Wednesday, March 22, 2023

നാം എന്തുകൊണ്ട് ഒരിടത്തു നിന്നു മറ്റൊരിടത്തേയ്ക്ക് ചലിക്കുന്നു എന്നതിൻറെ കാരണം നമുക്ക് സ്വയം അറിയാമല്ലോ? നമുക്ക് ആവശ്യമുള്ളൊരു കാര്യം അകലെ ഇരിക്കുന്നു എന്നതുകൊണ്ട് നാം അവിടേയ്ക്ക് സഞ്ചരിക്കുന്നു. അകലെ കാണുന്ന ഈ സുഖവിഷയങ്ങൾ ദേശങ്ങളും കാലങ്ങളും കടന്ന് പല ജന്മങ്ങളോളം നീണ്ടു പോകുന്നു. നേടിയാലും നഷ്ടപ്പെടുന്ന സുഖങ്ങളാണ് അകലെ കാണുന്നതെല്ലാം. അതിനാൽ ഈ ലോകസുഖങ്ങളെല്ലാം എത്രനേടിയാലും മായാമരീചിക പോലെ പിന്നെയും അകന്നുതന്നെ കാണപ്പെടുന്നു. ഈ സ്ഥലകാലങ്ങളുടെ അകലം കുറഞ്ഞുകുറഞ്ഞ് സുഖം ആത്മാവിനോളം ചെറുതാകേണ്ടിയിരിക്കുന്നു. ശരീരപിണ്ഡം കൊണ്ട് സഞ്ചരിച്ചു ചെന്നു നേടുന്ന സുഖങ്ങൾക്ക് ഒരു വർഷത്തെ സമയം വേണ്ടി വന്നു എങ്കിൽ അതിനേക്കാൾ സൂക്ഷ്മമായ മനസ്സുകൊണ്ട് സഞ്ചരിച്ച് അനുഭവിക്കുവാൻ നിമിഷങ്ങൾ മതിയാകും. അപ്പോൾ സ്ഥൂലമായ ശരീരത്തെയും സൂക്ഷ്മമായ മനസ്സിനെയും കടന്നു ചെന്നാൽ ആത്മാവിൽ സ്ഥലകാലങ്ങളുടെ ദൂരം അപ്രത്യക്ഷമാകുമെന്നു പറയേണ്ടതുണ്ടോ? ആത്മാവിലേയ്ക്ക് അടുക്കുന്തോറും സുഖം ഇരിക്കുന്ന സ്ഥലകാലദൂരം കുറഞ്ഞുകുറഞ്ഞു വരുന്നു. ആത്മാവിൽ സുഖം കണ്ടെത്തുന്നതുവരെ നാം ലോകരെയും ലോകവിഷയങ്ങളെയും ആശ്രയിച്ച് സുഖം തേടി സഞ്ചരിക്കുന്നു. ആത്മാവിനെ അറിയുന്നില്ല എന്നതുകൊണ്ടു മാത്രമാണ് അന്യവിഷയങ്ങളുടെ പുറകേ അലഞ്ഞുതിരിയുന്നത്. നാം ആരാണെന്ന് തിരിച്ചറിഞ്ഞാൽ ഈ കർമ്മങ്ങൾ എങ്ങനെ തുടർന്നു പോകും? അജ്ഞതയുടെ ശക്തികൊണ്ടാണ് നാം എൻറെ ശരീരമെന്നും എൻറെ ബന്ധുവെന്നും എൻറെ സ്വത്തെന്നും പറഞ്ഞ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. പൂർവ്വജന്മങ്ങൾ ഓർമ്മവന്നാൽ പിന്നെ ഇപ്പോൾ കൂടെയുള്ളതിനോടൊന്നും ഇപ്പോൾ തോന്നുന്ന ഭാവത്തിൽ ഇടപെടാൻ സാധിക്കില്ല. അജ്ഞാനദശയിലാണ് നാം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. അതിനാൽ മനുഷ്യരാകട്ടെ ദേവന്മാരാകട്ടെ ത്രിമൂർത്തികളാകട്ടെ പിതൃക്കളാകട്ടെ ജീവജാലങ്ങളാകട്ടെ അതാതിൻറെ ധർമ്മം അനുഷ്ഠിക്കണമെങ്കിൽ അജ്ഞത നിലനിൽക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ബ്രഹ്മജ്ഞാനികളെ എല്ലാ ദേവതകൾക്കും എല്ലാ ധർമ്മത്തിനും മേലെയായി കരുതുന്നത്. പൂർവ്വജന്മങ്ങൾ ഓർമ്മയില്ല എന്നതുകൊണ്ടുതന്നെ നാം പൂർണ്ണമായ അറിവോടെയാണ് ജാഗ്രത്തിൽ ഉണർന്നിരിക്കുന്നതെന്നു പറയുവാൻ സാധിക്കില്ല. അല്പമാത്രം അറിയുന്നു. വിരളമായ ഈ അറിവുകൊണ്ട് അറിവിൽപെടാത്ത കാര്യങ്ങളെ കുറിച്ച് ഊഹിക്കുന്നു. യുക്തി എന്നത് രണ്ടു രീതിയിൽ ഉപയോഗിച്ചു കാണാം. നമുക്ക് അറിഞ്ഞുകൂടാത്ത കാര്യങ്ങളെ കുറിച്ച് യുക്തി ഉപയോഗിച്ച് അനുമാനം നടത്തുന്ന രീതി ഒന്ന്. നമുക്ക് അനുഭവബോദ്ധ്യം വന്ന കാര്യങ്ങളെ കുറിച്ച് മറ്റുള്ളവർക്ക് ബോദ്ധ്യം വരാൻ തക്കവിധം യുക്തികളുപയോഗിച്ച് പറയുന്നത് മറ്റൊന്ന്. അറിയാത്ത കാര്യങ്ങളെ കുറിച്ച് യുക്തിമാത്രം ഉപയോഗിച്ച് ഇല്ല എന്നു പറയുന്ന രീതി ശരിയല്ലല്ലോ? യുക്തി എന്നത് ശരിയായി പ്രയോഗിക്കപ്പെടുന്നത് അനുഭവസ്ഥർ സ്വാനുഭവത്തെ ലോകത്തിന് വിശദീകരിക്കുമ്പോഴാണ്. ഗുരുക്കന്മാരുടെ വാക്കുകൾ യുക്തിസഹമായിരിക്കുന്നതും നമ്മുടെ വാക്കുകൾ യുക്തിഹീനമായിരിക്കുന്നതും ഈ വ്യത്യാസം കൊണ്ടാണ്. മങ്ങിയ പ്രകാശത്തിൽ കണ്ട കയറിനെ പാമ്പാണെന്ന് തെറ്റിദ്ധരിച്ചതു പോലെ എന്ന് യുക്തി നിർദ്ദേശിക്കുമ്പോൾ അത് അറിഞ്ഞുകൂടാത്ത കാര്യത്തെ അനുമാനിക്കുകയല്ല. അനുഭവസത്യത്തെ ലോകസാധാരണമായ യുക്തികൊണ്ട് വിവരിക്കുകമാത്രമാണ്. എന്നാൽ അനുഭവം ഇല്ലാതെയും ഗുരുവാക്യങ്ങളുടെ വെളിച്ചമില്ലാതെയും സ്വന്തം യുക്തികൊണ്ട് ഈശ്വരസത്യം തേടി പോയാലോ? അനുഭൂതിനിഷ്ഠനായൊരാളുടെ യുക്തികൾ ലോകത്തിന് വഴികാട്ടിയാണ്. അനുഭൂതിയില്ലാത്തവരുടെ യുക്തികൾ ലക്ഷ്യം തെറ്റി പലവഴിക്കു പോകുന്നു. ശ്രുതിയും യുക്തിയും അനുഭവത്തിൽ ബോധിക്കണം. അപ്പോൾ മാത്രമേ ശ്രുതിവാക്യങ്ങളിലെ യുക്തികൾ നമുക്ക് സ്വാഭാവികമാകുന്നുള്ളൂ. അറിഞ്ഞുകൂടാത്ത കാര്യങ്ങളെ കുറിച്ച് അനുമാനം നടത്തുന്ന വെറും യുക്തിവാദങ്ങളല്ല ശ്രുതികളിൽ കാണുന്നത്. നമുക്ക് അനുഭവബോദ്ധ്യം വരാത്ത ഒരു കാര്യത്തെ കുറിച്ച് അങ്ങനെയൊന്ന് ഇല്ല എന്ന് പറയുവാൻ യുക്തിയുടെ സഹായം വേണ്ടതില്ല. നമുക്ക് അനുഭവബോദ്ധ്യമുള്ള ഒരു കാര്യത്തെ കുറിച്ച് സ്വയം ബോദ്ധ്യപ്പെടാനും യുക്തിയുടെ സഹായം വേണ്ടതില്ല. ലോകരുടെ ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കുമ്പോൾ അനുഭവസ്ഥരായ ഗുരുക്കന്മാർ യുക്തിയോടെ വിഷയം അവതരിപ്പിക്കുന്നു എന്നുമാത്രം. അത്തരം യുക്തികളെല്ലാം ലോകരുടെ ബോധമണ്ഡലത്തിന് ഇണങ്ങുന്ന ന്യായപ്രമാണങ്ങളായിരിക്കുന്നു. നാം യുക്തിബോധം ഉള്ളവരാണെങ്കിൽ അറിഞ്ഞുകൂടാത്ത കാര്യങ്ങളെ അറിയില്ല എന്നു തന്നെ പറയും. ആരെങ്കിലും പറഞ്ഞത് നമുക്ക് യുക്തിയോ പ്രമാണമോ ആകുകയില്ല. നമുക്ക് എന്ത് അനുഭവബോദ്ധ്യം വന്നുവോ അതാണ് നമുക്ക് സത്യം. അതിനെ കുറിച്ച് നമുക്ക് യുക്തിയോടെ ലോകരോട് പറയാവുന്നതാണ്. കടപ്പാട്

No comments: