരവാദംവരെ തദുപജ്ഞാതാവു കടന്നുചെല്ലുന്നുണ്ട്‌. ഉത്തരമീമാംസയിലാകട്ടെ ആദ്യത്തെ നാലധ്യായം സഗുണനായ ഈശ്വരനെക്കുറിച്ചും ബാക്കി ഭാഗങ്ങള്‍ നിര്‍ഗുണബ്രഹ്മത്തെക്കുറിച്ചും പ്രധാനമായി ചര്‍ച്ചചെയ്‌തിരിക്കുന്നു. ബഹുദേവതാസങ്കല്‌പം എങ്ങനെ ഏകേശ്വരസങ്കല്‌പം വരെ എത്തിച്ചേര്‍ന്നു എന്ന്‌ അന്യത്ര വിസ്‌തരിച്ചിട്ടുണ്ട്‌. നോ. അദ്വൈതം, അല്ലാഹു, അവതാരങ്ങള്‍, ആരാധന, ഇതിഹാസപുരാണങ്ങള്‍, ഇന്‍കാ, ഇസ്‌ലാം മതം, ഉപനിഷത്തുകള്‍, കണ്‍ഫ്യൂഷ്യസ്‌, ക്രിസ്‌തുമതം, ജൈനമതം, ദൈവം, ന്യായം, ബുദ്ധമതം, മധ്വന്‍ (ദ്വൈതം), യോഗം, രാമാനുജന്‍ (വിശിഷ്‌ടാദ്വൈതം), വേദങ്ങള്‍, വൈശേഷികം, സരതൂഷ്‌ട്രമതം, സാംഖ്യം, സിക്കുമതം, സൂഫിസം, ഹിന്ദുമതം

No comments: