Thursday, October 06, 2022

 ഒരു വിറകു കത്തുമ്പോൾ അത് താനേ കെട്ടടങ്ങുന്നു. ആ വിറകിന് സ്വയം ആ കർമ്മത്തെ തടയാനുള്ള ശക്തിയില്ല. ഈ അവസ്ഥയിലാണ് ജഡപ്രകൃതിയെ നാം തിരിച്ചറിയുന്നത്. അതുപോലെയാണ് നമ്മുടെ കർമ്മങ്ങളും. പുണ്യമെന്നും പാപമെന്നും പറയുന്ന രണ്ട് ഫലങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അതിനനുസരിച്ച് നാം സുഖമോ ദുഃഖമോ അനുഭവിച്ച് തീർക്കുന്നു. അനുഭവിച്ചാൽ തീരുന്നതാണ് കർമ്മഫലം എന്നതിനാൽ അത് ജഡപ്രകൃതിയാണ്. അനുഭവത്തിൽ വന്നുതുടങ്ങിയത് അനുഭവത്തിലെത്താതെ തീരുകയില്ല എന്നതുകൊണ്ടും അവ ജഡപ്രകൃതിയുടെ ലക്ഷണമായിരിക്കുന്നു. അപ്പോൾ ചൈതന്യമായിട്ടുള്ളത് എന്താണ്? ഈ ജഡപ്രകൃതിയെ അറിയുന്നവൻ ആരാണെന്നു ശ്രദ്ധിക്കൂ. പുറത്തേയ്ക്കു നോക്കുന്ന കണ്ണുകൾ അകത്തേയ്ക്ക് തിരിയേണ്ടതുണ്ട്. അകമുഖമായ് അറിയേണ്ടതുണ്ട്.


"അകമുഖമായറിയായ്കിൽ മായയാം വൻ-

പക പലതും ഭ്രമമേകിടുന്നു പാരം." (ആത്മോപദേശശതകം) 


മുന്നിൽ കത്തിത്തീരുന്നതൊക്കെയും ജഡപ്രകൃതിയാണ്. സ്വന്തം ശരീരമുൾപ്പെടെ തപിച്ചു കെട്ടടങ്ങിക്കൊണ്ടിരിക്കുകയാണല്ലോ? ഉള്ളിൽ കത്താതെ നിലകൊള്ളുന്നതെന്താണോ അതാണ് അഗ്നിക്കും സൂര്യനും ചന്ദ്രനും കാലത്തിനും കർമ്മത്തിനും സാക്ഷി. സാക്ഷിയായവന് കർമ്മബന്ധമില്ല. ജീവിതത്തിൽ എപ്പോഴൊക്കെ നിസഹായതയും ബുദ്ധിശൂന്യതയും അബദ്ധവും അനുഭവപ്പെട്ടിട്ടുണ്ടോ അതിൽ നിന്ന് ജഡപ്രകൃതിയെയാണ് തിരിച്ചറിയേണ്ടത്. അല്ലാതെ സ്വന്തം കഴിവുകേടിനെയോ ബുദ്ധിമോശത്തെയോ കർമ്മദോഷത്തെയോ കാലദോഷത്തെയോ മറ്റുള്ളവരെയോ പഴിച്ചിട്ടു കാര്യമില്ല. ബുദ്ധിയുണ്ടെങ്കിൽ ബുദ്ധിമോശം സംഭവിക്കില്ല. സംരക്ഷിക്കാനുള്ള ശക്തിയുണ്ടെങ്കിൽ ബന്ധങ്ങളോ ധനമോ ആരോഗ്യമോ നമ്മുടെ അനുവാദം കൂടാതെ നഷ്ടപ്പെട്ടു പോകില്ല. വരുന്നതും പോകുന്നതും കാലധർമ്മത്തിനനുസരിച്ചാണ്. നാം നമ്മുടെ ധർമ്മം ചെയ്യുന്നു എന്നു കരുതി മുന്നിലെന്താണോ ചെയ്യാനുള്ളത് അത് ചെയ്തു തീർക്കുന്നു. അതിലപ്പുറം ഫലത്തിൽ നമുക്ക് അധികാരമില്ല. ഇപ്പോൾ നമുക്ക് പ്രാരബ്ധവശാൽ കർമ്മമുണ്ട് എന്നതിനാൽ നാം ഈ കർമ്മത്തിന് അധികാരികളായിരിക്കുന്നു എന്നുമാത്രം.


മുന്നിൽ കത്തിത്തീരുന്നതിൽ നശിച്ചുപോകുന്നതല്ല ആത്മാവ്. എന്നതിനാൽ നശിച്ചുകൊണ്ടിരിക്കുന്ന കർമ്മബന്ധങ്ങളെ ശരീരത്തിൻറെ നാശമെന്നല്ലാതെ ആത്മാവിൻറെ നാശമെന്ന് ആരും കരുതരുതല്ലോ? ആരാണോ ശരീരം കൊണ്ടോ മനസ്സുകൊണ്ടോ കർമ്മം കൊണ്ടോ നമ്മുടെ ഏറ്റവും അടുത്തുണ്ടായിരിക്കുന്നത് അവരെ നാം ബന്ധുക്കളെന്നും കൂട്ടുകാരെന്നും സഹപ്രവർത്തകരെന്നും അയൽക്കാരെന്നും നാട്ടുകാരെന്നും പറയുന്നു. എന്നാൽ ആരാണോ അകലയോ അടുത്തോ അല്ലാതെ എപ്പോഴും അനുഭവത്തിൽത്തന്നെ ഞാൻ എന്ന അറിവായ് ഉണ്ടായിരിക്കുന്നത് അത് ശരീരമല്ല. അകലം മുഴുൻ ശരീരത്തിലോ മനസ്സിനോ കർമ്മങ്ങളിലോ ആണ്. 


എരിഞ്ഞുതീരുന്ന ജഡപ്രകൃതി ഈ ശരീരമാണ്. ആ ആത്മാവല്ല! 'ഈ' എന്നും 'ആ' എന്നും പറഞ്ഞ് നാം നമ്മിൽ നിന്ന് ആത്മാവിന് ദൂരം കല്പിക്കുന്നതുകൊണ്ടു മാത്രമാണ് ആത്മാവ് കണ്ടെത്തപ്പടേണ്ട അകലെയുള്ള ഈശ്വരനാണെന്ന് തോന്നുന്നത്. അടുത്തുവരുന്നതായും എരിഞ്ഞുതീരുന്നതായും തോന്നുന്നതെല്ലാം ശരീരം മാത്രമാണ്. ആത്മാവ് എപ്പോഴും സാക്ഷിയായി ഇവിടെ സന്നിഹിതമാണ്. എന്തിനെയാണോ നാം മുന്നിൽ ലാഭമെന്നും നഷ്ടമെന്നും കാണുന്നത്? എന്തിനെയാണോ നാം മുന്നിൽ പുണ്യഫലമെന്നും പാപഫലമെന്നും കാണുന്നത്? രണ്ടും ഒന്നുപോലെ ജഡപ്രകൃതിയാണ്. അവ ഫലം തന്നു നശിക്കുന്നു. മുന്നിൽ കാണുന്ന ഈ ശരീരനിഷ്ഠമായ പുണ്യപാപങ്ങളെ സത്യമെന്നു കരുതി അവയുടെ പുറകേ പരിഹാരങ്ങളുമായി പോകുമ്പോൾ അത് മായയുടെ ഭ്രമം മാത്രമാണ്. സത്യമെന്താണെന്ന് ഈ ജഡദൃശ്യങ്ങളെ വിട്ട് അകമുഖമായി അറിയേണ്ടതുണ്ട്. അപ്പോൾ ഭ്രമമകന്ന് ആത്മസത്യം വെളിപ്പെടുന്നു.


"സകലവുമുള്ളതുതന്നെ തത്വചിന്താ-

ഗ്രഹനിതു സർവ്വവുമേകമായ് ഗ്രഹിക്കും;

അകമുഖമായറിയായ്കിൽ മായയാം വൻ-

പക പലതും ഭ്രമമേകിടുന്നു പാരം."


കടപ്പാട് 

No comments: