Friday, September 24, 2021

ചട്ടമ്പിസ്വാമികള്‍ # ഡോ. ഗോപി പുതുക്കാട്. ഡോ. ഗോപി പുതുക്കാട് എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ചട്ടമ്പിസ്വാമികളുടെ ജീവചരിത്രത്തിൽ നിന്നും ഒരു ഭാഗം വായിക്കാം. ചട്ടമ്പിസ്വാമികളുടെ രൂപത്തെ അനുയായികളിലൊരാൾ വരച്ചുകാണിക്കുന്നതിങ്ങനെ: ഭസ്മം തേച്ച വിശാലമായ നെറ്റിത്തടം, ശൗര്യം വഴിഞ്ഞൊഴുകുന്ന പുരികക്കൊടികൾ, കാരുണ്യഭാവം നിറഞ്ഞ കണ്ണുകൾ, സൗമ്യമായ മുഖം, ഇരുവശത്തേക്കും പിന്നോട്ടും നീണ്ടുകിടക്കുന്ന വെൺചാമരംപോലുള്ള തലമുടി, നെഞ്ച് മുട്ടുംവിധം നീണ്ടുകിടക്കുന്ന നരച്ച താടി, വിശാലമായ നെഞ്ച്, ഒത്ത ശരീരം, കൈവിരലിൽ ഇരുമ്പുകൊണ്ടുള്ള ഒരു മോതിരം, ഒരു പഴയ കാലൻകുട, വെള്ള വസ്ത്രം- ഇതാണ് സ്വാമികളുടെ ഭൗതികരൂപം. അത്യന്തം ലളിതമായ ജീവിതരീതിയാണ് സ്വാമികൾ സ്വീകരിച്ചത്. ലോകമേ തറവാട് എന്നായിരുന്നു സമീപനം. പറവകളോടും ഇഴജന്തുക്കളോടും വന്യജീവികളോടുമെല്ലാം സഹോദരതുല്യമായ സ്നേഹം പ്രകടിപ്പിച്ചു. പണക്കാരുടെയും പാവപ്പെട്ടവരുടെയും വീടുകളിൽ താമസിക്കുമായിരുന്നെങ്കിലും തന്റെ സാന്നിധ്യം ആർക്കും ബുദ്ധിമുട്ടാകരുതെന്നു നിർബന്ധമുണ്ടായിരുന്നു. എവിടെ ചെന്നാലും അതു തന്റെ സ്വന്തം സങ്കേതമാണെന്നു കരുതി. മത്സ്യമാംസാദികൾ കഴിക്കില്ല. മദ്യപാനത്തോടും വെറുപ്പാണ്. മദ്യപന്മാരെ സ്വാമികൾ കളിയാക്കിയിരുന്നത് ഇങ്ങനെ: 'തേങ്കിലേ വെള്ളം ചങ്കിലേ പോനാൽ ചങ്കരനായാലും ചിങ്കിലി പാടുവൻ.' ആർഭാടങ്ങളിൽ തരിമ്പും വിശ്വസിച്ചില്ല. ദിവാൻ രാജഗോപാലാചാരി, ഭരണാധിപൻ ശങ്കരൻ തമ്പി എന്നിവരുടെ വിരുന്നുകൾക്കുള്ള ക്ഷണം നിരസിക്കുകയാണുണ്ടായത്. എത്ര ദിവസവും നിരാഹാരമനുഷ്ഠിക്കുവാൻ ഒരു പ്രയാസവുമുണ്ടായിരുന്നില്ല. താളും തകരയും ചേർത്ത വെറും പുളിങ്കറി മതി വയറു നിറയെ ഉണ്ണാൻ. പാചകവിദഗ്ധനുമായിരുന്നു സ്വാമികൾ. സ്വന്തം രീതിയിൽ പാചകരീതികൾ പരീക്ഷിച്ചുനോക്കുമായിരുന്നു. അങ്ങനെ വികസിപ്പിച്ചെടുത്ത പാചകവിധികൾ മറ്റുള്ളവർക്കു പറഞ്ഞുകൊടുക്കും. തിരുവനന്തപുരം ആയുർവേദ കോളേജിൽ അധ്യാപകനായിരുന്ന ആറന്മുള നാരായണ പിള്ളയുടെ വസതിയായ ചാഞ്ഞാംവീട്ടിൽ താമസിക്കുമ്പോൾ (അദ്ദേഹം സ്വാമികളുടെ ജീവിതത്തെ ആസ്പദമാക്കി സദ്ഗുരുചരണാഭരണം എന്ന സംസ്കൃതകാവ്യം രചിച്ചിട്ടുണ്ട്.) ഒരുദിവസം പറഞ്ഞു: 'എനിക്ക് കൊട്ടാരക്കര പുളിങ്കറി വെച്ചുതരണം.' പുസ്തകം വാങ്ങാം വീട്ടുകാർക്ക് അങ്ങനെയൊരു വിഭവത്തെക്കുറിച്ച് അറിയില്ല. അപ്പോൾ സ്വാമികൾ വിവരിച്ചുകൊടുത്തു: 'തോട്ടിലും പറമ്പുകളിലും കാണുന്ന വെളിന്താളു പറിച്ച് ചെറുതായി മുറിച്ചു കഴുകിയെടുക്കണം. വെള്ളവും ഉപ്പും ചേർത്ത് വേവിച്ചശേഷം പഴംപുളി പിഴിഞ്ഞുചേർത്ത് കറിവേപ്പിലയുമിട്ട് വീണ്ടും തിളപ്പിക്കണം. പാകമായാൽ കടുകു വറുത്തെടുക്കുക. കൊട്ടാരക്കര പുളിങ്കറിയായി.' അക്കാലത്തുതന്നെയാണ് ഉഴിഞ്ഞപ്പായസത്തിന്റെ പാചകവിധിയും പറഞ്ഞുകൊടുക്കുന്നത്: 'ഒരു മൂട് നല്ല ഉഴിഞ്ഞ പറിച്ചെടുക്കുക. രണ്ടുതുടം വെള്ളം തളിച്ച് ഇടിച്ച് പിഴിഞ്ഞെടുക്കുക. നന്നായി അരിച്ചെടുക്കണം. ഒരു പിടി അരി ആവശ്യത്തിനു വെള്ളം ചേർത്ത് മുക്കാൽ വേവാകുമ്പോൾ പിഴിഞ്ഞരിച്ചുവെച്ച ഉഴിഞ്ഞച്ചാറിൽ ഒരുണ്ട ശർക്കര കലക്കിച്ചേർത്ത് വീണ്ടും തിളപ്പിക്കുക. ചെറുചൂടോടെ കുടിക്കാൻ ഉഴിഞ്ഞപ്പായസം നല്ലതാണ്. ഔഷധഗുണമുള്ള ഈ പായസം വായുസംബന്ധമായ അസുഖമുള്ളവൾക്കു നല്ലതാണ്.' എവിടെയായിരുന്നാലും ഉറുമ്പ്, പട്ടി, പൂച്ച തുടങ്ങിയ ജീവികൾക്ക് കൊടുക്കാതെ ആഹാരം കഴിക്കില്ല. അവ അദ്ദേഹത്തിന്റെ പരിസരങ്ങളിൽ ചുറ്റിപ്പറ്റി നടക്കുന്നുണ്ടാവും. ലളിതജീവിതമായിരുന്നതിനാൽ ആതിഥേയർക്ക് അദ്ദേഹത്തെ പരിചരിക്കാൻ ഒട്ടും പ്രയാസപ്പെടേണ്ടിവന്നില്ല. രണ്ടു കാര്യങ്ങൾ നിർബന്ധം: ശുദ്ധവായു ശ്വസിക്കുക, തുറന്ന സ്ഥലത്തു കിടക്കുക. പുസ്തകവായനയിലും പ്രത്യേകതയുണ്ട്. മലർന്നു കിടന്നാണ് വായന. കൈമുട്ടുകൾ വളയാതെ രണ്ടു കൈകൊണ്ടും പുസ്തകം നിവർത്തിപ്പിടിച്ച് ഇടവും വലവും ആട്ടുകയും പുസ്തകത്തിന്റെ ചലനത്തിനൊപ്പം തല ഉരുട്ടുകയും ചെയ്തുകൊണ്ടാണ് വായന. ഇതേ മട്ടിൽ മലർന്നു കിടന്ന് പെൻസിൽകൊണ്ടാണ് പലപ്പോഴും എഴുതുന്നതും. കാഷായം ധരിക്കാറില്ല. സന്ന്യാസിമാരുടെ മറ്റു ചിഹ്നങ്ങളും കാണില്ല. അതിനാൽ അപരിചിതർക്ക് സ്വാമികളെ പെട്ടെന്ന് തിരിച്ചറിയാനാവില്ല. സംസാരരീതിയും സാധാരണക്കാരന്റെതാണ്. തമാശകൾ പറഞ്ഞ് ചുറ്റുമുള്ളവരെ ചിരിപ്പിച്ചുകൊണ്ടാണ് മുന്നേറുക.

No comments: