ആകെയുളള പന്ത്രണ്ട് ജ്യോതിര്‍ലിംഗക്ഷേത്രങ്ങളില്‍ ഒന്നാണ് കേദാര്‍നാഥം. ആയിരക്കണക്കിന് മഹര്‍ഷിമാരുടേയും യോഗികളുടേയും തപസ്സുകൊണ്ട് അതീവ ചൈതന്യവത്തായിത്തീര്‍ന്നിട്ടുള്ള പുരാതന ഭൂമിയാണിത്.
സദ്‌ഗുരു: അതിവിശിഷ്ടമായൊരു പുണ്യസ്ഥലമാണ് കേദാരനാഥം. ആ പ്രദേശത്തെവിടെയെങ്കിലും നിന്ന് “ശിവ” എന്നുച്ചരിക്കുമ്പോഴേക്കും അതിന് അവര്‍ണനീയമായ മാനങ്ങള്‍ കൈവരുന്നതായി നമുക്കനുഭവപ്പെടും. ഈ മന്ത്രോച്ചാരണത്തിനുവേണ്ടി പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള ഒരു സ്ഥാനമാണിതെന്ന് അനുമാനിക്കുന്നതില്‍ തെറ്റില്ല. “ശിവ” എന്ന ശബ്ദം അജാതമായ ഏതോ ഒന്നിന്റെ വിമോചനമാണ്, സൃഷ്‌ടിക്കപ്പെടാത്ത ഏതോ ഒന്നിന്റെ മുക്തിയാണ്. ഈ ഭൂമുഖത്ത് “ശിവ” എന്ന ശബ്‌ദം ഉത്ഭവിച്ചതുതന്നെ ഈ സ്ഥാനത്തുനിന്നാണ് എന്നു പറയാം. സഹസ്രാബ്‌ദങ്ങളായി എത്രയോ പേര്‍ ആ നിര്‍വൃതി നുകര്‍ന്നിരിക്കുന്നു!
ആ പ്രദേശത്തെവിടെയെങ്കിലും നിന്ന് “ശിവ” എന്നുച്ചരിക്കുമ്പോഴേക്കും അതിന് അവര്‍ണനീയമായ മാനങ്ങള്‍ കൈവരുന്നതായി നമുക്കനുഭവപ്പെടും.
ഈ പ്രദേശത്താകെ ശിവനാമത്തിന്റെ മാറ്റൊലി മുഴങ്ങിക്കൊണ്ടേയിരിക്കുന്നതായി അനുഭവപ്പെടും. “ശിവ” എന്നു ഞാന്‍ പറയുമ്പോള്‍, ആരാധിക്കാനും, ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റിത്തരാന്‍ വേണ്ടി കെഞ്ചാനുമുളള മറ്റൊരു ദേവതാ സങ്കല്‍പമാണെന്നു ധരിക്കരുത്. “ശിവ” എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ, “ഇല്ലാത്തതെന്തോ അത്” എന്നാണ്. ഇന്ന്‍ ആധുനികശാസ്‌ത്രം നമ്മെ പഠിപ്പിക്കുന്നത്, ഈ പ്രപഞ്ചം ശൂന്യതയില്‍ നിന്നും ഉത്ഭവിച്ച്, അതേ ശൂന്യതയില്‍ത്തന്നെ വലയം പ്രാപിക്കുന്നു എന്നാണ്. ഈ പ്രപഞ്ചത്തിന് ആധാരമായിട്ടുള്ളത് അഥവാ അതിന്റെ അടിസ്ഥാനം, അനന്തമായ ശൂന്യതയാണ്. ഗോളങ്ങളും ഗ്രഹങ്ങളും നക്ഷത്രസമൂഹങ്ങളുമെല്ലാം ആ അനന്തതയിലെ ചെറുകുമിളകള്‍ മാത്രമാണ്. ഈ ശൂന്യതയെയാണ് “ശിവ” എന്ന ശബ്‌ദം വിശേഷിപ്പിക്കുന്നത്.
മത്തു പിടിപ്പിക്കുന്ന ഊര്‍ജ്ജം
മനുഷ്യനെ ഉന്മത്തനാക്കും വിധം ഊര്‍ജ്ജം ഉറഞ്ഞു പൊങ്ങുന്ന ഒരു സംഗമസ്ഥാനമാണ് കേദാരനാഥം. എല്ലാ തരത്തിലും തലത്തിലും പെട്ട യോഗികളുടേയും മഹര്‍ഷികളുടേയും സാന്നിദ്ധ്യം കൊണ്ട് അതിപാവനമായിട്ടുള്ളതാണീ പ്രദേശം. ഇവരാരുംതന്നെ ആര്‍ക്കെങ്കിലുമൊക്കെ എന്തെങ്കിലുമൊക്കെ മനസ്സിലാക്കികൊടുക്കുവാന്‍ തുനിഞ്ഞിട്ടില്ല. തങ്ങള്‍ ജീവിച്ച ഈ ലോകത്തിന് സംഭാവനയായി അവര്‍ നീക്കിവെച്ചത് സ്വന്തം തപസ്സിലൂടെ അവരാര്‍ജ്ജിച്ച പുണ്യമാണ്.
ആദ്ധ്യാത്മികമാര്‍ഗത്തില്‍ ചരിക്കുന്നവരെക്കുറിച്ച് നമുക്ക് സാമാന്യമായൊരു സങ്കല്‍പമുണ്ട്. അവരുടെ ഭാവം, വേഷം, പെരുമാറ്റം, സംസാരം തുടങ്ങിയവയെല്ലാം ഒരു പ്രത്യേകരീതിയിലായിരിക്കണമെന്ന്‍ നാം ധരിച്ചുവെച്ചിരിക്കുന്നു. എന്നാല്‍ അങ്ങനെയുളള ആത്മജ്ഞാനികളുടെ ആവാസഭൂമിയല്ല കേദാരനാഥം. അങ്ങനെ അല്ലാത്തവര്‍ എന്ന് പറയുമ്പോള്‍ ഞാനുദ്ദേശിക്കുന്നത്, തികച്ചും വന്യമായ ഭാവഹാവാധികളുളള നിരവധിപേരെ നമുക്ക് ഈ പ്രദേശത്ത് കാണാം എന്നുള്ളതാണ്. അവരെ ആരേയും ആത്മജ്ഞാനികളുടെ ഗണത്തില്‍ പെട്ടെന്നാരും ഉള്‍പപ്പെടുത്തുകയില്ല, എന്നാല്‍ ഇവരെല്ലാവരുംതന്നെ ജീവിതത്തിന്റെ നെറുകയില്‍ ചുവടുറപ്പിച്ചിട്ടുള്ളവരായിരിക്കും.
“യോഗി” എന്ന ശബ്‌ദത്തിന് സവിശേഷമായ ആചാരാനുഷ്‌ഠാനങ്ങള്‍ അഭ്യസിക്കുന്നതും അതേ തരത്തിലുള്ള ജീവിതശൈലി സ്വീകരിച്ചിട്ടും ഉള്ള ഒരാള്‍ എന്ന്‍ അര്‍ത്ഥമാക്കേണ്ട. അദ്ദേഹവും സാധാരണ മനുഷ്യരെപ്പോലെ തന്നെ ജീവിതവുമായി തികച്ചും സമരസപ്പെട്ടു കഴിയുന്ന ഒരാളായിരിക്കും. യഥേഷ്‌ഠം ഊരി വെക്കുവാനും എടുത്തണിയാനും സാധിക്കുന്ന ഒരു കുപ്പായം പോലെയാണ് ഒരു യോഗിയെ സംബന്ധിച്ചിടത്തോളം ജീവിതം. അഹംബോധമാണ് ജീവിതത്തിന്റെ അടിസ്ഥാനതത്വം. അത് നിങ്ങള്‍ക്ക് സ്വന്തം ഇച്ഛയ്ക്കനുസരിച്ച് മാറ്റിവെയ്ക്കാനും എടുത്തു ധരിക്കാനും സാധിക്കുമെങ്കില്‍, നിങ്ങളും ഒരു യോഗിയാണ്. അങ്ങനെയുളള അത്ഭുതസിദ്ധികളുളള എത്രയോ മഹാത്മാക്കള്‍ ഈ പരിസരത്ത് ഇന്നും ജീവിച്ചുവരുന്നു.
അഹംബോധമാണ് ജീവിതത്തിന്റെ അടിസ്ഥാനതത്വം. അത് നിങ്ങള്‍ക്ക് സ്വന്തം ഇച്ഛയ്ക്കനുസരിച്ച് മാറ്റിവെയ്ക്കാനും എടുത്തു ധരിക്കാനും സാധിക്കുമെങ്കില്‍, നിങ്ങളും ഒരു യോഗിയാണ്.
കേദാരനാഥിന്റെ ചൈതന്യം വാക്കുകളാല്‍ വര്‍ണ്ണിക്കാനാവില്ല. അത്രയും സാന്ദ്രമായതാണ് ഇവിടുത്തെ ഊര്‍ജ്ജസ്രോതസ്സ്. അതുകൊണ്ട് ആദ്ധ്യാത്മിക മാര്‍ഗത്തില്‍ മുന്നേറണമെന്ന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും കേദാരം ഒരനുഗ്രഹഭൂമിയാണ്. ഈ മാര്‍ഗത്തില്‍ അഭിരുചിയുള്ളവര്‍ക്കേ ഈ പ്രദേശത്തിന്റെ അപൂര്‍വ്വമായ ശക്തിവിശേഷം മനസ്സിലാക്കാന്‍ സാധിക്കൂ. അല്ലാത്തവരുടെ കണ്ണില്‍ ഇത് പാറകളും മലകളും തിങ്ങിനിറഞ്ഞ ഒരു വനഭൂമി മാത്രം. സഹസ്രാബ്‌ദങ്ങളായി ഇവിടെ ജീവിച്ചു മണ്‍മറഞ്ഞ മഹര്‍ഷീശ്വരന്മാരുടെ തപസ്സാണ് കേദാര്‍നാഥത്തെ മറ്റു പ്രദേശങ്ങളില്‍നിന്നും വ്യത്യസ്‌തമാക്കുന്നത്. ആദിശങ്കരാചാര്യരെന്ന മഹാപ്രസ്ഥാനം ആരംഭിക്കുംമുമ്പ് ലോകം അവസാനമായി അദ്ദേഹത്തെ കണ്ടതും കേദാരനാഥിലാണ്.
അസുലഭമായ ആ ചൈതന്യപ്രഭാവം അനുഭവിച്ചറിയുകതന്നെ വേണം. ഓരോ ഭാരതീയനും ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ പവിത്രഭൂമി സന്ദര്‍ശിച്ചിരിക്കണം. വയസ്സേറെയാകുന്നതിനു മുമ്പ്, ജരാനരകള്‍ ബാധിച്ചു ജീവിതം ഒന്നിനും കൊള്ളരുതാത്തതായി തീരുന്നതിനുമുമ്പ്, കേദാരനാഥത്തില്‍ പോയി വരണം.
കാളയുടെ ഏഴ് ഭാഗങ്ങള്‍ ഏഴ് പുരാതന ക്ഷേത്രങ്ങള്‍
ഒരു പുരാണ കഥ: കുരുക്ഷേത്രയുദ്ധത്തിനുശേഷം പാണ്ഡവര്‍ അപരാധബോധത്തില്‍ വിവശരായി. ബന്ദുമിത്രാദികളെ എല്ലാവരേയും അവര്‍ ആ യുദ്ധത്തില്‍ കൊന്നൊടുക്കിയല്ലോ. അതൊരു ഗോത്രവധം തന്നെയായിരുന്നു. ആ കൊടുംപാപത്തില്‍ നിന്നും മുക്തിനേടാനുള്ള വഴി അവര്‍ ആലോചിച്ചു. അങ്ങനെയാണ് അവര്‍ ശിവനെ തേടി യാത്രതിരിച്ചത്.
അത്ര ഘോരമായൊരു പാപത്തില്‍നിന്നും ഇത്ര വേഗത്തില്‍ മോചനമോ!
ആ എളുപ്പവഴി വേണ്ടെന്ന്‍ പരമശിവനു തോന്നി. അദ്ദേഹം അപ്രത്യക്ഷനായി. എന്നാല്‍ പാണ്ഡവരെ കബളിപ്പിക്കാന്‍ അവിടുത്തേക്കായില്ല. അവര്‍ ശിവനെ പിന്‍തുടര്‍ന്നെത്തി. ശിവന്‍ കാളയുടെ രൂപം ധരിച്ചു. അവരതു മനസ്സിലാക്കി. ആ രൂപത്തില്‍തന്നെ ശിവന്‍ ഭൂമിക്കടിയിലേക്കു മറഞ്ഞു. പിന്നീട് പുറത്തേക്കു വന്നത് കാളയുടെ പല ഭാഗങ്ങള്‍ പല പ്രദേശങ്ങളിലായിട്ടായിരുന്നു. നെറ്റിത്തടം നേപ്പാളിലെ പശുപതിനാഥില്‍, അത് വളരെ പ്രസിദ്ധിയാര്‍ജ്ജിച്ച ഒരു പുണ്യസ്ഥാനമാണ്. കാളയുടെ കൂന് (പുറത്തെ മുഴ) കാണപ്പെട്ടത് കേദാരത്തില്‍, രണ്ടു കാലുകള്‍ തുംഗനാഥില്‍. കേദാരത്തിലേക്കുള്ള വഴിയില്‍ത്തന്നെയാണ് തുംഗനാഥും. നാഭി പ്രത്യക്ഷമായത്, മദ്ധ്യമാഹേശ്വരത്തിലാണ്. ഈ പ്രദേശം സ്ഥിതിചെയ്യുന്നത് ഇന്ത്യയിലുള്ള ഹിമാലയത്തിന്റെ ഭാഗത്താണ്. മദ്ധ്യമാഹേശ്വര്‍ വളരെയധികം ചൈതന്യവത്തായ മണിപൂരക ലിംഗമാണ്. ശിവന്റെ ജട കാണാറായത് കല്‍പനാഥത്തിലാണ്. അങ്ങനെ കാളയുടെ പല ഭാഗങ്ങള്‍ പല പ്രദേശങ്ങളിലായി പ്രത്യക്ഷപ്പെട്ടു എന്നാണ് ഐതിഹ്യം.
മേല്‍പ്പറഞ്ഞ ക്ഷേത്രങ്ങള്‍ നിര്‍മിക്കപ്പെട്ടിട്ടുള്ളത് മനുഷ്യശരീരത്തിന്റെ മാതൃകയിലാണ്. അതൊരു വലിയ പരീക്ഷണമായിരുന്നു
കേദാര്‍നാഥ ക്ഷേത്രത്തിലെ നന്ദികേശ്വരന്‍
കാളയുടെ രൂപമെടുത്ത ശിവന്റെ പല അവയവങ്ങളെപറ്റി നേരത്തെ സൂചിപ്പിച്ചുവല്ലോ. അവയ്ക്ക് നമ്മുടെ ഏഴു ശക്തിചക്രങ്ങളുമായി ബന്ധമുണ്ട്. മേല്‍പ്പറഞ്ഞ ക്ഷേത്രങ്ങള്‍ നിര്‍മിക്കപ്പെട്ടിട്ടുള്ളത് മനുഷ്യശരീരത്തിന്റെ മാതൃകയിലാണ്. അതൊരു വലിയ പരീക്ഷണമായിരുന്നു, തന്ത്രശാസ്‌ത്രത്തിന്റെ പിന്‍ബലത്തോടെ സപ്തചക്രങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു ശരീരത്തിന്റെ മാതൃക നിര്‍മിച്ചെടുക്കുക എന്നത്. അങ്ങനെയുള്ള ഒരുദ്യമമാണ് കേദാരനാഥില്‍ നടത്തിയിട്ടുള്ളത്, മറ്റൊന്ന്‍ നേപ്പാളിലും. നേപ്പാള്‍ എന്ന രാജ്യത്തെ തന്നെ ഒരു ശാരീരിക ക്ഷേത്രമാക്കാന്‍ ശ്രമം നടത്തിയെന്നും പറയുന്നുണ്ട്...sadguru
No comments:
Post a Comment