ഡോ:ഗോപാലകൃഷ്ണൻ സാർ നമ്മെവിട്ടു പിരിഞ്ഞ അന്നുമുതൽ വിചാരിക്കുന്നതാണ് ഒരു പോസ്റ്റിടണമെന്ന്.പക്ഷേ ഞാനെഴുതിയാൽ അത് പൂർണ്ണമാകില്ലെന്ന് അറിയാവുന്നതു കൊണ്ട് മറ്റാരെങ്കിലും എഴുതുമ്പോളിടാം എന്നു വിചാരിച്ചു. ഇന്നാണ് ഈ പോസ്റ്റ് കണ്ടത്.
ശങ്കുവക്കീൽ എഴുതിയ ഹൃദയസ്പർശിയായ ഈ പോസ്റ്റ് ഓരോരുത്തരും വായിക്കുക.
ഗോപാലകൃഷ്ണൻസാറിന്റെ വിയോഗം നമുക്കുണ്ടാക്കിയ നഷ്ടം എത്രയാണെന്ന് പറഞ്ഞറിയിക്കുക അസാധ്യം.
Sanku T Das ✍
"നിങ്ങൾ രണ്ട് കൈകളും ഇങ്ങനെ വിടർത്തി പിടിക്കുക. അപ്പോൾ നിങ്ങളുടെ മുന്നിൽ വരുന്ന ഒരു നൂറ്റെൺപത് ഡിഗ്രി ഉണ്ടല്ലോ. ആ നൂറ്റെൺപത് ഡിഗ്രിയിൽ ആധുനിക ശാസ്ത്രത്തിന്റെ സംഭാവനകൾ നിരത്തി വെച്ചിരിക്കുക ആണെന്ന് സങ്കൽപ്പിക്കുക. അങ്ങനെയെങ്കിൽ അപ്പോൾ നിങ്ങളുടെ പിന്നിലും ഒരു നൂറ്റെൺപത് ഡിഗ്രി വരുന്നുണ്ടല്ലോ. അത് ഭാരതത്തിന്റെ ശാസ്ത്രീയ പൈതൃകമാണെന്ന് മനസ്സിലാക്കുക. മുന്നിൽ കാണുന്നത് മാത്രമാണ് ആകെയുള്ള സത്യമെന്ന് നമ്മൾ ധരിച്ചു പോവരുത്. അതിനു പിന്നിൽ അതൊക്കെ സാധ്യമാക്കിയ നൂറ്റാണ്ടുകളുടെ അഗാധ ജ്ഞാനവും ആഴത്തിലുള്ള പഠനങ്ങളുമുണ്ട്. പരീക്ഷണ നിരീക്ഷണങ്ങളിൽ വിശ്വസിച്ച ഭാരതീയ ഋഷീശ്വരന്മാരുടെ വിജ്ഞാന തപസ്സുണ്ട്. ഇത് രണ്ടും ചേരുമ്പോൾ മാത്രമാണ് നമുക്ക് ശാസ്ത്രാവബോധത്തിന്റെ പൂർണ്ണ ചിത്രം കിട്ടുന്നത്. മുന്നൂറ്റി അറുപത് ഡിഗ്രിയുടെ ഒരു പൂർണ്ണ വൃത്തം."
എട്ടാം ക്ലാസ് മുറിയിൽ ലഞ്ച് ബ്രേക്കിന്റെ സമയത്ത് ഡെസ്ക്കിന് മുകളിൽ കയറിയിരുന്ന് കൈകൾ രണ്ട് വശത്തേക്കും വിടർത്തി പിടിച്ച് ആംഗ്യ വിക്ഷേപങ്ങളോടെ ഒരു പതിമൂന്ന് വയസ്സുകാരൻ പ്രഭാഷണം നടത്തുകയാണ്.
അവനു ചുറ്റും ചോറുണ്ണാൻ പോലും മറന്ന് ക്ലാസ്സിലെ ആൺകുട്ടികളും പെൺകുട്ടികളും മുഴുവൻ കൗതുകത്തോടെ കാത് കൂർപ്പിച്ചിരിക്കുന്നു.
നാസയുടെ ന്യൂറോ ലിംഗ്വിസ്റ്റിക്സ് പ്രോഗ്രാം, കിർലിയൻ ഫോട്ടോഗ്രഫി, ഭരധ്വാജ മഹർഷിയുടെ വൈമാനിക ശാസ്ത്രം, ഗായത്രീ മന്ത്രത്തിന്റെ എനർജി ഫീൽഡ്.
അവരുടെ കുഞ്ഞു തലച്ചോറുകൾക്ക് അന്നോളം അപരിചിതമായിരുന്ന ഒരുപാട് വാക്കുകളും വിവരങ്ങളും ആ വട്ടത്തിനുള്ളിലേക്ക് വന്നു വീണു കൊണ്ടേയിരുന്നു.
എന്നാൽ അതവരെ ഒട്ടും മുഷിപ്പിച്ചില്ല.
പകരം കൂടുതൽ ആവേശഭരിതരാക്കി.
ലഞ്ച് ബ്രേക്ക് കഴിഞ്ഞു അടുത്ത ക്ലാസ് തുടങ്ങാനുള്ള ബെൽ അടിച്ചപ്പോൾ എല്ലാവരിൽ നിന്നും ഒരേ സമയം ശ്ശോ.. എന്നൊരു സങ്കട ശബ്ദമുയർന്നു.
പ്രഭാഷണം മുഴുവൻ കേൾക്കാൻ പറ്റാത്ത നിരാശയിൽ ഇരിപ്പിടങ്ങളിലേക്ക് മടങ്ങും മുൻപ് ബാക്കി നാളെ ഉച്ചക്ക് പറയണേയെന്ന് അവരൊക്കെ അവനോട് ശട്ടം കെട്ടി.
പിറ്റേന്ന് ലഞ്ച് ബ്രേക്കിനുള്ള ബെൽ അടിച്ചതും എല്ലാവരും ഓടി പോയി കൈ കഴുകി വന്നു വേഗത്തിൽ ഊണ് കഴിച്ചു തീർത്തു പെട്ടെന്ന് പാത്രം മോറി ബാഗിൽ വെച്ച് തലേന്നത്തെ ഡെസ്കിനു ചുറ്റുമായി ഇരിപ്പിടം പിടിച്ചു.
കഴിച്ചു തീർക്കാൻ വൈകുന്ന കൂട്ടുകാരോട് വേഗം വാ, ഇപ്പോൾ തുടങ്ങും എന്നവർ കലഹിച്ചു തിരക്ക് കൂട്ടി.
തന്നെ കേൾക്കാൻ അക്ഷമരായിരിക്കുന്ന ആ കുട്ടിക്കൂട്ടത്തിനിടയിലേക്ക് യാതൊരു തിരക്കുമില്ലാതെ അതി സാവധാനത്തിൽ ഊണ് കഴിച്ചു കയ്യും മുഖവുമൊക്കെ വിശദമായി കഴുകി തെല്ല് ഗൗരവത്തോടെയും പ്രസിദ്ധനായ ഒരു പ്രഭാഷകന്റെ ഭാവഹാവാദികളോടെയും ആ പതിമൂന്നുകാരൻ മെല്ലെ കയറി വന്നു ഡെസ്കിന് മേലെ ഇരിപ്പുറപ്പിച്ചു.
തന്റെ ശൈലി കണ്ടെത്തിയ പ്രാസംഗികന്റെ പരിചയ സമ്പന്നതയോടെ അവൻ രണ്ട് കൈകളും ഇരുവശത്തേക്കും നീട്ടി പിടിച്ചു പറഞ്ഞു തുടങ്ങി.
"നിങ്ങൾ രണ്ട് കൈകളും ഇങ്ങനെ വിടർത്തി പിടിക്കുക. അപ്പോൾ.."
അതൊരു തുടക്കമായിരുന്നു.
വലിയൊരു മാറ്റത്തിന്റെ തുടക്കം.
അന്നോളം ഒരു പ്രതിഭയും ഉണ്ടെന്ന് ഒരാളിലും സംശയം ജനിപ്പിക്കാത്ത, എല്ലാവരോടും വഴക്കിട്ടും അടിപിടിയുണ്ടാക്കിയും ബഹളം വെച്ചും വെകിളിയായി നടന്നിരുന്ന, സ്കൂളിലെ സ്ഥിരം പ്രശ്നക്കാരനായി ടീച്ചർമാരൊക്കെ ഒരുപോലെ ഗണിച്ചിരുന്ന ഒരു വെട്ടിക്കീറി വികൃതി ചെക്കൻ പെട്ടെന്നതാ ക്ലാസ് മുഴുവൻ ആദരവോടെ ഉറ്റുനോക്കുന്ന ഒരു വിജ്ഞാനിയായി രൂപാന്തരപ്പെടുകയായിരുന്നു.
അവനിത്ര കാര്യഗൗരവത്തോടെ ഇത്രയും വലിയ സംഗതികൾ ഇത്ര അടുക്കിലും ചിട്ടയിലും പറഞ്ഞു ഫലിപ്പിക്കാനാവും എന്നത് അവന്റെ സഹപാഠികൾക്ക് പോലും ഒരു പുതിയ അറിവും അനുഭവവും അത് പോലെ അത്ഭുതവുമായിരുന്നു.
ഒരു പ്രഭാഷകൻ ജനിക്കുകയായിരുന്നവിടെ.
ആദ്യമായി കിട്ടിയ അംഗീകാരം അവന്റെ അവനവനോടുള്ള കാഴ്ചപ്പാടിനെ തന്നെ മാറ്റി മറിച്ചു കളഞ്ഞു.
കൂടുതൽ ആദരം നേടാനും അതിനായി കൂടുതൽ അറിവ് നേടാനും ആ അനുമോദനങ്ങളവനെ ആദ്യമായി പ്രചോദിപ്പിച്ചു.
തന്റെ കേൾവിക്കാരുടെ കണ്ണിലെ ആരാധനയുടെയുള്ള തിളക്കം അവന് അന്നോളമില്ലാത്ത ആത്മവിശ്വാസം നൽകി.
പിന്നീടുള്ള ഓരോ ദിവസവും ഓരോ പുതിയ വിഷയങ്ങളുമായി വന്നവൻ ക്ലാസ്സിന്റെ ഉച്ചയിടവേളകളെ വിജ്ഞാന സദസ്സുകളാക്കി.
വെകിളി വിദ്വാനായി മാറിയ കൗതുക കഥ വൈകാതെ കുട്ടികളിൽ നിന്ന് ക്ലാസ് ടീച്ചറും പിന്നെ സ്റ്റാഫ് റൂമും അറിഞ്ഞു.
അവിടെയും അവന് രണ്ട് കൈകളും വിടർത്തി നിന്ന് തന്റെ പ്രസംഗ പാടവം തെളിയിക്കാൻ അവസരം കിട്ടി.
അക്കൊല്ലം എല്ലാവരും നിർബന്ധിച്ച് അവൻ സ്കൂൾ കലോത്സവത്തിന് പ്രസംഗ മത്സരത്തിൽ പങ്കെടുക്കാൻ പേര് കൊടുത്തു.
തന്റെ ആവർത്തിച്ചുറപ്പിച്ച ശൈലിയിൽ യാതൊരു സഭാകമ്പവുമില്ലാതെ പ്രസംഗിച്ച് അവൻ അവിടെ മാത്രമല്ല, അതിനു ശേഷം നടന്ന അനവധി സി.ബി.എസ്.ഇ കലോത്സവങ്ങളിലും സമ്മാനം നേടി.
അന്നത്തെയാ പതിമൂന്നുകാരൻ ഇരുപത് വർഷങ്ങൾക്കിപ്പുറമിന്നും എത്രയോ വേദികളിൽ നിരന്തരമായി പ്രസംഗിച്ചു കൊണ്ടിരിക്കുകയാണ്.
പ്രഭാഷണത്തിന്റെ ഉച്ചസ്‌ഥായികളിൽ ഇപ്പോഴുമവൻ സ്വയമറിയാതെ തന്റെ രണ്ട് കൈകളും ഇരുവശത്തേക്കും വിടർത്തി പിടിക്കാറുണ്ടത്രേ.
ക്ഷമിക്കണം. പക്ഷെ ഇതവന്റെ കഥയല്ല.
അവൻ പോലുമറിയാതെ അവനെയങ്ങനെ മാറ്റി മറിച്ച മറ്റൊരു മനുഷ്യന്റെ കഥയാണ്.
എന്തെന്നാൽ ക്ലാസ്സിലെ ഡെസ്കിന് മുകളിലിരുന്ന് കൂട്ടുകാരെ നോക്കി അവൻ ആദ്യമായി കൈ വിടർത്തി പ്രസംഗിച്ചപ്പോൾ അവന് മുന്നിലെ നൂറ്റിയെൺപത് ഡിഗ്രിയിൽ കാണികളായ കുറേ കുട്ടികൾ മാത്രമല്ല ഉണ്ടായിരുന്നത്.
അവന്റെ പിന്നിലെ നൂറ്റിയെൺപത് ഡിഗ്രിയിൽ അവരോടങ്ങനെ സംസാരിക്കാൻ അവനെ പ്രാപ്തനാക്കിയ ഒരു ഗുരുനാഥന്റെ ജ്ഞാന വാണിയുമുണ്ടായിരുന്നു.
അദ്ദേഹത്തിൽ നിന്ന് കിട്ടിയ അറിവുകളാണ് അവൻ സ്വന്തം പോലെ അവിടെ വിളമ്പിയിരുന്നത്.
അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളാണ് അവൻ കേട്ട് മനഃപാഠമാക്കി വള്ളി പുള്ളി തെറ്റാതെ ഉരുക്കഴിച്ചിരുന്നത്.
അദ്ദേഹം കൂടി ചേരുമ്പോൾ മാത്രമാണ് അവന്റെ പരിണാമ കഥ പൂർണ്ണമാകുന്നത്.
അദ്ദേഹം തന്നെ പറഞ്ഞത് പോലെ, മുന്നൂറ്റി അറുപത് ഡിഗ്രിയുടെ ഒരു പൂർണ്ണ വൃത്തം.
ആ കഥ അറിയുന്നത് കൊണ്ടാവാം, അവന്റെ പ്രസംഗം ആദ്യമായി കേട്ട ക്ലാസ് മുഴുവൻ വിസ്മയിച്ചപ്പോഴും അതേ ക്ലാസ്സിൽ പഠിച്ചിരുന്ന അവന്റെ ഏട്ടന് മാത്രം ഒരു ഞെട്ടലും ഉണ്ടാവാതിരുന്നത്.
കാരണം ആ പ്രസംഗം അവൻ മുൻപേ കേട്ടതായിരുന്നു.
കേൾവിക്കാരന്റെ മനസ്സിലേക്ക് തറച്ചിറങ്ങി ആഴത്തിൽ പതിയാൻ ശേഷിയുള്ള ആ പ്രഭാഷണത്തിലെ ഓരോ വാക്കും വരിയും അവനും ഹൃദിസ്ഥമായിരുന്നു.
ദൂരെ യാത്രകൾക്ക് പോവാൻ അച്ഛൻ പതിവായി വാടകയ്ക്ക് വിളിക്കുന്ന ഹരിദാസേട്ടന്റെ ടാക്സിയിൽ വെച്ചിരുന്ന സി.ഡിയിലെ പ്രഭാഷണം ആയിരുന്നത്.
ഏത് വിഷയത്തെ കുറിച്ചും അഗാധമായ അറിവുള്ള അച്ഛനായിരുന്നു അവരുടെ ആദ്യ ഗുരു.
ദൂരയോട്ടങ്ങൾക്ക് വെളുത്ത അംബാസിഡർ കാറുമായി വരുന്ന ബിജെപി അനുഭാവിയായ ഹരിദാസേട്ടന്റെ ചോദ്യങ്ങൾക്ക് ഉപനിഷദ് സംവാദങ്ങളുടെ ശൈലിയിലുള്ള അച്ഛന്റെ ഉത്തരങ്ങൾ അവരുടെ ആദ്യ രാഷ്ട്രീയ വിദ്യാഭ്യാസവും.
സംസ്ഥാനത്തും രാജ്യത്തും നടക്കുന്ന സകലമാന രാഷ്ട്രീയ സംഭവ വികാസങ്ങളെയും പറ്റി ഹരിദാസേട്ടൻ ചോദ്യങ്ങൾ ചോദിച്ചു.
തനിക്ക് മാത്രം സ്വന്തമായിരുന്ന അപാര ഉൾക്കാഴ്ചയിൽ നിന്ന് അച്ഛൻ അവയ്ക്കോരോന്നിനും മറുപടി പറഞ്ഞു.
മുതിർന്നവരുടെ ഭാണ്ഡത്തിൽ നിന്ന് വീണു പോവുന്ന മുത്തുകൾ ചാടി പിടിക്കുന്ന കയ്യടക്കത്തോടെ കുട്ടികൾ അവർക്ക് പാകമായ വിവരങ്ങൾ അതിൽ നിന്ന് പിടിച്ചെടുത്തു കീശയിലാക്കി.
യാത്രയവസാനിക്കരുതേ എന്ന പ്രാർത്ഥനയോടെ അവർ എത്താനുള്ള ദൂരം മനസ്സിൽ പെരുക്കി വലുതാക്കി.
അങ്ങനെ ചർച്ചകൾ കൊഴുപ്പിച്ചിരുന്ന ടാക്സിയാത്രകൾ ശ്രദ്ധാപൂർവ്വമുള്ള ശ്രവണത്തിന് വഴി മാറുന്നത് രണ്ടായിരത്തി മൂന്നോടെയാണ്.
അക്കൊല്ലമാണ് ഹരിദാസേട്ടൻ ടാക്സിയിൽ സി.ഡി പ്ലേയർ പിടിപ്പിച്ചതെന്ന് തോന്നുന്നു.
എന്നാൽ പാട്ടും മിമിക്രിയുമൊന്നുമല്ല ഹരിദാസേട്ടന്റെ കാറിൽ വെച്ചിരുന്നത്.
ധാർമ്മിക വിഷയങ്ങളിലുള്ള പണ്ഡിതരുടെ പ്രഭാഷണങ്ങളായിരുന്നു.
അങ്ങനെയൊരു യാത്രയിലാണ് ആദ്യമായി ആ പ്രഭാഷണം അവർ കേൾക്കുന്നത്.
തുടങ്ങിയാൽ അവസാനിപ്പിച്ചല്ലാതെ ഇരിപ്പിടത്തിൽ നിന്നെഴുന്നേൽക്കാൻ ആരെയും അനുവദിക്കാത്ത വിധം കാന്തികാകർഷണമുള്ള ആ മന്ത്രശബ്ദം.
സംസ്‌കൃത ശ്ലോകങ്ങളും ഇംഗ്ലീഷ് വാക്കുകളും അനായാസമായി കോർത്തിണക്കി കൊണ്ട് നല്ല മലയാളത്തിൽ അറിവിന്റെ അണക്കെട്ട് തുറന്നൊഴുകിയ ജ്ഞാന ഗംഗ.
രണ്ട് മണിക്കൂർ അങ്ങോട്ടും രണ്ട് മണിക്കൂർ ഇങ്ങോട്ടുമുള്ള യാത്രയിൽ ഇടവേളയില്ലാതെ രണ്ട് മുഴു പ്രഭാഷണങ്ങൾ.
ഒരു പെരുമഴ നനയുന്നത് പോലെ അവരിരുന്നു.
ആ മഴ തോർന്നപ്പോൾ അവർ പഴയവരായിരുന്നില്ല.
സി.ഡിയുടെ പുറംചട്ടയിൽ ആ പ്രഭാഷകന്റെ ചിത്രവും പേരുമുണ്ടായിരുന്നു.
ആ പേരായിരുന്നു അവന്റെ അത്ഭുത പരിവർത്തനത്തിന്റെ മൂല മന്ത്രം.
കാട്ടാളനെ കവിയാക്കിയ പുണ്യ നാമം രാമൻ എന്നാണെങ്കിൽ,
നമ്മുടെ വെകിളിയെ വിദ്വാനാക്കിയ ആ സുകൃതിയുടെ നാമം കൃഷ്ണൻ എന്നായിരുന്നു.
ഡോക്ടർ എൻ. ഗോപാലകൃഷ്ണൻ.
അജ്ഞതയിലും അപകർഷതയിലും ആണ്ട് കിടന്നിരുന്ന മലയാളി ഹിന്ദുവിന്റെ പ്രജ്ഞക്ക് മേൽ വിചാരത്തിന്റെ വെള്ളിടി പോലെ ആഞ്ഞു വെട്ടിയ അഭിമാനബോധമായിരുന്നു അദ്ദേഹം.
ആ ഇടിമിന്നലിന്റെ വെളിച്ചത്തിലാണ് ഇവിടെയൊരു പുതുതലമുറ ആവേശത്തോടെ തങ്ങളുടെ നഷ്ട പൈതൃകത്തെ അന്വേഷിച്ചിറങ്ങിയതും ആഞ്ഞു പുൽകിയതും.
കൗൺസിൽ ഫോർ സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് എന്ന ഗവേഷണ സ്ഥാപനത്തിൽ സീനിയർ സയന്റിസ്റ്റ് എന്ന പദവിയിൽ ഇരുപത്തഞ്ചു വർഷത്തോളം സേവനമനുഷ്ടിച്ച ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം.
ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രിയിലും അപ്ലൈഡ് കെമിസ്ട്രിയിലുമായി രണ്ട് എം.എസ്.സികളും ഇൻഡസ്ട്രിയൽ സോഷ്യോളജിയിൽ എം.എയും പ്ലാന്റ് ബയോ കെമിസ്ട്രിയിൽ പി.എച്ച്.ഡിയും സംസ്കൃതത്തിൽ ഡി.ലിറ്റുമുള്ള ബഹു വിഷയ പണ്ഡിതനായിരുന്നു.
ദേശീയ അന്തർദേശീയ ജേർണലുകളിൽ അമ്പതോളം റിസർച് പേപ്പറുകളും ഇരുന്നൂറോളം പോപ്പുലർ ലേഖനങ്ങളും പ്രസിദ്ധീകരിച്ച ഗവേഷകനായിരുന്നു.
കാനഡയിലെ യൂണിവേഴ്‌സിറ്റി ഒരു ആൽബർട്ട മുതൽ തിരുപ്പതിയിലെ നാഷണൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റി വരെയുള്ള നിരവധി സർവകലാശാലകളിൽ വിസിറ്റിങ് സയന്റിസ്റ്റും പ്രൊഫസറും ആയിരുന്നു.
ശാസ്ത്ര ഗവേഷണത്തിന് ആറ് അന്തർദേശീയ പുരസ്‌കാരങ്ങളും ശാസ്ത്ര പ്രചാരണത്തിന് ഒമ്പത് അന്തർദേശീയ അവാർഡുകളും രണ്ട് ഇന്റർനാഷണൽ ഫെലോഷിപ്പുകളും നേടിയിരുന്ന അദ്ദേഹത്തിന്റെ പേരിൽ ആറ് പേറ്റന്റുകൾ സ്വന്തമായുണ്ടായിരുന്നു.
നൂറിലേറെ പുസ്തകങ്ങളുടെ രചയിതാവും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജിന്റെ സ്ഥാപകനുമായിരുന്നു.
എന്നാൽ ഈ പകിട്ടുകളെല്ലാം മാറ്റി വെച്ച് അദ്ദേഹമൊരു സനാതന ധർമ്മ പ്രചാരകനായി ആദ്ധ്യാത്മിക പ്രഭാഷണ വേദികളിൽ എത്തിയപ്പോൾ അവിടെയൊരു വലിയ വിപ്ലവത്തിന് തിരി കൊളുത്തപ്പെടുകയായിരുന്നു.
ശാസ്ത്രവും സാങ്കേതിക വിദ്യകളുമെല്ലാം നാസ്തികരുടെ കുത്തകയും പുരാണ കഥകളും സംസ്‌കൃത ശ്ലോകങ്ങളും മാത്രം വിശ്വാസികളുടെ നീക്കിയിരിപ്പും എന്ന പൊതുബോധത്തെ തന്നെ അദ്ദേഹം തകർത്തു കളയുകയായിരുന്നു.
ഭാരതത്തിന്റെ ശാസ്ത്രീയ പാരമ്പര്യത്തെ പറ്റിയും അത് ആധുനിക കാലത്തിന്റെ സാങ്കേതിക വിദ്യകളിൽ പോലും ചെലുത്തിയ സ്വാധീനത്തെ പറ്റിയും അദ്ദേഹം വാചാലനായി.
യുക്തിവാദികൾക്ക് പോലും അന്യമായിരുന്ന ശാസ്ത്രീയ പദസഞ്ചയങ്ങൾ ഉപയോഗിച്ച് വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും പിന്നിലുള്ള ശാസ്ത്ര ദൃഷ്ടിയും യുക്തിയും വിശദീകരിച്ചു.
പൗരാണികതയും ആധുനികതയും വിപരീത ഗതികൾ അല്ലെന്നും അവയൊരേ സഞ്ചാര ഗതിയിലെ തുടർകണ്ണികൾ ആണെന്നും ആധികാരികമായി സമർത്ഥിച്ചു.
വേദവും വർത്തമാനവും തമ്മിലുള്ള പാരസ്പര്യം അനിതര സാധാരണമായ വിഷയാവഗാഹം കൊണ്ട് അതിസുന്ദരമായി വരച്ചു കാണിച്ചു.
അങ്ങനെ ഡാർവിനും ഓപ്പൺഹെമറും ആത്മീയ സദസ്സുകളിലേക്ക് വിരുന്ന് വന്നു.
ബിഗ് ബാങ്ങും പോയിന്റ് ഓഫ് സിംഗുലാറിറ്റിയും ബ്രഹ്മനും പ്രണവ ശബ്ദവുമെല്ലാം ഒരേ വാചകത്തിലെ പരസ്പര പൂരകങ്ങളായ പദങ്ങളായി.
ഭാരതത്തിന്റെ ആത്മീയത ഒരു കാലത്തും ശാസ്ത്ര നിരാസമായിരുന്നില്ലെന്ന ബോധ്യം പൊതുമധ്യത്തിൽ സ്ഥാപിക്കപ്പെട്ടു.
ആദ്ധ്യാത്മികവാദിയെന്നാൽ ശാസ്ത്ര വിരുദ്ധനായിരിക്കുമെന്ന ധാരണയുടെ തന്നെ കടപ്പുഴക്കപ്പെട്ടു.
അതുണ്ടാക്കിയ ആവേശം ചെറുതായിരുന്നില്ല.
പിന്തിരിപ്പനായി മുദ്രകുത്തപ്പെടുമെന്ന അപമാനഭീതിയാൽ സ്വന്തം വിശ്വാസം തുറന്നു പറയാൻ മടിച്ചിരുന്ന ഒരു വലിയ സമൂഹം അഭിമാനപൂർവ്വം തങ്ങളുടെ ആസ്തിക്യം പരസ്യമായി എടുത്തണിയാൻ തുടങ്ങി.
അന്നോളമില്ലാത്ത സ്വയം മതിപ്പോടെ പുതിയ തലമുറ തങ്ങളുടെ അസ്തിത്വം പ്രഘോഷിക്കാൻ തുടങ്ങി.
അന്വേഷിക്കാനും അറിയാനും അറിയിക്കാനും അത് ആഘോഷിക്കാനുമുള്ളൊരു അഭൂതപൂർവ്വമായ ആവേശം സമാജത്തിലാകെ പടർന്നു പിടിച്ചു.
മന്ത്രങ്ങൾക്കും സൂക്തങ്ങൾക്കും പ്രാർത്ഥനകൾക്കും ക്ഷേത്ര ദർശനത്തിനു പോലും പുതിയ മാനങ്ങളും ഗരിമയും വന്നു ചേർന്നു.
ഇടതുപക്ഷത്തിന്റെ വേദികളിൽ പോലും സംസ്‌കൃത ശ്ലോകങ്ങൾ ഉദ്ധരിക്കപ്പെട്ടു.
സനാതന ധർമ്മം എന്ന ജീവിത പദ്ധതിക്ക് തന്നെ പുരോഗമന സമൂഹത്തിൽ സ്വീകാര്യതയും ബഹുമാന്യതയും വന്ന കാലമായിരുന്നത്.
ഏത് വൈദേശിക സിദ്ധാന്തത്തെയും കവച്ചു വെയ്ക്കാൻ പോന്നൊരു സുസ്ഥിര സിദ്ധാന്ത പക്ഷമായി സ്വയം ഭാരതീയ വിചാരധാര കേരളീയ സമൂഹത്തിൽ കസേര വലിച്ചിട്ടിരുന്ന കാലവും.
ആ ആവേശത്തിന് ആക്കം കൂട്ടി കൊണ്ട് ഡോ. ഗോപാലകൃഷ്ണൻ വേദികളിൽ നിന്ന് വേദികളിലേക്ക് പറന്നു പ്രസംഗിച്ചു കൊണ്ടേയിരുന്നു.
ഏതാണ്ട് ആറായിരത്തോളം പ്രഭാഷണങ്ങൾ.
ഹൈന്ദവാഭിമാനത്തിന്റെ അടിത്തറയുറപ്പിച്ച ആറായിരം ആണിക്കല്ലുകൾ.
അമ്പല പറമ്പുകളിലും വിശ്വാസി ഭവനങ്ങളിലും ഭക്തി ഗാനങ്ങൾക്ക് പകരം ആ പ്രഭാഷണങ്ങൾ ഉയർന്നു കേട്ടു തുടങ്ങി.
മൂന്ന് രൂപക്കും അഞ്ച് രൂപക്കും IISH വിതരണം ചെയ്തിരുന്ന അദ്ദേഹത്തിന്റെ പുസ്തകങ്ങൾ പൈതൃക വിജ്ഞാന ദാഹികളുടെ ഷെൽഫുകൾ നിറച്ചു.
ഭഗീരഥ പ്രയത്നത്തിനൊടുവിൽ ഭൂമിയിലെത്തിയ ദേവഗംഗയെ പോലെ ആ സ്ഥിരോത്സാഹിയുടെ നിരന്തര സാധന കൊണ്ട് വേദോപനിഷത്തുക്കളും പുരാണേതിഹാസങ്ങളും ഗീതയും ബ്രഹ്മസൂത്രവുമെല്ലാം പണ്ഡിത സദസ്സുകളിൽ നിന്ന് സരള തത്വങ്ങളായി സാധാരണക്കാരന്റെ ജീവിതത്തിലെത്തി.
ഒരു വിചാര വിപ്ലവം തന്നെയായിരുന്നത്.
അക്ഷരാർത്ഥത്തിൽ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കേരള ഹിന്ദു നവോദയം.
തിരിഞ്ഞു നോക്കുമ്പോൾ ഡോ. ഗോപാലകൃഷ്ണൻ അന്ന് സൃഷ്‌ടിച്ച ആവേശമാണ് ഒരുപക്ഷെ കേരളത്തിൽ ഇന്ന് കാണുന്ന ഹൈന്ദവ ജാഗരണത്തിന് പിന്നിലെ പോലും വലിയൊരു സ്വാധീനമായത് എന്ന് തോന്നുന്നുണ്ട്.
ഇന്ന് നാം കാണുന്ന യുവാക്കളായ മുഴുവൻ ഹൈന്ദവ സമാജ പ്രവർത്തകരും അക്കാലത്ത് ഡോ. ഗോപാലകൃഷ്ണനാൽ പ്രചോദിതർ ആയവരാണെന്ന് ഉറപ്പുമുണ്ട്.
ആദ്യമായി അദ്ദേഹത്തെ നേരിൽ കാണുന്നത് തിരുവനന്തപുരത്ത് വെച്ച് നടന്ന അമൃത ടി.വിയുടെ അയ്യപ്പ ദർശനം എന്ന ചർച്ചാ പരിപാടിയുടെ ഷൂട്ടിങ് സ്റ്റുഡിയോയിൽ വെച്ചാണ്.
മുപ്പത് വർഷത്തോളമായി സംവാദ വേദികളിൽ സജീവ സാന്നിധ്യമായ അദ്ദേഹത്തെ പോലൊരാളിന് ഏതാനും മാസങ്ങൾക്കു മുൻപ് മാത്രം ടി.വി ക്യാമറകൾക്ക് മുന്നിൽ മുഖം കാണിച്ചു തുടങ്ങിയ ഒരു ഇളമുറക്കാരനോട് പരിചയം ഭാവിക്കേണ്ട യാതൊരു ആവശ്യമുണ്ടായിരുന്നില്ല.
എന്നിട്ടും ഇടവേള സമയത്ത് സ്വന്തം മൊബൈൽ ഫോണിൽ വീഡിയോ ഓൺ ആക്കി നന്മുടെ യൂട്യൂബ് ചാനലിൽ കൊടുക്കാൻ ശബരിമല കേസിലെ റിവ്യൂ ഹർജികളുടെ നിയമപരമായ സാധ്യതയെ പറ്റി ഒരു അഞ്ചു മിനിറ്റുള്ള ബൈറ്റ് തരാമോ എന്ന് ചോദിച്ച് അദ്ദേഹം അടുത്തേക്ക് വന്നപ്പോൾ സത്യത്തിൽ അതിശയിച്ചു പോയി.
സാറിനെ കാണാൻ പതിനൊന്ന് കൊല്ലം മുൻപ് പതിനേഴാം വയസ്സിൽ പൊന്നാനിയിലെ വീട്ടിൽ നിന്ന് ഗുരുവായൂർക്ക് മുപ്പത് കിലോമീറ്റർ ബസ് പിടിച്ചു പോയ കഥ പറഞ്ഞു കേൾപ്പിച്ച് കാലിൽ തൊട്ടു.
ആ വീഡിയോ ചാനലിൽ അപ്ലോഡ് ചെയ്തപ്പോൾ അതിന്റെ തുടക്കത്തിലും അവസാനത്തിലും വളരെ നല്ല വാക്കുകൾ അദ്ദേഹം എന്നെ പറ്റി പറഞ്ഞിരുന്നു.
ആ വീഡിയോ കാണിച്ചപ്പോൾ ഇതൊന്നും കാണാൻ അച്ഛനില്ലാതെ പോയല്ലോ എന്ന് വിഷമിക്കുകയാണ് അമ്മ ചെയ്തത്.
അവസാനമായി തമ്മിൽ കണ്ടു സംസാരിച്ചത് ഈ വർഷം മള്ളിയൂരിൽ നടന്ന പ്രഭാഷണ പരമ്പരയുടെ വേദിയിൽ വെച്ചായിരുന്നു.
ഒരേ ദിവസമായിരുന്നു ഞങ്ങളുടെ പ്രഭാഷണങ്ങൾ.
എനിക്ക് ശേഷമുള്ള സെഷൻ ആയിരുന്നു സാറിന്റേത്.
നേരത്തെ എത്തിയ അദ്ദേഹം സദസ്സിലിരുന്ന് എന്റെ പ്രഭാഷണം മുഴുവൻ കേട്ടു.
കഴിഞ്ഞപ്പോൾ അടുത്ത് വന്ന് ഏറെ നല്ല വാക്കുകൾ പറഞ്ഞു അഭിനന്ദിച്ചു.
എന്റെ ആരോഗ്യ സ്ഥിതിയെ പറ്റി ഉത്കണ്ഠയോടെ ആരായുകയും ആയുരാരോഗ്യങ്ങളുണ്ടാവട്ടെ എന്ന് അനുഗ്രഹിക്കുകയും ചെയ്തു.
ശേഷമദ്ദേഹം സ്വന്തം പ്രഭാഷണം തുടങ്ങിയത് ഇദ്ദേഹത്തിന്റെ പ്രഭാഷണം കഴിഞ്ഞ വേദിയിൽ പിന്നീടൊരാൾക്ക് എന്തെങ്കിലും കൂടി പറയുക പ്രയാസമാണ് എന്ന് പറഞ്ഞു കൊണ്ടായിരുന്നു.
ഇത് കേൾക്കാൻ അച്ഛനില്ലാതെ പോയല്ലോ എന്നപ്പോൾ എനിക്കും വിഷമം തോന്നി.
ആക്സിഡന്റ് പറ്റി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുമ്പോൾ എനിക്ക് വേണ്ടി പ്രാർത്ഥിച്ചും എന്റെ ആരോഗ്യ സ്ഥിതിയിലുള്ള ആശങ്ക പങ്കുവെച്ചും പിന്നീടുണ്ടായ പുരോഗതിയിൽ ആശ്വാസം അറിയിച്ചുമൊക്കെ അദ്ദേഹം ധാരാളം വീഡിയോകൾ ചെയ്തിരുന്നു.
എന്നാൽ അദ്ദേഹം മരണപ്പെട്ട ദിവസം രാത്രി മാത്രമാണ് ഞാനവയൊക്കെ കാണുന്നത്.
അദ്ദേഹത്തിന്റെ മരണ വാർത്ത അറിഞ്ഞ ദുഃഖത്തിൽ അദ്ദേഹത്തിന്റെ പഴയ പ്രഭാഷണങ്ങൾ തിരഞ്ഞു കൊണ്ടിരിക്കുമ്പോൾ ആകസ്മികമായി കണ്ണിൽ പെട്ടതാണ്.
സത്യത്തിൽ അവ കണ്ടപ്പോൾ, അദ്ദേഹത്തിന്റെ ആധിയും ഉദ്വേഗവുമൊക്കെ അനുഭവിച്ചറിഞ്ഞപ്പോൾ എന്തോ, എനിക്ക് ആക്സിഡന്റ് പറ്റിയപ്പോൾ അതൊന്നും കാണാൻ അച്ഛൻ ഉണ്ടായില്ലല്ലോ എന്നൊരു ആശ്വാസമാണ് എന്റെ മനസ്സിൽ വന്നത്.
പിറ്റേന്ന് രാവിലെ പിതൃക്കൾക്ക് തർപ്പണം ചെയ്യുമ്പോൾ ഒരു കൈകുമ്പിൾ വെള്ളം ഗോപാലകൃഷ്ണൻ സാർ എന്ന് ചൊല്ലിയും വലത്തോട്ടൊഴുക്കി.
അന്ന് വൈകുന്നേരം ചെങ്ങന്നൂരിനടുത്ത് ആല എന്ന സ്ഥലത്ത് നടക്കുന്ന ഹിന്ദു മത പരിഷത്തിൽ സംസാരിക്കാനുണ്ടായിരുന്നു.
കുറച്ചു നേരത്തെ ഇറങ്ങാം, തൃപ്പുണിത്തുറ വഴി പോകാം, പറ്റിയാൽ സാറിനെ അവസാനമായിട്ടൊന്ന് കാണാം എന്ന് ഷാജിയേട്ടനോട് പറഞ്ഞു.
പോവുന്ന വഴിക്ക് വത്സേട്ടനെ വിളിച്ചു സാറിന്റെ വീട്ടിലേക്കുള്ള വഴി മനസ്സിലാക്കി.
അവിടെ എത്തിയപ്പോഴേക്കും മൃതദേഹം സംസ്കാരത്തിനായി ശ്മശാനത്തിലേക്ക് എടുത്തിരുന്നു.
ഇപ്പൊ കൊണ്ട് പോയിട്ടേ ഉള്ളൂ, വേഗം അങ്ങോട്ട് പൊയ്ക്കോളൂ, ഭാഗ്യമുണ്ടെങ്കിൽ ഒരു നോക്ക് കാണാം എന്നവിടെ കൂടി നിന്ന ചിലർ പറഞ്ഞു.
പൊയ്ക്കോളൂ, കാണാൻ പറ്റും എന്നാരോ എന്റെ ഉള്ളിലിരുന്ന് ഉറപ്പ് പറയുന്നുണ്ടായിരുന്നു.
അയാൾ പറഞ്ഞേൽപ്പിച്ചിട്ട് തന്നെയാവും, വഴി കാണിച്ചു തരാം, തനിയെ പോയാൽ ചിലപ്പോൾ തെറ്റും എന്ന് പറഞ്ഞൊരാൾ അവിടെ നിന്ന് ഞങ്ങളുടെ കൂടെ കയറി.
ഞങ്ങൾ എത്തിയപ്പോൾ മൃതദേഹം ചിതയിലേക്ക് എടുത്തു വെച്ച് കഴിഞ്ഞിരുന്നു.
പക്ഷെ ചൂള മൂടിയിരുന്നില്ല.
ഇനിയാരെങ്കിലുമുണ്ടോ എന്നവർ ചോദിക്കുന്നുണ്ടായിരുന്നു.
അന്തിമോപചാരം അർപ്പിക്കാനുള്ള അവസാനത്തെ ആളായി ഞാൻ അടുത്തേക്ക് ചെന്ന് നിന്ന് ആ കാലിൽ തൊട്ട് നമസ്കരിച്ചു.
സദാശിവ സമാരംഭം
ശങ്കരാചാര്യ മധ്യമാം
അസ്മദാചാര്യ പര്യന്താം
വന്ദേ ഗുരു പരമ്പരാം
നാരായണ നാമം ജപിച്ചു ഞാൻ പുറകോട്ട് നിന്നപ്പോൾ ചൂള മൂടി.
അവസാന സ്പർശാനുഭൂതിയെ കണ്ണിൽ തൊട്ട് ഞാൻ ഉള്ളിലേക്കെടുക്കുമ്പോഴേക്കും അഗ്നിയാ ദേഹത്തെ കയ്യേറ്റു കഴിഞ്ഞിരുന്നു.
ആ നിമിഷത്തിൽ ഞാനാ പഴയ ചിത്രത്തെ തിരിച്ചു കണ്ടു.
എന്റെ പിന്നിലെ നൂറ്റെൺപത് ഡിഗ്രിയിൽ അടുത്ത പ്രഭാഷണ വേദിയിലേക്ക് എന്നെ കൂട്ടി കൊണ്ട് പോവാൻ കാത്തു നിൽക്കുന്ന ആളുകൾ.
എന്റെ മുന്നിലെ നൂറ്റെൺപത് ഡിഗ്രിയിൽ ആദ്യ പ്രഭാഷണത്തിനുള്ള അറിവും ആശയവും തന്ന ജ്വാലാമുഖികളായ ഗുരുപരമ്പര.
അവയ്ക്കിടയിൽ കാലാതിവർത്തിയായ സനാതന സത്യങ്ങൾക്ക് തലമുറകളിലേക്ക് സഞ്ചരിക്കാനുള്ള കേവല ഉപാധി മാത്രമായൊരു നശ്വര ദേഹം.
മുന്നൂറ്റി അറുപത് ഡിഗ്രിയുടെ ഒരു പൂർണ്ണ വൃത്തം!
ഇത്തവണ വൈശാഖത്തിലെ പൗർണ്ണമിക്ക് ഗുരുക്കൾക്ക് നേദ്യം സമർപ്പിച്ചപ്പോൾ അച്ഛനും പരമേശ്വർജിക്കും ഒപ്പം സാറിനെയും മനസ്സിൽ സ്മരിച്ചിരുന്നു.
വാവിന് തിരുനാവായയിൽ ബലി ഇടുമ്പോൾ ഒരുരുള സാറിനും വെയ്ക്കണം എന്നും നിശ്ചയിച്ചിട്ടുണ്ട്.
എന്നാൽ ഒരായുസ്സ് മുഴുവൻ ഭാരതീയ വിജ്ഞാന പാരമ്പര്യത്തെ ലോകം മുഴുവൻ വിളംബരം ചെയ്യാൻ ഉഴിഞ്ഞു വെച്ച അദ്ദേഹത്തെ പോലൊരാൾ അർഹിക്കുന്ന പിതൃകർമ്മം ആചാരപരം മാത്രമല്ലെന്ന് നിശ്ചയമാണ്.
അദ്ദേഹത്തിനുള്ള യഥാർത്ഥ ശ്രാദ്ധം അദ്ദേഹം ജീവിത വ്രതമായി സ്വീകരിച്ച സനാതന ധർമ്മ പ്രചാരണത്തെ സ്വന്തം ദൗത്യമായി ഏറ്റെടുക്കുക എന്നത് തന്നെയാവണം.
ആ പ്രതിജ്ഞയാണ് എന്റെ പ്രാർത്ഥന.
സാറിനുള്ള എന്റെ ബലി തർപ്പണവും.
ഡോ. എൻ. ഗോപാലകൃഷ്ണന് ആദരാഞ്ജലികൾ.
സത്ഗതി 🙏
No comments:
Post a Comment