Sunday, May 14, 2023

 *തന്റെ ഭക്തന് വേണ്ടി കാലനെ പോലും ഭസ്മമാക്കിയ പരമശിവൻ *


പ്രപഞ്ചത്തിന്റെ സകല നന്മയുടെയും സാക്ഷാത് രൂപമാണ് പരമശിവൻ. അതോടൊപ്പം തന്നെ ഭക്തർക്ക് വേണ്ടി ഉഗ്രരൂപിയാകാനും ഭഗവാന് കഴിയും.  നിർമ്മലമായ ഭക്തിയോടു കൂടി പ്രാർത്ഥിക്കുന്നവരെ സംരക്ഷിക്കുന്നതിനായി ഭഗവാൻ തന്റെ ഉഗ്രസ്വരൂപമെടുത്ത കഥകൾ നിരവധിയാണ്. അക്കൂട്ടത്തിൽ മഹാശിവന് കാലാകാലൻ എന്ന പേര് ലഭിച്ചതാണ് ശിവഭക്തർക്ക് ഏറ്റവും പ്രിയപ്പെട്ട കഥകളിലൊന്ന്.


 കാലകാലനെന്ന പേര് ലഭിച്ച കഥ ഇങ്ങനെ.  ശിവഭക്തനായ മൃകണ്ഡു എന്നൊരു മഹർഷി ഉണ്ടായിരുന്നു. മഹാശിവഭക്തനായ അദ്ദേഹത്തിനും പ്രിയപത്‌നിയ്‌ക്കും വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും കുട്ടികളുണ്ടായിരുന്നില്ല. നേർച്ചകളും വഴിപാടുകളും പൂജകളും ചെയ്തിട്ടും ഫലമുണ്ടാകാതെ വന്നതോടെ അദ്ദേഹം ഉഗ്രതപസ്സ് ആരംഭിച്ചു. രാവും പകലുമെന്നില്ലാതെ ശിവനെ ഭജിച്ച് അദ്ദേഹം വർഷങ്ങളോളം തപസ്സ് ചെയ്തു.


തന്റെ ഭക്തന്റെ തപസിൽ സംപ്രീതനായ ഭഗവാൻ അദ്ദേഹത്തിന് ദർശനം നൽകി. എന്താണ് വരം വേണ്ടതെന്ന് ചോദിച്ചു. തനിക്കൊരു പുത്രനെ നൽകി അനുഗ്രഹിക്കണമെന്ന് മൃകണ്ഡു മഹർഷി ശിവഭഗവാനോട് അഭ്യർത്ഥിച്ചു.


ഭക്തന്റെ പ്രാർത്ഥന കേട്ട ഭഗവാൻ അദ്ദേഹത്തോട് ചോദിച്ചു. അങ്ങേക്ക് പതിനാറു വയസ്സ് വരെ ജീവിച്ചിരിക്കുന്ന ഒരു ഉത്തമ ഗുണസമ്പന്നനായ പുത്രനെ വേണോ? മറിച്ച് ദീർഘകാലം ജീവിക്കുന്ന ദുരാചാരിയായ ഒരു പുത്രനെ വേണോ? ഇതിൽ ആരെയാണ് വേണ്ടതെന്ന് അങ്ങേക്ക് തീരുമാനിക്കാം.


ഭഗവാന്റെ ചോദ്യം കേട്ട് ഒന്നു ഞെട്ടിയെങ്കിലും പതിനാറ് വയസു വരെ ജീവിക്കുന്ന ഒരു ഉത്തമപുത്രനെ നൽകി അനുഗ്രഹിച്ചാലുമെന്ന് മഹർഷി പറഞ്ഞു. ഭക്തന്റെ ഇംഗിതത്തിന് അനുസരിച്ച് വരം നൽകിയ ഭഗവാൻ അപ്രത്യക്ഷനായി. മൃകണ്ഡു മഹർഷിയ്‌ക്കും പത്‌നിയ്‌ക്കും അതീവ തേജസ്വിയായ ഒരു മകൻ പിറന്നു.


ശിവഭവാന്റെ വരപ്രസാദത്തിലൂടെ ജനിച്ച അവന് മാർക്കണ്ഡേയൻ എന്ന് പേരിട്ടു. ചെറുപ്പത്തിൽ തന്നെ ഈശ്വരാരാധനയിലും മറ്റും താത്പര്യം കാണിച്ചിരുന്ന മാർക്കണ്ഡേയൻ സൽഗുണ സമ്പന്നനായി വളർന്നു. ലോകത്തെ നന്മ തിന്മകളെ കുറിച്ച് അവന് വളരെ ചെറുപ്പത്തിൽ തന്നെ ജ്ഞാനമുണ്ടായി.


ഇത്രയും സവിശേഷതകളുള്ള മകന് അൽപ്പായുസാണെന്നോർത്ത് അവന്റെ മാതാപിതാക്കൾ കണ്ണീരണിഞ്ഞു. മാതാപിതാക്കളുടെ ദു:ഖത്തിന്റെ കാരണം അവൻ അന്വേഷിച്ചു. പ്രിയ പുത്രന്റെ നിർബന്ധത്തിന് വഴങ്ങി മാതാപിതാക്കൾ ആ മഹാസത്യം വെളിപ്പെടുത്തി. തന്റെ മരണം അടുത്തുവെന്നറിഞ്ഞിട്ടും ആ ബാലന് തെല്ലും ഭയം തോന്നിയില്ല.


അവൻ സാക്ഷാൽ കൈലാസനാഥനിൽ വിശ്വാസമർപ്പിച്ചു. മാതാപിതാക്കളുടെ ദു:ഖഭാരം മാറ്റാൻ ആ ബാലൻ ഉഗ്രതപസ്സ് ആരംഭിച്ചു. മണ്ണു കൊണ്ടുള്ള ശിവലിംഗം നിർമ്മിച്ച് അതിന് മുന്നിലിരുന്നായിരുന്നു തപസ്സ്. കാലങ്ങൾ കടന്നു പോയി. മാർക്കണ്ഡേയന്റെ ആയുസടുത്തു. യമരാജന്റെ കല്പനപ്രകാരം യമകിങ്കരന്മാർ മാർക്കണ്ഡയെനെ ഇഹലോകത്ത് നിന്ന് കൊണ്ട് പോകാനായി എത്തി. 


മരണമുഹൂർത്തം അടുത്തുവെന്നും കൂടെ യമലോകത്തേക്ക് വരണമെന്നും ആവശ്യപ്പെട്ടു. എന്നാൽ മാർക്കണ്ഡേയൻ ഇത് വിസമ്മതിച്ചു. ഭഗവത് പൂജയിലിരിക്കുന്നവരുടെ ജീവൻ എടുക്കാൻ നിങ്ങൾക്ക് അവകാശം ഇല്ലെന്നറിയില്ലേ അവരെ ഉപദ്രവിച്ചാൽ അതിന്റെ ഭവിഷ്യത്ത് വലുതായിരിക്കും, അതുകൊണ്ട് നിങ്ങൾ തിരിച്ച് പോകുന്നതാണ് നല്ലതെന്ന് പറഞ്ഞു.


മാർക്കണ്ഡേയന്റെ വാക്കുകൾ കേട്ട യമ കിങ്കരൻമാർ മടങ്ങിപ്പോയി യമരാജാവിനോട് കാര്യങ്ങൾ പറഞ്ഞു. മാർക്കണ്ഡേയന്റെ മറുപടി കേട്ട് കോപാകുലനായ യമൻ ആ പതിനാറുകാരനെ ഭൂമിയിൽ നിന്ന് കൊണ്ടുവരാനായി തിരിച്ചു. യമനെ കണ്ട മാർക്കണ്ഡേയൻ ശിവലിംഗം മുറുകെ കെട്ടിപ്പിടിച്ചു.  ഉറക്കെ ഓം നമഃ ശിവായ എന്ന പഞ്ചാക്ഷരി മന്ത്രം ജപിച്ചു.


