ബുദ്ധനും ഒരു സംഘം ഭിക്ഷുക്കളും ഗ്രാമപാതയിലൂടെ നടന്നുപോകുമ്പോൾ ഒരാൾ ബുദ്ധനു നേരെ ഏറ്റവും അശ്ലീലമായ വാക്കുകൾ തുരുതുരാ വർഷിച്ചു. ബുദ്ധൻ ഒന്നുമറിയാത്തവനെപ്പോലെ യാത്ര തുടർന്നു.
കുറച്ചു ദൂരം കഴിഞ്ഞപ്പോൾ വഴിയിൽ നേരത്തെ കേട്ട വാക്കുകൾ ബുദ്ധൻ്റെ മനസ്സിൽ എന്തു പ്രതികാരമാണുണ്ടാക്കിയതെന്ന് ജിജ്ഞാസുവായ ശിഷ്യൻ ഗുരുവിനോടാരാഞ്ഞു.
ബുദ്ധൻ ചിരിച്ചു കൊണ്ടു പറഞ്ഞു.
" ഒരു കഥ കേൾക്കണോ? വഴിയിലൂടെ ഒറ്റക്ക് നടന്നു പോകുന്ന ഒരാളുടെ അടുത്തേക്ക് മറ്റൊരാൾ ഓടി വന്ന് ഒരു പൊതി വെച്ചു നീട്ടി. വൃത്തിയുള്ള പൊതിക്കകത്ത് കെട്ടുനാറുന്ന മലിന വസ്തുക്കളും അഴുകിയ പദാർത്ഥങ്ങളുമാണുള്ളത്. വഴിപോക്കൻ അതു വാങ്ങാതെ നടന്നു പോയി. അപ്പോൾ ആ പൊതി ആരുടെ കയ്യിലാണുണ്ടാവുക?"
ശിഷ്യൻ പറഞ്ഞു.
" അതു കൊണ്ടുവന്ന ആളുടെ കയ്യിൽത്തന്നെ "
" ശരി" ബുദ്ധൻ തുടർന്നു ചോദിച്ചു.
"അങ്ങനെയാണെങ്കിൽ ഒരാൾ നിങ്ങളെ ചീത്ത വിളിച്ചാലും നിങ്ങൾ നിങ്ങളുടെ മനസ്സിലേക്കെടുക്കുന്നില്ലെങ്കിൽ അതെവിടുണ്ടാകും?"
" അതു പറഞ്ഞ ആളുടെ കയ്യിൽത്തന്നെ!"
ബുദ്ധൻ പുഞ്ചിരിച്ചു.
ശിഷ്യനും !
ശിഷ്യനും !
എല്ലാ പൊതികളും കൈയിൽത്തന്നെയിരിക്കട്ടെ! ദുർഗന്ധം വമിക്കുന്നത് തന്നിൽ നിന്നാണെന്നു തിരിച്ചറിയുന്ന തിരിച്ചറിവിൻ്റെ ഒരു കാലം വരട്ടെ!