Sunday, October 31, 2021

 

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രവും വില്വമംഗലം സ്വാമിയാരും.
 

കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം പല തരത്തിൽ ഉള്ള സവിശേഷതകൾ കൊണ്ട് തന്നെ ലോക പ്രസിദ്ധമാണ് . എട്ടാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ചു എന്ന് കരുതപ്പെടുന്ന ക്ഷേത്രം എല്ലാ കാലങ്ങളിലും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഒന്നാണ് .
തനതായ ചേര ശൈലിയിലുള്ള വാസ്തുവിദ്യയിൽ നിർമ്മിച്ചിട്ടുള്ള ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ അനന്തശയനത്തിലുള്ള മഹാവിഷ്ണുവാണ് . ഇവിടെ കുടികൊള്ളുന്ന മഹാവിഷ്ണു ത്രിമൂർത്തികളെ പ്രതിനിധീകരിക്കുന്നു . സാക്ഷാൽ വില്വമംഗലം സ്വാമിയാരാണ് മണൽ , ഔഷധസസ്യങ്ങൾ , മരപ്പശ തുടങ്ങിയ പ്രത്യേക കൂട്ടുകൊണ്ട് വിഗ്രഹം ഉണ്ടാക്കി ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചത് .
പിന്നീട് ക്ഷേത്രം പുതുക്കി പണിയുകയും ഇന്ന് കാണുന്ന മാതൃകയിൽ ആക്കുകയും ചെയ്തു . ഗണ്ഡകി നദിയിൽ നിന്ന് കൊണ്ട് വന്ന സാളഗ്രാമത്താൽ നിർമ്മിതമാണ് പ്രധാന വിഗ്രഹം . വിഷ്ണുവിന്റെ പ്രതിഷ്ഠ കൂടാതെ അധികം ആർക്കും അറിയാത്ത മറ്റു ചില പ്രതിഷ്ഠകൾ കൂടി ഈ ക്ഷേത്രത്തിൽ ഉണ്ടെന്നുള്ളത് വസ്തുതാപരമായ കാര്യമാണ് .
വേദവ്യാസന്റെയും അശ്വത്ഥാമാവിന്റെയും പ്രതിഷ്ഠ
വേദവ്യാസനും അശ്വത്ഥാമാവിനും ക്ഷേത്രങ്ങളോ പ്രതിഷ്ഠകളോ സാധാരണ കാണാൻ സാധിക്കുന്ന കാര്യമല്ല . എന്നാൽ ഇവർ രണ്ടു പേരുടെയും പ്രതിഷ്ഠ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഉണ്ട് എന്നുള്ളതാണ് സത്യം .ക്ഷേത്രത്തിൽ പടിഞ്ഞാറോട്ട് അഭിമുഖമായ ശ്രീകോവിലിൽ ഇവർ രണ്ടു പേരുടെയും പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ കുടികൊള്ളുന്നു .ഒരു കാൽമുട്ടിന് മുകളിൽ മറ്റേ കാൽ കയറ്റി വെച്ച് കൊണ്ട് ഇരിക്കുന്ന വിഗ്രഹമാണ് വേദവ്യാസന്റെ , അദ്ദേഹത്തിന്റെ അടുത്ത് നിൽക്കുന്നതായിട്ടാണ് അശ്വത്ഥാമാവിനെ പ്രതിഷ്ഠിച്ചിട്ടുള്ളത് . ചിരഞ്ജീവി ആയ അശ്വത്ഥാമാവ് തനിക്കു ലഭിച്ച ശാപത്തിൽ നിന്ന് മുക്തി ലഭിക്കുവാനായി ലോകം മുഴുവൻ നടന്നതിന് ശേഷം ഇവിടെ വന്നു കുടിക്കൊണ്ടു എന്നാണ് ഐതിഹ്യം . നാലു വേദങ്ങളും ക്രോഡീകരിച്ച് എഴുതുകയും , ഗണപതിയുടെ സഹായത്തോടെ മഹാഭാരതം രചിക്കുകയും ചെയ്ത വേദവ്യാസന്റെ സാന്നിധ്യം , യുഗങ്ങളായി വിദ്യ അഭ്യസിക്കേണ്ടതിന്റെയും , വിദ്യ പകർന്ന് നൽകേണ്ടതിന്റെയും പ്രാധാന്യം സൂചിപ്പിക്കുന്നു .
വിശ്വകസേനന്റെ പ്രതിഷ്ഠ
മഹാവിഷ്ണുവിന്റെ പ്രധാന സൈന്യാധിപൻ ആയ വിശ്വകസേനന്റെ പ്രതിഷ്ഠ ശ്രീകോവിലിന്റെ വലതുവശത്തായി തെക്കഭിമുഖമായി കുടികൊള്ളുന്നു .ശംഖും ചക്രവും കൈകളിലേന്തി മഹാവിഷ്ണുവിനെ പോലെ തന്നെയാണ് വിശ്വകസേനനെയും കാണാൻ സാധിക്കുക .വിശ്വകസേനൻ ശ്രീ പദ്മനാഭസ്വാമിയുടെ നിർമ്മാല്യ മൂർത്തിയായതിനാൽ , നേദ്യത്തിന്റെ ഒരു പങ്കു വിശ്വകസേനനും സമർപ്പിക്കുന്നു .വിശ്വകസേനന്റെ സംരക്ഷണത്തിൽ ആണെന്ന് കരുതി പോരുന്ന ക്ഷേത്രം സാക്ഷാൽ വൈകുണ്ഠമായും കണക്കാക്കുന്നു .

ഡൌണ്‍ലോഡ് ജനം ടിവി മൊബൈല്‍ ആപ്

 

 

No comments: