Tuesday, June 20, 2023

ഞാറ്റുവേലകൾ ചതിക്കുമോ? ഞാറ്റുവേലക്കിളിയേ .. നീ പാട്ട് പാടി വരുമോ? കൊന്ന പൂത്ത വഴിയിൽ പൂവെള്ള് മൂത്ത വയലിൽ കാത്ത് നിൽപ്പൂ ഞാനീ പുത്തിലഞ്ഞിചോട്ടിൽ.. തനിയെ... മിഥുനം എന്ന സിനിമയിലെ ഓ എൻ വി എഴുതി, എം ജി രാധാകൃഷ്ണൻ സംഗീതം പകർന്ന് കെ എസ് ചിത്ര പാടിയ, മധ്യമാവതി രാഗത്തിലെ മനോഹരഗാനം.. ഞാറ്റുവേലക്കിളി എന്ന ഒന്നുണ്ടോ എന്ന് നോമിന് അറീല്യ.. എന്നാലും ഞാറ്റുവേല എന്ന ഒന്നുണ്ട് എന്നും, അത്‌ ചതിക്കില്ല്യ എന്നുമായിരുന്നു വിശ്വാസം. വിശ്വാസം... അതല്ലേ എല്ലാം.. എന്നാണല്ലോ കല്യാണരാമന്മാർ നമ്മളെ പഠിപ്പിച്ചത്. കേരളത്തിൽ കാർഷികവർഷം ആരംഭിക്കുന്നത് മേടം ഒന്ന് മുതൽ തുടങ്ങുന്ന അശ്വതി ഞാറ്റുവേലയോടെ ആണ് എന്ന് പറയാം. 'കൃഷി' എന്നാൽ നെൽക്കൃഷി എന്ന് കരുതിയിരുന്ന ഒരു കാലത്ത്, വിരിപ്പ് കൃഷി (ഒന്നാം വിള ) തുടങ്ങുന്ന സമയം എന്ന നിലയ്ക്കായിരിക്കാം അങ്ങനെ കരുതിപ്പോന്നത്. എന്നാൽ,കുംഭമാസത്തിലെ അവിട്ടം ഞാറ്റുവേലയോടെ തന്നെ കർഷകർ ചേനക്കൃഷി തുടങ്ങാറുണ്ട്. ആ സമയത്ത് കിട്ടുന്ന വേനൽമഴയെ ആശ്രയിച്ചാണ് അത് നടന്ന് പോന്നത്. 'കുംഭത്തിൽ നട്ടാൽ കുടത്തോളം' എന്നാണല്ലോ..അതോ ആയിരുന്നല്ലോ എന്നാണോ? 'വർഷം പോലെ കൃഷി'എന്നാണ് പഴമൊഴി .മഴയെ ആശ്രയിച്ചാണ് കൃഷിയുടെ ജാതകം എന്നർത്ഥം. മേടമാസം മുതൽ ഇടവം പാതിവരെ കിട്ടുന്ന വേനൽ മഴയുടെ ബാക്കിയാണ് നെൽകൃഷിയിൽ പൊടിവിത വേണോ ചേറ്റുവിത വേണോ എന്നൊക്കെ തീരുമാനിച്ചിരുന്നത്. കേരളത്തിൽ ഒരു വർഷം 250 മുതൽ 300സെന്റി മീറ്റർ(2500 മില്ലി മീറ്റർ മുതൽ 3000 മില്ലി മീറ്റർ വരെ ) മഴ ലഭിക്കുന്നതിന്റെ 68 ശതമാനം ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള ഇടവപ്പാതി യിൽ നിന്നും 16 ശതമാനം,ഒക്ടോബർ - നവംബർ മാസങ്ങളിലെ തുലാവർഷത്തിൽ നിന്നുമാണ്. 300സെന്റിമീറ്റർ (3000മില്ലി മീറ്റർ )മഴ പെയ്തു എന്ന് പറഞ്ഞാൽ ഒരു കൊല്ലം കൊണ്ട് ഒരു പ്രദേശം മുഴുവൻ 300 സെന്റിമീറ്റർ(3 മീറ്റർ ) പൊക്കത്തിൽ മുങ്ങാൻ തക്കവണ്ണമുള്ള മഴ പെയ്തു എന്നാണർത്ഥം(അത് ഒഴുകിപ്പോകാതെ നിന്നിരുന്നു എങ്കിൽ ). ശരാശരി 120-140 ദിവസങ്ങളിൽ ആയിട്ടാണ് ഈ മഴയത്രെയും പെയ്തൊഴിയുന്നത്. കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണെങ്കിലും മഴയുടെ വിതരണത്തിന്റെ (rainfall distribution )കാര്യത്തിൽ വർധിച്ചു വരുന്ന അസന്തുലിതാവസ്ഥ ആശങ്ക ജനിപ്പിക്കുന്നു. ഞാറ്റുവേലാധിഷ്ഠിതമായി കൃഷിയിറക്കാൻ ധൈര്യപ്പെടാൻ കഴിയാത്ത വിധം ഞാറ്റുവേലകൾ ക്രമം തെറ്റാൻ (erratic )തുടങ്ങിയിരിക്കുന്നു.ഭൂമിയുടെ ഋതുക്രമത്തിൽ ഇടർച്ച വന്നിരിക്കുന്നു. 'അശ്വതി (ഞാറ്റുവേല ) കള്ളനാണ്' എന്ന് പണ്ടേ പറയാറുണ്ട്. വിശ്വസിച്ചു കൃഷിയിറക്കാൻ പറ്റില്ല. മഴ പെയ്യാം, പെയ്യാതിരിക്കാം. പക്ഷെ 'ഭരണി(ഞാറ്റുവേല ) ഭദ്രമാണ്'. ഭരണിയിലിട്ട വിത്തും അച്ഛൻ വളർത്തിയ മക്കളും ഒരിയ്ക്കലും മോശമാകില്ല എന്നത്രെ (അതിൽ ഒരു ലിംഗ വിവേചനം തോന്നുന്നില്ലേ ലിംഗസമത്വം കാംഷിക്കുന്ന ഈ നാളുകളിൽ ) എന്നാൽ ഇപ്പോൾ ഭരണിയുടെ ആ ഉറപ്പും കുറുപ്പിന്റെ ഉറപ്പായി മാറുന്നില്ലേ?(കുറുപ്പ് മാർ ക്ഷമിക്കുക 🙏). പിന്നെ കാർത്തിക ഞാറ്റുവേല. ഇഞ്ചിക്കൃഷിയ്ക്ക് ഏറ്റവും യോജിച്ച കാലം. അതിന്റെ ഒന്നാം കാൽ. ആദ്യത്തെ മൂന്നര ദിവസം ബഹുകേമം. 'കാർത്തികക്കാലിൽ കാക്കക്കാൽ നനഞ്ഞാൽ മുക്കാലിൽ മുക്കും 'എന്നാണ്. ആദ്യത്തെ മൂന്ന് ദിവസം മഴ പെയ്താൽ പിന്നീടുള്ള മൂന്ന് കാലും പൊടി പൊടിക്കുമത്രേ. എബടെ? ഒക്കെ അന്തക്കാലം. ഏത് കണക്ക് വച്ച് നോക്കിയാലും 'രോഹിണിയ്ക്കപ്പുറം വിത വേണ്ട 'എന്നായിരുന്നു പണ്ട്. അതിനകം പറിച്ച് നടാനുള്ള പുതൽ(ഈർപ്പം ) ഉറപ്പായും കിട്ടിയിരിക്കുമായിരുന്നു.ആ ഉറപ്പും ഇന്ന് പലപ്പോഴും നഷ്ടമാകുന്നു. കേരളത്തിൽ പയർ കൃഷി (മണിപ്പയർ ) കരക്കൃഷിയുടെ ഭാഗമായിരുന്ന ഒരു സമീപ ഭൂതകാലത്ത് രോഹിണി ഞാറ്റുവേലയിൽ പയർ വിതച്ച് തീർക്കണമായിരുന്നു. കാരണം 'മദിച്ചു പെയ്യുന്ന മകയിരത്തിൽ ' വിതച്ചാൽ ചെടിയും മദിച്ചു വളരും, വിളവ് കുറയും എന്നതായിരുന്നു അനുഭവം. ഇനിയാണ് 'ഞാറ്റുവേലകളുടെ ഞാറ്റുവേല 'എന്നറിയപ്പെടുന്ന തിരുവാതിര ഞാറ്റുവേലയുടെ വരവ്. മറ്റെല്ലാ ഞാറ്റുവേലകളും പതിമൂന്നര ദിവസത്തിൽ ഒതുങ്ങി നിൽക്കുമ്പോൾ തിരുവാതിര ഞാറ്റുവേല , ഞാറ്റുവേലകളിലെ ഗുരുവായൂർ കേശവൻ, അവൻ പതിനഞ്ച് ദിവസം നീണ്ട് നിൽക്കും. 100 വെയിലും 100 മഴയും കൊണ്ട് മാരിവിൽ പ്രപഞ്ചം തീർക്കുന്ന തിരുവാതിര ഞാറ്റുവേല. സാമാന്യം ഭേദപ്പെട്ട ചൂടും ഈർപ്പവും കൊണ്ട് വേരുൽപ്പാദനത്തെ ഉദ്ദീപ്പിപ്പിക്കുന്ന അന്തരീക്ഷം. അതുകൊണ്ടാണ് ആ സമയത്ത് കൈവിരൽ മണ്ണിൽ കുത്തിയാലും വേര് പൊടിയും എന്ന് പറഞ്ഞ് പോന്നിരുന്നത്. തിരി മുറിയാതെ പെയ്യേണ്ട ആ പുണ്യ മഴയിലൂടെയാണ് (ഗംഗാമ്പൂ ) കുരുമുളക് തിരികളിലെ മദജലം കിനിഞ്ഞ് നിൽക്കുന്ന പെൺപൂക്കളുടെ ജനിപുടങ്ങളിൽ രേതസ് ഇറ്റേണ്ടിയിരുന്നത് .. പക്ഷെ തിരി മുറിയാതെ പെയ്യേണ്ട തിരുവാതിര മഴ ഇന്ന് ഏത് ഗിരി ശിഖരങ്ങളിലാണ് തപസ്സമാധിയിൽ ഇരിക്കുന്നത്.? ഏത് ഭഗീരഥനാണ് അതിനെ ഉണർത്താൻ കഴിവുള്ളത്? പിന്നെ, പുണർതത്തിൽ പുകഞ്ഞും പൂഴി തെറുപ്പിച്ചും അതിനാൽ തന്നെ ആ ഞാറ്റുവേലയിൽ ഞാറ് പറിച്ച് നടുന്നവൻ ഭാഗ്യ ഹീനൻ എന്ന് മാലോകരെകൊണ്ട് പറയിപ്പിച്ചും രാശിയില്ലാത്ത പുണർതം ഞാറ്റുവേല. ശേഷം,പൂയം ഞാറ്റുവേല .. പറിച്ച് നട്ടാൽ പുഴുക്കേട് ഉറപ്പെങ്കിലും പുല്ലിനെയും നെല്ലാക്കുന്ന മാന്ത്രിക മഴ.പൂയത്തിൽ മഴ പെയ്താൽ പുല്ലും നെല്ലാകും. അതാ വരുന്നു ആയില്യക്കള്ളൻ.. മുണ്ടകൻ ഞാറ് പറിച്ച് നടാൻ അനഭിമതൻ. പിന്നെ,കരയിലെ എള്ള് കൃഷിക്ക് യോജിച്ച മകം ഞാറ്റുവേല. ഘോഷങ്ങളില്ലാതെ പെയ്തൊഴിയുന്ന പൂരം, ഉത്രം ഞാറ്റുവേലകൾ. അതിന് ശേഷം വരുന്നു ദുന്ദുഭി ഘോഷങ്ങളോടെ അത്തം ഞാറ്റുവേല. 'അത്തവർഷം അതിശക്തം '.'അത്തവെള്ളം പിത്തവെള്ളം'. 'അത്തമുഖത്തെള്ളെറിഞ്ഞാൽ ഭരണിമുഖത്തെണ്ണ' എന്നത്രെ!! കരപ്പുരയിടങ്ങളിൽ വെള്ളരി വർഗ വിളകളുടെ കൃഷി തുടങ്ങാൻ കാലമായി. ജൈവരീതിയിൽ അടുത്ത ഓണക്കാലത്തേക്ക് ഏത്തവാഴ കൃഷി തുടങ്ങാനും അത്തം കഴിഞ്ഞൊരു ഞാറ്റുവേലയില്ല തന്നെ. രണ്ടാം വിള നെൽകൃഷി നടാനും പറ്റിയ സമയം. തിരുവാതിര ഞാറ്റുവേല കഴിഞ്ഞാൽ പിന്നെ ഞാൻ തന്നെ എന്ന് നിസ്സംശയം പറയാൻ തക്കവണ്ണം കരുത്തൻ. ശേഷം നിശബ്ദയായി ചിത്തിര.ഒരു നേർത്ത കുളിർ കാറ്റ് പോലെ.. ഒടുവിൽ മഴ നേർത്ത് നേർത്ത് വരുന്നതിന് മുന്നോടിയായി ഒരു ആളിക്കത്തൽ...ചോതി ഞാറ്റുവേല. ചോതി വർഷിച്ചാൽ രണ്ടാം വിള പൊളിക്കും. ചോതി വർഷിച്ചാൽ ചോറിന് മുട്ടില്ല എന്നാണല്ലോ.. 'ചോതി കഴിഞ്ഞാൽ ചോദ്യമില്ല' ന്നും ഉണ്ട്. ഈ ഞാറ്റുവേല കഴിഞ്ഞ് ചെയ്യുന്ന രണ്ടാം വിള നെൽകൃഷി അമ്പേ പരാജയപ്പെടാൻ സാധ്യത ഏറെ... (ചില സബ്‌സിഡി കൃഷിക്കാരുടെ പ്രിയപ്പെട്ട സമയമാണ് ചോതി കഴിഞ്ഞ് വരുന്ന കാലം . നേരം കെട്ട നേരത്ത് കൊണ്ട് പോയി നടുക, ഇൻഷുർ ചെയ്യുക, കിട്ടിയാൽ കിട്ടി.. പോയാൽ പോയി (കേക്കേ പീപ്പി കൃഷി 🤭). അപ്പോൾ ഉത്തമാ.. കാര്യങ്ങൾ ഒരുകാലത്ത് ഇങ്ങനെ ഒക്കെ ആയിരുന്നെങ്കിൽ, ഇന്ന് എല്ലാം മാറിമാറിഞ്ഞിരിക്കുന്നു. ഞാറ്റുവേലകളുടെ താളം നഷ്ടപ്പെട്ടിരിക്കുന്നു. അവർ പിൻ നടത്തം ആരംഭിച്ചിരിക്കുന്നു.കാലാവസ്ഥ വ്യതിയാനവും ആഗോള താപനവും അവരുടെ ചാക്രികതയിൽ ഹോർമോൺ വ്യതിയാനങ്ങൾ വരുത്തിയിരിക്കുന്നു. 'ദേവദുന്ദുഭി തൻ വർഷ മംഗള ഘോഷ' ത്താൽ ഉർവ്വരമാകേണ്ട നാളുകൾ ഋതുഭേദപ്പകപ്പിൽ ഊഷരമാകുന്നു.... പ്രിയ കവി മധുസൂദനൻ നായർ സർ പാടിയ പോലെ 'ഇരുളിൻ ജരായുവിലമർന്നിരിക്കുന്നൊരീ കുടമിനി പ്രാർത്ഥിച്ചുണർത്താൻ ഒരു മന്ത്രമുണ്ടോ? രാമാ .. നവ മന്ത്രമുണ്ടോ? ' ഒരു ശംഖിലാരും തൊടാതെന്‍റെ ആത്മാവ് കരുതി വയ്ക്കുന്നു ഭവാനെയും കാത്ത് ഞാന്‍ വന്നാ കരങ്ങളിലേറ്റുകൊള്‍കെന്നെ ഈ സ്നേഹിച്ച ഭൂമി ഞാന്‍ വിട്ടുപോരാം.. മതിലുകള്‍ക്കക്കരെ പുഴ കരഞ്ഞീടുന്നു വരിക ഭഗീരഥാ വീണ്ടും.. വരിക ഭഗീരഥാ വീണ്ടും.. (മുരുകൻ കാട്ടാക്കട ) എന്നാൽ അങ്ങട്... കടപ്പാട് - പ്രമോദ് മാധവൻ.

No comments: