Saturday, October 22, 2016

ശുഭ ചിന്ത --ബി പോസിറ്റിവ്[+]
സമയം ലഭിക്കുമ്പോഴെല്ലാം നിങ്ങള്‍ നിങ്ങളുടെ മനസ്സിനോട്‌ സംസാരിക്കുക. ഇത്‌ നിങ്ങളെ തെറ്റും ശരിയും മനസ്സിലാക്കാനും ആത്മവിശ്വാസം ഉണ്ടാകുവാനും സഹായിക്കും. മനസ്സിലെ വേണ്ടാത്ത ചിന്തകളെ അകറ്റിനിര്‍ത്തുക. മനസ്സിനെ ശുഭാപ്‌തിവിശ്വാസംകൊണ്ട്‌ നിയന്ത്രിക്കാന്‍ ശ്രമിക്കുക.
നമ്മുടെ ജീവിതത്തിലുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളും നമ്മുടെ തന്നെ ചിന്തകളുടെ പ്രതിഫലനമാണ്‌. നമ്മുടെ ചിന്തകള്‍ക്കനുസരിച്ച്‌ നമുക്കുചുറ്റും ഒരു ആകര്‍ഷണവലയം രൂപപ്പെടുകയും അതിനനുസരിച്ച്‌ നമ്മുടെ ജീവിതത്തില്‍ ഇപ്പോള്‍ സംഭവിക്കുന്നതും വരാനിരിക്കുന്നതുമായ സംഭവങ്ങള്‍ നിശ്‌ചയിക്കപ്പെടുകയും ചെയ്യുന്നു. അതിനാല്‍ ജീവിതവിജയത്തിന്‌ ഈശ്വരവിശ്വാസവും മനഃശുദ്ധിയും വികസിപ്പിച്ചെടുക്കേണ്ടത്‌ അനിവാര്യമാണ്‌.
ഈ ലോകം ഭരിക്കുന്നത്‌ രണ്ടു ശക്‌തികളാണ്‌. ഒന്ന്‌ മായയും മറ്റൊന്ന്‌ ഈശ്വരനും. മായ നിങ്ങളെ ഈശ്വരനോടു അടുപ്പിക്കാത്തവിധം പലതരം ചിന്തകള്‍ക്കധീനമാക്കുകയും അതിന്റെ പ്രതിഫലനമായി നിങ്ങള്‍ ഈശ്വരവിശ്വാസം ഇല്ലാത്തവരാകുകയും ചെയ്യുന്നു.
നിങ്ങളുടെ ചിന്തകളുടെ പ്രതിഫലനമായിട്ട്‌ പ്രവൃത്തിയും പ്രവൃത്തിയുടെ പ്രതിഫലനമായിട്ട്‌ നിങ്ങളുടെ ഭാവിജീവിതവും നിര്‍ണ്ണയിക്കപ്പെടുന്നു.
ആയതിനാല്‍ മനഃശുദ്ധി വളര്‍ത്തിയെടുക്കേണ്ടത്‌ അത്യാവശ്യമാണ്‌. നമ്മള്‍ വിചാരിക്കുന്നതുപോലെ അത്ര എളുപ്പമല്ല മനഃശുദ്ധി കൈവരിക്കുക. അതിന്‌ അല്‌പം പ്രയത്നം വേണ്ടിവരും. വാക്കുകൊണ്ടോ, പ്രവൃത്തികൊണ്ടോ കഴിവതും ആരെയും വേദനിപ്പിക്കാതിരിക്കുക. വാക്കും പ്രവൃത്തിയും രണ്ടും ഹിംസ തന്നെയാണ്‌.
നിങ്ങള്‍ക്ക്‌ ഭാവിയില്‍ ആരാകണമെന്നും മറ്റുള്ളവര്‍ നിങ്ങളെ എങ്ങനെ അഭിമുഖീകരിക്കണമെന്നും നിങ്ങള്‍ നിങ്ങളുടെ മനസ്സിനോടുതന്നെ ചോദിക്കുക. ഒരുതവണകൊണ്ട്‌ ഉത്തരം കിട്ടിയില്ലെങ്കില്‍ നിരാശരാകരുത്‌. ആവര്‍ത്തിച്ചു ചോദിക്കുക. അപ്പോള്‍ നിങ്ങള്‍ക്ക്‌ ഒരു ഉത്തരം തീര്‍ച്ചയായും ലഭിക്കും.
അതിനനുസരിച്ച്‌ നിങ്ങളുടെ ചിന്തകളും പ്രവൃത്തിയും നിങ്ങളുടെ ഓരോ ചലനവും രൂപപ്പെടുത്തിയെടുക്കുക. മറ്റുള്ളവര്‍ നിങ്ങളെ എങ്ങനെ വീക്ഷിക്കണമെന്നനുസരിച്ച്‌ ഒരു വ്യക്‌തിത്വം വികസിപ്പിച്ചെടുക്കുക.
ഇതിനെല്ലാമുപരി ഈശ്വരവിശ്വാസവും പ്രാര്‍ത്ഥനയും അനിവാര്യമാണ്‌. അതു നിങ്ങളെ നിങ്ങളുടെ ലക്ഷ്യസ്‌ഥാനത്തിലെത്തിക്കും. ദിവസവും മനഃശുദ്ധിക്കും പ്രാര്‍ത്ഥനയ്‌ക്കും വേണ്ടി അല്‌പസമയം നീക്കിവയ്‌ക്കുക.
ഇതെല്ലാം പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍ നിങ്ങളറിയാതെ പ്രകൃതിതന്നെ നിങ്ങളെ നിങ്ങളുടെ ലക്ഷ്യസ്‌ഥാനത്തിലെത്തിക്കും.
ഇത്‌ ഒരു 'യൂണിവേഴ്‌സല്‍ ലോ' ആണ്‌. നിങ്ങള്‍ എന്ത്‌ പ്രകൃതിക്ക്‌ കൊടുക്കുന്നുവോ (നിങ്ങളുടെ ചിന്തകളും പ്രവൃത്തിയും) അതിന്റെ പ്രതിഫലം നിങ്ങള്‍ക്ക്‌ ലഭിക്കും.
സമയം ലഭിക്കുമ്പോഴെല്ലാം നിങ്ങള്‍ നിങ്ങളുടെ മനസ്സിനോട്‌ സംസാരിക്കുക. ഇത്‌ നിങ്ങളെ തെറ്റും ശരിയും മനസ്സിലാക്കാനും ആത്മവിശ്വാസം ഉണ്ടാകുവാനും സഹായിക്കും. മനസ്സിലെ വേണ്ടാത്ത ചിന്തകളെ അകറ്റിനിര്‍ത്തുക. മനസ്സിനെ ശുഭാപ്‌തിവിശ്വാസംകൊണ്ട്‌ നിയന്ത്രിക്കാന്‍ ശ്രമിക്കുക.
മനഃശുദ്ധീകരണം വഴി നിങ്ങള്‍ നിങ്ങളുടെ തന്നെ മനസ്സില്‍ 'ഒരു വിളക്കു' തെളിയിക്കുകയാണ്‌ ചെയ്യുന്നത്‌. അതു നിങ്ങളുടെ 'ഞാന്‍' എന്ന ഭാവം (അഹങ്കാരം) ച്‌ഛേദിക്കുകയും ഈശ്വരനെ അവിടേക്ക്‌ ക്ഷണിക്കുകയും ചെയ്യുന്നു. അതിന്റെ ഫലമായി നിങ്ങളുടെ ചിന്തകളിലും പ്രവൃത്തികളിലും 'ഈശ്വരാധീനം' കൈവരികയും ചെയ്യുന്നു.
ആരെങ്കിലും നിങ്ങളെപ്പറ്റി തെറ്റുപറയുകയോ, കുറ്റം പറയുകയോ ചെയ്‌താല്‍ നിരാശരാകരുത്‌. കാരണം നിങ്ങളെ ഈ ലോകത്ത്‌ മറ്റെല്ലാവരെക്കാളും അറിയാവുന്നത്‌ നിങ്ങള്‍ക്ക്‌ തന്നെയാണ്‌. അതിനാല്‍ അവര്‍ പറയുന്നതുപോലെയല്ല; നിങ്ങള്‍ നിങ്ങളാണെന്ന്‌ മനസ്സിനെ പറഞ്ഞു ബോദ്ധ്യപ്പെടുത്തുക. ഇതു നിങ്ങളുടെ മനസ്സിനെ ആത്മവിശ്വാസമുള്ളതും ധൈര്യമുള്ളതും (മറ്റുള്ളവരെ ധൈര്യമായി നേരിടാന്‍) ആക്കിത്തീര്‍ക്കുകയും ചെയ്യും.
ആയതിനാല്‍ മനോനിയന്ത്രണവും ഈശ്വരവിശ്വാസവുമുണ്ടെങ്കില്‍ ജീവിതവിജയം സുനിശ്‌ചിതം