Wednesday, October 26, 2022

 



ശാന്തിമന്ത്രങ്ങള്‍.

1.

ഓം ഭദ്രം കര്‍ണേഭിഃ ശൃണുയാമ ദേവാഃ ഭദ്രം പശ്യേമാക്ഷഭിര്‍ യജത്രാഃ .

സ്ഥിരൈരംഗൈസ്തുഷ്ടുവാംസസ്തനൂഭിര്‍ വ്യശേമ ദേവഹിതം യദായുഃ .

സ്വസ്തി ന ഇന്ദ്രോ വൃദ്ധശ്രവാഃ സ്വസ്തി നഃ പൂഷാ വിശ്വവേദാഃ സ്വസ്തിനസ്താര്‍ക്ഷ്യോ അരിഷ്ടനേമിഃ

സ്വസ്തിനോ ബൃഹസ്പതിര്‍ദധാതു.


അഥര്‍വ്വവേദത്തിലെ ഒരു മന്ത്രമാണിത് . അഥര്‍വ്വവേദത്തിലെ 31 ഉപനിഷത്തുകളുടെ ശാന്തിപാഠമാണ് ഈ മന്ത്രം .

ഭദ്രം = മംഗളമായത്. കര്‍ണേഭിഃ = കാതുകളാല്‍. ശൃണുയാമ = കേള്‍ക്കുമാറാകട്ടെ. പശ്യേമ = കാണുമാറാകട്ടെ. അക്ഷഭിഃ = കണ്ണുകളാല്‍ . യജത്രാഃ = യാഗം ചെയ്യുന്നവര്‍ . സ്ഥിരൈഃ അംഗൈഃ = ബലമേറിയ അംഗങ്ങളോടുകൂടി . തുഷ്ടുവാംസഃ = സ്തൂതിക്കുന്നവരാല്‍ തനൂഭിഃ = ശരീരങ്ങളോടുകൂടി . വ്യശേമ = ഞങ്ങള്‍ പ്രവേശിക്കുമാറാകട്ടെ. ദേവഹിതം യത് ആയുഃ = ദേവഹിതമായി ഞങ്ങള്‍ക്കു ലഭിച്ച ആയുസ്. സ്വസ്തി = ക്ഷേമം. നഃ / നോ / ന = ഞങ്ങള്‍ക്ക് , ഞങ്ങളെ . വൃദ്ധശ്രവാഃ = യശസ്വി ,ഈന്ദ്രന്‍ . പൂഷാ = സൂര്യന്‍ . വിശ്വവേദാഃ = സര്‍വ്വജ്ഞാനി. താര്‍ക്ഷ്യഃ = ഗരുഢന്‍. അരിഷ്ടനേമിഃ = ദുരിതങ്ങള്‍ മാറ്റുന്ന. ദധാതു = നല്‍കുമാറാകട്ടെ..


ദേവന്മാരെ, കാതുകളെക്കൊണ്ട് ഞങ്ങള്‍ മംഗളകരമായവ മാത്രം കേള്‍ക്കുമാറാകട്ടെ . യാഗം ചെയ്യുന്ന ഞങ്ങള്‍ കണ്ണുകളാല്‍ മംഗളകരമായവ മാത്രം കാണുമാറാകട്ടെ. . സുദൃഢങ്ങളായ അംഗങ്ങളോടും ആരോഗ്യമുള്ള ശരീരങ്ങളോടും കൂടി ഞങ്ങള്‍ക്കു ലഭിച്ച ആയുസ്സ് മുഴുവന്‍ ഈശ്വരധ്യാനനിരതരായി ജീവിക്കുമാറാകട്ടെ . യശസ്വിയായ ഇന്ദ്രാ , ഞങ്ങള്‍ക്ക് ക്ഷേമം അരുളിയാലും . സര്‍വ്വജ്ഞാനി.യായ സൂര്യഭഗവാനെ , ഞങ്ങള്‍ക്ക് ക്ഷേമം അരുളിയാലും . സര്‍വ്വദുരിതശാന്തിയരുളുന്ന ഗരുഢാ, ഞങ്ങള്‍ക്ക് ക്ഷേമം അരുളിയാലും . ദേവഗുരുവായ ബൃഹസ്പതി ഞങ്ങള്‍ക്ക് ക്ഷേമം അരുളുമാറാകട്ടെ .

മംഗളകരമായവ മാത്രം കേള്‍ക്കുമാറാകട്ടേ , മംഗളകരമായവ മാത്രം കാണുമാറാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ മറ്റൊന്നും കേള്‍ക്കുകയോ കാണുകയോ ചെയ്യരുതെന്നല്ല , കേള്‍ക്കാന്‍ മംഗളകരമായ വാര്‍ത്തകള്‍ മാത്രമേ ഉണ്ടാകാവൂ , കാണാന്‍ മംഗളകരമായ കാര്യങ്ങള്‍ മാത്രമേ ഉണ്ടാകാവൂ . ലോകത്തില്‍ സര്‍വ്വമംഗളകരമായ കാര്യങ്ങള്‍ മാത്രം സംഭവിക്കട്ടെ . എല്ലാവര്‍ക്കും നന്മയുണ്ടാകട്ടേ എന്ന പ്രാര്‍ത്ഥന വേദങ്ങളില്‍ പൊതുവേ കാണുന്നതാണ് . ശുക്ലയജുര്‍വ്വേദത്തിലെ ബൃഹദാരണ്യക ഉപനിഷത്തിലെ മന്ത്രങ്ങളെ അടിസ്ഥാനപ്പെടുത്തി രചിക്കപ്പെട്ട ഒരു പ്രാര്‍ത്ഥന കാണുക .


സര്‍വ്വേഷാം സ്വസ്തിര്‍ഭവതു , സര്‍വ്വേഷാം ശാന്തിര്‍ഭവതു

സര്‍വ്വേഷാം പൂര്‍ണ്ണം ഭവതു , സര്‍വ്വേഷാം മംഗളം ഭവതു

സര്‍വ്വേ ഭവന്തു സുഖിനാ സര്‍വ്വേ ഭവന്തു നിരാമയാ

സര്‍വ്വേ ഭദ്രാണി പശ്യന്തു മാ കശ്ചിത് ദുഃഖഭാഗഭവേത് .


ആയുസ്സിനോ ധനത്തിനോ സുഖസൌകര്യങ്ങള്‍ക്കോ വേണ്ടിയല്ല പ്രാര്‍ത്ഥിക്കുന്നത് . ഈശ്വരന്‍ അരുളിയ ആയുസ്സ് തീരുന്നത് വരെ കര്‍മ്മം ചെയ്തുകൊണ്ടേയിരിക്കണം . അതിനുവേണ്ട സുദൃഢമായ ശരീരവും ആരോഗ്യവുമാണ് പ്രാര്‍ത്ഥനയിലൂടെ ആവശ്യപ്പെടുന്നത് . കര്‍മ്മം ചെയ്യുക ,അതിലൂടെ ഈശ്വരസേവ നടത്തുക . സാധാരണക്കാരന് ഈശ്വരസാക്ഷാത്കാരം നേടാനുള്ള ഉപായമതാണ് . അലസതയാണ് ഏറ്റവും വലിയ ശത്രു . ആ ശത്രുവിനെ തുരത്തുക . അതിന് കര്‍മ്മം ചെയ്യുക . അതിന് ഭൂമിയില്‍ ജീവിക്കുന്നിടത്തോളം കാലം സുദൃഢമായ ശരീരവും ആരോഗ്യവും വേണം . ഇതാണ് വരമായി ആവശ്യപ്പെടുന്നത് . അന്നമയമായ ശരീരത്തെ നിലനിര്‍ത്തുന്നത് സൂര്യതേജസ്സാണ് . ഭൂമിയിലുള്ള ജീവികള്‍ക്കെല്ലാം അന്നം നല്‍കാന്‍ സസ്യങ്ങള്‍ക്ക് പ്രാപ്തി നല്‍കുന്നത് സൂര്യരശ്മിയാണ് . ജീവികളില്‍ അന്തര്‍ലീനമായി ജീവികളെ സദാ കര്‍മ്മനിരതരാക്കിക്കൊണ്ടിരിക്കുന്ന ചൈതന്യമാണ് സവിതാവ് . അതുകൊണ്ടാണ് കര്‍മ്മം ചെയ്യുവാന്‍ പ്രാപ്തിയുണ്ടാക്കേണമേയെന്ന് സൂര്യനോട് പ്രാര്‍ത്ഥിക്കുന്നത് . എല്ലാവര്‍ക്കും നന്മ വരട്ടെയെന്നും കര്‍മ്മം ചെയ്യുവാന്‍ അനുഗ്രഹിക്കണമെന്നുമുള്ള പ്രാര്‍ത്ഥനകളാണ് പൊതുവായി എല്ലാ വേദങ്ങളിലും കാണുന്നത് .


ലോകാസമസ്താ സുഖിനോ ഭവന്തു !


No comments: