Monday, May 29, 2017

ശിഷ്യരോട് സംവദിക്കുകയും അവരുമായി ഇടപഴകുകയും ചെയ്യുന്നതില്‍ നിന്നാണ് ഗുരു ശിഷ്യര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നത് എങ്ങനെയൊക്കെയായിരിക്കാമെന്ന് ചില ഉള്‍ക്കാഴ്ചകള്‍ നമുക്ക് കിട്ടുക. ഇങ്ങനെ വ്യക്തിഗതമായി സംഭവിക്കുന്നത് പലപ്പോഴും എല്ലാവര്‍ക്കുമായി കിട്ടുന്ന മാതൃകകളായി ഭവിക്കുന്നുണ്ട്. അതായത് അത്തരം വെളിപ്പെടലുകള്‍ സമൂഹത്തിനും ലോകത്തിനു തന്നെയും ഉപകരിക്കുന്നു. എന്നുവച്ചാല്‍ സമകാലിക ശിഷ്യരുടെ അനുഭവസാക്ഷ്യങ്ങളില്‍ നിന്ന് അറിവിന്റെ കൈമാറലുകള്‍ ഉണ്ടാവുന്നു.
ശിഷ്യപരമ്പരകളുണ്ടാവുന്നു. അങ്ങനെ അറിവുകളുടെയും അനുഭവത്തിന്റെയും തുടര്‍ച്ചകളും ഉണ്ടാവുന്നു. ഈ പശ്ചാത്തലത്തില്‍ ഒരു ഗുരുവിന്റെ സമകാലികരായ ശിഷ്യര്‍ ഗുരുവിലെത്തിച്ചേരുന്ന വഴികളിലേക്കൊരു നോട്ടം പ്രസക്തമായിരിക്കും.
ഗുരുവിനെ കിട്ടണമെന്ന് ആഗ്രഹിച്ച് നടത്തുന്ന അന്വേഷണമാണ് ഗുരുവിലെത്തിക്കുന്നത് എന്ന് പൊതുവെ നമ്മള്‍ ചിന്തിക്കുന്നു. ആത്മാന്വേഷി യഥാര്‍ത്ഥഗുരുവിനെ തേടി ഉഴറുന്നു എന്ന് ഗുരുഗീതയും പറയുന്നുണ്ട്. ‘മധുലുബ്ധോ യഥാ ഭൃംഗ: പുഷ്പാത് പുഷ്പാന്തരം വ്രജേത്/ജ്ഞാനലുബ്ധസ്തഥാ ശിഷ്യ: ഗുരോര്‍ഗ്ഗുര്‍വന്തരം വ്രജേത്’ എന്നാണു ശ്ലോകം. തേന്‍ തേടി വണ്ട് പുഷ്പത്തില്‍ നിന്ന് പുഷ്പത്തിലേക്കെന്ന പോലെ അറിവു തേടി ശിഷ്യന്‍ ഗുരുവില്‍ നിന്ന് ഗുരുവിലേക്ക് പോകുന്നു.
തനിക്കു വേണ്ട അറിവ് കിട്ടുന്ന ഇടത്ത് ശിഷ്യന്റെ യാത്ര അവസാനിക്കുന്നു എന്ന് അനുമാനിക്കാം. ഗുരുവിനെ ശിഷ്യന്‍ കണ്ടെത്തുന്ന ഈ പ്രക്രിയക്ക് ദൈവാധീനം വേണം. പ്രകൃതി അനുകൂലമാവണം. അതോടൊപ്പം ഗുരുകാരുണ്യത്തിന്റെ ഗൂഢമായ ഊര്‍ജ്ജതരംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നെനിക്ക് തോന്നുന്നു. ഗുരുഗീത സൂചിപ്പിക്കുന്നതു പോലെ എല്ലാ ശിഷ്യരും ബോധപൂര്‍വം തേടുന്നവരാവണമെന്നുമില്ല. തന്നെ സമീപിക്കുന്ന ഭക്തരില്‍ ശ്രീകൃഷ്ണന്‍ കണ്ട നാലു തരംതിരിവുകളുണ്ടല്ലോ (ആര്‍ത്തോ ജിജ്ഞാസുരര്‍ത്ഥാര്‍ത്ഥി ജ്ഞാനി ദുഃഖിതന്‍, ജിജ്ഞാസു, സമ്പത്ത് ആഗ്രഹിക്കുന്നവന്‍, അറിവിന്റെ വഴിക്ക് പോകുന്നവന്‍ ) ഒരുപാട് ജനങ്ങള്‍ക്ക് ഗുരുവായിത്തീരുന്ന ഏതൊരു മഹാത്മാവിനെ സമീപിക്കുന്നവരിലും ഈ നാലു കൂട്ടരെ തന്നെയാണു കാണുക.
ഗുരുകാരുണ്യത്തിന്റെ ഗൂഢമായ തരംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്ന് അനുമാനിക്കാന്‍ കാരണം ചില വായിച്ചറിവുകളും അതിലുപരി എന്റെ ഗുരുവിന്റെ (നവജ്യോതി ശ്രീ കരുണാകര ഗുരു) അടുത്ത് എത്തിപ്പെട്ട പലരുടെയും അനുഭവങ്ങളുമാണ്. ആദ്യം വായിച്ചറിവില്‍ നിന്നുള്ള ഉദാഹരണങ്ങള്‍ പറയാം.
നൂറ്റാണ്ടുകളായി ജീവിച്ചുവരുന്നു എന്നു വിശ്വസിക്കപ്പെടുന്ന മഹാവതാര്‍ ബാബാജി യോഗവിദ്യ ആധുനിക കാലത്തിനു സ്വീകരിക്കത്തക്ക നിലയില്‍ ലാഹിരി മഹാശയനു പകര്‍ന്നു നല്‍കിയെന്നു പറയുന്നു. ക്രിയായോഗ എന്ന പേരില്‍ അറിയപ്പെടുന്ന ഈ വഴിയിലുള്ള യോഗിയാണ് പരമഹംസ യോഗാനന്ദ. യോഗി തന്റെ ഗുരുവായ സ്വാമി യുക്തേശ്വര്‍ ഗിരിയെ കണ്ടെത്തുന്നത് കാശിയിലെ ഒരു തെരുവിന്റെ പാതയില്‍ നിന്ന് നോക്കിയാല്‍ കാണാവുന്ന അറ്റത്ത് നില്‍ക്കുന്നതായിട്ടാണ്. കാന്തം ഇരുമ്പിനെ വലിച്ചടുപ്പിക്കുന്നതുപോലെ ആ സാന്നിധ്യം തന്നെ ആകര്‍ഷിക്കുന്നതായി അനുഭവപ്പെട്ട യോഗാനന്ദന്‍ അടുത്തുചെല്ലുകയാണ്. എത്രയോ തവണ താന്‍ ഈ മനുഷ്യനെ ദര്‍ശനത്തില്‍ കണ്ടുവെന്ന് തിരിച്ചറിയുകയാണ്. കാല്‍ക്കല്‍ വീണു വണങ്ങി എണീറ്റ ആ നവയുവാവിനോട് നീ വന്നുവല്ലോ എന്ന് സന്തോഷാധിക്യത്തോടെ യുക്തേശ്വര്‍ പലവട്ടം പറയുന്നു. എത്ര നാളായി നിന്നെ കാത്തിരിക്കുന്നു എന്നും പറയുന്നു  (An Autobiography of a Yogi). സ്വാമി വിവേകാനന്ദനെ പോലെ ബംഗാളില്‍ നിന്ന് പോയി പാശ്ചാത്യലോകത്തിനു ഇന്ത്യയുടെ അറിവു പകര്‍ന്ന ഒരാളാണു ഈ യോഗി.
ലാഹിരി മശായിയുടെ മറ്റൊരു താവഴിയില്‍ എത്തിപ്പെട്ട ശ്രീ എം എന്ന തിരുവനന്തപുരം സ്വദേശിയുടെ അനുഭവത്തിലും ഈ വശം തെളിയുന്നുണ്ട്. ബാല്യത്തില്‍ കൂട്ടുകാരുടെ കൂടെ കളിച്ച് എല്ലാവരും കൂടി വീട്ടിലേക്ക് നടക്കുമ്പോള്‍ എം തിരിഞ്ഞു നോക്കി. കളിച്ച മരച്ചുവട്ടില്‍ ഒരു ജടാധാരി പരിചയമില്ലാത്ത വേഷത്തില്‍ നില്‍ക്കുന്നു. യുവാവായി ഹിമാലയത്തിലേക്ക് പോയ എം അവിടെ ഒരു ഗുഹയില്‍ താന്‍ ബാല്യത്തില്‍ കണ്ട മനുഷ്യനെ വീണ്ടും കണ്ടു. ഗുഹയിലെ യോഗി, മുംതാസ് അലിയെ മധുവാക്കി എട്ടു കൊല്ലം കൂടെ നിര്‍ത്തിയ ശേഷം ഗൃഹസ്ഥനായി ജീവിക്കാന്‍ നിര്‍ദ്ദേശിച്ച് പറഞ്ഞയച്ചു. തന്റെ ജീവചരിത്രത്തില്‍ (Apprenticed to A Himalayan Master) ശ്രീ എം ഇതെല്ലാം വിവരിച്ചിരിക്കുന്നു.
ഇനി എന്റെ ഗുരുവിന്റെ അടുത്തു വന്ന രണ്ടു പേരെ പറ്റി പറയാം. രണ്ടുപേരും എനിക്ക് നല്ല പരിചയമുള്ളവര്‍. ഒരാള്‍ സ്വാമി ജ്യോതിര്‍മ്മയ ജ്ഞാനതപസ്വി. സ്വാമി ഇന്നില്ല. മലേഷ്യയില്‍ വാസമുറപ്പിച്ച ഒരു കുടുംബത്തിലായിരുന്നു ജനനം. സാമാന്യം സാമ്പത്തികസ്ഥിതിയുള്ള കുടുംബത്തിലെ മൂന്ന് ആണ്‍ മക്കളില്‍ മൂത്തവന്‍. വളരെ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ പലപ്പോഴായി വര്‍ഷങ്ങളോളം ഒരു കാഴ്ച കാണുമായിരുന്നു. അതികാലത്ത് ഉണരും. അപ്പോഴാണു കാണുക. പ്രകാശത്തില്‍ ഒരു രൂപമാണു കാണുക. മുറിയില്‍ ഏതെങ്കിലും ഒരു വശത്തായിരിക്കും അത്. ദൃഷ്ടി തിരിച്ച് മറ്റൊരു വശത്തേക്ക് നോക്കിയാല്‍ രൂപവും അങ്ങോട്ടു മാറും. ചിലപ്പോള്‍ അതില്‍ നിന്ന് വാക്കുകള്‍ വരും. മനസ്സിലാവില്ല. ചിരി വരും. കുറച്ച് വലുതായപ്പോഴേക്ക് ഈ കാഴ്ച നിലച്ചുവെങ്കിലും മറ്റു പലതും കാണുമായിരുന്നു. ഇതൊന്നും പക്ഷേ ആരോടെങ്കിലും പറയണമെന്ന തോന്നലുണ്ടായില്ല.
സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞപ്പോള്‍ മലേഷ്യയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന് വീടെടുത്ത് അമ്മയോടൊപ്പം താമസം തുടങ്ങി. മാര്‍ ഇവാനിയോസ് കോളജില്‍ ബി. കോമിനു ചേര്‍ന്നു. അന്ന് തിരുവനന്തപുരത്ത് ഗുരുവിന്റെ ആശ്രമത്തില്‍ താമസിച്ചിരുന്ന തന്റെ ചേച്ചിയെ ചെന്നു കാണാന്‍ അമ്മ സ്വാമിയെ തന്റെ സഹോദരനെ കൂട്ടി പറഞ്ഞയച്ചു. ആശ്രമത്തോട് അടുക്കുംതോറും സ്വാമിക്ക് സ്ഥലങ്ങളെല്ലാം താന്‍ കാഴ്ചകളില്‍ കണ്ടതാണെന്ന് മനസ്സിലായി. വിശദാംശങ്ങള്‍ ഓര്‍ക്കാന്‍ കഴിഞ്ഞു. ഒരു മരത്തിന്റെ വെട്ടേറ്റ പാടു പോലും കണ്ടത് തിരിച്ചറിഞ്ഞു. ആശ്രമത്തില്‍ ചെന്ന് വലിയമ്മയോടൊപ്പം ഗുരുവിനെ കണ്ടു. ചുരുക്കിപ്പറയുകയാണ് തന്റെ കുട്ടിക്കാലത്ത് ദര്‍ശനങ്ങളില്‍ എത്രയോ തവണ കണ്ട രൂപം ഗുരുവിന്റേതാണെന്ന് സ്വാമിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞു.
രണ്ടാമത് ഒരു മെക്‌സിക്കനായ കാര്‍ലോസ് ഗുസ്മാന്റെ അനുഭവം. (ഈ വിഷയം ഞാന്‍ പറഞ്ഞുകേട്ട പലരും അയാള്‍ കള്ളം പറയുകയാണെന്ന് ധരിച്ചിട്ടുണ്ട്. എന്റെ ഭാവനക്ക് കടിഞ്ഞാണില്ലെന്നും. )കുഞ്ഞുന്നാള്‍ മുതല്‍ കാര്‍ലോസിനു അതീന്ദ്രിയാനുഭവങ്ങള്‍ വലിയ തോതില്‍ ഉണ്ട്. മുതിര്‍ന്നപ്പോള്‍ പുസ്തകങ്ങള്‍ വായിക്കുകയും ധ്യാനം ശീലിക്കുകയും ഈ രംഗത്ത് പല അന്വേഷണങ്ങള്‍ നടത്തുകയും പ്രഭാഷണങ്ങള്‍ക്ക് പോവുകയും ചെയ്യാന്‍ തുടങ്ങി. തന്നെപ്പോലെയില്ലെങ്കിലും കുറെയൊക്കെ അനുഭവങ്ങളുള്ള ഒരു ജീവിതപങ്കാളിയെയും കിട്ടി. ഈ യുവാവിനു 1991 ല്‍ ഒരു ദര്‍ശനമുണ്ടായി. ഒരു പ്രകാശമാണു കാണുന്നത്. അതില്‍ കാരുണ്യപൂര്‍വം തന്നെ കൈ നീട്ടി വിളിക്കുന്ന ഒരു പുരുഷരൂപം. അനുഭൂതി ഉണ്ടായി. പലതും കാണുന്നതു കാരണം പ്രത്യേകിച്ച് പരിഗണിച്ചില്ല. പക്ഷെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇത് ആവര്‍ത്തിച്ചപ്പോള്‍ കാര്‍ലോസിന്റെ ഉള്ളു തിരിച്ചറിഞ്ഞു ലോകത്തെവിടെയോ ജീവിച്ചിരിപ്പുള്ള ആളാണ്, തന്റെ ജീവിതവുമായി ബന്ധമുള്ള ആരോ ആണ്. മനസ്സില്‍ ഒരു ചോദ്യമുണര്‍ന്നു അങ്ങ് എവിടെയാണ്? അപ്പോള്‍ രൂപത്തോടൊപ്പം ഇന്ത്യയുടെ ഭൂപടം കൂടി കാഴ്ചയില്‍ തെളിഞ്ഞു.
ഇന്ത്യയില്‍ എവിടെയെന്ന ചോദ്യത്തിന് ഉത്തരം കിട്ടിയില്ല. എങ്കിലും കാര്‍ലോസ് അന്വേഷിച്ചിറങ്ങി. കാര്‍ലോസ് നടത്തുന്ന ആഭരണക്കടയും രണ്ടു മക്കളെയും മൂന്നു മാസത്തേക്ക് തനിയെ നോക്കാമെന്ന് ഭാര്യ വാഗ്ദാനം ചെയ്തു. അതീന്ദ്രിയമായ നിര്‍ദ്ദേശങ്ങള്‍ കാരണം ചൈന, ശ്രീലങ്ക തുടങ്ങി ചില രാജ്യങ്ങളും കറങ്ങി. രണ്ടുമാസത്തിലേറെ കഴിഞ്ഞാണ് ഇന്ത്യയില്‍, തമിഴ്‌നാട്ടില്‍, എത്തിയത്. ദര്‍ശനത്തില്‍ കണ്ട വ്യക്തിയുമായി ആ സ്ഥലങ്ങളിലൊക്കെ പൂര്‍വജന്മബന്ധങ്ങളുടെ ദര്‍ശനങ്ങള്‍ ഉണ്ടായി. ഒരുപാട് ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വന്നു. ഒരു ട്രെയിനില്‍ വെച്ച് ഇദ്ദേഹത്തെ കണ്ട ഒരു ഗുരുവിശ്വാസി ഒന്നും പറയാതെ ഗുരുവിന്റെ വിലാസം കുറിച്ചുകൊടുക്കുകയും (സുന്ദരമഹാലിംഗം എന്ന ആ മനുഷ്യനെ കണ്ടപ്പോള്‍ രോമഹര്‍ഷമുണ്ടായി എന്നു കാര്‍ലോസ് പറഞ്ഞത് ഓര്‍ക്കുകയാണു) പിന്നീട് വഴിപറഞ്ഞുകൊടുക്കുകയും ചെയ്തു. നീണ്ട കഥ ചുരുക്കുന്നു.
കാര്‍ലോസ് ഒടുവില്‍ ഗുരുസവിധത്തില്‍ എത്തി. ആ അനുഭവത്തിന്റെ മഹിമാതിരേകം കാര്‍ലോസിനെ ക്ഷണനേരത്തേക്ക് അബോധാവസ്ഥയിലാക്കി. ഉണര്‍ന്ന് കാര്‍ലോസ് ഗുരുവിനോട് ചോദിച്ചത്, ‘എന്നെ അറിയുമോ’ എന്നാണ്. ഉടന്‍ തിരുത്തിച്ചോദിച്ചു, ‘എന്നെ ഓര്‍മ്മയുണ്ടോ’ എന്ന്. തന്റെ കാല്‍ക്കല്‍ മടിയിലേക്ക് ചാഞ്ഞു മുട്ടുകുത്തി നിന്ന കാര്‍ലോസിനോട് ഗുരു പറഞ്ഞു, ആയിരക്കണക്കിനു ജന്മങ്ങളായി നിന്നെ ഞാന്‍ അറിയും.
9961059304 ഒ.വി. ഉഷ ഗുരുവരം


ജന്മഭൂമി

No comments: