Tuesday, May 02, 2017

അവിദ്യയുടെ അഭാവത്തില്‍, പ്രകൃതി പുരുഷ സംയോഗത്തിന്റെ അഭാവവും അത് ഹേതുവായുണ്ടാകുന്ന സംസാരബന്ധവും ഇല്ലാതായി പുരുഷന്‍ കൈവല്യത്തെ പ്രാപിക്കുന്നു.
അവിദ്യയാണ് സംയോഗത്തിന്റെ കാരണം എന്ന് നാം മുന്‍ സൂത്രത്തില്‍ കണ്ടതാണ്. സംയോഗം പ്രകൃതിയുമായുള്ള ആത്മാവിന്റെ ബന്ധമാണ്. പ്രകൃതി ബന്ധത്തില്‍നിന്നും ആത്മാവിനെ മോചിപ്പിക്കുന്നതാണ് ഹാനം. ഹാനം എന്ന വാക്കിന് മോചനം എന്നാണര്‍ത്ഥം. ഓരോ ജീവനിലും ദിവ്യത്വം അന്തര്‍ലീനമായിരിക്കുന്നു, ഈ ദിവ്യത്വത്തെ പ്രകാശിപ്പിക്കുക എന്നതാണ് ജീവിതത്തിന്റെ ലക്ഷ്യം. അതിനുള്ള മാര്‍ഗം ബാഹ്യവും ആന്തരികവുമായ ഇന്ദ്രിയങ്ങളുടെ മുകളില്‍ നിയന്ത്രണം കൊണ്ടുവരികയാണ്.
യോഗി ചിത്തവൃത്തി നിരോധത്തിലൂടെ ഇതിനായി പരിശ്രമിക്കുന്നു. ആന്തരികവ്യാപാരങ്ങളെ നിയന്ത്രിച്ചാല്‍ മാത്രമേ നമുക്ക് ബാഹ്യേന്ദ്രിയങ്ങളെ നിയന്ത്രിക്കാന്‍ കഴിയൂ. അന്തരിന്ദ്രിയ നിഗ്രഹം നേടിയ ഒരാള്‍ക്ക് പ്രകൃതിയെ ജയിക്കാനുള്ള സിദ്ധി ലഭിക്കുന്നു. ചിപ്പിയുടെ ഉള്ളിലെ പ്രാണി പുറത്തുനിന്ന് ധാതുദ്രവ്യങ്ങളെ സ്വീകരിച്ച് തന്റെ പുറംചട്ട നിര്‍മിക്കുന്നതുപോലെ അന്തഃകരണമാകുന്ന സൂക്ഷ്മശക്തികള്‍ ബാഹ്യ പ്രപഞ്ചത്തില്‍നിന്നും വസ്തുക്കളെ സ്വീകരിച്ച് ശരീരമാകുന്ന പുറന്തോട് നിര്‍മിച്ചിരിക്കുന്നു. വിശപ്പ് മനസ്സിന്റെ ഒരു തോന്നലാണ്. ഭക്ഷണം കഴിക്കുന്നതോടെ അതില്ലാതാവുന്നു. തോന്നലുണ്ടായില്ലെങ്കില്‍ ഭക്ഷണവും വേണ്ട. അതിനാല്‍ മനസ്സിനെ നിയന്ത്രിച്ചാല്‍ നമുക്ക് ആത്മാവിന്റെ സംയോഗത്തെ ഇല്ലാതാക്കി പ്രകൃതിബന്ധത്തില്‍ നിന്ന് ആത്മാവിനെ മോചിപ്പിക്കാന്‍ സാധിക്കുന്നു. മോക്ഷപ്രാപ്തിക്കുള്ള ഉപായത്തെ കുറിച്ചാണ് അടുത്ത സൂത്രത്തിലെ പ്രതിപാദ്യം.
വിവേഖ്യാതിരവിപ്ലവാ ഹാനോപായഃ
(പാ.യോ.സൂ. 2:26)
ശുദ്ധവും നിര്‍മലവുമായ ഹാനോപായമാണ് വിവേക ജ്ഞാനം.
ശരീരം, ഇന്ദ്രിയം, മനസ്സ്, ബുദ്ധി എന്നിവ ജഡവും നശിക്കുന്നതുമാണെന്നും ആത്മാവാണ് അനാദിയായിട്ടുള്ളതും എന്ന അറിവാണ് വിവേകഖ്യാതി. ഈശ്വരന്‍, ജീവന്‍, പ്രകൃതി എന്നിവയെ വെവ്വേറെ യഥാര്‍ത്ഥരൂപത്തില്‍ മനസ്സിലാക്കലാണ് ഹാനം അഥവാ മോക്ഷം. യോഗാഭ്യാസത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യവും ഇതുതന്നെയാണ്.
തസ്യസപ്തധാ പ്രാന്തഭൂമിഃ പ്രജ്ഞാ
(പാ.യോ.സൂ. 2:27)
വിവേകഖ്യാതി ലഭിച്ച യോഗിയുടെ പ്രജ്ഞ ഏഴ് അവസ്ഥകളോടുകൂടിയതാണ്.
വിവേകത്തിന് സ്ഥിരത വര്‍ധിക്കുംതോറും ചിത്തത്തിന് നിശ്ചലതയും നിര്‍മലതയും കൂടിക്കൂടി വരികയും ചിത്തത്തിന്റെ ആവരണങ്ങളും മലങ്ങളും ഒന്നൊന്നായി ഇല്ലാതാകുകയും ചെയ്യുന്നു. അങ്ങനെ ചിത്തവൃത്തികള്‍ ശാന്തമായി, സംസാര ചിന്തകളടങ്ങിയ ചിത്തം ഉത്കൃഷ്ടമായ ലക്ഷ്യത്തിലേക്ക് വികാസം പ്രാപിക്കുന്നു. ഇങ്ങനെ ലക്ഷ്യത്തിലേക്ക് എത്തുന്ന ചിത്തത്തിന് ഏഴു പ്രകാരത്തിലുള്ള അനുഭൂതികള്‍ ഉണ്ടാകുന്നു. ഇതില്‍ ആദ്യ നാലുതലങ്ങളെ കാര്യമുക്തി പ്രജ്ഞകളെന്നും ശേഷമുള്ള മൂന്നുതലങ്ങളെ ചിത്തമുക്തി പ്രജ്ഞകളെന്നും പറയുന്നു. ഇവയെ സപ്തതത്വങ്ങള്‍ എന്നറിയപ്പെടുന്നു.
1) ജ്ഞേയ ശൂന്യാവസ്ഥ:- ഏതൊന്നറിഞ്ഞാലാണോ എല്ലാം അറിയാന്‍ കഴിയുന്നത് ഈ അറിവാണ് ജ്ഞേയ ശൂന്യാവസ്ഥ. ഇതിനെ ആത്മാനാത്മ വിവേകം എന്നു പറയുന്നു.
അറിയേണ്ടത് അറിഞ്ഞുകഴിഞ്ഞാല്‍ ദുഃഖം ഇല്ലാതാകും എന്ന തിരിച്ചറിവ്, ദുഃഖ കാരണമല്ലാതെ മറ്റൊന്നും അറിയേണ്ടതില്ല എന്ന നിലയിലേക്ക് ബുദ്ധിയെ എത്തിക്കുന്നു. അങ്ങനെ ബുദ്ധിക്കുണ്ടാകുന്ന തിരിച്ചറിവ് ജിജ്ഞാസയും അതുമൂലം ഉണ്ടാകുന്ന അശാന്തിയും ഇല്ലാതാകുന്നു. ജിജ്ഞാസയില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ബുദ്ധിക്ക് ജ്ഞാനം ലഭിക്കാതെ വരുമ്പോള്‍ അതൃപ്തിയും തുടര്‍ന്നു മറ്റു വഴിക്കുള്ള അന്വേഷണവും ഉണ്ടാകുന്നു. ജ്ഞാനം നമ്മുടെ ഉള്ളില്‍ തന്നെയാണെന്നും, സ്വപ്രയത്‌നം കൊണ്ടല്ലാതെ അത് ലഭ്യമാകില്ലെന്നും ബോധ്യം വരാത്തിടത്തോളം കാലം ജിജ്ഞാസ നമ്മില്‍ നിന്ന് അകലുന്നില്ല. ആത്മാനാത്മ വിവേകം ലഭിക്കുന്നതോടെ ജിജ്ഞാസ നിമിത്തമായ അശാന്തി ഇല്ലാതാകുന്നു ഇതാണ് സത്യാന്വേഷണത്തിന്റെ ആദ്യലക്ഷണം. ഇവിടെ നമുക്ക് പ്രകൃതി ജഡവും ആത്മാവ് ചേതനവും ആണെന്നും ആത്മാവാണ് പ്രകൃതിയുടെ മേല്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്നതെന്നുമുള്ള ബോധം ഉണ്ടാകുന്നു.
2) ഹേയ ശൂന്യാവസ്ഥ:- ഹേയം എന്നാല്‍ ദുഃഖം ആണ്. സര്‍വ്വദുഃഖങ്ങളുടെയും കാരണം കണ്ടെത്തിക്കഴിഞ്ഞാല്‍ അതിനെ ഉപേക്ഷിച്ചേ മതിയാവൂ എന്ന അവസ്ഥ വരുന്നു. ഇതിനെ ഓരോന്നായി ഉപേക്ഷിക്കുക പ്രയാസമായതിനാല്‍ ദുഃഖകാരണത്തെ കണ്ടെത്തി ഒന്നിച്ച് ഉപേക്ഷിക്കുന്നു. ദുഃഖകാരണം സംയോഗമാണ്. എന്തിനെ ഉപേക്ഷിക്കണമോ അതിനെ ഉപേക്ഷിച്ചുകഴിഞ്ഞു എന്ന പ്രജ്ഞയാണ് ഹേയ ശൂന്യാവസ്ഥ (ഹേയ ഹേതുവിന്റെ അഭാവം അഥവാ സംയോഗത്തിന്റെ അഭാവം)
3) പ്രാപ്യപ്രാപ്താവസ്ഥ:- ഇത് സമ്പൂര്‍ണ ജ്ഞാനപ്രാപ്തിയാണ്. സാക്ഷാത്കരിക്കേണ്ടതിനെ സാക്ഷാത്കരിച്ച ആത്മാവിന്റെ കൈവല്യാവസ്ഥ അഥവാ സമാധിയിലൂടെ പ്രാപിക്കേണ്ടതിനെ പ്രാപിച്ചുകഴിഞ്ഞ അനുഭൂതിയുടെ തലം.
4)ചികീര്‍ഷാശൂന്യാവസ്ഥ:- വിവേകജ്ഞാനം ലഭിക്കുന്നതോടെ ലക്ഷ്യത്തിലെത്തുന്ന ബുദ്ധിക്ക് താന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എല്ലാം ചെയ്തുകഴിഞ്ഞു ഇനി ഒന്നുംതന്നെ അവശേഷിക്കുന്നില്ലെന്ന ബോധം ലഭിക്കുമ്പോഴുണ്ടാകുന്ന അനുഭൂതിയുടെ തലം ആണ്. ഇത് വൈരാഗ്യത്തിന്റെ പരമസ്വരൂപം കൂടിയാണ്.
5)ചിത്തത്തിന്റെകൃതാര്‍ത്ഥത:- ചിത്തം കൊണ്ട് നേടേണ്ടതായ ഭോഗാപവര്‍ഗ്ഗങ്ങള്‍ പൂര്‍ത്തീകരിക്കപ്പെട്ട അവസ്ഥയാണിത്. ചിത്തത്തിന്റെ നിശ്ചയാത്മകവൃത്തി. എല്ലാത്തരത്തിലുമുള്ള കഷ്ടപ്പാടുകളും പ്രയത്‌നങ്ങളും മനശ്ചാഞ്ചല്യങ്ങളും ഇതോടെ ഇല്ലാതാകുന്നു.
6) ഗുണലീനത:– പ്രകൃതിയുടെ പരിണാമമായ ചിത്തം ഗുണാത്മകമാണ്. ചിത്തവൃത്തിക്കു കാരണമായ ഈ ത്രിഗുണങ്ങള്‍ പ്രകൃതിയില്‍ വിലയം പ്രാപിച്ച് ഇല്ലാതാകുന്ന അവസ്ഥയാണ് ഗുണലീനത. ഈ അവസ്ഥയില്‍ നമുക്ക് നമ്മുടെ ഇച്ഛാനുസരണം ഏതു സമയത്തും ചിത്തത്തെ അതിന്റെ കാരണത്തില്‍ ലയിപ്പിക്കാന്‍ കഴിയുന്നു.
7) ആത്മസ്ഥിതി:- ഗുണാതീതനായ പുരുഷന്‍ തന്റെ സ്വരൂപത്തില്‍ ഉറച്ചുനില്‍ക്കുന്ന അവസ്ഥയാണ് ആത്മസ്ഥിതി. നമ്മെ പ്രാരാബ്ധ ജീവിതത്തില്‍ കുടുക്കിയിരുന്നത് ചിത്തത്തിന്റെ അവിവേകം ആണെന്നുള്ള ബോധത്തില്‍നിന്നും അജ്ഞാനത്തെ ഇല്ലാതാക്കി ചിത്തം ആത്മസ്ഥിതി കൈവരിക്കുന്നു. ഇവിടെ നമുക്ക് നിത്യാനന്ദ സ്വരൂപദര്‍ശനം ലഭിക്കുന്നു. നമ്മുടെ ആത്മസ്വരൂപം സ്വയമേവ പരിശുദ്ധവും പരിപൂര്‍ണവുമാണ്. അതിനെ ആനന്ദിപ്പിക്കാന്‍ ഒരിക്കലും അന്യസഹായം വേണ്ടിവരുന്നില്ല. നമ്മുടെ ജ്ഞാനത്തില്‍ പ്രകാശിതമാകാത്ത യാതൊന്നും ജഗത്തിലില്ല. ഇതാണ് അവസാനഭൂമിക. തത്വങ്ങളുടെ തത്ത്വമായ ഈ തത്ത്വങ്ങളെ ”സപ്തതത്ത്വങ്ങള്‍” എന്നു പറയുന്നു.
സപ്തതത്ത്വങ്ങള്‍ നേടുന്നതിനുള്ള പരിശീലന ക്രമമായ അഷ്ടാംഗയോഗ വിവരണമാണ് അടുത്ത സൂത്രം മുതല്‍ നമുക്ക് കാണുവാന്‍ കഴിയുന്നത്.

(പതഞ്ജലി കോളെജ് ഓഫ് യോഗ. 9496332058)


ജന്മഭൂമി

No comments: