30/7വ്യാഴാഴ്ച പുത്രദാ ഏകാദശി
സന്താനങ്ങളില്ലാതെയുള്ള വിഷമം, സന്താനങ്ങൾക്ക് ആധി, വ്യാധി തുടങ്ങി വിവിധങ്ങളായ സന്താനദുരിതങ്ങൾക്ക് അറുതി വരുത്തുന്നതിന് പൂർവസൂരികൾ നിഷ്‌കർഷിച്ചിട്ടുള്ള ഒട്ടേറെ പരിഹങ്ങളിൽ ഒന്നാണ് പുത്രദാ ഏകാദശി വ്രതമനുഷ്ഠിക്കുക എന്നത്. എന്താണ് പുത്രദാ ഏകാദശി എന്ന് നോക്കാം .
ശ്രാവണമാസത്തിലെ വെളുത്തപക്ഷ ഏകാദശി ആണു പുത്രദാ ഏകാദശി. ഈ ദിവസം ശ്രീമഹാവിഷ്ണുവിന്റെ നാമത്തിൽ വ്രതം അനുഷ്ഠിച്ചു ഭഗവത് പൂജ നടത്തി വേദജ്ഞരായ സാത്വികർക്കു ഭക്ഷണവും മധുരവും വസ്ത്രവും ദാനവും നൽകി ആശീർവാദം വാങ്ങിയാൽ അടുത്ത പുത്രദാ ഏകാദശിക്ക് മുൻപു വിഷമത്തിന് പരിഹാരം ഉണ്ടാവും എന്നു വിശ്വസിക്കപ്പെടുന്നു. അന്നേദിവസം പകൽ മുഴുവൻ ഭഗവത് കഥകൾ ശ്രവിക്കുകയും കീർത്തനങ്ങൾ ചൊല്ലുകയും രാത്രിയിൽ ഭഗവാനെ അകമഴിഞ്ഞ് പ്രാർഥിച്ചു കിടക്കുകയും വേണം. ഇങ്ങനെ ഈ വ്രതം അനുഷ്ഠിക്കുന്ന സന്താനരഹിതർക്കു സൽസന്താനങ്ങളെ ലഭിക്കും എന്നാണു ഫലശ്രുതി .
ഇതിനു പിന്നിലുള്ള ഐതിഹ്യം ഇപ്രകാരമാണ്:
മാഹിഷ്മതി എന്ന നഗരത്തിൽ മഹീജിത്തെന്ന ഒരു രാജാവ് ഉണ്ടായിരുന്നു. വലിയ ധർമിഷ്ഠനും ശാന്തനും ദാനിയും ആയിരുന്നിട്ടും സന്താന ദുഃഖം വല്ലാതെ അലട്ടിയിരുന്നു. അതിന്റെ കാരണം അറിയാൻ അദ്ദേഹം തന്റെ രാജ്യത്തെ എല്ലാ മഹർഷിമാരെയും പണ്ഡിതന്മാരെയും വരുത്തി സന്താനലബ്ധിക്കുള്ള പരിഹാരമാർഗം എന്താണെന്ന് അന്വേഷിച്ചു.
അപ്പോൾ അവിടെ സന്നിഹിതനായിരുന്നു ലോമേശ മഹർഷി പറഞ്ഞു. "താങ്കൾ ഒരു ശ്രാവണമാസത്തിൽ ഏകാദശി ദിവസം ഉദ്യാന സമീപമുള്ള കുളത്തിൽ നിന്നു ദാഹം നിമിത്തം വെള്ളം കുടിച്ചുകൊണ്ടിരുന്ന പശുവിനെ ഓടിച്ചുവിട്ടിരുന്നു. അതിന്റെ താപത്താലാണു താങ്കൾക്കു പുത്രലബ്ധി ഭവിക്കാത്തത്. ആയതിനാൽ താങ്കൾ ശ്രാവണമാസത്തിലെ വെളുത്ത പക്ഷ ഏകാദശി ആയ പുത്രദാ ഏകാദശി വ്രതം അനുഷ്ഠിക്കുക, സന്താനം ഉണ്ടാകും.
ഋഷിയുടെ നിർദേശാനുസരണം രാജാവും കുടുംബവും ഏകാദശി അനുഷ്ഠിച്ചു സത്സന്താനപ്രാപ്തി കൈവരിച്ചു എന്നും ഐതിഹ്യം
Copy
No comments:
Post a Comment