Tuesday, October 19, 2021

 ഷട്ടറുകളില്ലാത്ത ഇടുക്കി അണക്കെട്ട്...!!! 


ഇടുക്കി ഡാം ചരിത്രത്തിൽ നാലാമത്തെ തവണ നാളെ തുറക്കുമെന്ന വാർത്ത വന്നതോടെ കേരളത്തിന്റെ മുഴുവൻ ശ്രദ്ധയും അങ്ങോട്ട് ആയിരിക്കുന്നു. 

ഇന്ത്യയിലെ ഏറ്റവും ശക്തമായ അണക്കെട്ടു കൂടിയായ ഇടുക്കി ഡാമിന്റെ വിശേഷങ്ങൾ അറിയാം.


ഇടുക്കി ഡാം ഒരു വലിയ ചെറിയ ചരിത്രം!!!


ലോകോത്തര ആർകിടെക്റ്റുകളെപ്പോലും വിസ്മയിപ്പിക്കുന്ന ഇടുക്കി അണക്കെട്ടിന്റെ ചരിത്രത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇടുക്കിയിൽ പെരിയാർ നദിക്കു കുറുകെ നിർമ്മിച്ചിരിക്കുന്ന ഇടുക്കി അണക്കെട്ടും ബ്രിട്ടീഷുകാരുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. 1922 ൽ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന W. J ജോണിന്റെ പേരു പറയാതെ ഡാമിന്റെ ചരിത്രം തുടങ്ങുവാനാകില്ല. ഇടുക്കിയിലെ തന്റെ നായാട്ടിനിടയിൽ കണ്ടെത്തിയ കൊലുമ്പൻ എന്ന ആദിവാസി ജോണിന്റെ കൂടെ കൂടിയതോടെയാണ് ഒരു വലിയ ചരിത്രത്തിനു തുടക്കമാവുന്നത്


കുറവൻ കുറത്തി മലയിടുക്ക്!!!


ഇടുക്കിയിലെ കുറവൻ കുറത്തി മലയിടുക്ക് ജോണിനു കൊലുമ്പൻ കാണിച്ചു കൊടുത്തതും അതിനിടയിലൂടെ ഒഴുകുന്ന പെരിയാറിൽ ഒരു തട കെട്ടുന്നത് ജലസേചനത്തിനും വൈദ്യുതോത്പാദനത്തിനും സഹായിക്കും എന്ന ജോണിന്റഖെ ദീർഘവീക്ഷണവും ഒക്കെ ഇതിന്റെ ചരിത്രത്തോട് ചേർത്തു വായിക്കേണ്ടതാണ്. പിന്നീട് അദ്ദേഹം അണക്കെട്ടിന്റെ സാധ്യതകളെക്കുറിച്ച് പഠിക്കുകയും എൻജിനീയറായ സഹോദരന്റെ സഹായത്തോടെ വിശദമായ ഒരു റിപ്പോർട്ട് തിരുവിതാംകൂർ ഗവണ്‍മെന്റിനു സമർപ്പിക്കുകയും ചെയ്തു.


പൂർണ്ണമായും ഇന്ത്യൻ പദ്ധതിയല്ല ഇടുക്കി ഡാം!!!


കഥകളും ചരിത്രങ്ങളും ഒട്ടേറെ അവകാശപ്പെടുവാനുണ്ടെങ്കിലും ഇടുക്കി ഡാം പൂർണ്ണമായും ഇന്ത്യൻ പദ്ധതിയല്ല എന്നതാണ് യാഥാർഥ്യം. കാനഡ അണക്കെട്ടു നിർമ്മാണത്തിനാവശ്യമായ ധനം നല്കിയപ്പോൾ സാങ്കേതിക സഹായം സ്വീകരിച്ചത് ഫ്രാൻസിൽ നിന്നായിരുന്നു.


ഒരു ഡാം നിർമ്മിച്ചപ്പോൾ !!!


ഇടുക്കി ഡാമിന്റ പ്രധാന പദ്ധതി കുറുവൻ കുറത്തി മലകളെ തമ്മിൽ ബന്ധിപ്പിക്കുക എന്നതായിരുന്നു. ഇങ്ങനെ ബന്ധിപ്പിക്കുമ്പോൾ പെരിയറിൽ സംഭരിക്കപ്പെടുന്ന വെള്ളം ചെറുതോണി പുഴയിലൂടെയും കിളിവള്ളിത്തോട്ടിലൂടെയും ഒഴുകിപ്പോകുവാൻ സാധ്യതകൾ ഏറെയുണ്ടായിരുന്നു. അതിനാൽ ചെറുതോണി പുഴയിലൂടെ വെള്ളം പോകാതിരിക്കുവാൻ ചെറുതോണിയിലും കിളിവള്ളിത്തോട്ടിലൂടെ പോകാതിരിക്കുവാൻ കുളമാവിലും അണക്കെട്ടുകൾ നിർമ്മിച്ചു.


ഐസിട്ടു നിർമ്മിച്ച ഇടുക്കി ഡാം!!!


നിർമ്മാണത്തിൽ ധാരാളം പ്രത്യേകതകൾ ഉള്ള ഒന്നാണ് ഇടുക്കി അണക്കെട്ട്. കമാനാകൃതിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ വിദഗ്ദരായ ഫ്രഞ്ച് എൻജിനീയർമാരാണ് ഇതിനെ ഇന്നു കാണുന്ന രൂപത്തിലാക്കിയത്. കോൺക്രീറ്റ്‌ കൊണ്ടു പണിത അണക്കെട്ടിനു 168.9 മീറ്റർ ഉയരമുണ്ട്‌. മുകളിൽ 365.85 മീറ്റർ നീളവും 7.62 മീറ്റർ വീതിയും. അടിയിലെ വീതി 19.81 മീറ്ററാണ്‌. ഇതിന്റെ നിർമ്മാണത്തിനാവശ്യമായ കോൺക്രീറ്റ് മിശ്രിതം തയ്യാറാക്കുമ്പോൾ താപനില കുറയ്ക്കുവാനായി ഐസ് ഉപയോഗിച്ചിരുന്നുവത്രെ.


ഷട്ടറില്ലാത്ത ഇടുക്കി ഡാം!!!


ഇടുക്കി ഡാമിന്റെ ഷട്ടർ തുറക്കുന്നു എന്നു പറയുമ്പോളും സത്യം മറ്റൊന്നാണ്. ഇടുക്കി ഡാമിനു ഷട്ടറുകളില്ല. ഇവിടെ വെള്ളം നിറയുമ്പോൾ ചെറുതോണി ഡാമിന്റെ ഷട്ടറുകളാണ് തുറക്കുന്നത്. ഭൂകമ്പത്തെ ചെറുക്കുന്നതിനായുള്ള പ്രത്യേക സാങ്കേതിക വിദ്യകൾ, ഉപയോഗിച്ചാണ് പെരിയാറിനു കുറുകെ ഇത് നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ശക്തമായ അണക്കെട്ടു കൂടിയാണ് ഇടുക്കി അണക്കെട്ട്.


ചെറുതോണി അണക്കെട്ട്!!!


ഉയരത്തിൻന്റെ കാര്യത്തിൽ മൂന്നാമത് നിൽക്കുന്ന ചെറുതോണി അണക്കെട്ട് ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമാണ്. സമുദ്ര നിരപ്പിൽ നിന്നും 3900 ഇടി ഉയരത്തിലാണിത് സ്ഥിതി ചെയ്യുന്നത്. 1976 ലാണ് ഇതിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നത്. ഇവിടുത്തെ ബോട്ടിങ്ങാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്. എന്നാൽ ഓണം, ക്രിസ്തുമസ് തുടങ്ങിയ സമയങ്ങളിൽ മാത്രമേ ഇവിടെ ബോട്ടിങ്ങ് നടത്തുവാൻ അനുമതിയുള്ളൂ. ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകളിലെ റിസർവ്വോയറിലെ വെള്ളം തുറന്നു വിടേണ്ട സന്ദർഭങ്ങളിൽ ചെറുതോണി അണക്കെട്ട് വഴിയാണ് അധികമുള്ള ജലം വിടുന്നത്.


കുളമാവ് അണക്കെട്ട്!!!


ഇടുക്കിയിലെ കുളമാവ് എന്ന സ്ഥലത്താണ് കുളമാവ് അണക്കെട്ട് സ്ഥിതി ചെയ്യുന്നച്. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമാണിത്. ഇടുക്കി അണക്കെട്ടിന്റെ തെക്കുദിശയിലായി സ്ഥിതി ചെയ്യുന്ന ഈ ഡാമിന് 33 കിലോമീറ്ററാണ് റിസർവ്വോയറുള്ളത്.


ഇടമലയാർ ഡാം!!!


കേരളത്തിലെ പ്രശസ്തമായ മറ്റൊരു അണക്കെട്ടാണ് ഇടമലയാർ അണക്കെട്ട്. എറണാകുളം ജില്ലയിൽ ഭൂതത്താൻ കെട്ടിനു സമാപത്തായാണ് ഇതുള്ളത്. 1957 ൽ നിർമ്മിക്കപ്പെട്ട ഈ ഡാം ഇടമലയാറിനു കുറുകെയാണ് നിർമ്മിച്ചിരിക്കുന്നത്


ഇടുക്കി ഡാം തുറക്കുമ്പോൾ!!!


ഇടുക്കിയിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് നാളെയാണ് ചരിത്രത്തിൽ നാലാമത്തെ തവണ ഇടുക്കി അണക്കെട്ട് തുറക്കുന്നത്. 1981 ലും 1992 ലും 2018 ലും ഇടുക്കി ഡാം ഇതിനു മുൻപ് തുറന്നിട്ടുണ്ട്.


വെള്ളം പോകുന്ന വഴി !!!


ഇടുക്കി ഡാം തുറക്കുമ്പോൾ ചെറുതോണി മുതൽ അറബിക്കടൽ വരെയാണ് വെള്ളം ഒഴുകിയെത്തുന്നത്. ചെറുതോണി ടൗൺ, പെരിയാർ, ലോവർ പെരിയാർ അണക്കെട്ട്, ഭൂതത്താൻ കെട്ട്, , കാലടി, നെടുമ്പാശ്ശേരി, ആലുവ വഴിയാണ് അറബിക്കടലെത്തുന്നത്.


കടപ്പാട്: copy

No comments: