Friday, March 24, 2023

നാമംചൊല്ലി നമസ്കരിക്കല്‍🙏* കുട്ടിക്കാലത്ത് രാവിലെയും വൈക്കുന്നേരവും നാമം ചൊല്ലി നമസ്കരിക്കുന്ന പതിവ് നിര്‍ബന്ധമായിരുന്നു. ഇന്നും ചില കുടുംബങ്ങളില്‍ അത് തുടര്‍ന്ന് വരുന്നുണ്ട്. സീരിയലിന്റെയും ടി.വി. പ്രോഗ്രാമുകളുടേയും സ്വാധീനം അതിനെ ദുര്‍ബലപ്പെടുത്തുന്നുണ്ടെങ്കിലും കാലത്തിനെ അനുസരിച്ചുള്ള മാറ്റം ഉള്‍കൊണ്ടുകൊണ്ട് സന്ധ്യക്ക്‌ ഒരു നിശ്ചിതസമയം അതിന് നീക്കിവെയ്ക്കുന്നത് ഹൈന്ദവസംസ്കാരം നിലനിര്‍ത്തുന്നതിനും ഈശ്വരീയചിന്ത കുട്ടികളില്‍ വളര്‍ത്തുന്നതിനും വളരെ ഉപകാരപ്രദമാകുന്നു. അക്കാര്യത്തില്‍ മാതാപിതാക്കളുടെ സഹകരണം വളരെ പ്രധാനമാണ്. ഇന്നത്തെ സാഹചര്യത്തില്‍ രാവിലെ അതിന് സമയം കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടുണ്ടാകും. അതുകൊണ്ട് വൈകുന്നേരമെങ്കിലും കുറച്ച് സമയം കണ്ടത്തേണ്ടതാകുന്നു. നാമംചൊല്ലി നമസ്കരിക്കുന്ന കാര്യത്തില്‍ എല്ലാവര്‍ക്കും പ്രായഭേദമന്യേ പങ്കെടുക്കാം. അതില്‍ ആണ്‍കുട്ടികള്‍ എന്നോ പെണ്‍കുട്ടികളെന്നോ തരംതിരിവും ആവശ്യമില്ല. എന്നാല്‍ പെണ്‍കുട്ടികള്‍ അല്പം വലുതായാല്‍ മുട്ടുകുത്തി തല ഭൂമിയില്‍ മുട്ടിച്ച് നമസ്കരിച്ചാല്‍ മതി. ശിവന്‍, വിഷ്ണു തുടങ്ങിയ ഇഷ്ടദേവതകളേയും, പരദേവതകളേയുമാണ് നമസ്കരിക്കേണ്ടത്. ഓരോ കുടുംബത്തിലും ഓരോ പരദേവതകള്‍ ഉണ്ടാകും. അത് ആ കുടുംബത്തില്‍ തലമുറകളായി ആരാധിച്ചുവരുന്ന ദേവതയാണ്. സ്തുതികള്‍ ചൊല്ലുന്നതിനും ഈ മാനദണ്ഡംതന്നെ സ്വീകരിക്കാവുന്നതാണ്.🙏

No comments: