Monday, November 08, 2021

 


ദ്വാദശിപ്പണ സമര്‍പണത്തോടെ ഗുരുവായൂര്‍ ഏകാദശി സമാപന ചടങ്ങുകള്‍ക്ക് തുടക്കമാകും

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദ്വാദശിപ്പണ സമര്‍പണത്തോടെ ഗുരുവായൂര്‍ ഏകാദശി സമാപന ചടങ്ങുകള്‍ക്ക് തുടക്കമാകും. ക്ഷേത്രത്തില്‍ ദ്വാദശിപണ സമര്‍പ്പണത്തിന് വന്‍തിരക്ക് . ഏകാദശി ദിവസമായ ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ തുടങ്ങിയ പണസമര്‍പ്പണം തിങ്കളാഴ്ച രാവിലെ ഒന്‍പത് വരെ നീണ്ടു. ക്ഷേത്രം കൂത്തമ്പലത്തിലായിരുന്നു ചടങ്ങ് നടന്നത്. ചടങ്ങ് പൂര്‍ത്തിയാക്കി ക്ഷേത്രനട നേരത്തെ അടക്കേണ്ടതിനാല്‍ മുഴുവന്‍ ഭക്തര്‍ക്കും പണസമര്‍പണത്തിന് അവസരം നല്‍കാനായില്ല. 250ഓളം ഭക്തര്‍ക്കാണ് ദ്വാദശി പണം സമര്‍പിക്കാന്‍ അവസരം നഷ്ടപെട്ടത്. ദ്വാദശിപണസമപര്‍പ്പണത്തിനു ശേഷം ഒന്‍പത് മണിയോടെ അടച്ച ക്ഷേത്രനട വൈകുന്നേരം നാലു മണിയോടെയാണ് തുറന്നത്. കുളിച്ച് ഗുരുവായൂരപ്പ ദര്‍ശനം കഴിഞ്ഞാണ് ഭക്തര്‍ വേദജ്ഞര്‍ക്ക് ദക്ഷിണസമര്‍പ്പിച്ചത്. കാണിക്ക സമര്‍പ്പണത്തിന് ഗുരുവായൂരപ്പന്‍ എത്തുന്നു എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ മേല്‍ശാന്തിയും കൂത്തമ്പലത്തിലെത്തി പണം സമര്‍പിച്ചു.  പെരുവനം, ശുകപുരം, ഇരിങ്ങാലക്കുട എന്നീ ഗ്രാമങ്ങളിലെ ബ്രാഹ്മണരാണ് ദക്ഷിണ സ്വീകരിക്കാനായെത്തിയിരുന്നത്. ദ്വാദശി പണമായി ലഭിച്ച തുക നാലായി ഭാഗിച്ച് ഒരു ഭാഗം ഗുരുവായൂരപ്പന് സമര്‍പ്പിച്ചു. ബാക്കി തുക മൂന്നായി തിരിച്ച് ഓരോ ഭാഗവും മൂന്ന് ഗ്രാമക്കാരും വീതിച്ചെടുത്തു. യാഗാഗ്നി സംരക്ഷിക്കുന്നതിനും വേദപഠനത്തി്‌നുമായാണ് ഈതുക ഉപയോഗിക്കുക. ഭട്ടിപുത്തില്ലത്ത് രാമാനുജന്‍ അക്കിതിരിപ്പാട്, കൈമുക്ക് വൈദികന്‍ രാമന്‍ അക്കിതിരിപ്പാട്, കവപ്രമാറത്ത് ശങ്കരന്‍ നാരായണന്‍ അക്കിത്തിരിപ്പാട്, ചെറുമുക്ക് വല്ലഭന്‍ അക്കിത്തിരിപ്പാട്, നടുവില്‍ പഴേടത്ത് നീലകണ്ഠന്‍ അടിതിരിപ്പാട് എന്നിവരാണ് ദ്വാദശി പണസമര്‍പ്പണം സ്വീകരിക്കാന്‍ ഉപവിഷ്ടരായത്. അഗ്നിഹോത്രികള്‍ക്ക് വസ്ത്രവും, ദക്ഷിണയും നല്‍കി. തുടര്‍ന്ന് ഏകാദശി വ്രതം നോറ്റവര്‍ക്കായി ദ്വാദശി ഊട്ടും നല്‍കി. കാളന്‍, ഓലന്‍, എരിശ്ശേരി, മോര്, വറുത്തുപ്പേരി, പപ്പടം, നെല്ലിക്കഉപ്പിലിട്ടത്. ഇടിച്ചുപിഴിഞ്ഞ പായസം എന്നീ വിഭവങ്ങളോടെയായിരുന്നു ദ്വാദശി ഊട്ട്. പതിനായിരത്തോളം പേരാണ് ഊട്ടില്‍ പങ്കെടുത്തത്. തുടര്‍ന്ന് തന്ത്രി ചേന്നാസ് ഹരി നമ്പൂതിരിപ്പാട്, ചേന്നാസ് സതീശന്‍ നമ്പൂതിരിപ്പാട് എന്നിവരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കീഴ്ശാന്തിമാര്‍ രുദ്രതീര്‍ത്ഥക്കുളവും, ഓതിക്കന്‍മാര്‍ മണിക്കിണറും ശ്രീലകവും പുണ്യാഹം നടത്തി. ചൊവ്വാഴ്ച നടക്കുന്ന ത്രയോദശി ഊട്ടോടെഏകാദശി ചടങ്ങുകള്‍ക്ക് പരിസമാപ്തിയാകും.

No comments: