ദുർഗ്ഗാദേവിയുടെ വാഹനം എങ്ങിനെ ഒരു സിംഹമായി?
ആരാണ് ദേവിക്ക് സിംഹവാഹനം നൽകിയത്?
സിംഹം എന്തിനെയാണ് പ്രതിനിധീകരിക്കുന്നത്?
ഓരോ ദേവവാഹനങ്ങളും പ്രതിനിധാനം ചെയ്യുന്നത് അതു വഹിക്കുന്ന ദേവീദേവന്മാരുടെ അതുല്യ ശക്തികളെയാണ്. അല്ലെങ്കിൽ അവരുടെ അവതാര ഉദ്ദേശ്യത്തെയാണ് . പരാശക്തി ദുർഗ്ഗാദേവിയായി അവതരിച്ചത് മഹിഷാസുരനെ നിഗ്രഹിക്കാനാണ്. ദേവിയുടെ മറ്റൊരു നാമമാണ് മഹിഷാസുര മർദ്ധിനി. മാർക്കണ്ഡേയ പുരാണത്തിലെ ഒരു അധ്യായമായ ദേവീമാഹാത്മ്യത്തിൽ ദുർഗ്ഗാ ദേവി ത്രിമൂർത്തികളുടെയും മറ്റു ദേവന്മാരുടെയും ശക്തികൾ കൂടിച്ചേർന്ന് അവതാരമെടുത്തതാണെന്ന് പറയുന്നു. ദേവി അവതാരമെടുത്തതിന് ശേഷം ഓരോ ദേവന്മാരും നാനാവിധത്തിലുള്ള ആയുധങ്ങളും, ആടയാഭരണങ്ങളും ദേവിക്ക് സമ്മാനിച്ചു. മഹാദേവൻ ദേവിക്ക് സമ്മാനിച്ചത് ത്രിശൂലമാണ്. മഹാവിഷ്‌ണു സുദർശന ചക്രവും. സമുദ്രാധിപനായ വരുണദേവൻ ശംഖാണ് നൽകിയത് . അഗ്നിദേവൻ വേൽ, വായുദേവൻ വില്ലും അമ്പൊടുങ്ങാത്ത ആവനാഴിയും , ദേവേന്ദ്രൻ ഇടിമിന്നലും മണിയും നൽകി .യമദേവൻ തന്റെ ദണ്ഡും, വാളും പരിചയും സമ്മാനിച്ചു. ബ്രഹ്മദേവൻ കമണ്ഡലുവും രുദ്രാക്ഷവും നൽകി.സൂര്യദേവൻ തന്റെ കിരണങ്ങളുടെ തീവ്രതയും തിളക്കവും ഉൾകൊണ്ട കവചവും നൽകി , വിശ്വകർമ്മാവ് നൽകിയത് തോജോമയമായ ഒരു മഴുവും , പലവിധത്തിലുള്ള ആയുധങ്ങളും കൂടാതെ അഭേദ്യമായ ഒരു രക്ഷാകവചവും ആയിരുന്നു. കുബേരൻ ഗദ, വാസുകി നാഗങ്ങൾ . പാൽക്കടൽ നൽകിയത് പവിത്രമായ ഒരു പതക്കം, ഒരിക്കലും അപചയം സംഭവിക്കാത്ത ഒരു ജോഡി വസ്ത്രങ്ങൾ , വിശുദ്ധമായ ഒരു ശിഖാമണി, ഒരുജോഡി കമ്മൽ, കങ്കണം , തേജോമയമായ ഒരു അർദ്ധചന്ദ്രാകാര ആഭരണം , എല്ലാ കൈകളിലും തോള്‍വള , തിളക്കമാർന്ന കാല്‍ച്ചിലമ്പ്, വിശിഷ്ടവും അപൂർവങ്ങളിൽ അപൂർവ്വവുമായ മാല , എല്ലാ വിരലുകളിലും ദിവ്യമായ മോതിരങ്ങൾ തുടങ്ങിഎണ്ണമറ്റ ആഭരണങ്ങളായിരുന്നു. മഹാസമുദ്രം ഒരിക്കലും വാടാത്ത താമരപ്പൂവിൽ തീർത്ത മാലകൾ തലയിലും കഴുത്തിലും അണിയിച്ചു. കൂടാതെ കയ്യിൽ അതിമനോഹരമായ ഒരു താമരപ്പൂവും നൽകി. ശേഷനാഗം അമൂല്യ രത്നങ്ങൾ കൊണ്ടലങ്കരിച്ച ഒരു നാഗപടതാലി ആണ് സമ്മാനിച്ചത്. മറ്റുള്ള എല്ലാദേവന്മാരും വിവിധ ആയുധങ്ങളും ആഭരണങ്ങളും നൽകി ദേവിയെ വന്ദിച്ചുനിന്നു. അപ്പോൾ ദേവി സിംഹനാദം തോറ്റുപോകുന്നതരത്തിൽ അട്ടഹസിച്ചു. ദേവിയുടെ അട്ടഹാസത്തിൽ ഈരേഴുലോകങ്ങളും ഭയന്നുവിറച്ചു. ഭൂമി കുലുങ്ങി . സമുദ്രത്തിൽ തിരമാലകൾ ഉയർന്നു പൊങ്ങി.
ദേവിയുടെ മറ്റൊരു പേര് സിംഹവാഹിനി എന്നാണ്. അതായതു സിംഹത്തിനു പുറത്തു വസിക്കുന്നവൾ എന്നർത്ഥം ദേവി മഹിഷാസുരനെ വധിച്ചപ്പോൽ ഹിമവാൻ ദേവിക്ക് സമ്മാനിച്ചതാണ് ഒരു വെള്ള സിംഹത്തെ . അതിന്റെ രോമരാജികൾ സൂര്യന്റെ സുവർണ്ണ രശ്മികളാൽ സ്വർണ്ണ വർണ്ണത്തിൽ കാണപ്പെടുന്നു. സിംഹം ശക്തിയുടെയും ധൈര്യത്തിന്റെയും പ്രതീകമാണ്. അതുപോലെ ജീവിതത്തിന്റെയും . അന്ധകാരത്തെ അകറ്റുന്ന പകലിന്റെ ഉദ്ദീപ്‌തമായ പ്രകാശ ജ്യോതിയുടെ തരംഗശോഭ. സിംഹം നിയന്ത്രണാതീതമായ മൃഗീയ വികാരങ്ങളുടെ അതായതു ദേഷ്യം, മദം, ഗര്‍വം, സ്വാര്‍ത്ഥത, അത്യാര്‍ത്തി, സ്‌പര്‍ദ്ധ, മറ്റുള്ളവരെ ഉപദ്രവിക്കാനുള്ള പ്രവണത എന്നിവയുടെ പ്രതിരൂപമായാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. സിംഹത്തിനു പുറത്തു വസിക്കുന്ന ദേവി നമ്മളെ ഓരോ നിമിഷവും ഓർമ്മപ്പെടുത്തുന്നത് ഇങ്ങനെയുള്ള വികാരങ്ങളെ നിയന്ത്രിക്കുക എന്നതാണ്- അതായതു അവ നമ്മളാൽ നിയന്ത്രിക്കപ്പെടേണ്ടതാണ് , അല്ലാതെ നമ്മളെ നിയന്ത്രിക്കേണ്ടതല്ല എന്നുള്ള ഓർമ്മപ്പെടുത്തൽ. കൂടാതെ ശക്തിയുടെയും ബുദ്ധിയുടെയും സാരഥ്യത്തിന്റെയും പ്രതീകം കൂടിയാണ് സിംഹം. ഒറ്റവാക്കിൽ പറഞ്ഞാൽ ധർമ്മത്തിന്റെ പ്രതീകം.
ദുർഗ്ഗാ ദേവിയുടെ വാഹനമായ സിംഹം ധർമത്തെയാണ് പ്രതിനിധീകരിക്കുന്നത് . മൂലഗ്രന്ഥങ്ങളിൽ ചിലതിൽ ധർമ്മ -സ്വയമേവ മൃഗേന്ദ്ര എന്ന് സൂചിപ്പിച്ചിരിക്കുന്നു. (അതായതു ധർമ്മം എന്നാൽ സിംഹത്തെപ്പോലെയാണ് അല്ലെങ്കിൽ സിംഹം തന്നെ എന്നർത്ഥം). സിംഹം പ്രതിനിധീകരിക്കുന്നത് പൂർണാധികാരമുള്ള ശക്തിയെ ആണ്. ആത്മസംയമനം, ഇച്ഛാശക്തി ,നിശ്ചയദാര്‍ഢ്യം എന്നിവയെയാണ്. സിംഹവാഹനയായ ദേവി പ്രതിനിധീകരിക്കുന്നത് സത്വരജസ്‌തമോഗുണങ്ങളുടെ മേലുള്ള ദേവിയുടെ പൂർണമായ ആധിപത്യമാണ്. ഇത് ഭക്തന് നേരെയുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ്- ആത്മസംയമനം, ഇച്ഛാശക്തി, നിശ്ചയദാര്‍ഢ്യംഇവയുണ്ടെങ്കിൽ മാത്രമേ അവനു അഹങ്കാരം എന്ന രാക്ഷസനിൽ നിന്നുംമുക്തിയുള്ളു .
ഒരു വാഹനം അതിൽ യാത്രചെയ്യുന്ന ആളുടെ
വ്യക്തിത്വത്തെയും സ്വഭാവത്തെയും സൂചിപ്പിക്കുന്നു. അതിനു ആദ്ധ്യാത്മികമായ ഒരു അർത്ഥതലവുംകൂടിയുണ്ട്. സിംഹം സൂചിപ്പിക്കുന്നത് ശക്തി, ധൈര്യം , ആധിപത്യം എന്നിവയെയാണ്. സിംഹഗർജ്ജനം ദേവിയുടെ ശബ്ദമായാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. സിംഹഗർജ്ജനം ഒരു ഭീഷണിയല്ല, അതെ സമയം ഭീരുത്വത്തിനുമേൽ അടയിരിക്കുന്നവർക്കു നേരെയുള്ള ഒരു മുന്നറിയിപ്പാണ്. ഒരു സിംഹത്തിന്റെ അലർച്ച നമ്മളെ സ്തംഭിപ്പിക്കുന്നു ' അത് ഒരുഭയമാണ്. നിങ്ങളെ ഒന്നാകെ പിടിച്ചുകുലുക്കുന്ന ഒരു ഭയം . അത് പിന്നീട് നിങ്ങളെ കൂട്ടിക്കൊണ്ടു പോകുന്നത് മനോഹരമായ ഒരു അവസ്ഥയിലേക്കാണ്. സിംഹവാഹനയായ ദേവി നിങ്ങളോടു പറയുന്നത് ഇതാണ് - നിങ്ങളുടെ ഇടുങ്ങിയ ചിന്താഗതി വച്ച് മുന്നോട്ടു പോകരുത്. ഒന്ന് നില്ക്കു. നിങ്ങളുടെ അന്തരാത്മാവിനു പറയാനുള്ളത് ശ്രദ്ധിക്കു. സിംഹഗർജ്ജനം ഒരു ഘോഷണം അഥവാ വിളംബരമാണ്. നിശ്ശബ്ദതയ്ക്കുമേൽ /മൗനത്തിനുമേൽ ഉള്ള വിളംബരം. ഓരോ ഭക്തനും ഒരു സിംഹത്തെ പോലെയായിരിക്കണം . ഒരു സിംഹം നടക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? സാവധാനം സൂക്ഷ്മതയോടെ ലാളിത്യത്തോടെ അതെ സമയം അതിന്റെ ഭാരം മുഴുവൻ ഭൂമിയിൽ ഉറപ്പിച്ചുകൊണ്ടാണ് .അതായതു എത്ര വലിയവനായാലും ഞാൻ എന്ന ഭാവം ഇല്ലാതെ ,വന്ന വഴിമറക്കാതെ ലാളിത്യത്തോടെ ജീവിക്കണം .ദുർഗ്ഗാദേവി സിംഹത്തിന്റെ പുറത്തു സവാരിചെയ്യുന്നതു കൊണ്ടുദ്ദേശിക്കുന്നത് ഈ സംസാരസാഗരത്തിലെ യാത്രയെയാണ്. എല്ലാ വിഷമത്തെയും തരണം ചെയ്തുള്ള ജീവിത വിജയത്തെയാണ്.
സിംഹത്തിന്റെ മറ്റൊരു പ്രത്യേകത അതിന്റെ ഭക്ഷണ രീതിയാണ്. സ്വന്തമായി വേട്ടയാടിപിടിക്കുന്നതു മാത്രമേ സിംഹം ഭക്ഷിക്കുകയുള്ളു. മറ്റുള്ളജീവികൾ വേട്ടയാടിയതോ മുന്നേ വേട്ടയാടിയതിന്റെ ബാക്കിയോ ഭക്ഷിക്കില്ല . അതുകൊണ്ടുദ്ദേശിക്കുന്നതു മനുഷ്യൻ അവന്റെ വിവിധ ജീവിതാവസ്ഥയിൽ മറ്റുള്ളവരുടെചിന്താഗതിഅനുസരിച്ചല്ല മറിച്ചു തങ്ങളുടെ സ്വന്തം ചിന്താഗതിയും നിലവിലുള്ള സാഹചര്യവും അനുസരിച്ചുവേണം ജീവിക്കുവാൻ എന്ന് സാരം നമ്മുടെ ജീവിതവിജയം നമ്മുടെ നിലവിലുള്ള ചിന്താഗതിയെയും പ്രവൃത്തനങ്ങളേയും ആശ്രയിച്ചിരിക്കും. ദുർഗ്ഗാദേവി ആത്യന്തികമായ ശക്തിചൈതന്യമാണ് സിംഹം ദേവിയാൽ നിയന്ത്രിതമായ ആ അസാമാന്യ ശക്തിചൈതന്യത്തിന്റെ മൂര്‍ത്തി ഭാവവുമാണ്. സിംഹം പ്രതിനിധാനം ചെയ്യുന്നത് ശക്തിയെ ആണ്. കലര്‍പ്പില്ലാത്ത ശക്തിയെ , അധികാരത്തെ, നിയന്ത്രണശക്തിയെ , ശൗര്യത്തെ വീര്യത്തെ. ഒരു ആന സിംഹത്തേക്കാൾ ശക്തിമാനാകാം എന്നാൽ ഒരു യുദ്ധമുഖത്തു ആനയെക്കാൾ സാമര്‍ത്ഥ്യവും കുശാഗ്രബുദ്ധിയും ഒരു സിംഹത്തിനായിരിക്കും. ദുർഗ്ഗാദേവി ആത്യന്തികമായ ശക്തിചൈതന്യം ആണ് . അങ്ങിനെ നോക്കിയാൽ ദേവിക്ക് അനുയോജ്യമായ അല്ലെങ്കിൽ ആ ശക്തിചൈതന്യത്തിന്റെ പ്രതീകമായി ഒരേഒരു വാഹനം മാത്രമേ ചിന്തിക്കാൻ/ വിശേഷിപ്പിക്കാൻ പറ്റുകയുള്ളു. അത് സിംഹം മാത്രമാണ്
സ്ത്രീകളെ മൃദുലരും ശാന്തരുമായാണ് എല്ലായ്പ്പോഴും പരിഗണിക്കപ്പെട്ടിരിക്കുന്നത് . അവർ പുരുഷന്മാരെപ്പോലെ കോപാക്രാന്തരായി പൊട്ടിത്തെറിക്കാറില്ല. സിംഹവാഹനയായ ദേവി സൂചിപ്പിക്കുന്നതും അങ്ങിനെയുള്ള വികാരങ്ങളെ നിയന്ത്രിക്കാൻ കഴിവുള്ള സ്ത്രീയുടെ ഏറ്റവും ശക്തിമത്തായ ആ ഭാവത്തെയാണ്. ഒരേ സമയം വാത്‌സല്യവും ശക്തിയും നിയന്ത്രണവും ആജ്ഞാശക്തിയും ഒത്തിണങ്ങിയ ആ സ്ത്രീഭാവത്തെ.
ഉപനിഷത്തുക്കളിൽ പറഞ്ഞിട്ടുണ്ട്, ധർമ്മം എന്നത് സ്വയംഭൂവായ ആത്യന്തികശക്തിയാണ്. അതായതു ദൈവം. ദുർഗ്ഗാദേവി എന്നത് ധർമ്മത്തിൽ അധിഷ്ഠിതമായ ശക്തിയാണ്. അതായതു ഒരു ഭക്തന് ധർമ്മത്തിൽ അധിഷ്ഠിതമായി ജീവിച്ചാൽ കൈവരുന്ന ശക്തിയാണ് ദുർഗ്ഗ. ആ പരമോന്നത ശക്തിയുടെ കൃപയില്ലാതെ ഈ വിശ്വത്തിൽ ഒന്നിനും ചലിക്കാൻ സാധ്യമല്ല. ശക്തി എന്നത് കളങ്കമില്ലാത്ത ചൈതന്യമാണ്.സിംഹം എന്നത് ആ ദിവ്യശക്തിയാൽ നിയന്ത്രിക്കപ്പെടുന്ന അസംസ്‌കൃത ശക്തിയായും കാണുന്നു.
പി .എം .എൻ .നമ്പൂതിരി .
No comments:
Post a Comment