Tuesday, August 31, 2021

ഭാഗവത രസാമൃതം പൂജ്യ സ്വാമിജി ഹരിഹരാനന്ദ സരസ്വതിയുടെ എട്ടാം ദിവസത്തെ രസാമൃത തത്ത്വം. അഷ്ടമീരോഹിണിയായ ഈ സുദിനത്തിൽ ശ്രീകൃഷ്ണാവതാരത്തെ സ്മരിച്ചും കീർത്തിച്ചതിന്നുശേഷം വിഷയത്തിലേക്ക് പ്രവേശിക്കുന്നതു ഉചിതമായിരിക്കും. ദേവകീവസുദേവന്മാരുടെ എട്ടാമത്തെ പുത്രനായിട്ടാണ് ഭഗവാൻ അവതരിക്കുന്നത്. വസുദേവരുടെ ഹൃദയത്തിൽ ഭഗവാൻ ആദ്യം പ്രവേശിച്ച് ദേവകീദേവിയിലേക്കു പ്രവേശിച്ചു. ഭഗവാൻ പ്രവേശിച്ചതോടെ ദേവി അതീവ തേജസ്സോടുകൂടി ശോഭിച്ചു. ഇതറിഞ്ഞ കംസൻ, തന്റെ അന്തകനാണ് ദേവകിയുടെ ഗർഭത്തിലെന്നു ഊഹിച്ച് അത്യന്തം ഭയാകുലനായി. ആ ഭയംകൊണ്ടു കംസൻ കാണുന്നതെല്ലാം വിഷ്ണുമയമായി തോന്നിത്തുടങ്ങി. ഭഗവാൻ ദേവകീഗർഭത്തിൽ പ്രവേശിച്ച വാർത്ത കേട്ട് ബ്രഹ്മാദിദേവന്മാർ, നാരദാദിമുനീശ്വരന്മാർ, ഗന്ധർവ്വന്മാർ എന്നിവരെല്ലാം കംസന്റെ കാരാഗൃഹത്തിലെത്തി ഭഗവാനെ ഇപ്രകാരം സ്തുതിച്ചുഃ സത്യസങ്കല്പനും സത്യത്താൽ പ്രാപ്യനും സ്ഥൂലസൂക്ഷ്മങ്ങളായ സർവ്വവസ്തുക്കളുടെയും കാരണഭൂതനും അന്തര്യാമിയായി വർത്തിക്കുന്നുവനും സർവ്വകാരണങ്ങളും നശിച്ചാലും നശിക്കാതെ അവശേഷിക്കുന്നവനും ഇപ്രകാരം സർവ്വവിധത്തിലും സത്യാത്മകനുമായ തന്തിരുവടിയെ ഞങ്ങൾ ശരണം പ്രാപിക്കുന്നു. എന്നിപ്രകാരം സതുതിച്ചതിന്നുശേഷം ദേവകീദേവിയെ ആശ്വസിപ്പിച്ച്, അവർ തിരിച്ചുപോയി. ഭഗവാന്റെ അവതാരമുഹൂർത്തം വർണ്ണിക്കുന്നുഃ അനന്തരം കാലം എപ്പോൾ സർവ്വഗുണങ്ങളോടുകൂടിയതും അതിശോഭനവുമായത്തീർന്നുവോ, എപ്പോൾ രോഹിണീനക്ഷത്രം അതിശാന്തങ്ങളായ സൂര്യാദിഗ്രഹങ്ങളോടും മറ്റു നക്ഷത്രങ്ങളോടും കൂടിയതായിത്തീർന്നുവോ, അപ്പോൾ തന്തിരുവടി ദേവകീദേവിയിൽ അവതാരമെടുക്കുവാൻ തയ്യാറായി. എപ്പോൾ ദിക്കുകൾ പ്രസന്നങ്ങളാവുകയും ആകാശം നിർമ്മലങ്ങളായ നക്ഷത്രങ്ങളുടെ ഉദയത്താൽ ഭൂമി മംഗളമയമായി ഭവിച്ചുവോ അപ്പോൾ ഭഗവാൻ ദേവകീദേവിയിൽ ആവിർഭവിച്ചു. അപ്പോൾ കംസാദിദുഷ്ടന്മാരൊഴിച്ച് സർവ്വസജ്ജനങ്ങളുടെയും മനസ്സുകൾ അതിപ്രസന്നമായിത്തീർന്നു. കിന്നരന്മാരും ഗന്ധർവ്വന്മാരും പാടുകയും അപ്സരസ്സുകൾ നൃത്തമാടുകയും ദേവന്മാരും ഋഷീശ്വരന്മാരും ആനന്ദപരവശരായി പുഷ്പവൃഷ്ടി നടത്തുകയും ചെയ്തു. ഭഗവാന്റെ അവതാരം കുറച്ചുകൂടി ആസന്നമായപ്പോൾ അന്ധകാരനിബിഡമായിത്തീർന്ന അർദ്ധരാത്രിയിൽ സർവ്വാന്തര്യാമിയായ തന്തിരുവടി പരിപൂർണ്ണനായി, കിഴക്കുദിക്കിൽ ചന്ദ്രനെന്നപോലെ, ദേവകീദേവിയിൽ ഈശ്വരഭാവത്തിൽത്തന്നെ ആവിർഭവിച്ചു. ചെന്താമരപോലെ മോഹനമായ തൃക്കണ്ണുകളോടുകൂടിയവനും ചതുർബാഹുവും ശംഖ്, ചക്രം, ഗദാ, പദ്മം മുതലായവ ധരിച്ചവനും ശ്രിവഝമെന്ന ചിഹ്നത്തോടും ഏറ്റവും ശോഭിക്കുന്ന കൗസ്തുഭരത്നത്താൽ അലംകൃതനും പീതാംബരാലംകൃതനും നീലമേഘശ്യാമളനും മുതലായവയാൽ ശോഭിക്കുന്ന അത്യത്ഭുതകരമായ ആ ബാലനെ വസുദേവർ ദർശിച്ചു. ഭാഗ്യവാനായ ആ വസുദേവർ തന്തിരുവടിയെ പുത്രനായിക്കണ്ട് പരമാനന്ദമഗ്നനായി പതിനായിരം പശുക്കളെ ബ്രാഹ്മണർക്കായിക്കൊണ്ടു മാനസികമായി ദാനം ചെയ്തു. അനന്തരം ഇത് പരാത്പരനായ സർവ്വേശ്വരൻതന്നെ എന്നറിഞ്ഞ് തന്തിരുവടിയുടെ പ്രഭാവമറിയുന്ന വസുദേവർ നിർഭയനും വിനീതനുമായി തൊഴുതുകൊണ്ട് തന്തിരുവടിയെ സ്തുതിച്ചു. അതിഭാഗ്യവരായ വസുദേവർക്കും ദേവകീദേവിക്കും മുനീശ്വരന്മാർക്കുപോലും സിദ്ധിക്കുവാൻ പ്രയാസമായ തന്തിരുവടിയെ ദർശിക്കുവിൻ സാധിച്ചു. ശ്രീമദ്ഭാഗവതം ചതുർസ്കന്ധത്തിൽ വിസർഗ്ഗമെന്നു പറയുന്ന ബ്രഹ്മാവുവഴിയുള്ള സൃഷ്ടിയാണ് വർണ്ണിച്ചിരിക്കുന്നത്. സ്വായംഭൂവമനുവിന്നു ശതരൂപ എന്ന പത്നിയിൽ ആകൂതി, ദേവഹൂതി, പ്രസൂതി എന്നിപ്രകാരം മൂന്നു പുത്രിമാരുണ്ടായി. പുത്രന്മാരില്ലാത്തതിനാൽ ആകൂതിയെ രുചി എന്ന പ്രജാപതിക്കു, ഇവളിലുണ്ടാകുന്ന പുത്രൻ എന്റെ പുത്രനായി ഗണിക്കപ്പെടുമെന്ന വ്യവസ്ഥയോടുകൂടിയാണ് കന്യാദാനം നടത്തിയത്. സർവ്വജ്ഞനും ശ്രേഷ്ടനുമായ ആ രുചീ- ആഹൂദികൾക്കു യജ്ഞസ്വരൂപമെടുത്ത സാക്ഷാൽ തന്തിരുവടിതന്നെ പുത്രനായി ഭവിച്ചു. അതിസന്തുഷ്ടനായ മനു തന്റെ പുത്രിയുടെ പുത്രനെ ഗൃഹത്തിലേക്ക് കൊണ്ടുവന്നു. ആ പുത്രനു ദക്ഷിണയിൽ 12 പുത്രന്മാരുണ്ടായി... ദേവഹൂതിയെ കർദ്ദമപ്രജാപതിക്കു വിവാഹം ചെയ്തു കൊടുത്തു. അതുപോലെ പ്രസൂതിയെ ദക്ഷപ്രജാപതിക്കും വിവാഹം ചെയ്തു കൊടുത്തു. ഇവരുടെയെല്ലാം സന്തതി പരമ്പര വർണ്ണിച്ച് നരനാരായണന്മാരുടെ അവതാരവും വർണ്ണിച്ചു. ശ്രീരുദ്രനും ദക്ഷനും തമ്മിലുണ്ടായ വിദ്വേഷം വർണ്ണിക്കുന്നുഃ പണ്ട് ദേവസംഘങ്ങളും മുനീശ്വരന്മാരും അഗ്നികളുമെല്ലാം പ്രജാപതിമാരുടെ യജ്ഞത്തിൽ ഒന്നിച്ചുകൂടി. ദക്ഷപ്രജാപതി അവിടെ വന്നതായി കണ്ട് ബ്രഹ്മാവും ശ്രീരുദ്രനും എന്നിവരൊഴിച്ചു മറ്റെല്ലാവരും അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം എഴുന്നേറ്റു ആദരിച്ചു. ശ്രീരുദ്രൻ തന്നെ ആദരിക്കാത്തതിൽ ക്ഷുഭിതനായ ദക്ഷൻ ഇപ്രകാരം പറഞ്ഞുഃ എന്റെ പുത്രിയെ വരിച്ച ഈ വികൃതനേത്രനായ രുദ്രൻ എഴുന്നേറ്റു വന്ദിക്കുവാൻ അർഹനായ എന്നെ വാക്കു കൊണ്ടുപോലും ആദരിച്ചില്ല. ഇപ്രകാരം ശ്രീരുദ്രനെ വല്ലാതെ അവമാനിച്ചു. അതുകൊണ്ട് ദേവന്മാരിൽവെച്ചു അധമനായ ഈ രുദ്രൻ യജ്ഞഭാഗം പ്രാപിക്കാതിരിക്കട്ടെ എന്നു ശപിച്ചു. ശ്രീരുദ്രൻ ആ വാക്കുകളിലൊന്നും കുലുങ്ങിയില്ല. എന്നാൽ ശ്രീരുദ്രാനുചരനായ നന്ദീശ്വരൻ ഈ ശാപമറിഞ്ഞു കോപത്തോടെ ദക്ഷനെയും അദ്ദേഹത്തിന്റെ സേവകന്മാരെയും ഇപ്രകാരം ശപിച്ചു. ' ദേഹത്തെ ഞാനെന്നഭിമാനിക്കുന്ന ഈ ദക്ഷൻ ആത്മതത്ത്വസ്മരണയില്ലാത്തവനും പശുതുല്യനും സ്ത്രീകാമനുമായിത്തീരട്ടെ. ' പുത്രീഭർത്താവും ഭാര്യാപിതാവും തമ്മിൽ അന്യോന്യം ദ്വേഷിച്ചു കൊണ്ടുതന്നെ വർത്തിച്ചു. രുദ്രഭാഗമില്ലാത്ത യജ്ഞമില്ല, എന്നാൽ ദ്വേഷംകൊണ്ടും അഹങ്കാരംകൊണ്ടും ദക്ഷൻ ശ്രീരുദ്രനു യജ്ഞഭാഗം നല്കിയില്ല.. ബ്രഹ്മജ്ഞരായ ശ്രീരുദ്രാദികളെയെല്ലാം തിരസ്കരിച്ചു, ദക്ഷൻ, ബൃഹസ്പതിസവമെന്ന ശ്രേഷ്ടമായ യജ്ഞം ചെയ്യുവാനാരംഭിച്ചു. ആകാശത്തിൽ ചരിക്കുന്ന ദേവകളിൽനിന്നു പിതാവിന്റെ യജ്ഞത്തെപ്പറ്റി മനസ്സിലാക്കിയ സതീദേവി ഭഗവാനോട് അതിൽ പങ്കെടുക്കുവാൻ താല്പര്യം പ്രകടിപ്പിച്ചു. ദക്ഷനിൽനിന്നു അവമാനിക്കപ്പെടേണ്ടിവരുമെന്നു പറഞ്ഞു ശ്രീരുദ്രൻ ദേവിയെ പിൻതിരിപ്പിക്കാൻ ശ്രമിച്ചു. എങ്കിലും ദേവയുടെ ആവശ്യാനുസരണം ദേവി യജ്ഞത്തിന്നു യാത്രയായി. അവിടെയെത്തിയ ദേവിയെ മാതാവും സഹോദരിമാരും യഥാവിധി സ്വീകരിച്ചു. എന്നാൽ, ഭഗവാൻ അരുളിച്ചെയ്തതുപോലെ ദക്ഷൻ പുത്രിയെ അധിക്ഷേപിച്ചു. അതുകേട്ടു സങ്കടത്തോടും കോപത്തോടുകുടി അച്ഛന്റെ മുന്നിൽവെച്ചുതന്നെ ആസനജയം പ്രാപിച്ചു യോഗാഗ്നിയിൽ ദഹിപ്പിച്ചു പ്രാണത്യാഗം ചെയ്തു. ദേവിയുടെ ആത്ഭുതകരമായ ദേഹത്യാഗം കണ്ട് ഭഗവാന്റെ പാർഷദന്മാർ ദക്ഷനെ നിഗ്രഹിക്കുവാനായി എഴുന്നേറ്റു. അവരെ കണ്ട ഭൃഗുമഹർഷി യജ്ഞനാശകന്മാരെ നശിപ്പിക്കുവാനുള്ള യശസ്സുകൊണ്ട് ദക്ഷിണാഗ്നിയിൽ ഹോമിച്ചു. അപ്പോൾ ഋഭുക്കൾ, എന്ന ദേവന്മാർ വന്നു രുദ്രപാർഷന്മാരെയെല്ലാം ഓടിച്ചു. സതീദേവിയുടെ ദേഹത്യാഗവാർത്ത ശ്രീനാരദമഹർഷിയിൽനിന്ന് കേട്ടറിഞ്ഞ ശ്രീരുദ്രൻ ക്ഷുഭിതനായി തന്റെ ജട പറിച്ചെടുത്തു ഘോരമായ ശബ്ദത്തോടെ, ഭൂമിയിലെറിഞ്ഞു. അപ്പോൾ ജ്വലിക്കുന്ന അഗ്നിയെപ്പോലെ പലതരം ആയുധങ്ങളുമായി വീരഭദ്രർ ആ ജടയിൽനിന്നുണ്ടായി. പലതരം ദുർന്നിമിത്തങ്ങൾക്കിടയിൽ ശ്രീരുദ്രപാർഷദന്മാർ യജ്ഞശാലയും മറ്റും നശിപ്പിച്ച് ദക്ഷനെ ബന്ധിക്കുകയും ഭൃഗുമഹർഷി മുതലായവരെയും അവമാനിക്കുകയും ചെയ്തു. വീരഭദ്രർ ദക്ഷന്റെ ശിരസ്സു ഛേദിച്ച് ദക്ഷിണാഗ്നിയിൽ ഹോമിച്ചു. ഇതെല്ലാമറിഞ്ഞ ബ്രഹ്മാവ് ശ്രീരുദ്രസന്നിധിയെ പ്രാപിച്ചു ദക്ഷാദികളെ ജീവിപ്പിക്കുവാനായി ആദരപൂർവ്വം ഭഗവാനെ ആശ്വസിപ്പിച്ചു. അപ്രകാരം ശ്രീരുദ്രൻ ശാന്തനായിക്കൊണ്ട് അരുളിച്ചെയ്തുഃ സർവ്വേശ്വരനാൽ മോഹിതനായ ദക്ഷനെ ശുദ്ധീകരിക്കുവാനായി എന്നാൽ ഒരു ശിക്ഷ ചെയ്യപ്പെട്ടുവെന്നുമാത്രം. ശിരസ്സു ദഹിച്ചുപോയ പ്രജാപതിക്ക് ആടിന്റെ മുഖത്തോടുകൂടിയ ശിരസ്സു ഭവിക്കട്ടെ. അപ്പോൾ സർവ്വരും സന്തുഷ്ടരായി. ദക്ഷനാകട്ടെ, മനസ്സിനെ ഒരുവിധം നിയന്ത്രിച്ച് ശ്രീരുദ്രനെ സ്തുതിച്ചുഃ എന്നാൽ ഭവാൻ അവമാനിക്കപ്പെട്ടുവെങ്കിലും, ഭവാനാൽ എനിക്ക് വലിയ അനുഗ്രഹമാണ് ചെയ്യപ്പെട്ടത്. എന്തെന്നാൽ, നിന്തിരുവടി എന്നെ ശിക്ഷിക്കുകയാണല്ലോ ചെയ്തത്, അല്ലാതെ ഉപേക്ഷിച്ചില്ലല്ലോ! ഇതിന് പ്രത്യുപകാരം ചെയ്യുക അസാധ്യമാണ്. ഇനി മനുപുത്രന്മാരുടെ വർണ്ണനയിൽ ധ്രുവന്റെ,പുണ്യചരിതം പറയുന്നുഃ സനകാദികൾ, ശ്രീനാരദൻ, ഋഭു, ഹംസൻ, ആരുണി, യതി എന്നീ ബ്രഹ്മപുത്രന്മാർ ഗൃഹസ്ഥാശ്രമം സ്വീകരിച്ചില്ല, അതുകൊണ്ട് അവർക്ക് വംശവുമില്ല. സ്വായംഭൂവമനുവിന്നു ശതരൂപയിൽ പ്രിയവ്രതനും ഉത്താനപാദനും ലോകരക്ഷയിൽ വർത്തിച്ചു. ഉത്താനപാദനു സുനീതി, സുരുചി എന്ന രണ്ടു പത്നിമാരുണ്ടായിരുന്നു. അതിൽ സുരുചി ഉത്താനപാദനു അധികം പ്രിയപ്പെട്ടവളായിരുന്നു. ധ്രുവന്റെ അമ്മയായ സുനീതി അപ്രകാരം പ്രിയപ്പെട്ടവളായിരുന്നില്ല. സുരുചിയുടെ പുത്രനായ ഉത്തമനെ രാജാവ് മടിയിൽവെച്ചു ലാളിപ്പിക്കുകയായിരുന്നു. അപ്രകാരംതന്നെ മടിയിൽ കേറി ഇരിക്കുവാനാഗ്രഹിച്ച ധ്രുവനെ സുരുചി അനുവദിച്ചില്ല എന്നുമാത്രമല്ല, ആ പിഞ്ചുകുട്ടിയോടു പറഞ്ഞു, ' നീ രാജാവിന്റെ മടിയിലിരിക്കുവാൻ അർഹനല്ല, കാരണം, എന്റെ ഉദരത്തിൽ പിറന്നവർക്കുമാത്രമേ രാജാവിന്റെ മടിയിലും സിംഹാസനത്തിലും ഇരിക്കുവാൻ യോഗ്യതയുള്ളു.' അതിപീഡിതനായ ആ ധ്രുവൻ നിലവിളിച്ചുകൊണ്ടു അമ്മയോടു ആ നീചവാക്കുകൾ പറഞ്ഞു. എന്നാൽ, സത്വികിയായ അമ്മ അവനെ ആശ്വസിപ്പിച്ചുകൊണ്ടു പറഞ്ഞു, ' പുത്ര, മറ്റുള്ളവരിൽ അപരാധം ചിന്തിക്കാതിരിക്കു. ക്ലേശങ്ങളെല്ലാം അവരവർ മുമ്പ് ചെയ്ത ദുഷകർമ്മഫലംമാത്രമാണ്. ഉത്തമനെന്നപോലെ നീയും രാജാസനം ആഗ്രഹിക്കുന്നുവെങ്കിൽ തന്തിരുവടിയെത്തന്നെ സർവ്വാത്മനാ ആരാധിക്കുക. ' മാതാവിന്റെ ഈ വാക്കു കേട്ടു മനസ്സിനെ ഒരുവിധമടക്കി പുറത്തേക്കു നടന്നു. ഇതറിഞ്ഞ ശ്രീനാരദമഹർഷി കുട്ടിയെ വഴിക്ക് കണ്ടു അനുഗ്രഹിച്ച് അവനെ ഉദ്യമത്തിൽനിന്നു പൻതിരിക്കുവാൻ ശ്രമിച്ചെങ്കിലും അവൻ ലക്ഷ്യത്തിൽനിന്ന് പിൻതിരിയാൻ തയ്യാറായില്ല. അതിസന്തുഷ്ടനായ ആ മുനി സർവ്വേശ്വരനെത്തന്നെ ധ്യാനിക്കുവാനും തപസ്സു ചെയ്യുവാനുള്ള രീതി ഉപദേശിച്ചു. ശ്രീനാരദമഹർഷി ഉപദേശിച്ചപോലെ ദ്ദാദശാക്ഷരമന്ത്രത്തിലൂടെ അതികഠിനതപസ്സിൽ (തുടക്കത്തിൽ ഫലമൂലാദികൾമാത്രം, പിന്നീട് ജലംമാത്രം, പിന്നെ വായുമാത്രം എന്നിങ്ങനെ ഭക്ഷിച്ചുള്ള ) ലോകമെല്ലാം സ്തംബിച്ചതുപോലെയായി. അദ്ദേഹം തപസ്സാൽ നിശ്ചലമായിത്തിർന്ന ബുദ്ധികൊണ്ടു ഹൃദയമധ്യത്തിൽ പ്രകാശിച്ചുകൊണ്ടിരിന്ന തന്തിരുവടിയെ പെട്ടെന്നു അന്തർഹിതനായി കണ്ടു കണ്ണുകൾ മിഴിച്ചു നോക്കിയപ്പോൾ അതേവിധം നിൽക്കുന്നതായി ദർശിച്ചു. ആ കുട്ടി തന്തിരുവടിയുടെ ദർശനത്താലുണ്ടായ പരിഭ്രമത്തോടുകൂടിയവനായി ദണ്ഡംപോലെ വീണു നമസ്കരിച്ചു ഭഗവാനെ വന്ദിച്ചു. അന്തം വിട്ടു നിൽക്കുന്ന ആ കുട്ടിക്ക് ഒന്നും ഉരിയാടുവാൻ പറ്റിയില്ല. അപ്പോൾ തന്തിരുവടി തന്റെ ശംഖുകൊണ്ട് കവിളിൽ തലോടി. ഉടൻ ധ്രുവൻ പ്രേമഭക്തിയോടുകൂടി തന്തിരുവടിയെ സതുതിച്ചു. ഹേ നാഥ, യാതൊരു പരമാനന്ദം പ്രാണികൾക്കു അവിടുത്തെ ശ്രീപാദസേവകന്മാരായ പരമഭാഗവതന്മാരുടെ ശ്രീമുഖത്തുനിന്നു ഉദിക്കുന്ന ലീലകളുടെ ശ്രവണത്താൽ ലഭിക്കുന്നുവോ, ആ പരമാനന്ദം ബ്രഹ്മത്തിൽപോലുമില്ല. അതിനാൽ അവിടുത്തെ ലീലാമൃതപാനത്തിന്നായി അനുഗ്രഹിച്ചാലും എന്നു പ്രാർത്ഥിക്കുന്നു. തന്തിരുവടിതന്നെ പൂർണ്ണമെന്നറിഞ്ഞ ഞാൻ നമസ്കരിക്കുന്നു. സന്തുഷ്ടനായ ഭഗവാൻ പറയുന്നു, ഹേ പുത്ര, അങ്ങയുടെ ഹൃദയത്തിലെ സങ്കല്പം ഞാൻ അറിയുന്നു. അതു ഞാൻ സാധിപ്പിച്ചുതരുന്നുണ്ട്. അങ്ങക്ക് മംഗളം ഭവിക്കട്ടെ. അങ്ങക്ക് രാജ്യം തന്ന് പിതാവ് വനത്തിലേക്കുപോകും. അതിന്നുശേഷം അങ്ങ് 36000 സംവത്സരം ഇന്ദ്രിയങ്ങൾക്കു കോട്ടമില്ലാതെ ഭൂമിയെ ഭരിക്കും. അങ്ങ് സങ്കല്പിച്ചിട്ടില്ലെങ്കിലും എന്റെ ഭക്തനെ ദ്രോഹിച്ചവർക്കു അനിഷ്ടം സംഭവിക്കും. അങ്ങയുടെ സഹോദരനായ ഉത്തമൻ നശിക്കുമ്പോൾ മാതാവായ സുരുചി പുത്രനെ അന്യോഷിച്ചു വനംപ്രാപിച്ച് കാട്ടുതീയിൽപ്പെട്ടു മരിക്കും. അപ്രകാരം ധ്രുവൻ രാജ്യം നന്നായി ഭരിച്ചു. തന്റെ സഹോദരനെ വധിച്ച യക്ഷന്മാരെ അളകയിൽചെന്ന് ഒറ്റക്ക് നിഗ്രഹിച്ചു. യക്ഷന്മാരുടെ നാശം കണ്ടു ധ്രുവന്റെ പിതാമഹനായ മനു സ്വയം വന്ന് ധ്രുവനെ യുദ്ധത്തിൽ നിവർത്തിച്ചു. പിതാമഹന്റെ വാക്കാൽ യുദ്ധമവസാനിപ്പിച്ച ധ്രുവനെ കുബേരൻ അനൂഗ്രഹിച്ച് എന്താണ് വരം വേണ്ടതെന്ന് ചോദിച്ചു. ധ്രുവനാകട്ടെ തനിക്ക് ഹരിസ്മരണം എപ്പോഴും ഉണ്ടായിരിക്കണം, അതായത്, ഭഗവാനെ ഒരിക്കലും മറക്കുവാനിടവരരുതേ, എന്നപേക്ഷിച്ചു. അതും കൊടുത്തു. ധ്രുവൻ 36000 സംവത്സരം രാജ്യം ഭരിച്ചു പുത്രനെ (ഉൽക്കലനെ) യുവരാജാവാക്കി ബദര്യാശ്രമത്തിൽപോയി തപസ്സനുഷ്ടിച്ചു. അങ്ങനെ ഇരിക്കേ ഒരുദിവസം വിമാനത്തിൽ വന്ന വിഷ്ണുപാർഷദന്മാർ അദ്ദേഹത്തെ വൈകുണ്ഠലോകത്തിലേക്ക് കൊണ്ടുപൊകുവാനായി എത്തി. അവിടെയുള്ള മുനീശ്വരന്മാരോടെല്ലാം യാത്ര പറഞ്ഞ് മൃത്യവിനെപോലും ജയിച്ച് ഉടലോടെ വൈകുണ്ഠലോകത്തിലേക്ക് യാത്രയാവാനൊരുങ്ങി. അപ്പോൾ അദ്ദേഹത്തിന്നു അമ്മയെ ഓർത്തു. ഉടനെ വിഷ്ണുപാർഷദന്മാർ അമ്മ മറ്റൊരു വിമാനത്തിൽ കയറിയത് കാണിച്ചുകൊടുത്തു. അങ്ങനെ വൈകുണ്ഠത്തിലെത്തിയ ആ ധ്രുവൻ ഈ പ്രപഞ്ചത്തിന്റെ അച്ചുതണ്ടിനെപ്പോലെ വർത്തിക്കുന്നു. ധ്രുവനെ കേന്ദ്രീകരിച്ചാണത്രെ പ്രപഞ്ചം മുഴുവൻ, സപ്തർഷികളടക്കം, പ്രദക്ഷിണംവെച്ചു കൊണ്ടിരിക്കുന്നു വത്രേ! ഇപ്രകാരം മൈത്രേയമഹർഷി പ്രചേതസ്സുകളുടെ സദസ്സിൽവെച്ചു ധ്രുവന്റെ മഹിമാതിശയത്തെ വർണ്ണിച്ചപ്പോൾ അവിടെയെത്തിയ ശ്രീനാരദമഹർഷി പറഞ്ഞുഃ പതിവ്രതാരത്നമായ സുനീതിയുടെ പുത്രന്റെ ദിവ്യപ്രഭാവം പ്രാപിക്കുവാൻ ഋഷീശ്വരന്മാർപോലും, അതു പ്രാപിക്കുവാനുള്ള ഉപായം അറിഞ്ഞിട്ടും പ്രാപ്തരായിത്തീരുന്നില്ല. അഞ്ചു വയസ്സു മാത്രം പ്രായമായ യാതൊരു കുട്ടി സപത്നീമാതാവിന്റെ വാക്ശരങ്ങളാൽ ഭേദിക്കപ്പെട്ടതുകൊണ്ടാണ് തന്തിരുവടിയെ ജയിക്കുവാൻ പ്രാപ്തനായത്. തന്തിരുവടിയുടെ പ്രിയഭക്തനായ ധ്രുവന്റെ ഈ ചരിതം പിന്നെയും പിന്നെയും ശ്രവിച്ചാലോ സ്മരിച്ചാലോ ആ സർവ്വേശ്വരനിൽ, അചഞ്ചലമായ ഭക്തിയുദിക്കും. ഓം നമോ വാസുദേവായ ഹരിഃ ഓം സുജനാനന്ദൻ മടക്കിമല Wayanad 9895266535

No comments: