Friday, May 26, 2017

നല്ലൊരു വാഗ്മി നല്ലൊരു ശ്രോതാവുമായിരിക്കും. കുറച്ചു സംസാരംകൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കിക്കൊടുക്കുന്നവനാണ് വാഗ്മി. യഥാര്‍ത്ഥ ജ്ഞാനം കരഗതമാകുമ്പോഴാണ് വാഗ്മി രൂപപ്പെടുന്നത്. മറ്റൊരാള്‍ പറയുന്നത് മുഴുവന്‍ ശ്രദ്ധയോടെ കേള്‍ക്കാനുള്ള മനോഭാവം കൂടിയാകുമ്പോഴാണ് വിദ്യ പൂര്‍ണതയിലേക്ക് പ്രവേശിക്കുക. കേള്‍ക്കാന്‍ തയ്യാറില്ലാത്തവന്‍ പറയുന്നതിലും കഴമ്പു കുറവായിരിക്കും. അറിവ് രണ്ടുവശത്തേക്കും പോക്കുവരവിനുള്ള ഒരു പാലം പോലെയാണ്.
കേള്‍ക്കാന്‍ തയ്യാറില്ലാത്തവര്‍ എപ്പിസ്റ്റെമോ ഫോബിയ (Epistemophobia) എന്ന ഒരുതരം മാനസിക വിഭ്രാന്തിയുള്ളവരാണ്. അവര്‍ അറിവിനെ ഭയക്കുന്നവരാണ്. ഇങ്ങനെയുള്ളവര്‍ക്ക് ചികിത്സയും കൗണ്‍സലിങ്ങും (പരസ്പര വിചാരക്കൈമാറ്റം) ആവശ്യമായേക്കും. ഭാഗവതത്തില്‍ ശ്രീകൃഷ്ണന്‍ നല്ലൊരു വക്താവും നല്ലൊരു ശ്രോതാവുമാണെന്ന് കാണാം.
നല്ലൊരു ഗുരുശിഷ്യബന്ധമുണ്ടാകുന്നതും പരസ്പരമുള്ള ആശയവിനിമയത്തിലാണ്. ശ്രീകൃഷ്ണ-ഉദ്ധവന്മാര്‍ നല്ല ഗുരു-ശിഷ്യന്മാരായിരുന്നു. എന്നാല്‍ പല ഘട്ടത്തിലും അവരെ നല്ല സുഹൃത്തുക്കളായും കാണാം. രാജകുമാരന്‍-മന്ത്രി എന്ന ബന്ധവും അവര്‍ തമ്മിലുണ്ടായിരുന്നു.
സ്‌കന്ദന്‍ അച്ഛനായ ശ്രീപരമേശ്വരന് ഒരിക്കല്‍ ഓംകാരത്തിന്റെ പൊരുള്‍ പറഞ്ഞുകൊടുത്ത കഥ പ്രസിദ്ധമാമല്ലോ. എന്താ-സര്‍വജ്ഞനും ലോകഗുരുവുമായിരുന്ന ശിവന് ഓംകാരപ്പൊരുളറിയാഞ്ഞിട്ടാണോ? പിതൃ-പുത്ര ബന്ധത്തിന്റെ വാത്സല്യാതിരേകത്താല്‍ മകനെ കളിപ്പിക്കാനും കളികളിലൂടെ അവന്റെ ചിന്താശക്തി വളര്‍ത്താനുമാണ്. ശിവന്‍ അറിയാത്ത ഭാവത്തില്‍ ഓംകാരപ്പൊരുള്‍ ചോദിക്കുന്നത്. (അച്ഛന് ഓംകാരപ്പൊരുള്‍ ചൊല്ലിക്കൊടുത്ത കുമാരന്‍ എന്ന ഗുരുഭാവത്തില്‍ പ്രസിദ്ധമായ സങ്കേതമാണ് തമിഴ്‌നാട്ടില്‍ കുംഭകോണത്തിനടുത്തുള്ള സ്വാമിമല).
ചതുര്‍വേദങ്ങളുടെ അധിപനും വാണീനാഥനുമായ ബ്രഹ്മാവിന് ഓംകാരപ്പൊരുളറിയാമായിരുന്നില്ലേ? ശ്രീപത്മനാഭന്റെ പൊക്കിള്‍ത്താമരയില്‍ നിന്നു ജന്മംകൊണ്ട ഉടനെ തപഃശക്തിയാര്‍ജിച്ച് ഭഗവാനെ ദര്‍ശിച്ച് ആ താമരക്കണ്ണന്റെ നിര്‍ദ്ദേശാനുസൃതം സൃഷ്ടികര്‍മമേറ്റെടുത്ത ദേവനാണ് വിധാതാവ്. എന്നാല്‍ മുരുകന്റെ മുന്നില്‍ അറിവില്ലാത്തവനായി ഭാവിച്ച് കുമാരന്റെ തടവറയില്‍ കഴിഞ്ഞത് ബാലകചാപല്യത്തെ ആസ്വദിക്കാനാണെന്ന് വ്യക്തം.
ഇതെല്ലാം കണക്കിലെടുത്ത് നമുക്ക് ഭാഗവതത്തിലേക്ക് തിരിച്ചുചെല്ലാം. ദശമസ്‌കന്ധത്തില്‍ ശ്രീകൃഷ്ണന്റെ ഇന്ദ്രപ്രസ്ഥയാത്രക്കുമുന്‍പ് ഭഗവാന്‍ ഉദ്ധവനോട് ഉപദേശം ചോദിക്കുന്നു. ശ്രീകൃഷ്ണഭഗവാന് വൈഭവമില്ലാഞ്ഞിട്ടല്ല-മറിച്ച് നല്ലൊരു ശ്രോതാവുകൂടിയായതിനാലാണ് ഭഗവാന്‍ ഉദ്ധവന്റെ ഉപദേശം തേടിയത്. ഉദ്ധവന്റെ ആത്മവിശ്വാസത്തെ വളര്‍ത്തിയെടുക്കലും ഇതിന്റെ ഉദ്ദേശ്യമായിരുന്നു. ബൃഹസ്പതിയുടെ ശിഷ്യനായ ഉദ്ധവന് കൊടുക്കുന്ന ബഹുമാനവും അതില്‍ കാണാം. ബൃഹസ്പതിയും ശ്രീകൃഷ്ണഭഗവാനും ഇടയ്‌ക്കൊക്കെ പറയാറുണ്ട് ‘ഉദ്ധവോബുദ്ധിസത്തമ’ എന്ന്. മന്ത്രിയും സുഹൃത്തുമായ ഉദ്ധവന് ഉപദേശിക്കാനുള്ള ചുമതലയുണ്ടെന്ന പരസ്പരബോധ്യവും ഇവിടെ പ്രകടമാണ്.
ഒരുനാള്‍ ഭഗവാന്‍ തന്റെ ചിട്ടയായ പ്രഭാതകൃത്യങ്ങളെല്ലാം കഴിഞ്ഞ് പതിവുപോലെ ‘സുധര്‍മ’ എന്ന പേരിലുള്ള തന്റെ സഭയില്‍ പ്രവേശിച്ചു. സഭ കൂടിക്കൊണ്ടിരിക്കുമ്പോള്‍, മുന്‍പു കണ്ടിട്ടില്ലാത്ത ഒരു ദൂതന്‍ ഒരു നിവേദവുമായി കാണാന്‍ വന്നിട്ടുണ്ടെന്ന് കാവല്‍ക്കാരന്‍ വന്നറിയിച്ചു. ഭഗവാന്റെ അനുവാദത്തോടെ ദൂതന്‍ സഭയില്‍ പ്രവേശിച്ചു.
ജരാസന്ധന്റെ തടവറയില്‍ക്കഴിയുന്ന വിവിധരാജാക്കന്മാരുടെ പ്രതിനിധിയായാണ് ആ ദൂതന്‍ എത്തിയിട്ടുള്ളത്. ”ഭഗവാനേ ജരാസന്ധന്റെ തടവറയില്‍നിന്നുള്ള ഞങ്ങളുടെ മോചനത്തിന് അങ്ങ് മാത്രമാണ് ഞങ്ങള്‍ക്കാശ്രയം. പ്രപഞ്ചത്തിന്റെ മുഴുവന്‍ ഭയഭഞ്ജകനാണ് അങ്ങ്. ഞങ്ങള്‍ക്ക് അഭയമേകിയാലും” ദൂതന്‍ നിവേദനം സമര്‍പ്പിച്ചു. ഭഗവാന്‍ അവരുടെ പ്രശ്‌നങ്ങള്‍ വിശദമായി കേട്ടു.
ആ സമയത്താണ് ദേവര്‍ഷി നാരദന്റെ രംഗപ്രവേശം. ലോകവിവരങ്ങളെല്ലാം അപ്പപ്പോള്‍ അറിയുന്ന നാരദരെ ബഹുമാനപൂര്‍വം സ്വീകരിച്ച് കാര്യങ്ങളന്വേഷിച്ചു. (ഇതിനിടെ ദൂതന് സല്‍ക്കാരത്തിനുള്ള ഏര്‍പ്പാടു ചെയ്തു). പാണ്ഡവരുടെ സ്ഥിതിയെല്ലാം ശ്രീനാരദരില്‍നിന്നു കേട്ടറിയണമെന്ന് ഭഗവാന്‍ താല്‍പ്പര്യപ്പെട്ടു. നാരദരും ഒരാവശ്യവുമായാണ് വന്നിരിക്കുന്നത്. ഭഗവാനെ വന്ദിച്ച് നാരദന്‍ ചില വിഷയങ്ങള്‍ അവതരിപ്പിച്ചു.


ജന്മഭൂമി: 

No comments: