🌸വിജ്ഞാനദീപം തെളിയിച്ച് അഹങ്കാരമാകുന്ന അന്ധകാരത്തെ ഇല്ലാതാക്കുക എന്നതാണ് ദീപാവലിയുടെ സാരാംശം🌸
ശ്രീ ശ്രീ രവിശങ്കർ
ദീപാവലിയുടെ സന്ദേശം വളരെ ലളിതമാണ്. കഴിഞ്ഞകാലത്തെ ദു:ഖം, ദേഷ്യം, നിരാശ, തീക്താനുഭവങ്ങൾ, എന്നിവയോട് വിടചൊല്ലി ജീവിതം പുത്തൻ ഉന്മേഷത്തോടെ, പുതുമയോടെ ആഘാഷിക്കുക. വിജ്ഞാനത്തിൻ്റെ ദീപം ഹൃദയത്തിൽ തെളിയിക്കാനും മുഖത്ത് ആനന്ദത്തിൻ്റെ പുഞ്ചിരി വിടർത്താനുമുള്ള അവസരമാണ് ദീപാവലി.
ഗൃഹങ്ങൾ മാത്രമല്ല, ദീപങ്ങൾ തെളിയിക്കുന്നത്, ജീവിതത്തെക്കുറിച്ചുള്ള ഗഹനമായ ഒരു സത്യം വെളിപ്പെടുത്താൻകൂടിയാണ്. വെളിച്ചം അന്ധകാരത്തെ തുരത്തുന്നു. ജ്ഞാനത്തിൻ്റെ പ്രകാശത്താൽ നിങ്ങളുടെയുള്ളിലെ അജ്ഞതയുടെ അന്ധകാരം ഇല്ലാതാക്കുമ്പോൾ തിന്മയുടെമേൽ നന്മ വിജയംനേടുന്നു. ദീപാവലിദിനത്തിൽ നാം ഗൃഹങ്ങൾ അലങ്കരിരിക്കുകയും പൂജാനുഷ്ഠാനങ്ങൾ നടത്തുകയും ചെയ്യുന്നു. എന്നാൽ, നമുക്ക്, മറ്റുള്ളവർക്ക് നൽകാൻ പറ്റിയ ഏറ്റവും നല്ല സമ്മാനം പുഞ്ചിരിയാണ്.
ഈ ദിനത്തോടനുബന്ധിച്ച് പുരാണങ്ങളിൽ ഒരു കഥയുണ്ട്. നരകാസുരൻ എന്നുപേരുള്ള ദുഷ്ടനായ രാക്ഷസനെ സത്യഭാമ വധിച്ചതിനെ അനുസ്മരിച്ച് നരകചതുർദശിയാണ് ദീപാവലി കൊണ്ടാടുന്നത്. കഥ ഇങ്ങനെ: നരകാസുരൻ്റെ പ്രവൃത്തികൾ എല്ലാവർക്കും പ്രശ്നങ്ങളും എല്ലായിടത്തും കലാപവും അപസ്വരവും സംഘർഷവും സൃഷ്ടിച്ചുകൊണ്ടിരുന്നു. എല്ലാവരുടെയും ജീവിതത്തിലും പേര് സൂചിപ്പിക്കുപോലെ അവൻ നരകം സൃഷ്ടിച്ചു. വളരെ ശക്തനായതുകൊണ്ട് ആർക്കും നരകാസുരനെ ജയിക്കാൻ കഴിഞ്ഞില്ല. എന്നാൽ, ശ്രീകൃഷ്ണൻ്റെ ഭാര്യയായ സത്യഭാമ ഒരു യുദ്ധത്തിൽ അവനെ വധിച്ചു.
ഈ കഥയിൽ വളരെയധികം പ്രതീകാത്മകത്വമുണ്ട്. നരകാസുരനെ വധിച്ചത് സത്യഭാമയാണ്. സത്യഭാമയെന്നാൽ ശാശ്വതമായ സത്യം. സത്യത്തിനുമാത്രമെ നരകത്തെ ഇല്ലാതാക്കാൻ പറ്റൂ. നരകാസുരൻ ദ്യോതിപ്പിക്കുന്നത് അഹങ്കാരത്തെയാണ്. ധാർഷ്ട്യം മുർധന്യത്തിലെത്തുമ്പോൾ അതിനെ ഇല്ലാതാക്കാൻ സത്യത്തിന് അല്ലെങ്കിൽ വാസ്തവത്തിനുമാത്രമെ കഴിയൂ.
തൻ്റെ എല്ലാ വിജയങ്ങൾക്കുംശേഷം നരകാസുരൻ കരുതി, വില്ലാളിവീരന്മാരും ശക്തരായ രാജാക്കന്മാരും തോറ്റുതുന്നംപാടിയിടത്ത് ഒരു സ്ത്രീ എന്തുചെയ്യാനാണെന്ന്. ആഹങ്കാരം നിറഞ്ഞു തുളുമ്പിയ അവർ സ്ത്രീശക്തിയെ വിലകുറച്ചുകണ്ടു. കോപാകുലയായ സത്യഭാമ അവനെ സുദർശനചക്രം ഉപയോഗിച്ച് നിശ്ശേഷം പരാജയപ്പെടുത്തി.അവസാനത്തെ ആഗ്രഹം എന്താണെന്നുചോദിച്ചപ്പോൾ നരകാസുരൻ പറഞ്ഞു. ദീപം കൊളുത്തി തൻ്റെ മരണം എല്ലാവരും ആഘോഷിക്കണമെന്ന്. ഞാൻ മറ്റുള്ളവർക്ക് എത്രയധികം ദുരിതവും ക്ലേശവും ഉണ്ടാക്കിയെന്ന് ജീവിതാവസാനം അവൻ മനസ്സിലാക്കി. നരകാസുരൻ പറഞ്ഞു; " എൻ്റെ മരണത്തോടെ എല്ലാവരുടെയും ജീവിതത്തിലെ ക്ലേശങ്ങൾ അവസാനിക്കുകയാണ്. എൻ്റെ വേർപാട് എല്ലാവരും ആഘോഷിക്കണം.അതിൽ സന്തോഷിക്കണം."
രാവണനെ വധിച്ചശേഷം തിരിച്ചെത്തിയ ശ്രീരാമനെ സ്വീകരിക്കാൻ പട്ടണം മുഴുവൻ ദീപം തെളിച്ചതിനെ അനുസ്മരിച്ചും ദീപാവലി കൊണ്ടാടുന്നു. ഇവിടെ രാമൻ പ്രതിനിധീകരിക്കുന്നത് സത്തയെയാണ്. അദ്ദേഹം അയോധ്യയിൽ തിരിച്ചുവന്നു എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ജീവൻ ആത്മാവിലേക്ക് അല്ലെങ്കിൽ ആത്മബോധത്തിലേക്ക് തിരിച്ചുവന്നു അഥവാ ഒന്നായിത്തീർന്നു എന്നാണ്. നിങ്ങൾ നിങ്ങളുടെ കേന്ദ്രത്തിൽ തിരിച്ചുവരുമ്പോൾ, ആത്മബോധത്തിൽ നിലകൊള്ളുമ്പോൾ ജീവിതം ആനന്ദമയമാകുന്നു.
നിങ്ങൾ അഗാധമായ സമാധാനത്തിൽ നിലകൊള്ളുമ്പോൾ, നിങ്ങളുടെ സത്തയിലേക്ക് തിരിച്ചുവരുമ്പോൾ, അവിടെ ആഘോഷംമാത്രമേ ഉണ്ടാകുകയുള്ളൂ. സത്തയിൽ നിന്ന് അകലുമ്പോൾ, അവിടെ വിഭ്രാന്തിയും മാനസിക ഗ്ലാനിയും ഉണ്ടാകും. എല്ലാവരിലും നിങ്ങൾ കുറ്റം കണ്ടുപിടിക്കും. ഒന്നും ശരിയായിപ്പോകുന്നില്ല എന്നും ആശയറ്റതായും തോന്നും. നിങ്ങൾ നിങ്ങളുടെ സത്തയിലായിരിക്കുമ്പോൾ, തികച്ചും സംതൃപ്തരായിരിക്കുമ്പോൾ എല്ലാം മനോഹരമായി അനുഭവപ്പെടും.🌸
(2022 ഒക്ടോബർ 24 തിങ്കളാഴ്ച ദീപാവലി ദിനത്തിൽ മാതൃഭൂമി ദിനപത്രത്തിൽ വന്നത്.)
No comments:
Post a Comment