ഇതു കണ്ട കാലന് ദേഷ്യം വന്നു അദ്ദേഹം മാർക്കണ്ഡേയനോട് പറഞ്ഞു. മരണത്തെ തോൽപ്പിക്കാൻ നീയാര് നിന്റെ തന്ത്രമൊന്നും എന്റെയടുത്ത് നടക്കില്ലെന്ന് ആക്രോശിച്ച് ഉടൻ തന്നെ അദ്ദേഹം തന്റെ കൈയ്യിലെ മൃത്യു പാശത്തെ മാർക്കണ്ഡേയന്റെ നേർക്കെറിഞ്ഞു.


യമൻ എറിഞ്ഞ കുരുക്ക് ശിവലിംഗത്തെയും കൂടികെട്ടി വരിയാൻ തുടങ്ങി. ശിവലിംഗത്തിൽ കെട്ട് മുറുകും തോറും കൈലാസത്തിൽ ഭഗവാന് അസ്വസ്ഥതയുണ്ടാവാനാരംഭിച്ചു. ഒടുവിൽ മാർക്കണ്ഡേയൻ കെട്ടിപ്പിടിച്ച ശിവലിംഗത്തിലൂടെ മഹാദേവൻ പുറത്ത് വന്നു. തന്നെ കെട്ടിപ്പിടിച്ച് തന്റെ നാമങ്ങൾ ജപിക്കുന്ന ഭക്തനെ കൊല്ലാൻ ശ്രമിക്കുന്ന കാലനെ കണ്ട് ഭഗവാന്റെ കോപം ഇരട്ടിച്ചു.


ഭഗവാൻ തന്റെ തൃക്കണ്ണ് തുറന്നു. അതിന്റെ ശക്തിയിൽ യമദേവൻ ഭസ്മമായി പോയി. പ്രിയഭക്തന് വേണ്ടി കാലനെ പോലും വധിക്കാൻ മടിയില്ലാത്ത ഉഗ്രശക്തിയായ അദ്ദേഹത്തിന് അങ്ങനെ അന്ന് മുതൽ മൃത്യുഞ്ജയൻ, കാലകാലൻ എന്നിങ്ങനെ പേരുകളുണ്ടായി. മാർക്കണ്ഡേയന്റെ നിർമ്മലമായ ഭക്തിയിൽ പ്രസാദിച്ച ഭഗവാൻ അവന് വരം നൽകി. എന്നും യൗവനത്തോടെ ഇരിക്കാനുള്ള വരമായിരുന്നു ഭഗവാൻ അവൻ തന്നിലർപ്പിച്ച വിശ്വാസത്തിന് പകരമായി നൽകിയത്.


ഭഗവാന്റെ ക്രോധാഗ്‌നിയിൽ ദഹിച്ച് പോയതോടെ ലോകത്ത് ജീവജാലങ്ങൾക്ക് മരണം ഇല്ലാത്ത ഒരു അവസ്ഥ ഉണ്ടായി. ലോകത്തിന്റെ നിലനിൽപ്പിന് മരണവും ജനനവും അന്ത്യന്താപേഷികമാണെന്ന് ഭഗവാനറിയാം. അദ്ദേഹം യമദേവന് പുനർജന്മം നൽകി എന്നാണ് കഥ. കാലകാലനായ മഹാദേവനിൽ വിശ്വസിക്കുന്നവർക്ക് കാലഭയം ഉണ്ടാകില്ലെന്നാണ് ഈ കഥ കൊണ്ട് അർത്ഥമാക്കുന്നത്.

               🌹ഓം നമഃശിവായ 🙏

No comments: