Thursday, May 04, 2017

ബ്രഹ്മം എന്ന അതിപുരാതനമായ ഉപനിഷദ് വിചാരസ്രോതസ്സിന്റെ അടിസ്ഥാന തത്വമെന്ത് എന്ന സംശയം എല്ലാ ഭാരതീയരിലും നിലനില്‍ക്കുന്നു. ഇത് ശാസ്ത്രീയമായ ഒരു ചിന്താധാരയാണോ അതോ ശുദ്ധ ആത്മീയത മാത്രമാണോ? എല്ലാം ബ്രഹ്മമയം എന്നുപറഞ്ഞ് അവസാനിപ്പിക്കുന്ന ആത്മീയ ചര്‍ച്ചകളാണ് പലതും. അതുകൊണ്ട് ബ്രഹ്മം എന്ന ഭാരതീയ സങ്കല്‍പ്പത്തിന്റെ ശാസ്ത്രീയ വിശദാംശങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് വിമര്‍ശന ബുദ്ധ്യാപരിശോധിക്കേണ്ടത്, നമ്മുടെ പൈതൃകത്തിന്റെ ശാസ്ത്രീയ സത്യവും സത്തയും അറിയുന്നതിന് അത്യാവശ്യമാണ്. ഇപ്രകാരം ഒരു ശാസ്ത്രീയ വിശകലനമുണ്ടെങ്കില്‍ മാത്രമേ ബ്രഹ്മം, സഗുണ ബ്രഹ്മം, നിര്‍ഗുണബ്രഹ്മം, പ്രജ്ഞാനം ബ്രഹ്മ, അഹം ബ്രഹ്മാസ്മി, തത് (ബ്രഹ്മ)ത്വമസി, അയമാത്മ ബ്രഹ്മ, ബ്രഹ്മാണ്ഡം, ബ്രഹ്മവൈവര്‍ത്തം,
ബ്രഹ്മാവ്, ചക്ഷു ബ്രഹ്മം, ബ്രഹ്മസത്യം ജഗത് മിഥ്യ തുടങ്ങിയ ബ്രഹ്മസങ്കല്‍പമെന്ന വടവൃക്ഷത്തിലെ ശിഖരങ്ങളെക്കുറിച്ചറിയുവാന്‍ സാധിക്കൂ. കൂടാതെ ഉപനിഷദ്-വേദ-ദര്‍ശന-പുരാണ-ഗീതാ സന്ദേശങ്ങളുടെ വിശകലനവും ഇതിലൂടെ എളുപ്പമാവുകയും ചെയ്യും. ഭാരതീയ ഈശ്വരസങ്കല്‍പ്പത്തിന്റെ അഗാധത, പരപ്പ്, പുരാണ-വേദ-ദര്‍ശന വരികളുടെ സമഗ്രജ്ഞാനം എത്രത്തോളം വസ്തുതാപരമാണെന്നറിയുവാനും ഇതിലൂടെ സാധിക്കും.
ബ്രഹ്മസങ്കല്‍പവും ആധുനിക ശാസ്ത്രവും
ആധുനിക ശാസ്ത്രം, പരീക്ഷണ നിരീക്ഷണങ്ങളിലൂടെ അനവധി വിഷയങ്ങളുടെ അടിത്തട്ടുവരെ എത്തിയ കാലഘട്ടമാണല്ലോ ഈ നൂറ്റാണ്ട്. ഊര്‍ജതന്ത്രത്തിന്റെ അഗാധതലത്തിലുള്ള നാലു ശക്തികളെക്കുറിച്ചും അവയെ ഏകീകരിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ചും അത്യാധുനിക ശാസ്ത്രം വിലയിരുത്തുന്നു. ഊര്‍ജ്ജചൈതന്യത്തിന്റെ വിവിധ ചിന്താധാരകളാണ് ഇന്നത്തെ ഫിസിക്‌സ്. അണുവിന്റെ ഉള്ളിന്റെ ഉള്ളിലേക്ക് ഇറങ്ങിച്ചെന്ന് പ്രകാശത്തിന്റെ അത്രയുമോ അതിനെക്കാള്‍ കൂടുതല്‍ വേഗത്തിലോ സഞ്ചരിക്കുന്ന സബ് ആറ്റമിക് പാര്‍ട്ടിക്കിള്‍സില്‍ പഠനം എത്തിനില്‍ക്കുന്നു. എന്നാല്‍ ആധുനിക ശാസ്ത്രത്തിന്റെ മുന്‍പില്‍ ഇന്നുവരെ കാര്യമായ അന്വേഷണത്തിന് വിധേയമാകാത്ത ഒരു വലിയ ശാസ്ത്ര പ്രശ്‌നം നിലനില്‍ക്കുന്നു.
അതിനെക്കുറിച്ച്, അഹോരാത്രം, ആധുനിക ശാസ്ത്ര ഗവേഷണത്തില്‍ മുഴുകിയിരിക്കുന്നവര്‍, അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രപഞ്ചത്തിലെ ഊര്‍ജ്ജത്തിന്റെ, പ്രവര്‍ത്തനത്തിന്റെ, ചലനത്തിന്റെ സ്രോതസ്സ് എവിടെനിന്ന്? പരമാണു ഉള്‍പ്പെടെയുള്ള ഓരോ ‘സിസ്റ്റവും’ നാമിന്നുവരെ പഠിച്ച നിയമങ്ങളെല്ലാം അനുശാസിക്കുകയല്ല ചെയ്തത് എന്ന തോന്നല്‍ ശാസ്ത്രജ്ഞന് വന്നിട്ടുണ്ട്. മറിച്ച് അവയില്‍ നാം ദര്‍ശിച്ച പ്രവര്‍ത്തനത്തെ നിയമമാണെന്ന് കണ്ടുപഠിക്കുകയാണ് നാം ചെയ്തത്. നാം കണ്ടുപിടിച്ച് അതിനെക്കൊണ്ട് അനുസരിപ്പിച്ചതല്ല, മറിച്ച് അതിലുണ്ടെന്ന് നാം അറിയുകയാണ് ചെയ്തത്. അതായത് നാം കണ്ടുപിടിച്ചുണ്ടാക്കിയതല്ല കണ്ടുപഠിച്ചതാണ്. അവയിലോരോന്നിനും ഒരു നിയമസംഹിത നിര്‍മിച്ച് (രചിച്ച്) നല്‍കിയ ഒരു മഹാചൈതന്യമുണ്ടോ എന്ന അന്വേഷണമാണ് അത്യാധുനിക (ആധുനികത്തിനപ്പുറത്ത്) ശാസ്ത്ര വിഷയത്തിലെ ഉത്തരം കണ്ടുപിടിക്കാന്‍ ശ്രമിക്കുന്ന വിഷയം.
അത്യാധുനിക ശാസ്ത്രജ്ഞന്‍ ഈ വിഷയത്തിലന്വേഷണം തുടങ്ങിക്കഴിഞ്ഞു.
രസതന്ത്രം, ഊര്‍ജ്ജതന്ത്രം തുടങ്ങിയ ഭൗതിക ശാസ്ത്രങ്ങളിലുള്ളതുപോലൊരു ‘രീിളൗശെീി’ ജീവശാസ്ത്രത്തിലുണ്ട്. കാലം, സമയം, പ്രകൃതിയിലെയും, കാലാവസ്ഥയിലേയും മറ്റു ഘടകങ്ങളിലേയും വ്യത്യാസങ്ങള്‍ ഇവയെല്ലാം ഓരോ ജീവിയിലും (സൂക്ഷ്മാണുക്കളില്‍ പോലും) വിവരണാതീതമായ മാറ്റങ്ങള്‍ വരുത്തുന്നു. അവയെല്ലാം വ്യത്യസ്ത ഭാവങ്ങള്‍, വ്യത്യസ്ത പ്രതികരണങ്ങള്‍ എന്നിവ ഉണ്ടാക്കുന്നു. ജീവജാലങ്ങള്‍ എന്നതിനേക്കാള്‍ അവയിലെ ഓരോ കോശവും ‘സ്വയം’ ഉണ്ടാക്കുന്ന (ആരോ നല്‍കിയിരിക്കുന്നതുപോലെ) നിയമാവലിയനുസരിച്ച് പ്രവര്‍ത്തിക്കുന്നു എന്നതാണ് സത്യം. ഈ നിയമാവലികള്‍ കണ്ടുപിടിച്ചതും ക്രോഡീകരിച്ചനുസരിപ്പിക്കുന്നതും ശാസ്ത്രജ്ഞനല്ല, മറിച്ച് അന്തര്‍ലീനമായിരിക്കുന്ന ഒരു ശക്തിയാണ്. ആ ജ്ഞാനത്തെ നാം കണ്ടുപഠിക്കുവാന്‍ തുടങ്ങിയിട്ടേയുള്ളൂ. ഇനിയുമൊരു ചോദ്യം ഇവിടെയുണ്ട്. ജീവജാലങ്ങളിലെ കോശങ്ങളിലെ ബയോകെമിക്കല്‍ പ്രവര്‍ത്തനത്തെ അനുനിമിഷം നിയന്ത്രിക്കുന്നത് എന്ത്? എങ്ങനെ? ജീന്‍ (ജീവന്‍ എന്ന പദത്തില്‍ നിന്നുത്ഭവിച്ച പദമാകാം ജീന്‍) എന്ന അതിസൂക്ഷ്മ മഹാകോശത്തിന്‍ നിര്‍ദ്ദേശങ്ങള്‍ അടുക്കിയതും ആവശ്യത്തിന് എടുപ്പിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന മഹാശക്തിയേത്? അത്യാധുനിക ജീവശാസ്ത്രവും ഇന്ന് ഈ അന്വേഷണത്തില്‍ എത്തി നില്‍ക്കുന്നു.
ഇനി ബ്രഹ്മത്തെക്കുറിച്ചൊരു വിശകലനം നടത്താം. ഭൗതിക ശാസ്ത്രത്തിലെ ഊര്‍ജ്ജതന്ത്രത്തിനും ജീവശാസ്ത്രത്തിനും ‘ഇന്നത്തെ പ്രതിസന്ധി’ പരിഹരിക്കുവാന്‍ സാധ്യമാകും വിധത്തിലുള്ള ഒരു വിശകലനം, ഭാരതീയ ഉപനിഷദ് സന്ദേശങ്ങളിലുണ്ടോ എന്നും പരിശോധിക്കാം.
ബ്രഹ്മം എന്ന പദത്തോടുകൂടി എല്ലാ ഉപനിഷദ് വിവരണങ്ങളിലും ചേര്‍ക്കുന്ന മറ്റൊരു പദമുണ്ട് ബ്രഹ്മചൈതന്യം എന്നത്. ചൈതന്യമാകട്ടെ ചേതനക്ക്-ഊര്‍ജ്ജത്തിന്-ചലനത്തിന് അഥവാ പ്രവര്‍ത്തനത്തിന് കാരണമാകുന്നത് എന്നര്‍ത്ഥമുള്ള പദമാണ്. ഇതില്‍നിന്നും ബ്രഹ്മചൈതന്യം ഊര്‍ജ്ജവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു വ്യക്തം.
(ഡോ.എന്‍. ഗോപാലകൃഷ്ണന്റെ ബ്രഹ്മചൈതന്യം; ഒരു സമഗ്ര ശാസ്ത്രവിശകലനം എന്ന ഗ്രന്ഥത്തില്‍ നിന്ന്. )


ജന്മഭൂമി

No comments: