Friday, June 16, 2023

യക്ഷിയുടെ കഥ 🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️ ഇന്ത്യയിൽ പുരാതനകാലം മുതൽക്കേ ആരാധിച്ചു വന്നിരുന്ന ഒരു ആരാധനാ മൂർത്തിയാണ്‌ യക്ഷി. ഭാരതത്തോളം പഴക്കമുണ്ട് നമ്മുടെ “അമ്മദൈവ” സങ്കല്പങ്ങൾക്ക്. ചരിത്രാതീത കാലം ഈ ആരാധന സമ്പ്രദായം നിലനിന്നിരുന്നു എന്നതിന് വ്യക്തമായ തെളിവുകൾ ഉണ്ട്. വൈദിക സങ്കൽപ്പത്തിൽ നിന്നും വിഭിന്നമായാണ് യക്ഷി എന്ന ദേവതയോടുള്ള ആരാധന. ആദിദ്രാവിഡ ഗോത്രക്കാരും മറ്റുമാണ് ഈ വിധാന പൂജ നടത്തിരുന്നത്. യക്ഷന്റെ സ്ത്രീരൂപമാണ് യക്ഷി. “ഈ” എന്നാൽ സമ്പത്ത്. അതായത് ലക്ഷ്മി. ഈ രീതിയിൽ അമരകോശത്തിൽ പ്രഥമകാണ്ഠത്തിൽ സ്വർഗ്ഗവർഗ്ഗങ്ങളെ പറയുന്ന സ്ഥലത്ത് (ശ്ലോകം 82) വ്യാഖ്യാനം കാണുന്നു. അങ്ങനെ ചിന്തിക്കുമ്പോൾ യക്ഷി എന്ന പദത്തിന് ലക്ഷ്മി എന്നും അർത്ഥം വരും. പ്രപഞ്ചത്തിലെ സകലൈശ്വര്യത്തിന്റെയും പ്രതീകമാണ് ലക്ഷ്മി ദേവി. തന്ത്രശാസ്ത്രത്തിൽ 64000 യക്ഷിണികളുടെ ഉപാസനയെപ്പറ്റി പറയുന്നുവെന്ന് കണ്ടിയൂർ മഹാദേവശാസ്ത്രികൾ. സൗന്ദര്യലഹരിയുടെ വ്യാഖ്യാനത്തിൽ പറയുന്നു. ഈ ഗ്രന്ഥങ്ങൾ ഒന്നും തന്നെ ഇന്ന് ലഭ്യമല്ല. ഇന്ന് ലഭ്യമായത് കിങ്കിണി ശാസ്ത്രത്തിലെ ഉപാസനാരീതിയാണ്. അവ കഠിനവും നിഷ്ഠപൂർണ്ണവൂമാണ്. മന്ത്രമഹാർണ്ണവം എന്ന ഗ്രന്ഥത്തിൽ 36 യക്ഷികളെ കുറിച്ച് പറയുന്നുണ്ട്. മന്ത്രവാദ വിഷയത്തിലും ഇവയെ കാണാം. സമാന്തര മനശ്ശാസ്ത്രത്തിലെ ചില പഠനങ്ങൾ ഈ പ്രതിഭാസത്തെ അത്ര കണ്ട് തള്ളിക്കളയുന്നില്ല. യക്ഷീ സങ്കൽപം വിവിധ മതങ്ങളിൽ : ഹിന്ദുമതത്തിൽ – വിവിധ മതങ്ങൾ യക്ഷീ സങ്കൽപത്തെ തങ്ങളുടേതാക്കി മാറ്റുവാൻ ശ്രമിച്ചിട്ടുണ്ട്. ഋഗ്വേദ കാലത്ത് യക്ഷ-യക്ഷീ സങ്കൽപങ്ങളോട് ഹിന്ദു മതം വെറുപ്പും ഭീതിയും കലർന്ന തരം സമീപനമാണ് സ്വീകരിച്ചിരുന്നതെങ്കിലും പിൽക്കാലത്ത്‌ അഥർവ വേദ കാലത്തോടെ ഈ സമീപനത്തിന് മാറ്റം വരിക ഉണ്ടായി. ഋഗ്വേദ കാലത്ത് യക്ഷർ വൈദികേതര സമൂഹത്തിന്റെ ആരാധനാ മൂർത്തികളായിരുന്നതിനാലാവാം ഇത്തരത്തിൽ അവഗണനയ്ക്ക് പാത്രീഭൂതരായത് എന്ന് അനുമാനിക്കപ്പെടുന്നു. യക്ഷീസങ്കല്പത്തിന്റെ ആദിമരൂപങ്ങൾ ഹിന്ദു മത ഗ്രന്ഥങ്ങൾ പലതിൽ നിന്നും ലഭ്യമാണ്. ഭാഗവതപുരാണത്തിലും മത്സ്യപുരാണത്തിലും വിഷ്ണുപുരാണത്തിലും വായുപുരാണത്തിലും ദേവിഭാഗവതത്തിലും യക്ഷയക്ഷീ പരാമർശങ്ങൾ കാണാവുന്നതാണ്. കാളിദാസന്റെ മേഘസന്ദേശത്തിൽ കാണുന്ന യക്ഷൻ മേല്പറഞ്ഞ പൗരാണികസങ്കല്പങ്ങളെ മാനിച്ചു കൊണ്ടുള്ളതും ആകുന്നു. ഇത് കൂടാതെ രാമായണം, മഹാഭാരതം, കഥാസരിത്‌ സാഗരം, ബൃഹത്കഥ എന്നിവയിലും യക്ഷീ സാന്നിധ്യം കാണാനാകും. ഇവയിലെല്ലാം തന്നെ യക്ഷീയക്ഷർ ഉർവര ദേവതകളായാണു പ്രത്യക്ഷരാകുന്നത്. പിൽക്കാലത്ത്‌ ജൈന-ബുദ്ധ മതങ്ങൾ യക്ഷീ സങ്കല്പത്തെ ഉൾക്കൊള്ളുവാൻ ശ്രമിക്കുകയും തത്ഫലമായി യക്ഷീപൂജ അഥവാ ആരാധനയ്ക്ക് പ്രചുര പ്രചാരം ലഭിക്കുകയും ചെയ്തു. പില്ക്കാല ഹിന്ദുമതത്തിൽ കാണപ്പെടുന്ന യക്ഷികൾ, വിശേഷിച്ചും ഹൈന്ദവാരാധനാലയങ്ങളിൽ കണ്ടു വരുന്ന യക്ഷീവിഗ്രഹങ്ങൾ, ബൗദ്ധ-ജൈന യക്ഷികളുമായി അസാമാന്യ സാദൃശ്യം പുലർത്തുന്നു. ജൈനമതത്തിൽ : തീർത്ഥങ്കരന്മാരുടെ രക്ഷാദേവതകൾ എന്ന നിലയിലായിരുന്നു എട്ടാം നൂറ്റാണ്ടുവരെ ജൈനമതത്തിൽ യക്ഷികൾക്കുള്ള സ്ഥാനം. എന്നാൽ എട്ടാം നൂറ്റാണ്ടു മുതൽ യക്ഷികളെ സ്വതന്ത്ര ദേവതകളായി ജൈനർ ആരാധിക്കാൻ തുടങ്ങി. അത്ഭുത സിദ്ധികൾ യക്ഷികളിൽ ആരോപിക്കപ്പെടുന്നതും ഇതേ കാലഘട്ടത്തിലാണ്. അത്ഭുത സിദ്ധികൾ യക്ഷികളിൽ ആരോപിക്കപ്പെടുന്നതും ഇതേ കാലഘട്ടത്തിലാണ്. ദക്ഷിണേന്ത്യയിൽ യക്ഷാരാധന രൂപം കൊള്ളുന്നതിനു ഏകദേശം ഒരു നൂറ്റാണ്ടു മുൻപ് തന്നെ ഉത്തരേന്ത്യയിൽ ജൈന മത വിശ്വാസികൾക്കിടയിൽ യക്ഷ-യക്ഷീ പൂജ നിലവിലുണ്ടായിരുന്നുവെന്നു ചരിത്ര രേഖകൾ പറയുന്നു. എന്നിരുന്നാൽ തന്നെ ദക്ഷിണേന്ത്യൻ വിശ്വാസങ്ങളും ആരാധനാ രീതികളും ഉത്തരേന്ത്യൻ രീതികളിൽ നിന്നും തികച്ചും വ്യത്യസ്തമായി കാണപ്പെടുന്നു. യക്ഷീ പൂജയെ കുറിച്ചുള്ള താന്ത്രിക ഗ്രന്ഥങ്ങളേതാണ്ടെല്ലാം തന്നെ ദക്ഷിണേന്ത്യൻ ജൈന സന്യാസിമാർ രചിച്ചതാണ് എന്ന് രാഘവ വാരിയർ അഭിപ്രായപ്പെടുന്നു. കേരളത്തിൽ നിലവിലുണ്ടായിരുന്ന യക്ഷ-യക്ഷീ ആരാധനയുടെ തെളിവുകൾക്ക് ചിതറാൽ, കല്ലിൽ എന്നിവിടങ്ങളിലെ ഗുഹാക്ഷേത്രങ്ങളിലെ യക്ഷീ വിഗ്രഹങ്ങളെയും വയനാട്ടിലെ പുല്പ്പള്ളിക്കടുത്തു താഴെക്കാവിൽ നിന്ന് ലഭിച്ച ശിലാലിഖിതങ്ങളെയും ആധാരമാക്കാവുന്നതാണ്. പ്രാചീന തമിഴ് ദേശത്തെ പല കൃതികളിലും ജൈനരുടെ യക്ഷാരാധനെയെക്കുറിച്ചു പരാമാർശമുള്ളതായി കാണാം. ഈ പരാമർശങ്ങളിലെല്ലാം തന്നെ യക്ഷ വർഗത്തെ ആരാധന അർഹിക്കുന്നവരായി കണക്കാക്കിപ്പോരുന്നു. വിവിധ ജൈനയക്ഷികൾ – നേമിനാഥ തീർത്തങ്കരന്റെ രക്ഷാദേവത അംബിക(കൂശ്മാണ്ഡിനി), പാർശ്വനാഥന്റെ ശാസനദേവതയായ പദ്മാവതി, ചന്ദ്രപ്രഭ തീർത്തങ്കരന്റെ യക്ഷി, ജ്വാലാമാലിനി, മഹാവീരന്റെ യക്ഷി, സിദ്ധായിക. ബുദ്ധ മതത്തിൽ : ഥേരഗാഥകൾ, മഹാവംശം, ജാതക കഥകൾ മുതലായ വിവിധ ഇന്ത്യൻ, തിബത്തൻ ബൗദ്ധഗ്രന്ഥങ്ങളിൽ യക്ഷവർഗത്തെ പറ്റി പരാമർശമുണ്ട്. യജ്ഞസംസ്കാരത്തിൽ നിന്ന് കാർഷികസംസ്കാരത്തിലെയ്ക്ക് പരിണമിച്ച ഒരു ജനതയുടെ ഉർവര ദേവതകൾ, അതിനെ തുടർന്ന് ഉദയം കൊണ്ട, അതെ ജനതയെ ഉൾക്കൊണ്ട, മറ്റൊരു മതവിഭാഗത്തിന്റെ ആരാധനാ ദേവതകളായി മാറിയതിനു ഉദാഹരണമാണ് ബൗദ്ധസാഹിത്യത്തിലെ യക്ഷർ. പല ബുദ്ധഗാഥകളിലും പൈശാചരൂപം പൂണ്ട യക്ഷരെ ബുദ്ധദേവൻ മാനസിക പരിവർത്തനത്തിനു വിധേയരാക്കുന്നതായി കാണാം. ഹാരിതി, ഗർദ്ദഭ, അംഗുലീമാലൻ, അളവാകൻ എന്നിവരുടെ കഥകൾ ഉദാഹരണം. ഇവരിൽ പരിവർത്തനവിധേയരായ യക്ഷികൾ പിന്നീട് മാതൃസ്വഭാവം കൈവരിക്കുകയും ജനങ്ങളെ പരിപാലിക്കുന്നവരായി മാറുകയും ചെയ്യുന്നതു കാണാം. ബൗദ്ധയക്ഷികളെല്ലാം തന്നെ വൃക്ഷാരാധനയുമായി ബന്ധപ്പെട്ടും നിലകൊള്ളുന്നു. യക്ഷിസങ്കൽപം കേരളത്തിൽ : ജൈനമതം ജൈനമതത്തിന്റെ വ്യാപനത്തോടെയാണ് കേരളത്തിൽ യക്ഷിആരാധന തുടങ്ങുന്നത്.എട്ടാം നൂറ്റാണ്ടു മുതൽ കർണ്ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ യക്ഷി ആരാധന ഉണ്ടായിരുന്നതായി തെളിവുകളുണ്ട്. കേരളത്തിലും ഈ കാലത്തു തന്നെ ഇതു വ്യാപിച്ചിരുന്നതായി കരുതാം. തിരുവല്ല വല്ലഭക്ഷേത്രത്തിൽ യക്ഷിയെ ഉപദേവതയായി ആരാധിച്ചിരുന്നതായി തിരുവല്ല ചെപ്പേടുകളിൽ പറയുന്നുണ്ട്. ജൈന മതത്തിന്റെ വ്യാപനമാണ് കേരളത്തിൽ യക്ഷിസങ്കൽപം വ്യാപിക്കുന്നതിനുള്ള കാരണമായി പറയപ്പെടുന്നത്. കള്ളിയങ്കാട് നീലി : ഐതിഹ്യങ്ങളിലും സാഹിത്യരചനകളിലും യക്ഷിസങ്കല്പം ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. തെക്കൻ പാട്ടുകളിലും വില്ലടിച്ചാൻപാട്ടുകളിലും തിരുവിതാംകൂറിലെ നാടോടിക്കഥകളിലും കാണുന്ന ഒരു കഥാപാത്രമാണ് കള്ളിയങ്കാട്ട് നീലി എന്ന യക്ഷി. ഐതിഹ്യ മാലയിലെ (കൊട്ടാരത്തിൽ ശങ്കുണ്ണി ശേഖരിച്ച നാടോടിക്കഥകൾ) “കടമറ്റത്ത്‌ കത്തനാർ” എന്ന കഥയിൽ കത്തനാർ കീഴടക്കി എന്ന് പറയപ്പെടുന്ന യക്ഷി കള്ളിയങ്കാട്ടു നീലി ആണെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. പ്രസ്തുത കഥയുടെ ചലച്ചിത്ര ഭാഷ്യം, കടമറ്റത്തച്ചൻ, ഈ വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയാകുന്നു. സി. വി. രാമൻ പിള്ളയുടെ ചരിത്രാഖ്യായിക മാർത്താണ്ഠവർമയിൽ പരാമർശിക്കപ്പെടുന്ന “പഞ്ചവങ്കാട്ടിലെ നീലി” യും കള്ളിയങ്കാട്ടു നീലിയാണെന്ന് കരുതപ്പെടുന്നു. ഇടശ്ശേരിയുടെ പൂതപ്പാട്ടിൽ നാം കണ്ടുമുട്ടുന്ന പൂതത്തിനു ബുദ്ധമതഗ്രന്ഥങ്ങളിൽ കാണപ്പെടുന്ന ഹാരിതി എന്നാ യക്ഷിയുമായി സാമ്യമുണ്ടെന്ന് രാഘവ വാരിയർ അഭിപ്രായപ്പെടുന്നു. മറവങ്കോട് യക്ഷി : തെക്കൻ തിരുവിതാംകൂറിലെ ഇളയിടത്ത് സ്വരൂപത്തിൽ (കൊട്ടാരക്കര) മറവങ്കോട് എന്ന വനത്തിൽ വിഹരിച്ചിരുന്നതായി പറയപ്പെടുന്ന ഒരു യക്ഷിയാണ് മറവങ്കോട് യക്ഷി. കാഞ്ഞിരോട്ടു യക്ഷി : ദക്ഷിണ തിരുവിതാംകൂറിലെ കാഞ്ഞിരക്കോടെന്ന പ്രദേശത്തു ‘മംഗലത്ത്‌’ എന്ന പാതമംഗലം നായർ തറവാട് ഉണ്ടായിരുന്നു. അവിവാഹിതനായ ഗോവിന്ദൻ ആയിരുന്നു തറവാട്ടു കാരണവർ. അദ്ദേഹത്തിന്റെ അനുജത്തി ചിരുതേവി അതിസുന്ദരിയായ ഒരു ഗണികയായിരുന്നു. വേണാടു ഭരിച്ച രാമവർമ്മ മഹാരാജാവിൻറെ മകനായ രാമൻതമ്പിയ്ക്ക് ഏറെ പ്രിയപ്പെട്ടവൾ ആയിരുന്നു ചിരുതേവി. മംഗലത്തെ അനവധി പരിചാരകന്മാരിൽ ഒരുവൻ ആയിരുന്നു ഉത്തമപുരുഷലക്ഷണങ്ങൾ എല്ലാം തികഞ്ഞ കുഞ്ഞുരാമൻ. അവൻ ഒരു പോണ്ടൻനായർ ആയിരുന്നു. കരുത്തനായ അവന്റെ ചുമലിൽക്കയറി യാത്രചെയ്യുന്ന പതിവു ഗോവിന്ദനും ചിരുതേവിക്കും ഉണ്ടായിരുന്നു. ക്രമേണ കുഞ്ഞുരാമനിൽ ആസക്തയായ ചിരുതേവി അവനെ ശിക്ഷിച്ചും ദ്രോഹിച്ചും പ്രണയിച്ചു. ഗോവിന്ദനും കുഞ്ഞുരാമനും ആത്മമിത്രങ്ങളായി മാറിക്കഴിഞ്ഞിരുന്നെങ്കിലും മിത്രത്തെ ചിരുതേവിയിൽ നിന്നു രക്ഷിക്കാൻ ഗോവിന്ദൻ ഒന്നും ചെയ്തിരുന്നില്ല. എന്നാൽ ജ്യേഷ്ഠന്റെയും കാമുകന്റെയും ചങ്ങാത്തം അവളെ അസ്വസ്ഥ ആക്കിയിരുന്നു. ഇതിനെക്കാൾ അവളെ അസ്വസ്ഥമാക്കിയ ഒന്നുണ്ടായിരുന്നെങ്കിൽ അതു കുഞ്ഞുരാമന്റെ ഭാര്യാസ്നേഹം ആയിരുന്നു. അതിനാൽ അവൾ കുഞ്ഞുരാമന്റെ പ്രിയതമയെ ഇല്ലാതാക്കി. ഒരിക്കൽ കുഞ്ഞുരാമന്റെ ചുമലിലേറി യാത്ര ചെയ്യുമ്പോൾ ഗോവിന്ദൻ ഇക്കാര്യം വെളിപ്പെടുത്തി. ഒപ്പം കിടക്കുന്ന ഒരു ദിവസം ചിരുതേവിയെ കുഞ്ഞുരാമൻ കഴുത്തു ഞെരിച്ചു കൊന്നു. പ്രതാപിയായ മംഗലത്തു ഗോവിന്ദൻ ഇക്കാര്യം കണ്ടില്ലെന്നു നടിച്ചു. ചിരുതേവി ഒരു യക്ഷിയായി കാഞ്ഞിരക്കോട്ടു തന്നെ പുനർജ്ജനിച്ചു. നിമിഷങ്ങൾക്കുള്ളിൽ അവൾ ഒരു മാദകസുന്ദരിയായി മാറി. അവൾ കുഞ്ഞുരാമനോടു വിവാഹാഭ്യർത്ഥന നടത്തി. കുഞ്ഞുരാമൻ നിരാകരിച്ചു. അതോടെ അവൾ കരാളരൂപം കൈക്കൊണ്ടു അവനെ ദ്രോഹിച്ചു തുടങ്ങി. തന്റെ ബഹിശ്ചരപ്രാണനെ ആപത്തിൽനിന്നു രക്ഷിക്കാൻ ബലരാമോപാസകനായ ഗോവിന്ദൻ എത്തി. മൂന്ന് ഉപാധികൾ അംഗീകരിക്കുന്നതായി പൊന്നും വിളക്കും പിടിച്ചു സത്യം ചെയ്‌താൽ ഒരാണ്ടുകാലം കുഞ്ഞുരാമനെ നൽകാം എന്നു ഗോവിന്ദൻ പറഞ്ഞു. ഉപാധികൾ ഇവയാണ്. ഒന്ന്, ഒരാണ്ടു കഴിഞ്ഞാൽ അവളെ ക്ഷേത്രം ഉണ്ടാക്കി കുടിയിരുത്തും. രണ്ടു, ക്ഷേത്രം നശിക്കുമ്പോൾ മോക്ഷത്തിനായി അവൾ നരസിംഹമൂർത്തിയെ ശരണം പ്രാപിക്കണം. മൂന്നു, ഗോവിന്ദനു കുഞ്ഞുരാമനുമായുള്ള ബന്ധം ഈ ജന്മം മാത്രമല്ല ഇനിയുള്ള ജന്മങ്ങളിലും നിലനിൽക്കാൻ ചിരുതേവിയും പ്രാർത്ഥിക്കണം. യക്ഷി പൊന്നും വിളക്കും പിടിച്ചു സത്യം ചെയ്തു. കുഞ്ഞുരാമനോടൊപ്പമുള്ള ഒരാണ്ടിനു ശേഷം യക്ഷിയെ ക്ഷേത്രത്തിൽ കുടിയിരുത്തി. ക്ഷേത്രം നശിച്ചതിൽപ്പിന്നെ സ്വതന്ത്രയായ അവൾ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ തെക്കേടത്തു നരസിംഹസ്വാമിയെ മോക്ഷാർത്ഥം ശരണം പ്രാപിച്ചു. കാഞ്ഞിരോട്ടു യക്ഷിയമ്മ ഇപ്പോഴും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ‘ബി’ കല്ലറയിൽ നരസിംഹോപസന ചെയ്തു കഴിയുന്നു എന്നാണു വിശ്വാസം. ഈ യക്ഷിയുടെ മോഹനവും രൗദ്രവും ആയ രൂപങ്ങൾ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രധാനശ്രീകോവിലിന്റെ തെക്കുപടിഞ്ഞാറേ മൂലയിൽ വരച്ചുവെച്ചിട്ടുണ്ട്. പല യക്ഷികളുടെയും പ്രതിമകൾ ഉണ്ട്. മലമ്പുഴയിൽ കാനായി കുഞ്ഞിരാമൻ ഒരു യക്ഷിയുടെ പ്രതിമ നിർമ്മിച്ചിട്ടുണ്ട്. കുരുക്ഷേത്രത്തിന്റെ അതിർത്തിയിൽ സ്ഥിതി ചെയുന്ന പരശുരാമനാൽ നിർമ്മിച്ച ഒരു സ്ഥലമാണ് “യക്ഷിണി തീർത്ഥം”. അവിടം ദർശിച്ചാൽ അശ്വമേധ യാഗത്തിന്റെ ഫലം കിട്ടുമെന്നു മഹാഭാരതം വനപർവ്വം 83-)0 അദ്ധ്യായം 23-)0 ശ്ലോകം പറയുന്നു. യക്ഷി ഒരു ദേവത തന്നെയാണെന്നും അതിന്റെ നിവേദ്യം ബ്രഹ്മഹത്യാ പാപമോചനത്തിന് ഉത്തമാണെന്ന് മഹാഭാരതം വനപർവ്വം 84-)0 അദ്ധ്യായം 105-)0 ശ്ലോകം പറയുന്നു. ഭാരതത്തിൽ മാത്രമല്ല ഇവയെ ആരാധിക്കുന്നത്. ആഫ്രിക്കയിലെ ഗോത്രക്കാരും ചില യുറോപ്യൻ രാജ്യങ്ങളിലെ പുരാണങ്ങളിലും മറ്റും കുട്ടികളെ കുഴലൂതി ആകർഷിച്ചു വെള്ളത്തിൽ മുക്കി കൊല്ലുന്ന “ബാന്പൈപ്പർ” എന്നാ വനദേവതക്ക് നമ്മുടെ “ബാലപ്രദ” എന്ന യക്ഷിയുമായി സാമ്യമുണ്ട്‌. സ്കാൻഡി നേവിയർ രാജ്യങ്ങളിൽ ആരാധിക്കുന്ന “ഡോൾ” എന്ന ദേവതക്കു കേരളത്തിലെ യക്ഷി സങ്കലപവുമായി സാമ്യമുണ്ട്‌. യക്ഷൻ : ഭാരതീയ വിശ്വാസമനുസരിച്ച് ഉപദേവതമാരിൽ ഒരു വിഭാഗമാണ് യക്ഷന്മാർ. “യ”എന്ന സംസ്കൃതവാക്കിനു യാഗയജ്ഞാദികൾ, യാതാവ്, വീരൻ എന്നീ അർഥങ്ങൾ അഗ്നിപുരാണത്തിൽ 348-)൦ അധ്യാത്തിൽ കാണുന്നു. അതുപോലെ “ക്ഷ” എന്നതിന് രക്ഷയെയും സൂചിപ്പിക്കുന്നു. യജ്ഞാദികളുടെ രക്ഷ സ്ഥാനത്തായി യക്ഷവർഗ്ഗങ്ങളെ കാണുന്നു. യക്ഷമാരുടെ പതിനികളാണ് യക്ഷി(ണി)കൾ. സ്വർഗ്ഗത്തിൽ ദേവന്മാർ, ഗണദേവതമാർ, ഉപദേവതമാർ, എന്നിങ്ങനെ 3 വിഭാഗങ്ങൾ ഉണ്ട്. ഇതിൽ ഉപദേവതാ ഗണങ്ങളിൽ പത്തുവിഭാഗങ്ങൾ ഉണ്ട്. വിദ്യാധരൻമാർ, അപ്സരസുകൾ, യക്ഷന്മാർ, രക്ഷസ്സുകൾ, ഗന്ധവ്വന്മാർ, കിന്നരന്മാർ, പിശാചർ, ഗുഹ്യാകർ, സിദ്ധർ, ഭൂതങ്ങൾ എന്നിവയാണവ. യക്ഷഗണങ്ങളുടെ(യക്ഷനും യക്ഷിണിയും) ഉദ്ഭവത്തെപ്പറ്റി പല പരാമർശങ്ങൾ ഉണ്ടെങ്കിലും പൊതുവേ സ്വീകാര്യമായത്‌ മഹാഭാരത്തിലെ ആദിപർവ്വതിലെ ഒന്നാം അധ്യായതിൽ പറയുന്നതാണ്. വിരാട് സ്വരൂപത്തിന്റെ അണ്ഡത്തിൽ നിന്നും സൃഷ്ടിച്ച ബ്രഹ്മ ചൈതന്യത്തിനു ശേഷം സ്വയം ജന്മമെടുത്തവരാണ് യക്ഷനും യക്ഷിണിയും എന്നാണ്. ഇതിൽ തന്നെ ആദിപർവ്വതിലെ 66-)0 അധ്യായതിൽ 7-)0 ശ്ലോകത്തിൽ പുലസ്ത്യ മുനിയുടെ മക്കളാണ് യക്ഷമൈഥുനങ്ങൾ എന്നും പറയുന്നു. അഗ്നിപുരാണം 19-)0 അധ്യായത്തിലാകട്ടെ കശ്യപപ്രജാപതിയുടെ പൌത്രിയായ “മുനി”യിൽ നിന്നാണ് ഇവരുടെ ഉല്പത്തി എന്ന് പറയുന്നു. ഏതായാലും പണ്ട് മുതലേ ഇവയെ ആരാധിച്ചിരുന്നു എന്നതിന്റെ തെളിവുകളാണ് ഇവ. യക്ഷന്മാരുടെ രാജാവ് “വൈശ്രവണൻ” എന്ന കുബേരൻ ആണ്. “സമ്പത്തിനെ വ്യാപിക്കുന്നവൻ” എന്നർത്ഥം. യക്ഷന്റെ ശക്തിയാണ്/ സ്ത്രീ രൂപമാണ് യക്ഷി. കൃത്യവിലോപത്തിന് ശിക്ഷിക്കപ്പെട്ട് അളകാപുരിയിൽ നിന്ന് വിന്ധ്യാപർവത പ്രദേശത്തെ രാമഗിരിയിലേയ്ക്ക് നാടുകടത്തപ്പെട്ട ഒരു യക്ഷനാണ് കാളിദാസന്റെ സന്ദേശകാവ്യമായ മേഘസന്ദേശത്തിലെ നായകനായ പ്രധാന കഥാപാത്രം. കടപ്പാട് :

No comments: