Friday, May 05, 2017

വ്യക്തികളില്‍ കാണുന്ന സാധാരണയില്‍ കവിഞ്ഞ കഴിവുകളെ നാം സിദ്ധി എന്നു വിളിക്കുക പതിവാണു. ഉദാഹരണത്തിനു ജന്മനാ കിട്ടിയ കഴിവു കൊണ്ട് അതിമനോഹരമായി പാടാനും വരക്കാനും മറ്റുമുള്ള കഴിവുള്ളവരെ നാം സിദ്ധി കിട്ടിയവര്‍ എന്ന് പറയും. കിട്ടിയത് എന്നേ സിദ്ധിക്ക് അര്‍ത്ഥമുള്ളൂ. ആത്മീയരംഗത്തും ‘ സിദ്ധി ‘ ഉള്ളവരെ പറ്റി നാം കേള്‍ക്കാറുണ്ട്. യേശുക്രിസ്തു ഒരു കല്യാണവീട്ടില്‍ വെച്ച് വെള്ളത്തെ വീഞ്ഞാക്കിയതും മറ്റൊരിക്കല്‍ കുരുടനു കാഴ്ച നല്‍കിയതും ഒക്കെ തന്റെ ആത്മശക്തി കൊണ്ടാണു. ( അടയാളങ്ങള്‍ എന്നാണു അവ ആ പാരമ്പര്യത്തില്‍ അറിയപ്പെടുന്നത്. )
ഒരാള്‍ ആത്മീയവികാസത്തിന്റെ പടവുകള്‍ കടക്കുമ്പോള്‍ ഏതോ ഘട്ടത്തില്‍ പ്രകൃതി അയാളെ അനുസരിക്കാന്‍ തുടങ്ങും. ആവശ്യപ്പെടാതെ പോലും ആ മനസ്സറിഞ്ഞ് അനുകൂലമായി പ്രവര്‍ത്തിക്കും. പല സാധകരും തന്നില്‍ വന്നുചേര്‍ന്നിരിക്കുന്ന ഈ മാസ്മരികതയില്‍ മുഴുകി സമൂഹം കാണിക്കുന്ന അത്ഭുതാദരങ്ങളുടെ പകിട്ടില്‍ മയങ്ങി സിദ്ധി പ്രയോഗിക്കാന്‍ തോന്നുന്ന പ്രലോഭനത്തെ അതിജീവിക്കാന്‍ കഴിയാതെ ആത്മശക്തി നഷ്ടപ്പെടുത്തുകയും ചെയ്യും. ആത്മീയവളര്‍ച്ച ആഗ്രഹിക്കുന്നവരുടെ പുരോഗതിക്ക് തടസ്സം വരുന്ന അവസ്ഥയാണിത്. തിരിച്ചറിവുള്ള ആത്മാന്വേഷി തന്നില്‍ എത്തുന്ന സിദ്ധിയെ അവഗണിച്ച് മുന്നേറുന്നു. തന്നെ പിന്‍ പറ്റുന്നവരെയും സിദ്ധിയുടെ പ്രലോഭനങ്ങളില്‍ പെടാതിരിക്കാന്‍ ജാഗരൂകരാക്കുന്നു. ‘ സിദ്ധിയെ നായ്ക്കാട്ടം പോലെ കാണണം ‘ എന്നോ മറ്റോ ആണു ശ്രീരാമകൃഷ്ണന്‍ പറഞ്ഞിട്ടുള്ളതത്രെ.
അദ്ദേഹത്തിനു ഈ വിഷയത്തോട് ഉണ്ടായിരുന്ന സമീപനം വ്യക്തമാക്കുന്ന ഒരു സംഭവം പ്രശസ്തമാണു. ദക്ഷിണേശ്വറിലെത്തിയ ഒരു സംന്യാസി വര്‍ഷങ്ങളോളം ചെയ്ത സാധന കൊണ്ട് തനിക്ക് വെള്ളത്തിലൂടെ നടന്ന് നദി കടന്നു വരാന്‍ കഴിഞ്ഞു എന്നു പറഞ്ഞുപോലും. സ്വതസ്സിദ്ധമായ നിഷ്‌കളങ്കതയോടെ ശ്രീരാമകൃഷ്ണന്‍ ആശ്ചര്യപ്പെട്ടുവത്രെ. കടത്തുകാരനു നാലണ കൊടുത്തു സാധിക്കാവുന്ന കാര്യത്തിനു അങ്ങ് ഇത്ര വര്‍ഷം കളഞ്ഞുവോ എന്നായിരുന്നു ഗുരുദേവന്റെ പ്രതികരണം. എത്ര ലളിതമായ യുക്തിയും പരമാര്‍ത്ഥവും!
സിദ്ധി കിട്ടുന്ന ഘട്ടം കടന്ന് ജ്ഞാനവഴിക്ക് ഏറെ ഉയര്‍ച്ച നേടാനുണ്ട്, അതിനു ശ്രമിച്ചാല്‍ കഴിയും എന്നാണു അറിയുന്നത്. അങ്ങനെ മുന്നേറുന്നതിനു പകരം ( ജന്മാന്തരങ്ങളിലൂടെ ആത്മവികാസം നേടി പരമമായ ബ്രഹ്മശക്തിയില്‍ ചെന്നു ചേരുക എന്നതാണു ഓരോ ജീവനും ലക്ഷ്യമാക്കേണ്ടതിലേക്കാണല്ലോ ഋഷീശ്വരന്മാര്‍ ചൂണ്ടിക്കാട്ടുന്നത് ) തുടര്‍ന്നു നേടാന്‍ ശ്രമിക്കാതെ നേടിയ ധനം ചെലവാക്കുന്നതുപോലെ സ്വന്തം ഇഷ്ടപ്രകാരം സിദ്ധി പ്രയോഗിക്കുന്നവര്‍ ആത്മശക്തി ചെലവാക്കുന്നു. എന്നാല്‍ ആത്മാന്വേഷിയുടെ മനസ്സറിഞ്ഞ് പ്രകൃതി പ്രവര്‍ത്തിക്കുന്നതില്‍ മേല്‍പറഞ്ഞ നഷ്ടം വരുന്നില്ല എന്നറിയുന്നു.
ഇവിടെ ദൃക്സാക്ഷികളില്‍ നിന്നു കേട്ടറിഞ്ഞ ഒരു സംഭവം എടുത്തുപറയാന്‍ ആഗ്രഹിക്കുകയാണ്. എന്റെ ഗുരുവിന്റെ (നവജ്യോതിശ്രീ കരുണാകരഗുരു ) ജീവിതത്തില്‍ നിന്നുമുള്ള ഒരേടാണത്. എഴുപതുകളുടെ തുടക്കം. പശ്ചാത്തലം കൂടി സൂചിപ്പിക്കേണ്ടിയിരിക്കുന്നു.
ഒരുകാലത്ത് വര്‍ക്കലയില്‍ കുടിലുകെട്ടി ഗുരു കുറേനാള്‍ ഏകാന്തവാസം നയിച്ചിരുന്നു. ആ ഘട്ടത്തില്‍ ഗുരുവിന്റെ അടുത്ത് വന്നെത്തിയ ഇടുക്കി കല്ലാറുകാരനയിരുന്നു ശ്രീ ഭാനുപ്പണിക്കര്‍. ഗുരുവിനെ ഏറെ സ്‌നേഹിച്ചും വിശ്വസിച്ചും കൂടെ നിന്ന ഒരു ആദ്യകാലഗൃഹസ്ഥശിഷ്യനായിരുന്നു അദ്ദേഹം. ഭാനുപ്പണിക്കരെ ഗുരു അമ്മാവന്‍ എന്നാണു വിളിച്ചിരുന്നത്. അതിനാല്‍ പില്‍ക്കാലത്ത് ആശ്രമത്തില്‍ ഭാനു അമ്മാവന്‍ എന്നറിയപ്പെട്ടു. കല്ലാറില്‍ തന്റെ വീടിനോട് ചേര്‍ന്നുകിടന്ന ഭൂമിയില്‍ ഒരു ഭാഗം ഗുരുവിനു കൊടുക്കണമെന്നും അതില്‍ ഒരാശ്രമം ഗുരുവിന്റേതായി ഉണ്ടാകണമെന്നും അദ്ദേഹം ആഗ്രഹിച്ചു. അങ്ങനെ ഗുരുവിനെ കല്ലാറിലേക്ക് കൂട്ടിക്കൊണ്ടുപോയി വസ്തു കാണിച്ചുകൊടുത്ത് ഗുരു തിരഞ്ഞെടുത്ത ഭാഗം സമര്‍പ്പിച്ചു. ഇത് നടക്കുമ്പോള്‍ തിരുവനന്തപുരത്ത് പോത്തന്‍ കോടിനു സമീപം കുടില്‍ കെട്ടി ഇന്ന് ശാന്തിഗിരി എന്നറിയപ്പെടുന്ന പ്രസ്ഥാനം ഗുരു തുടങ്ങിക്കഴിഞ്ഞിരുന്നു.
കുറേനാള്‍ കഴിഞ്ഞ് ഗുരു വീണ്ടും കല്ലാറിലെത്തി, ആശ്രമം പണി തുടങ്ങാമെന്ന ഉദ്ദേശ്യത്തോടെ. ഗുരുവിന്റെ വരവിനു മുന്നോടിയായി തന്റെ മക്കളുടെയും മറ്റും സഹായത്തോടെ ഗുരുവിന്റെ സ്ഥലത്ത് ഒരു കിണര്‍ കുഴിക്കുകയും ഗുരുവിനിരിക്കാന്‍ ഒരു ഓലഷെഡ് പണിയുകയും ചെയ്തിരുന്നു ഭാനു അമ്മാവന്‍. തനിക്ക് കാലും മുഖവും കഴുകാനുള്ള വെള്ളം കൊണ്ടു വരാന്‍ ഒരാള്‍ പോയിരിക്കുകയാണ്. സ്ഥലത്തെ കിണര്‍ വറ്റിയിരിക്കയാണ് എന്നറിഞ്ഞ് ഗുരു ഒന്നു വിഷമിച്ചു. ഈ അവസ്ഥയില്‍ എങ്ങനെ ഇവിടെ ആശ്രമം പണിയുമെന്ന് ഗുരു ചോദിച്ചുപോയി.
ഗുരു വന്നതറിഞ്ഞ് എത്തിയവരും കൂടെ വന്നവരുമൊക്കെയായി കുറെപേര്‍ അപ്പോള്‍ അവിടെയുണ്ട്.
ഗുരു ഓലഷെഡില്‍ ഇരുന്ന് അവരോട് സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. അല്‍പം കഴിഞ്ഞപ്പോള്‍ ഭാനു അമ്മാവന്‍ വന്ന് ആകെ വികാരാധീനനായി ഗുരുവിന്റെ കാല്‍ക്കല്‍ വീണു. വെള്ളം വന്നു എന്നദ്ദേഹം പറഞ്ഞു. ഗുരുവിനു വേണ്ട വെള്ളം എത്തിയതായേ എല്ലാവരും കരുതിയുള്ളൂ. നമസ്‌കരിച്ചെണീറ്റ് അത് കിണറ്റിലാണു എന്ന് പറഞ്ഞൊപ്പിച്ച അമ്മാവന്റെ ഒപ്പം ഗുരുവും കൂടെയിരുന്നവരും കിണറ്റിന്‍ കരയിലേക്കു ചെന്നു. കിണറ്റിനകത്ത് ഊറ്റ് ചുഴന്നു പൊങ്ങുന്നതില്‍ പെട്ട് അകത്ത് വീണുകിടന്നിരുന്ന കരിയിലകള്‍ ഞെരിയുന്നതിന്റെ ഒച്ച കേള്‍ക്കാനുണ്ടായിരുന്നു. വലിയ താമസമില്ലാതെ കിണറ്റില്‍ ആവശ്യത്തിനു വെള്ളം നിറഞ്ഞു. വെള്ളം എടുക്കാന്‍ വരുന്ന ആരെയും വിലക്കരുതെന്ന് ഗുരു ഭാനു അമ്മാവനോടും മക്കളോടും മറ്റുള്ളവരോടും പറഞ്ഞു.
പ്രകൃതി അനുസരിക്കാന്‍ തുടങ്ങിയെന്ന് ഗുരുവിനു വെളിപ്പെട്ട സന്ദര്‍ഭം ഒരു പക്ഷെ ഇതാവും. പക്ഷെ ഗുരു ആ സിദ്ധി പ്രയോഗിച്ച് പ്രകൃതിയെ അനുസരിപ്പിക്കാന്‍ ശ്രമിച്ചതായി അറിവില്ല. സാധന തുടര്‍ന്നതേയുള്ളൂ, ലളിതമായ ജീവിതശൈലിയും. ‘ ഒരു സിദ്ധനോ മന്ത്രവാദിയോ ആയി എന്നെ ആരും അറിയരുത് ‘ എന്ന് പില്‍ക്കാലത്ത് ഗുരു പറയുകയുമുണ്ടായി.
ഒരാളില്‍ സിദ്ധി വന്നുചേര്‍ന്നിരിക്കുന്നു എന്നു കണ്ടാല്‍ ആളുകള്‍ കേട്ടറിഞ്ഞ് അവരവരുടെ കാര്യസാധ്യത്തിനായി അയാളെ സമീപിക്കുന്നതായിട്ടാണ് കാണുന്നത്. ആയാള്‍ക്ക് സിദ്ധി പ്രയോഗിച്ച് ആളുകളെ തൃപ്തിപ്പെടുത്തേണ്ടിയും വരും. ഈ അവസ്ഥയില്‍ അയാള്‍ക്കും അയാളുടെ അരികിലെത്തുന്നവര്‍ക്കും ജ്ഞാനത്തിന്റെ വഴിയേ പോകാന്‍ കഴിയാതെ വരികയും ചെയ്യും. സിദ്ധി സംസാരചക്രത്തില്‍ തുടരാന്‍ ഇടയാക്കുന്നു. ജ്ഞാനത്തിന്റെ വഴി സംസാരചക്രത്തില്‍ നിന്നുള്ള മോചനത്തിലേക്കാണെന്ന് ഭാരതം വളരെപണ്ടേ തിരിച്ചറിഞ്ഞിട്ടുണ്ട്.


ജന്മഭൂമി:

No comments: