Wednesday, July 29, 2020


ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെ ഇനി ഇംഗ്ലീഷ് മീഡിയമില്ല എന്നതാണ് പുതിയ നയത്തിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗം. അഞ്ചാം ക്ലാസ്സ് വരെ ക്ലാസ്സെടുക്കുന്നത് മാതൃഭാഷയിലാകണം എന്നത് നിര്‍ബന്ധമാണ്. അഞ്ചാം ക്ലാസ്സ് വരെ ഭാഷയ്ക്കും കണക്കിനും പ്രാധാന്യം നല്‍കിയാകും പഠനം. പൊതുപരീക്ഷകളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ വരുന്ന വലിയ സമ്മര്‍ദ്ദം ലഘൂകരിക്കാനുള്ള നടപടികള്‍ പുതിയ കരട് വിദ്യാഭ്യാസ നയത്തിലുണ്ടാകും. സാങ്കേതികവിദ്യയുമായി വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അറിവ് പകരുന്ന പാഠ്യപദ്ധതികള്‍ ഉറപ്പാക്കാന്‍ ആറാം ക്ലാസ് മുതല്‍ കോഡിംഗ് പോലുള്ള കോഴ്സുകള്‍ സ്കൂള്‍ സിലബസ്സില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനവുമുണ്ട്. സ്കൂള്‍ കാലഘട്ടത്തില്‍ത്തന്നെ വിവിധ തൊഴിലധിഷ്ഠിത പാഠ്യഭാഗങ്ങള്‍ സിലബസ്സില്‍ ഉള്‍പ്പെടുത്തുകയും, വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലിടങ്ങളില്‍ ഇന്‍റേണ്‍ഷിപ്പുകള്‍ നല്‍കാനും പുതിയ വിദ്യാഭ്യാസനയം ലക്ഷ്യമിടുന്നു. പുതിയ സ്കൂള്‍ വിദ്യാഭ്യാസ സമ്ബ്രദായത്തില്‍ പഠിതാക്കളുടെ താത്പര്യങ്ങള്‍ക്ക് കൂടി അനുസരിച്ചുള്ള പാഠ്യപദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. 18 വയസ്സ് വരെ സാര്‍വത്രിക വിദ്യാഭ്യാസം ഉറപ്പാക്കും. 10 + 2 എന്ന ഇപ്പോഴത്തെ സമ്ബ്രദായത്തിന് പകരം, 5 + 3 + 3 + 4 എന്നീ ഘട്ടങ്ങളാകും സ്കൂള്‍ വിദ്യാഭ്യാസത്തിലുണ്ടാകുക. അതായത്, മൂന്ന് വയസ്സ് മുതല്‍ എട്ട് വയസ്സ് വരെ ആദ്യഘട്ടം. 8 മുതല്‍ 11 വയസ്സ് വരെ രണ്ടാം ഘട്ടം. 11 മുതല്‍ 14 വരെ മൂന്നാം ഘട്ടം. 14 മുതല്‍ 18 വരെ നാലാം ഘട്ടം. കിന്‍റര്‍ഗാര്‍ട്ടന്‍ പഠനവും ഇനി മുതല്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുന്നുവെന്നര്‍ത്ഥം. ''3 മുതല്‍ 6 വയസ്സ് വരെയുള്ള കുട്ടികളെ ഇത് വരെ സ്കൂള്‍ കരിക്കുലത്തിന്‍റെ ഭാഗമാക്കിയിരുന്നില്ല. ഈ കാലഘട്ടം കുട്ടികളുടെ ബുദ്ധിവികാസത്തിലെ ഏറ്റവും നിര്‍ണായകമായ കാലങ്ങളിലൊന്നാണ്. ഈ കാലത്ത് കൂടുതല്‍ വിദ്യാഭ്യാസം കുട്ടികള്‍ക്ക് നല്‍കാന്‍ ഈ തീരുമാനത്തിലൂടെ കഴിയും. അതായത് ഇനി മുതല്‍ അങ്കണവാടിയും പ്രീസ്കൂളുമടക്കം 12 വര്‍ഷമാകും കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസ കാലഘട്ടം'', നയത്തില്‍ പറയുന്നു. ഈ കാലഘട്ടത്തിലെ പഠനത്തിന് വേണ്ട പാഠ്യപദ്ധതി തയ്യാറാക്കാന്‍ NCERT-യെ ചുമതലപ്പെടുത്തി. National Curricular and Pedagogical Framework for Early Childhood Care and Education (NCPFECCE) എന്നാകും പുതിയ പാഠ്യപദ്ധതിയുടെ പേര്. ഇത് നടപ്പിലാക്കുന്നതിന്‍റെ ചുമതല വിദ്യാഭ്യാസ മന്ത്രാലയത്തിനും വനിതാശിശുക്ഷേമ, ആരോഗ്യമന്ത്രാലയത്തിനും ഗോത്രകാര്യമന്ത്രാലയത്തിനുമാകും. *പൊതുപരീക്ഷകള്‍ ഒബ്ജക്ടീവ് മാതൃകയിലും* പൊതുപരീക്ഷകള്‍ വിദ്യാര്‍ത്ഥികളില്‍ അടിച്ചേല്‍പിക്കുന്ന സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ ഇവയെ രണ്ടായി തിരിക്കും. ഒബ്ജക്ടീവ് പരീക്ഷയും ഡിസ്ക്രിപ്റ്റീവ് പരീക്ഷയും. കാണാപ്പാഠം പഠിക്കുന്ന രീതി ഒഴിവാക്കാന്‍ ലക്ഷ്യമിട്ടുള്ളതാകും രണ്ട് പരീക്ഷയും. പഠിച്ച പാഠഭാഗങ്ങള്‍ എങ്ങനെ പൊതുജീവിതത്തില്‍ നടപ്പാക്കാമെന്ന തരത്തില്‍ പ്രായോഗിക അറിവും ഈ പരീക്ഷകളില്‍ ഒരു ഘടകമാകും. ഗ്രേഡ് 3, 5, 8 എന്നീ ക്ലാസ്സുകളില്‍ ഉള്ള എല്ലാ കുട്ടികള്‍ക്കും പൊതുപരീക്ഷയുണ്ടാകും. പത്തും പന്ത്രണ്ടും ക്ലാസുകളിലെ പൊതുപരീക്ഷകള്‍ തുടരും, പക്ഷേ നിലവിലുള്ള രീതി പൊളിച്ചു പണിഞ്ഞുകൊണ്ടാകും. നിലവിലുള്ള മൂല്യനിര്‍ണയരീതിയില്‍ പൂര്‍ണമായും മാറ്റമുണ്ടാകും. ഇതിന്‍റെ നയങ്ങള്‍ രൂപീകരിക്കാനായി PARAKH എന്ന പുതിയ സമിതി രൂപീകരിക്കും. PARAKH (Performance Assessment, Review, and Analysis of Knowledge for Holistic Development), എന്ന ഈ സമിതി പരീക്ഷകള്‍ക്കെല്ലാം ഒരു പരിഷ്കരിച്ച പൊതുരീതി നിശ്ചയിക്കും. ഇത് എല്ലാ സംസ്ഥാനബോര്‍ഡുകളും പിന്തുടരണം. ഇതോടൊപ്പം സാക്ഷരതാ കണക്കും ഈ ഏജന്‍സി തന്നെയാകും വിലയിരുത്തുക. പ്രോഗ്രസ് കാര്‍ഡില്‍ അടിമുടി മാറ്റം കുട്ടിയുടെ റിപ്പോര്‍ട്ട്/ പ്രോഗ്രസ് കാര്‍ഡില്‍ ഇനി മാര്‍ക്കുകള്‍ മാത്രമാകില്ല ഉണ്ടാകുക. കുട്ടി തന്‍റെ പ്രകടനം സ്വയം വിലയിരുത്തുന്ന ഒരു ഭാഗമുണ്ടാകും. രണ്ടാമത്തേത് സഹപാഠികള്‍ കുട്ടിയെ വിലയിരുത്തും. മൂന്നാമത്തേത് ടീച്ചര്‍മാരും കുട്ടിയെ വിലയിരുത്തും. അങ്ങനെ പന്ത്രണ്ടാംക്ലാസ്സിലെത്തുമ്ബോഴേക്ക് ഒരു റിപ്പോര്‍ട്ട് കാര്‍ഡ് എന്നത് ഒരു കുട്ടിയുടെ വളര്‍ച്ചയുടെ കാലഘട്ടം പൂര്‍ണമായും അടയാളപ്പെടുത്തുന്ന രേഖയാകും.

No comments: