BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Friday, December 12, 2025
ഈശാവാസ്യോപനിഷത്ത്
ദശോപനിഷത്തുകളില്‍ പ്രഥമഗണനീയമായ ഒരു ഉപനിഷത്ത്. 200-ല്‍പ്പരം ഉപനിഷത്തുകള്‍ ഇന്ന് പ്രകാശിതങ്ങളായിട്ടുണ്ടെങ്കിലും അവയില്‍ 108 ഉപനിഷത്തുകള്‍ക്കാണ് പ്രാമുഖ്യം കല്‌പിച്ചിട്ടുള്ളത്. ഇവയില്‍ത്തന്നെ ഈശം, കേനം, കഠം, പ്രശ്‌നം, മുണ്ഡകം, മാണ്ഡൂക്യം, തൈത്തിരീയം, ഐതരേയം, ഛാന്ദോഗ്യം, ബൃഹദാരണ്യകം എന്നീ പത്ത് ഉപനിഷത്തുകള്‍ക്കാണ് ആചാര്യന്മാര്‍ പരമപ്രാമാണ്യം കൊടുത്തുകാണുന്നത്. ഇവയില്‍ പ്രധാനം ഈശാവാസ്യോപനിഷത്ത് ആണ്; കാരണം ഇതുമാത്രം വേദസംഹിതയില്‍പ്പെട്ടതും മറ്റുള്ളവ ബ്രാഹ്മണങ്ങളില്‍ ഉള്‍പ്പെട്ടവയും ആണ്. ബ്രാഹ്മണങ്ങളെക്കാള്‍ പ്രാമാണ്യം സംഹിതകള്‍ക്കു കൂടുമെന്ന് ശ്രീസായണാചാര്യര്‍ തൈത്തിരീയ സംഹിതാഭാഷ്യത്തില്‍ പ്രസ്‌താവിച്ചിട്ടുണ്ട്.
ഇന്ന് ദശോപനിഷത്തുകള്‍ എന്ന പേരില്‍ സുപ്രസിദ്ധമായിത്തീര്‍ന്നിട്ടുള്ള ഉപനിഷത്തുകളില്‍ കാണ്വസംഹിതയില്‍പ്പെട്ടതും പതിനെട്ടു മന്ത്രങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ ഈശാവാസ്യോപനിഷത്തിന് പ്രചുരപ്രചാരം സിദ്ധിച്ചിട്ടുണ്ട്.
ശ്രീ ശങ്കരാചാര്യരും മറ്റനവധി പണ്ഡിതന്മാരും ഇതിന് ഭാഷ്യങ്ങളും ടീകകളും രചിച്ചിട്ടുണ്ട്.
"ഈശാവാസ്യമിദം സര്‍വം' എന്നു തുടങ്ങുന്നതുകൊണ്ട് കാലക്രമത്തില്‍ ഈ ഉപനിഷത്തിന് ഈശാവാസ്യോപനിഷത്ത് എന്ന് പേരു ലഭിച്ചു. ഈശോപനിഷത്ത് എന്നും ചുരുക്കിപ്പറയാറുണ്ട്. വാജസ്‌നേയ സംഹിതോപനിഷത്തെന്നാണ് ഇതിന്റെ പൂര്‍ണമായ നാമം. വാജസ്‌നേയന്‍ എന്നു പേരുള്ള യാജ്ഞവല്‌ക്യമഹര്‍ഷി ആവിഷ്‌കരിച്ചു പ്രചരിപ്പിച്ച ശുക്ലയജുര്‍വേദ സംഹിതയുടെ അന്തിമഭാഗമായതുകൊണ്ടാണ് ഈ പേര് ലഭിച്ചത്.
ഈശോപനിഷത്ത് ദശോപനിഷത്തുകളില്‍ മന്ത്രസംഖ്യകൊണ്ട് ഏറ്റവും ചെറുതാണെങ്കിലും ആശയഗാംഭീര്യം കൊണ്ടു മഹത്ത്വമേറിയതും എല്ലാ ഉപനിഷത്തുകളുടെയും സാരം ഉള്‍ക്കൊള്ളുന്നതും ആണ്. ചരാചരരൂപത്തില്‍ കാണുന്ന ഈ പ്രപഞ്ചം മുഴുവന്‍ ഈശ്വരഭാവനയാല്‍ നിറയ്‌ക്കേണ്ടതാണെന്നും അതിനുവേണ്ടി രാഗദ്വേഷാദികളെ ഉപേക്ഷിച്ച് ത്യാഗപൂര്‍ണമായ ജീവിതം നയിച്ച് ആത്മാവിനെ രക്ഷിക്കേണ്ടതാണെന്നും ധനമെല്ലാം ഈശ്വരന്റേതായതുകൊണ്ട് അഹന്തയും മമതയും വര്‍ധിപ്പിച്ച് ധനത്തില്‍ തന്റേതെന്നും അന്യന്റേതെന്നും ഉള്ള ബുദ്ധി വളര്‍ത്തി അന്യന്റേതില്‍ കൊതി ഉണ്ടാകാന്‍ പാടില്ല എന്നും ഒന്നാമത്തെ മന്ത്രത്തില്‍ ഉപദേശിക്കുന്നു. ബ്രഹ്മനിഷ്‌ഠനായി ജീവന്‍മുക്തിയും നിഷ്‌കാമകര്‍മവും ഉപാസനയും ചെയ്‌താല്‍ ക്രമമുക്തി സിദ്ധിക്കും എന്ന് ഈ ഉപനിഷത്തില്‍ വ്യക്തമായി ഉപദേശിക്കുന്നുണ്ട്.
(ശ്രീ വിദ്യാനന്ദതീര്‍ഥപാദര്‍)
Subscribe to:
Post Comments (Atom)
No comments:
Post a Comment