Saturday, October 22, 2016

നമ്മുടെ ആവശ്യങ്ങള്‍ എപ്പോഴെങ്കിലും സാധിച്ച്‌ ഈശ്വരന്‍ തന്നില്ലെങ്കില്‍ അത്‌ നമ്മുടെ നന്മയ്‌ക്കും പ്രയോജനത്തിനും വേണ്ടിയാണെന്ന ബോധം നമുക്കണ്ടാകണം.
ആഗ്രഹിക്കുന്ന കാര്യങ്ങള്‍ തല്‍ക്കാലം നടന്നില്ലെങ്കിലും പിന്നീട്‌ ഫലവത്തായ വലിയ അനുഗ്രഹമായിരിക്കും നമുക്ക്‌ നല്‍കുന്നത്‌. ഇക്കാര്യം പലപ്പോഴും മനുഷ്യര്‍ വിസ്‌മരിച്ചുപോകുന്നു.
മനുഷ്യന്‌ സൃഷ്‌ടിക്കാന്‍ കഴിയുന്ന ഏറ്റവും ശക്‌തിയുള്ള ഊര്‍ജാവസ്‌ഥയാണ്‌ പ്രാര്‍ത്ഥന. പ്രപഞ്ചത്തിന്റെ ആകര്‍ഷണംപോലെ യാഥാര്‍ത്ഥ്യമാണ്‌ ആ ശക്‌തി.
ഒരു രോഗചികിത്സയും ഫലിക്കാത്ത അവസ്‌ഥയില്‍ പ്രാര്‍ത്ഥനയുടെ ദിവ്യശക്‌തിയാല്‍ രോഗത്തില്‍നിന്നും ശോകത്തില്‍നിന്നും മുക്‌തി നേടിയവരുണ്ടെന്ന്‌ ഡോക്‌ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. നമ്മിലെ പരിമിതശക്‌തിയെ പരിപോഷിപ്പിക്കയാണ്‌ പ്രാര്‍ത്ഥനയിലൂടെ ചെയ്യുന്നത്‌.
മനുഷ്യര്‍ സോളാര്‍ എനര്‍ജിയും കാറ്റിന്റെ ശക്‌തിയും മറ്റും ഉപയുക്‌തമാക്കുമ്പോള്‍, ഈശ്വരന്റെ ദിവ്യശക്‌തിയില്‍നിന്ന്‌ ലഭ്യമാക്കാവുന്ന ശക്‌തിയെ മനുഷ്യര്‍ വിസ്‌മരിക്കുന്നു.
'പ്രാര്‍ത്ഥന' എന്നാല്‍ 'പ്രകര്‍ഷേണയുള്ള അര്‍ഥനം' അഥവാ ഈശ്വരന്‌ മുമ്പാകെയുള്ള അപേക്ഷ. ഈശ്വരന്റെ മുമ്പില്‍ അഭിലാഷ പൂര്‍ത്തീകരണത്തിന്നായി ഓരോരോ ആവശ്യങ്ങള്‍ അവതരിപ്പിക്കുന്നതോടൊപ്പം പ്രതിഫലവും നിശ്‌ചയിക്കുന്നു. ആവശ്യങ്ങള്‍ അഥവാ ആഗ്രഹങ്ങള്‍ നൂറുശതമാനം സാധിച്ചുകിട്ടുമ്പോള്‍ ഈശ്വരന്‍ നല്ലവനും ശക്‌തനുമായി അംഗീകരിക്കപ്പെടുന്നു.
കാര്യം നടന്നില്ലെങ്കില്‍ ഈശ്വരന്‍ അശക്‌തനും തല്‍പരനല്ലാത്തവനുമായി വിധിക്കപ്പെടുന്നു. ഇതിനര്‍ത്ഥം, ഉദ്ദിഷ്‌ടകാര്യത്തിന്‌ ഈശ്വരനെ ഉപയോഗപ്പെടുത്തുന്നുവെന്നാണ്‌. നമ്മുടെ ആവശ്യങ്ങള്‍ യഥാസമയം നിറവേറ്റിയിട്ടില്ലെങ്കില്‍ പ്രാര്‍ത്ഥന വ്യര്‍ത്ഥമാണെന്ന്‌ കരുതി അതില്‍നിന്ന്‌ പിന്‍മാറരുത്‌.
ദൈവം നമ്മെക്കാള്‍ ഉന്നതനും നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കുവാന്‍ ശക്‌തിയുള്ളവനുമാണെന്ന്‌ നമുക്ക്‌ വിശ്വാസമുണ്ടെങ്കില്‍ നമ്മെക്കാള്‍ ഉന്നതമായ ദര്‍ശനവും അവിടത്തേക്ക്‌ ഉണ്ടെന്ന്‌ കരുതുകയാണ്‌ വേണ്ടത്‌.
നമ്മുടെ ആവശ്യങ്ങള്‍ എപ്പോഴെങ്കിലും സാധിച്ച്‌ ഈശ്വരന്‍ തന്നില്ലെങ്കില്‍ അത്‌ നമ്മുടെ നന്മയ്‌ക്കും പ്രയോജനത്തിനും വേണ്ടിയാണെന്ന ബോധം നമുക്കണ്ടാകണം. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ തല്‍ക്കാലം നടന്നില്ലെങ്കിലും പിന്നീട്‌ ഫലവത്തായ വലിയ അനുഗ്രഹമായിരിക്കും നമുക്ക്‌ നല്‍കുന്നത്‌. ഇക്കാര്യം പലപ്പോഴും മനുഷ്യര്‍ വിസ്‌മരിച്ചുപോകുന്നു.
പ്രാര്‍ത്ഥനകൊണ്ട്‌ സംപ്രാപ്യമാക്കേണ്ടത്‌ മനഃസമാധാനവും സംതൃപ്‌തിയുമാണ്‌. മറിച്ച്‌ ആഗ്രഹപൂര്‍ത്തീകരണമാണ്‌ ഏക ലക്ഷ്യമെങ്കില്‍ നമുക്കൊരിക്കലും ശാന്തിയും സമാധാനവും ലഭിക്കില്ല. കാരണം നമ്മുടെ ആഗ്രഹങ്ങള്‍ക്ക്‌ അളവില്ലെന്നതു തന്നെ.