*കരുനാഗപ്പള്ളിയുടെ സാംസ്‌കാരിക നായകൻ C.S സുബ്രമണ്യൻ പോറ്റി..*
പണ്ട് കരുനാഗപ്പള്ളി ബോയ്സ് ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത്, അന്നത്തെ മലയാള അദ്ധ്യാപകനായിരുന്ന ശശിധരൻ സാറ് പറഞ്ഞപ്പോഴാണ് ആ സ്‌കൂൾ സ്ഥാപിച്ച സി.എസ് സുബ്രഹ്മണ്യൻ പോറ്റിയെ (1875-1954) പറ്റി ഞാൻ ആദ്യമായി കേൾക്കുന്നത്.
അക്കാലത്തെ സാംസ്‌കാരിക നേതാക്കന്മാരുടെ നിരയിൽ ചേർത്ത് വായിക്കാവുന്ന, കുമാരനാശാനെ മലയാളിക്ക് പരിചയപ്പെടുത്തിയ, സിവി രാമൻപിള്ളയുടെ സുഹൃത്തായിരുന്ന, കവിയായായിരുന്ന, വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്ന, വിപ്ലവകാരിയായിരുന്ന, കരുനാഗപ്പള്ളി സ്വദേശിയായ ഒരാൾ എന്നായിരുന്നു സാറ് പരിചയപ്പെടുത്തിയത്.
വലിയ വലിയ നവോത്ഥാന സാഹിത്യ നായകരുടെ കൂട്ടത്തിൽ നമ്മുടെ നാട്ടിൽ നിന്നും ഒരാളോ? എന്നൊരു കൗതുകവും സന്തോഷവും കൊണ്ടാണ് ഞാനന്ന് അന്വേഷണം തുടങ്ങിയത്. കൂടുതൽ അറിഞ്ഞപ്പോൾ എന്റെ നാടായ കരുനാഗപ്പള്ളിയുടെ സാഹിത്യ-സാംസകാരിക-നവോത്ഥാന ചരിത്രത്തിൽ മറക്കാനാവാത്ത സ്ഥാനം സി.എസ് സുബ്രഹ്മണ്യൻ പോറ്റിയ്‌ക്കുണ്ടെന്നും ആധുനികമായി ഈ നഗരമൊരുക്കിയതിൽ അദ്ദേഹത്തിന്റെ സംഭാവനകൾ അമൂല്യമാണെന്നും എനിക്ക് മനസിലായി.
മൂന്നര ഏക്കറോളം സ്വന്തം സ്ഥലം നൽകി കരുനാഗപ്പള്ളിയിൽ ഇംഗ്ലീഷ് സ്കൂൾ ആരംഭിച്ചത് . നഗര ഹൃദയത്തിൽ വിശാലമായ കരുനാഗപ്പള്ളി ടൗൺ ക്ലബ് സ്ഥാപിച്ചത്, പോലീസ് സ്റ്റേഷന് സ്ഥലം നൽകിയത്, ലാലാജി ലൈബ്രറി ആരംഭിക്കാൻ ഉത്സാഹിച്ചത്, കരുനാഗപ്പള്ളിയിലും പരിസരനാടുകളിലുമായി നാൽപതോളം സ്കൂളുകൾ തുടങ്ങാൻ മുൻകൈയ്യെടുത്തത്, കടലോരങ്ങളിലെ അരയ വിദ്യാർത്ഥികൾക്കായി നിശാപഠന സംവിധാനമൊരുക്കിയത്, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായം സ്കൂളുകളിൽ തുടങ്ങിയത്, സവർണ്ണ ബ്രാഹ്മണനായിരുന്ന സി, എസ് അയിത്താചാരങ്ങൾക്കെതിരെ പടപൊരുതിയത്, പിന്നോക്കക്കാരനായിരുന്ന മഹാകവി കുമാരനാശാനുമായുള്ള സൗഹൃദം കാരണം ബന്ധുജനങ്ങളോട് കലാപം നടത്തേണ്ടിവന്നത്, തിരുവിതാം കൂറിലെ ആദ്യ പന്തി ഭോജനം തന്റെ സ്കൂളിൽ സംഘടിപ്പിച്ചത്, കാർഷിക സഹകരണ സംഘം ആരംഭിച്ചത് അങ്ങനെയങ്ങനെ നിരവധി സംഭാവനകൾ, സാഹിത്യ ലോകത്തേക്കാണെങ്കിൽ മലയാളത്തിലെ ആദ്യ വിലാപകാവ്യമായ "ഒരു വിലാപ" മടക്കമുള്ള നിരവധി പദ്യ, ഗദ്യ പരിഭാഷാ കൃതികൾ. അദ്ദേഹം മനോഹരമായി വിവർത്തനം ചെയ്‌ത, ബംഗാളി നോവലിസ്റ്റ് ബങ്കിം ചന്ദ്ര ചതോപാധ്യായ എഴുതിയ 'ദുർഗേശനന്ദിനി' എന്ന നോവൽ അന്നത്തെ പാഠപുസ്തകമായിരുന്നു..
ഇതൊക്കെ അന്ന് ലാലാജി ഗ്രന്ഥശാലയിലെ പഴയ ലേഖനങ്ങളിൽ നിന്നും തപ്പിപ്പിടിച്ചെടുത്തതും സി.എസിനു വലിയ വാത്സല്യമുണ്ടായിരുന്ന ലൈബ്രറിയിലെ നാരായണ പിള്ളസാർ പറഞ്ഞു തന്ന നേരറിവുകളുമായിരുന്നു. ഇതെല്ലാം ചേർത്തു വെച്ച് 2001 ൽ John F Kennedy Memorial VHSS യിൽ VHSC യ്ക്ക് പഠിക്കുമ്പോൾ ഞാൻ സ്കൂൾ മാഗസിനിൽ ഒരു ലേഖനം എഴുതിയിരുന്നു. പക്ഷേ ഇങ്ങനെയൊരു മനുഷ്യനെ ഈ നഗരം വേണ്ടത്ര ആദരിച്ചിട്ടില്ലല്ലോ, അദ്ദേഹത്തെ ആളുകളറിയുന്നില്ലല്ലോ എന്ന് അന്നേയൊരു വിഷമവും തോന്നിയിരുന്നു. പിന്നെയും കാലം കുറെ കഴിഞ്ഞാണ് ഗേൾസ് ഹൈസ്‌കൂളിനും ഒരു റോഡിനും അദ്ദേഹത്തിന്റെ പേര് നൽകിയത്. സന്തോഷം..!
ഏതായാലും ഇപ്പോൾ പ്രിയപെട്ട Dr. Vallikavu Mohandas സാർ സി.എസ് സുബ്രഹ്മണ്യൻ പോറ്റിയെ പറ്റി അതിവിശാലമായ ഒരു പഠന ഗ്രന്ഥം എഴുതിയിരിക്കുന്നു. കേരള സാഹിത്യ അക്കാഡമി പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകത്തിന്റെ പ്രകാശന ചടങ്ങുകൾ 2023 May 13,14,15 തീയതികളിലായി സി.എസ് തന്നെ സ്ഥാപിച്ച കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ വെച്ച് നടക്കുന്നു. പുസ്തകം ഒരു വലിയ ഓർമ്മയാണ്, രേഖപ്പെടുത്തലാണ്. എന്നെന്നേക്കുമായി നഷ്ടമായിപ്പോകാൻ സാധ്യതയുണ്ടായിരുന്ന ഒരുപാട് വിവരങ്ങൾ ഗവേഷണ ബുദ്ധിയാൽ സംഘടിപ്പിച്ചു പുസ്തകരൂപത്തിലാക്കിയ ഡോ.വള്ളിക്കാവ് മോഹൻ ദാസ് സാറിനു അഭിനന്ദനങ്ങൾ. സി.എസ് ന്റെ ജീവചരിത്ര കഥ ആധുനിക കരുനാഗപ്പള്ളിയുടെ കൂടി നിർമ്മാണ ചരിത്രമാകുമെന്നതിനാൽ ദേശസ്നേഹികളായ എല്ലാവരും പങ്കെടുക്കുക, വായിക്കുക.. നല്ലയോർമ്മകൾ എന്നും നിലനിൽക്കട്ടെ. പുസ്തകത്തിനു എല്ലാ നന്മയും വിജയവും നേരുന്നു..
-
No comments:
Post a Comment