Thursday, September 02, 2021

സമുദ്രാന്തർ ഭാഗത്ത്‌ കഠിനമായി തപസ്സനുഷ്ഠിച്ചു രുദ്ര ഗീതത്താൽ സ്തുതിച്ച പ്രചേതസ്സുകളുടെ മുൻപിൽ ഭഗവാൻ പ്രത്യക്ഷപ്പെട്ട് സർവ്വ ഐശ്വര്യങ്ങളും പ്രദാനം ചെയ്തു. പ്രചേതസ്സുകൾ വൃക്ഷങ്ങളുടെ വളർത്തു പുത്രിയായ മാരിഷയെ വിവാഹം ചെയ്തു. അവളിൽ സമർത്ഥനായ ദക്ഷൻ എന്ന പുത്രനുണ്ടായി. ബ്രഹ്മദേവൻ ദക്ഷനെ പ്രജാ സൃഷ്ടിക്ക് ഏർപ്പെടുത്തി. സഹസ്ര ദിവ്യ സംവത്സരക്കാലം ഭോഗങ്ങൾ അനുഭവിച്ച പ്രചേതസ്സുകൾക്ക് സംസാരത്തിൽ വിരക്തി ഉണ്ടായി. നാരദമഹർഷി അവർക്ക് ആത്മതത്വം ഉപദേശിച്ചു. ലോകം മുഴുവനും ഭഗവൽ സ്വരൂപമായി കാണുന്നവന്റെ ജന്മവും കർമ്മവും സഫലമാകും. ഉത്കൃഷ്ട കുലത്തിൽ ജനിച്ചാലും ശ്രേഷ്ഠ കർമ്മങ്ങൾ അനുഷ്ഠിച്ചാലും ശ്രീഹരി ഭജനം ഇല്ലെങ്കിൽ സർവ്വതും നിഷ്ഫലമാകുന്നു. പ്രചേതസ്സുകൾ ഭഗവാനെ നിരന്തരം ധ്യാനിച്ച് ഭഗവൽ പാദത്തിൽ ലയിച്ചു. നാരദ മുനി ധ്രുവ ചരിതം പ്രചേതസ്സുകളുടെ സത്രത്തിൽ പ്രകീർത്തിച്ചു. സ്വായംഭു മനുവിന്റെ മറ്റൊരു പുത്രനായ പ്രിയവ്രതൻ നാരദമുനിയിൽ നിന്നും ഭഗവത് തത്വത്തെ ഗ്രഹിച്ച് ആത്മധ്യാനത്തിൽ മുഴുകി. പിതാവിന്റെ നിർദ്ദേശപ്രകാരം രാജ്യഭാരം സ്വീകരിച്ചു. ബർഹിഷ്മതിയെ വിവാഹംചെയ്തു. രാജാവിന്റെ രഥചക്രങ്ങളുടെ ഉരുൾച്ച നിമിത്തം ഭൂമിയിൽ 7 സമുദ്രങ്ങളും 7 ദ്വീപുകളും ഉണ്ടായി. രാജ്യത്തെയും പത്നിയേയും പുത്രന്മാരെ ഏൽപ്പിച്ച് നിവൃത്തി മാർഗ്ഗത്തിൽ പ്രവേശിച്ചു. പ്രിയവ്രതന്റെ പുത്രനായ ആഗ്നിധ്രൻ ജംബുദ്വീപിനെ 9തായി വിഭജിച്ച് പുത്രന്മാരെ ഭരിക്കാൻ ഏൽപ്പിച്ചു പൂർവചിത്തിയുടെ ലോകത്തെ പ്രാപിച്ചു. നാഭി പത്നിയായ മേരുദേവിയോടു കൂടി യജ്ഞ പുരുഷനായ ഭഗവാനെ ആരാധിച്ചു. ഋത്വിക്കുകളും സ്തുതിച്ചു. ഭഗവാനെ പോലെ പുത്രൻ ഉണ്ടാകണം എന്ന് ആഗ്രഹിച്ച അവരിൽ ഭഗവാൻ തന്നെ ഋഷഭദേവൻ ആയി അവതരിച്ചു. എവിടെയാണോ ഭഗവാനേ പൂജിക്കുന്നത് അവിടെ ധർമ്മം ഉണ്ടാകും. ഋഷഭദേവന് ജയന്തിയിൽ 100 പുത്രന്മാരുണ്ടായി. ഭരതൻ രാജ്യം ഭരിച്ചതോടെ അജനാഭവർഷം ഭാരതം എന്ന പേരിൽ അറിയപ്പെട്ടു. ഒൻപതുപേർ നവയോഗികൾ ആയി അറിയപ്പെട്ടു. 81പേർ ബ്രാഹ്മണ കർമ്മങ്ങൾ അനുഷ്ഠിച്ചു. ഋഷഭദേവൻ നൂറു യാഗം ചെയ്തു. ബ്രഹ്മാവർത്തത്തിൽ ബ്രഹ്മർഷിമാരുടെ മദ്ധ്യത്തിൽ വച്ച് തന്റെ പുത്രന്മാർക്ക് മോക്ഷ ധർമം ഉപദേശിച്ചു. പിന്നീട് സർവ്വതും ഉപേക്ഷിച്ച് ബ്രഹ്മാനന്ദത്തിൽ മുഴുകി. അന്ധനും മൂകനും ബധിരനും എന്നപോലെ സഞ്ചരിച്ച ആ മഹായോഗിയുടെ വിസർജ്യവസ്തുക്കൾ സമീപപ്രദേശങ്ങളിൽ സുഗന്ധം പരത്തി. സിദ്ധികളിൽ ഭ്രമിച്ചില്ല. രജോഗുണം നിമിത്തം വിവേകം കുറഞ്ഞവരെ മോക്ഷ മാർഗത്തിൽ പ്രവേശിപ്പിക്കാനാണ് ഋഷഭാവതാരം. ഭരതൻ പരമഭക്തനും ധർമ്മിഷ്ഠനുമായിരുന്നു. പഞ്ചജനിയെ വിവാഹം ചെയ്തു. രാജാവിന്റെ ഭരണത്തിൽ ജനങ്ങൾ സന്തുഷ്ടരായി. കർമ്മ വിരക്തി വന്ന അദ്ദേഹം രാജ്യത്തെ പുത്രന്മാർക്ക് നൽകി ഗണ്ഡകീനദീതീരത്തുള്ള പുലഹാശ്രമത്തെ പ്രാപിച്ചു. ഒരിക്കൽ അദ്ദേഹം നദിയിൽ സ്നാനം ചെയ്യവേ ഭയന്നു പരിഭ്രമിച്ച മാൻപേട നദി ചാടി കടക്കവേ പ്രസവിച്ച മാൻ കുഞ്ഞിനെ എടുത്ത് ശുശ്രൂഷിച്ചു ലാളിച്ചു. ബ്രഹ്മജ്ഞാനികൾക്കും വിഷയാസക്തി മൂലം അധ:പതനം ഉണ്ടാകുന്നു. ദേഹം വെടിയുന്ന സമയത്തും മാൻ കുട്ടിയെ കുറിച്ചുള്ള ശക്തമായ ഓർമ്മ നിമിത്തം അടുത്ത ജന്മം മാനായി ജനിച്ചു. പ്രാരബ്ധാവസാനം മൃഗ ശരീരത്തെ ഉപേക്ഷിച്ചു. അടുത്ത ജന്മം ഉൽകൃഷ്ട ബ്രാഹ്മണ കുലത്തിൽ ജനിച്ചു. പൂർവ സ്മരണ ഉണ്ടായിരുന്ന അദ്ദേഹം മുക്തിക്ക് തടസ്സമാകുന്ന ജനസംഗത്തെ ഒഴിവാക്കി. ഭ്രാന്തൻ, അന്ധൻ, ബധിരൻ എന്ന നിലകളിൽ കഴിഞ്ഞു. എന്ത് ജോലിയും ചെയ്യും. ദേഹാഭിമാനം ഇല്ല. ഒരിക്കൽ ഭദ്രകാളിക്ക് നരബലി നൽകാനായി ജഡ ഭരതനെ കൂട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമിച്ചപ്പോൾ ദേവി പ്രത്യക്ഷപ്പെട്ട് ആ ദുഷ്ടന്മാരെ വധിച്ചു. രാജാവായ രഹൂഗണൻ കപില മഹർഷിയെ കാണാൻ പല്ലക്കിൽ സഞ്ചരിച്ചു. പല്ലക്ക് ചുമന്ന ഭരതനെ രഹൂഗണൻ പരിഹസിച്ചു. അതിനു മറുപടിയായി ജഡ ഭരതൻ പറഞ്ഞു... എങ്ങും നിറഞ്ഞിരിക്കുന്ന ആത്മാവാണ് താൻ. ശരീരബോധം ഉണ്ടെങ്കിൽ മാത്രമേ ക്ഷീണവും ഭാരവും ഉണ്ടാവുകയുള്ളൂ. ആദിയും അന്ത്യവും ഉള്ള വസ്തുവിന് മാത്രമേ ജനനവും മരണവും ഉള്ളൂ. സംസാരവും മിഥ്യയാണ്. സംസാരത്തിന് കാരണം മനസ്സാണ്. മനസ്സ് ത്രിഗുണങ്ങൾക്ക് അടിമപ്പെട്ട് സുഖസമ്പാദനത്തിനായി ജ്ഞാന കർമ്മേന്ദ്രിയങ്ങളാൽ പലവിധ കർമ്മങ്ങൾ ചെയ്യുന്നു. സച്ചിദാനന്ദ സ്വരൂപമായ ആത്മാവിനെ അറിയണമെങ്കിൽ മായയെ ജയിക്കണം. വിഷയവിരക്തി വരാതെ വേദസാരം മനസ്സിലാക്കാൻ കഴിയില്ല. ആത്മജ്ഞാനം നേടാൻ മഹാത്മാക്കളെ സേവിക്കുക. അതുകൊണ്ടേ പരമ ജ്ഞാനം ഉണ്ടാവുകയുള്ളൂ. പരമ ജ്ഞാനം ഉണ്ടായാൽ സംസാരദുഃഖം ഉണ്ടാവില്ല. ആനന്ദസ്വരൂപിയായി വർത്തിക്കാൻ കഴിയും.

No comments: