Wednesday, October 20, 2021

 18 സിദ്ധന്മാർ.

അഷ്ടസിദ്ധികളും ആർജിച്ച സിദ്ധപരമ്പരയിൽ ഗുരുസ്ഥാനീയരായി പതിനെട്ടു സിദ്ധന്മാർ ഉണ്ടായിരുന്നുവെന്നും, ഇവരുടെയെല്ലാം പരമഗുരു അഗസ്ത്യരായിരുന്നുവെന്നുമാണ് വിശ്വാസം.

                ആരൊക്കെയായിരുന്നു തമിഴ് വൈദ്യം ചിട്ടപ്പെടുത്തിയ പതിനെട്ട് ഋഷീശ്വരന്മാർ എന്നത് സംബന്ധിച്ചും അവരുടെ നാമധേയങ്ങൾ, ജീവിത കാലഘട്ടം, ദേശം, മുൻ പിൻതലമുറകൾ, ഗുരുശിഷ്യ പരമ്പരകൾ, സിദ്ധവിജ്ഞാനശാഖയ്ക്ക് നൽകിയ സംഭാവനകൾ തുടങ്ങിയവ സംബന്ധിച്ചും ഭിന്നാഭിപ്രായങ്ങൾ നിലവിലുണ്ട്. സിദ്ധ ഗുരുക്കന്മാർ അഗസ്ത്യരടക്കം പതിനെട്ട് പേരായിരുന്നെന്നും, അതല്ല പരമാചാര്യനായ അഗസ്ത്യരുൾപ്പെടെ അവർ പത്തൊൻപത് പേരായിരുന്നെന്നും രണ്ടഭിപ്രായം നിലവിലുണ്ട്.


അഗസ്ത്യ ശിഷ്യന്മാരായ പതിനെട്ടുപേർ ആരൊക്കെയായിരുന്നു എന്നത് സംബന്ധിച്ച് പന്ത്രണ്ട് വിഭിന്ന അഭിപ്രായങ്ങൾ നിലനിൽക്കുന്നു. ഓരോ വാദഗതിക്കാരും തങ്ങളുടെ പട്ടികയിൽ നിന്ന് മറ്റു പട്ടികകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന രണ്ടോ മൂന്നോ പേരുകൾ നീക്കം ചെയ്ത്, അവയ്ക്കു പകരം മറ്റ് സിദ്ധന്മാരുടെ പേര് ഉൾക്കൊള്ളിക്കുകയാണ് ചെയ്തിട്ടുള്ളത്.ധന്വന്തരി, പതഞ്ജലി, വാത്മീകി, റോമർഷി, തുടങ്ങിയവരെ ചില പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളതായി കാണാം. മറ്റു ചില പട്ടികകളിൽ പിൽക്കാല സിദ്ധന്മാരെന്ന് അനുമാനിക്കപ്പെടുന്ന പുലിപ്പാണിയുടേയും തിരുവള്ളുവരുടേയും പാമ്പാട്ടി സിദ്ധരുടേയും പേരുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. അഗസ്ത്യ ശിഷ്യന്മാരായ പതിനെട്ട് സിദ്ധന്മാർക്ക് പുറമേ, നവനാഥ സിദ്ധന്മാരെക്കുറിച്ചും നവ കോടി സിദ്ധന്മാരെക്കുറിച്ചുമുള്ള പരാമർശങ്ങളും സിദ്ധവൈദ്യ ഗ്രന്ഥങ്ങളിലുണ്ട്.


സംഗതികൾ ആഴത്തിൽ പഠിക്കാതെ സിദ്ധന്മാരുടെ ജീവചരിത്രം വിശകലന വിധേയമാക്കാൻ ശ്രമിച്ചാൽ നിരവധി പൊരുത്തക്കേടുകളും വിരോധാഭാസങ്ങളും നിലനിൽക്കുന്നതായി തോന്നാൻ ഇടയുണ്ട്.കല്പ ചികിത്സയിലൂടെ നിരവധി നൂറ്റാണ്ടുകൾ ജീവിച്ചവരാണ് സിദ്ധ ഗുരുക്കന്മാർ ഓരോരുത്തരുമെന്ന പരമാർത്ഥം മറന്നു കൊണ്ടുള്ള വിശകലനമാണ് ഇത്തരം ആശയക്കുഴപ്പങ്ങൾക്ക് കാരണമാകുന്നത്. രസവാദത്തിന്റെ(ആൽക്കെമി) പ്രയോഗ സാദ്ധ്യത കല്പ ചികിത്സയിൽ സന്നിവേശിപ്പിക്കാൻ കഴിഞ്ഞ ആദികാല തമിഴ് സിദ്ധന്മാർ നിരവധി യുഗങ്ങളും നൂറ്റാണ്ടുകളും ജീവിച്ചിരുന്നതിനാൽ ഗുരുക്കന്മാരും ശിഷ്യന്മാരും അനുയായികളും അനേകം തലമുറകൾക്ക് മുമ്പുള്ള പൂർവികരും പിൻഗാമികളുമെല്ലാം സമകാലീനരായിരുന്നു! ഇങ്ങനെ ദീർഘകാലം ജീവിച്ചിരുന്നതിനാൽ പല തലമുറകൾക്ക് ശേഷം ജനിച്ച ശിഷ്യന്മാരേയോ പിൻഗാമികളേയോ സിദ്ധ ഗുരുക്കന്മാർക്ക് തങ്ങളുടെ ഗ്രന്ഥങ്ങളിൽ പരാമർശിക്കാൻ സാധിച്ചിരുന്നു.


സിദ്ധ ഗുരുക്കന്മാർ ഓരോരുത്തരും പല പേരുകളിൽ അറിയപ്പെട്ടിരുന്നതും പല പേരുകളിൽ ഗ്രന്ഥരചന നടത്തിയിരുന്നതും അവരുടെ ജീവിതത്തെക്കുറിച്ച് പഠനം നടത്തുന്ന ഗവേഷകർക്ക് ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്നു. ഒരേ പേരിൽ പല തലമുറകളിൽപ്പെട്ട സിദ്ധന്മാർ ഗ്രന്ഥരചന നടത്തിയിരുന്നതായി അഭിപ്രായപ്പെടുന്നവരുമുണ്ട്.അഗസ്ത്യർ എന്ന പേരിൽ കുറഞ്ഞത് 26 സിദ്ധന്മാരെങ്കിലും ഗ്രന്ഥരചന നടത്തിയിരുന്നതായി ഇക്കൂട്ടർ പറയുന്നു.


ചുരുക്കിപ്പറഞ്ഞാൽ കാലദേശഗണനകൾക്ക് വശഗതമല്ല സിദ്ധാചാര്യന്മാരുടെ ചരിത്രം ലെമൂറിയ ഭൂഖണ്ഡത്തിന്റേയും ഭാരതഖണ്ഡത്തിന്റേയും വിവിധ ഭാഗങ്ങളിൽ വിവിധ കാലഘട്ടങ്ങളിൽ ഒരേ പേരുള്ള സിദ്ധന്മാർ ജീവിച്ചിരുന്നതായി കാണാം.ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ നാനാഭാഗങ്ങളിൽ അഗസ്ത്യർക്ക് ആശ്രമങ്ങളുണ്ടായിരുന്നു. മലേഷ്യയിലും സിലോണിലും അഗസ്ത്യർക്ക് ആശ്രമങ്ങൾ ഉണ്ടായിരുന്നതായും പറയുന്നു.സത്യയുഗം മുതൽ കലിയുഗാരംഭം വരെയും അതിനു മുൻപിൻ കാലഘട്ടങ്ങളിലും അഗസ്ത്യരുണ്ടായിരുന്നതായി പരാമർശങ്ങളുണ്ട്. മറ്റു സിദ്ധന്മാരുടെ ജീവിതവും ഇതിനു വിപരീതമല്ല.

പിതാവിന്റേയോ, പിതാമഹന്റേയോ, മാതുലന്റേയോ, ഗുരുവിന്റെയോ പേരിൽ പല പിൽക്കാല സിദ്ധന്മാരും അറിയപ്പെട്ടിരുന്നതായി ചില ഗവേഷകർ പറയുന്നു.കാലാന്തരത്തിൽ ഇവരെ തമ്മിൽ തിരിച്ചറിയാൻ പറ്റാതായിട്ടുണ്ടാവാമെന്നാണ് ഇവരുടെ അഭിപ്രായം.

പതിനെട്ടു സിദ്ധന്മാരെപ്പറ്റി പരാമർശിക്കുന്ന പ്രശസ്തമായ തമിഴ് ശ്ലോകമാണ് താഴെ കൊടുക്കുന്നത്.

" പാർത്തീടവേ നന്ദീശർ മൂലത്തീശർ

പൺപാന അഗസ്തീശർ ചട്ടനാതർ

പാർത്തീടവേ പതഞ്ചലിയും ഊനർ കണ്ണർ

കോരക്കർ കമലമുനി ചണ്ഡികേശ്വർ

ഓർത്തീടവേ ഇടൈകാദർ ചിപായ സിദ്ധർ

കൊങ്കണവർ തന്തൈ ഭോഗനാഥർ

കാത്തീടവേ മച്ചമുനി പുണ്ണാക്കീശർ

കാലംഗി സുന്ദരരും കാപ്പുതാനേ "


ഈ ശ്ലോക പ്രകാരം നന്ദീ ശർ,മൂലത്തീശർ, അഗസ്തീശർ,ചട്ടനാതർ, പതഞ്ജലി, പൂനക്കണ്ണർ, കോരയ്ക്കർ, കമലമുനി, ചണ്ഡികേശർ, ഇടൈക്കാദർ, ചിപായ സിദ്ധർ( ശിവാക്യസിദ്ധർ), കൊങ്കണവർ,ഭോഗർ, മച്ചമുനി, പുണ്ണാക്കീശർ, കാലംഗിനാഥർ, സുന്ദരാനന്ദർ എന്നിവരാണ് 18 സിദ്ധന്മാർ.

സിദ്ധവൈദ്യ സമ്പ്രദായത്തിന്റെ പരമാചാര്യന്മാരായ സിദ്ധമാരാരൊക്കെയെന്ന് സംബന്ധിച്ച് ഭിന്നാഭിപ്രായങ്ങൾ ഉണ്ടെങ്കിലും അഗസ്ത്യർ, ഭോഗർ, തിരുമൂലർ, മച്ചമുനി, കാലംഗിനാഥർ, തേരേയർ, സുന്ദരാനന്ദർ,ചട്ടനാതർ, കരുവൂരർ, യൂഹിമുനി, കോരയ്ക്കർ, തുടങ്ങിയ സിദ്ധനാമങ്ങൾ സർവ്വസമ്മതങ്ങളായി കാണാം.


സത്യനാഥർ, സതോഗനാഥർ, ആദിനാഥർ, വെഗുളി നാഥർ, അനാതിനാഥർ, മാതംഗനാഥർ, മചേന്ദ്ര നാഥർ, കലേന്ദ്രനാഥർ, കോരക്കനാഥർ എന്നിവരാണ് നവനാഥ സിദ്ധർ എന്നാണ് സിദ്ധ പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത്.

വൈദ്യശാസ്ത്രത്തിന് അതുല്യ സംഭാവനകൾ നൽകിയ ഏതാനും ചില സിദ്ധ ഗുരുക്കന്മാരെപ്പറ്റി പിന്നീട് വിവരിക്കാം....

    ഓം ഗുരുഭ്യോ നമ:

കോപ്പി

No comments: